ആത്മകവിതകൾ എഴുതിയ പെൺകുട്ടി 

nizhalpennu-potrait
SHARE

നിഴൽപ്പെണ്ണ്
തസ്‌നി ഷാഹുൽ
ബുക്സ്‌തകം പബ്ലിക്കേഷൻസ്
വില : 80 രൂപ

സ്വന്തം കഴിവിൽ വിശ്വാസമില്ലാതെ പതുങ്ങിയിരിക്കുന്ന ഓരോരുത്തർക്കും വേണ്ടിയാണ് ഈ പുസ്തകം എന്നു പറഞ്ഞു കൊണ്ടാണ് തസ്‌നി ഷാഹുൽ തന്റെ ‘നിഴൽപ്പെണ്ണ്’ എന്ന പുസ്തകം തുടങ്ങുന്നത്. ഓരോ പെണ്ണുങ്ങളും ഒരേ മരത്തിൽനിന്നു പുറപ്പെട്ട വേരുകളാണ്. തായ് മരത്തിന്റെ സ്വഭാവങ്ങളുള്ളവർ. ഏകാന്തതതയും വിഷാദവും കൊണ്ട് കൊരുത്തവർ. ഒരേ മാലയിലെ മുത്തുകൾ. നിഴൽപ്പെണ്ണിലെ കവിതകൾക്കും ആ ഏക ഭാവമുണ്ട്. ഓരോ കവിതയും ഓരോ പെണ്ണ് എന്ന പോലെ വായനക്കാരെ വിഷാദിപ്പിക്കുകയും മോഹിപ്പിക്കുകയും പ്രണയിപ്പിക്കുകയും പരവശരാക്കുകയും ചെയ്യുന്നു. നിഴൽപ്പെണ്ണിലൂടെ ഒരുപക്ഷേ നമുക്ക് ഏറ്റവും പരിചിതയായ ഒരുവളെ കാണാം, അപരിചിതരായവരെ വായിച്ചറിയാം. അവരെ തൊടാം, ഉമ്മ വയ്ക്കാം...

പെണ്ണുങ്ങളുടെ ജീവിതം തന്നെയാണീ കവിതകൾ.

തന്റെ സ്വപ്നത്തിന്റെ തുടക്കം മാത്രമാണീ പുസ്തകമെന്നു തസ്‌നി സൂചിപ്പിച്ചിരിക്കുന്നത് ഒരു എഴുത്തുകാരിയുടെ ഏറ്റവും മികച്ച തുടക്കമാണ്. സമകാലിക സംഭവങ്ങളെ തന്റെ ജീവിതത്തോടു ബന്ധപ്പെടുത്തി, അല്ലെങ്കിൽ അതൊരു അനുഭവമായി ഏറ്റെടുത്തുകൊണ്ടാണ് ഇതിലെ കവിതകൾ സഞ്ചരിക്കുന്നത്. പ്രണയവും നൈരാശ്യവും വിഷാദവും സ്ത്രീത്വവും ഏകാന്തതയുമെല്ലാം ഈ കവിതകളുടെ ജീവനാകുന്നു.

നോക്കൂ,

‘രാത്രിയുടെ യാമങ്ങളിൽ 

വിജനതയിലൂടെ 

സഞ്ചരിക്കുന്നവൾക്കറിയാം

നിശ്ശബ്ദതയെന്താണെന്ന്,

ഇരുട്ടിന്റെ മറവിൽ

നക്ഷത്രങ്ങളെണ്ണി കിടക്കുമ്പോൾ

തെരുവു നായ്ക്കളുടെ ഇന്നത്തെ 

ഭോജനം താനാണെന്ന സത്യം.

നാവിൽ മുലപ്പാലിൻ രുചി

വിട്ടുമാറാത്ത ബാലികയറിഞ്ഞില്ല.’

ഭീതിയുടെ അംശം ഇതിലുണ്ട്. ഇരുട്ട് തന്നെ ഒരു മെറ്റഫറാണ്, ഇരുട്ടിന്റെ മുന്നിൽ നക്ഷത്രങ്ങളും പിന്നിൽ ഇരപിടിയൻ നായ്ക്കളുമുണ്ടെന്ന സത്യം എഴുത്തുകാരി മനസ്സിലാക്കുകയും അത് ഭീതിയും വേദനയുമായി മാറുകയും ചെയ്യുന്ന അവസ്ഥ. 

രോഹിത് വെമുലയ്ക്കായി എഴുതിയ കവിതയാണ്,  ‘ഒടുവിൽ.. ഞാനും’.

അതിലെ ചില വരികൾ ഇങ്ങനെ വായിക്കാം: 

‘സ്വപ്നസാഫല്യത്തിനായ് 

കാത്തിരുന്നൊരുവൻ എൻ 

മുന്നിൽ ശിരസ്സ് 

വെടിഞ്ഞു കിടക്കുമ്പോൾ 

ഇറ്റുവീഴുന്ന കണ്ണീർതുള്ളികളും 

ഹൃദയം മുറിക്കുന്ന വേദനയാൽ 

മേനി കീറി മുറിക്കും നിമിഷത്തിനായി 

മോർച്ചറിക്ക് വെളിയിൽ 

ശിരസ്സ് വണങ്ങി കാത്തിരിക്കും

നേരം ചെമ്മനം ചാക്കോ തൻ

"അസ്ഥികൂടത്തിൻ ചിരി"

ഓർമ്മയിൽ മിന്നി മറയവെ...’

