ADVERTISEMENT

അഴിക്കാന്‍ ശ്രമിക്കുന്തോറും മുറുകുന്ന കുരുക്കാണ് ഏകാന്തത; മരണവും. രണ്ടിനും ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും പേടിപ്പിക്കുന്നുതും എണ്ണമറ്റ അസ്വസ്ഥകളിലേക്കു നയിക്കുന്നതുമാണ്. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ വികാസത്തിനൊപ്പം സമസ്യകളായി തുടരുന്നതുമാണ്. കുലപതിയുടെ പതനം എന്ന നോവലില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് ചേതോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് ഏകാന്തത. വാര്‍ധക്യത്തിന്റെ ദുരൂഹ പ്രതിസന്ധികളെ അന്യാദൃശമായി ആവിഷ്കരിച്ച നോവലുകള്‍ മലയാളത്തിലുമുണ്ട്. ഒറ്റപ്പെട്ട്, പ്രതിഭയുടെ തലയെടുപ്പോടെ ഇന്നും നില്‍ക്കുന്നു പാറപ്പുറത്തിന്റെ അരനാഴികനേരം. 

 

കാലം ഇന്നു സഞ്ചരിക്കുന്നതു പഴയ വേഗത്തിലല്ല. സാങ്കേതിക വിദ്യ സമ്മാനിച്ച സൗകര്യങ്ങള്‍ക്കു പരിമിതിയുമില്ല. പുതിയ കാലത്ത് ഏകാന്തത സങ്കീര്‍ണമായ വിഷയമാണ്. മനുഷ്യരെപ്പോലെതന്നെ കഴിവും ബുദ്ധിയുമുള്ള യന്ത്രമനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്ന കാലത്ത്. നിര്‍മിത ബുദ്ധി ഭാവനയുടെ കെട്ടഴിച്ചുവിട്ട കാലത്ത്. അങ്ങനെയൊരു കാലത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ധക്യവും മരണവും പ്രശ്നവല്‍ക്കരിക്കുന്ന നോവലാണ് സി. സത്യരാജന്റെ അവസാനത്തെ ഉദ്യാനം. 

വാനയനാക്ഷമതയില്‍ പിന്നിലാണെങ്കിലും പുതിയ ചില കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് നോവലിനെ സവിശേഷമാക്കുന്നത്. 

 

ഇരട്ടനക്ഷത്രപദവിയോടെ വിരമിച്ച ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജോസഫിന്റെ ഭാര്യ മേരിയുടെ മരണത്തോടെയാണു നോവലിന്റെ തുടക്കം. ആരെയും അസൂയപ്പെടുത്തുന്ന മരണമായിരുന്നു മേരിയുടേത്. നന്നേ ചെറുപ്പത്തില്‍ മരിച്ചുപോയ രണ്ടാമത്തെ കുഞ്ഞിനെ ഉറക്കത്തില്‍ കൊഞ്ചിച്ചും ലാളിച്ചും തൊട്ടടുത്ത കിടക്കുന്ന ജോസഫ് പോലുമറിയാതെ സംഭവിച്ച അന്ത്യയാത്ര. മരിച്ചു കഴിഞ്ഞിട്ടും ആ മുഖത്ത് കൂറേക്കൂടി ജീവന്‍ തുളുമ്പിനിന്നിരുന്നു. മറ്റുള്ളവരില്‍ സമാധാനം നിറയ്ക്കുന്ന ചിരി ചുണ്ടുകളിലും. മേരിയുടെ അപ്രതീക്ഷിതമായ മരണത്തോടെ ജോസഫിന്റെ ഏകാന്ത യാത്ര തുടങ്ങുകയാണ്. കൂടെയുള്ളത് വളര്‍ത്തുനായ റീത്ത. 

ജീവിതസായാഹ്നത്തില്‍ അവര്‍ എത്തിപ്പെടുന്നത് ഇവന്റ് ഹൊറൈസണ്‍ എന്ന ലിവിങ് കമ്മ്യൂണിലെ ഹൈടെക് സുരക്ഷിതത്വത്തില്‍. 

 

മുതിര്‍ന്ന പൗരന്‍മാരുടെ വിശ്രമജീവിതം സുഗമമാക്കാന്‍ വേണ്ടി പുതയൊരു കൂട്ട് രംഗത്തുവരുന്നു. ഏതാള്‍ക്കൂട്ടത്തില്‍നിന്നും ആരെയും മണത്തുകണ്ടെത്തുന്ന, അര്‍ഹിക്കുന്നതിലേറെ സ്നേഹം ചൊരിയാനാകുന്ന ഒരു റോബോ ഡാഷ്ഹണ്ട്. ഒറ്റയ്ക്കാവുമ്പോള്‍ പ്രാര്‍ഥനകള്‍ ഏറ്റുചൊല്ലുന്ന, കഥകള്‍ പറഞ്ഞുതരുന്ന, ചെസ്സ് കളിക്കുന്ന, വേദപുസ്തകത്തില്‍നിന്ന് വായിക്കാനാഗ്രഹിക്കുന്ന വാചകങ്ങള്‍ ഓര്‍ത്തുചൊല്ലുന്ന, ഇഷ്ടഗായികയുടെ ശബ്ദത്തില്‍ പാടാന്‍ കഴിയുന്ന, ചക്രക്കസേരയ്ക്കരികില്‍ വാലിനറ്റത്ത് ചാര്‍ജിങ് പ്ലഗുമായി ഒരുങ്ങിയിരിക്കുന്ന യന്ത്രജീവി. 

 

മാര്‍ഗരീത്ത എന്നു വിളിക്കപ്പെടുന്ന യന്ത്രജീവിയും മരണം കാത്തിരിക്കുന്നവരും നിറ‍ഞ്ഞ ലോകത്തിലൂടെ മരണമെന്ന സമസ്യയെ പൂരിപ്പിക്കാനാണ് അവസാനത്തെ ഉദ്യാനം ശ്രമിക്കുന്നത്. ആര്‍ക്കും പിടികൊടുക്കാതെ വഴുതിമാറുന്നതാണല്ലോ മരണത്തിന്റെ പതിവ്. അത് ഇവിടെയും ഈ നോവലിലും ആവര്‍ത്തിക്കുന്നു. 

 

English Summary: Avasanathe Udhyanam, book by C Sathyarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com