അതിജീവനം മാത്രമല്ല വ്യവസ്ഥിതിയോടുള്ള ശക്തമായ പ്രതിഷേധവും നിരുത്തരവാദിത്തത്തെ ശക്തമായി അപലപിക്കുന്നതും തസ്‌നിയുടെ ഭാഷയുടെ രീതിയാണ്. അഭയാർഥിയായി അച്ഛനോടൊപ്പം പുറപ്പെട്ട് ഒടുവിൽ ഒരു കടൽത്തതീരത്ത് ചേതനയറ്റു മരവിച്ചു കിടന്ന അലൻ കുർദ്ദി എന്ന ബാലനു വേണ്ടിയും എഴുത്തുകാരി അക്ഷരങ്ങളെ ഒപ്പം പിടിച്ചിട്ടുണ്ട്.

ആത്‌മകഥ എന്ന രീതിയിൽനിന്നും ആത്മകവിതയാണ് തനിക്ക് ജീവിതത്തെ മുൻനിർത്തി വെളിപ്പെടുത്താനുള്ളതെന്ന് എഴുത്തുകാരി ആമുഖത്തിൽ പറയുന്നുണ്ട്. ഏതൊരു സാധാരണ മനുഷ്യനും തന്റെ ജീവിതത്തിൽ കടത്താനാകുന്ന അനുഭവ പരിസരമാണ് നിഴൽപ്പെണ്ണിലെ കവിതകളെല്ലാം തന്നെ.

‘സ്വപ്നത്തിരമാലകൾ

തീരത്തോടടുക്കാൻ വിതുമ്പുന്നു.

മന്ദമാരുതന്റെ തലോടലിൽ 

മനസിതളുകൾ ചിതറുമ്പോൾ 

നഷ്ടസ്നേഹമൊരു മുഖമായി

താളുകളിൽ പതിയുന്നു.’

അതുപോലെ മറ്റൊരു കവിതയിൽ ഇങ്ങനെ എഴുതുന്നു:

‘വിദ്വേഷത്തിന്റെ തീനാളം

ആളിക്കത്തുന്ന ചുമരുകൾക്കുള്ളിൽ

ജീവിതമൊരു ചോദ്യചിഹ്നമായി

എനിക്ക് മുന്നിൽ മാറുന്നു....’

ഇത്തരം നിരവധി അനുഭവങ്ങളുടെ തീച്ചൂടേറ്റാണ് ഓരോ കവിയും പിറക്കുന്നതെന്ന് മറക്കുന്നില്ല. എന്നാലത് എഴുതി ആ ചൂട് വായനക്കാരുടെ ഹൃദയത്തിലേക്കും നൽകുമ്പോഴാണ് അയാൾ കവിയാകുന്നത്. ഞാനുമിത് ഇതുപോലെയെന്നൊക്കെയോ അനുഭവിച്ചിരുന്നുവല്ലോ എന്ന തോന്നലിൽ അയാളുമൊരു കവിതയായി മാറും. അതേ അനുഭവമാണ് ആത്മാവിഷ്കാര സാധ്യതയുള്ള തസ്‌നിയുടെ കവിതകൾ.

സ്ത്രീകളെക്കുറിച്ചും അവളുടെ ജ്വലനങ്ങളെക്കുറിച്ചുമൊക്കെ എഴുത്തുകാരി ബോധവതിയാണ്. ‘നിഴൽപ്പെണ്ണ്’ എന്ന കവിത അത്തരത്തിൽ അപമാനിക്കപ്പെട്ട സ്ത്രീത്വത്തിനു വേണ്ടിയുള്ളതാണ്. 

‘നീ കുറിക്കും വാക്കിൽ

വർണ ചായങ്ങൾ കലരുമ്പോൾ

ലോകത്തിനേകുന്ന സുന്ദര പുഷ്പമായ് 

ജീവിക്കും നീ പിറന്ന മണ്ണിൽ

ബന്ധാവസ്ഥയാവാതെ’

ബംഗ്ലദേശിൽനിന്നു സെക്സ് റാക്കറ്റ് വഴി കേരളത്തിലെത്തിയ പെൺകുട്ടിക്കു വേണ്ടി എഴുതിയ കവിതയാണ് നിഴൽപ്പെണ്ണ്. ഇതുപോലെ അനേകം സ്ത്രീമനസ്സുകളെയും ഈ പുസ്തകത്തിൽ അടുത്തറിയാനാകും. തസ്‌നിയുടെ ആദ്യ കവിതാ സമാഹാരമാണ് നിഴൽപ്പെണ്ണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ തസ്‌നി ഷാഹുൽ എഴുത്തിനെ സ്വന്തമെന്നു കരുതി ചേർത്ത് പിടിക്കുന്നുണ്ട്, ഒപ്പം തനിക്കൊപ്പമുള്ള എഴുത്തുകാരെയും ചേർത്തു പിടിക്കുന്നു. തസ്‌നിയുടെ പുസ്തകം ആമസോണിൽ കിൻഡിൽ രൂപത്തിലും പുസ്തകരൂപത്തിലും ലഭ്യമാണ്.

English Summary : Nizhalpennu Book Written By Thasni Shahul

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;