ADVERTISEMENT

അനശ്വര ജ്ഞാന എന്ന പേരിൽത്തന്നെയുണ്ട് ഒരു പുതുമ. അവരുടെ ആദ്യ പുസ്തകം ചിലങ്കയ്ക്ക് അതിലേറെ പുതുമ. കഥയാണോ കവിതയാണോ വായിക്കുന്നത് എന്ന സ്ഥലജല വിഭ്രമം സൃഷ്ടിക്കുന്ന പുസ്തകമായിരുന്നു ചിലങ്ക എന്ന നൂറ്റിനാല് പേജുള്ള പുസ്തകം. ഒരു നർത്തകിയുടെ ജീവിതത്തെക്കുറിച്ച് കാവ്യ രൂപത്തിൽ എഴുതപ്പെട്ട നോവൽ എന്ന് വേണമെങ്കിൽപറയാം. 

 

ഷേക്‌സ്‌പിയറിന്റെ നാടകങ്ങൾ വായിക്കുമ്പോൾ അല്ലെങ്കിൽ മാർലോയുടെ നാടകങ്ങൾ വായിക്കുമ്പോൾ തോന്നുന്ന ഒരു സുഖമുണ്ട്, ഭാഷയുടെ വല്ലാത്ത ആനന്ദമാണത്. കവിത്വം തുളുമ്പുന്ന വരികളിലൂടെ ഒരു കഥ പറഞ്ഞു പോകുന്ന ആ ശൈലി മലയാളത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് ഓർമ. പക്ഷേ കവിത്വമുള്ള ഭാഷയിലെഴുതിയ ഒരുപാട് എഴുത്തുകാർ അന്നും ഇന്നും എന്നുമുണ്ടാകും, അതിനെക്കുറിച്ചല്ല പറയുന്നത്, ഭാഷ മാത്രമല്ല അനശ്വരയുടെ ശൈലിയും കാവ്യാത്മകമാണ്, ഒരുദാഹരണം പറയാം,

‘അതിനിടയിൽ കണ്ട, ഒരു സുന്ദരസ്വപ്നം!

കാൽവിരൽത്തുമ്പിൽ ഒരു നനുത്ത

ചൂടിന്റെ ചുടുനിശ്വാസ ചൂടേറ്റു ഞാനുണർന്നു.

കൗതുകം തിരിച്ചറിഞ്ഞ മനസ്സ് കണ്ണുകളിറുക്കിയടച്ചു;

എന്തിനാണെന്നോ?

അഥവാ അതൊരു സ്വപ്നമാണെങ്കിൽ 

അതങ്ങനെ അവസാനിച്ചു പോകാതെയിരിക്കാൻ!

ഉണർന്ന മനസ്സും,

ഉണർത്താതെ കണ്ണുകളുമായി ഞാൻ

കാത്തുകിടന്നു.’

യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരുവന്റെ പ്രണയം കാത്തു കിടക്കുന്ന നർത്തകിയുടെ സ്വപ്നത്തിന്റെയും യാഥാർഥ്യത്തിന്റെയും ഇടയിൽ നിൽക്കുന്ന മാനസിക അവസ്ഥയെക്കുറിച്ചാണ് അനശ്വര പറഞ്ഞു വച്ചത്. ഒരു കവിതയുടെ ശൈലിയിൽ നർത്തകിയുടെ ഭ്രാന്തമായ ഉന്മാദങ്ങളെ തുടർന്നും അവർ എഴുതിച്ചേർത്തിട്ടുണ്ട്. 

 

പ്രണയത്തിന്റെയും രതിയുടെയും ഇടവിട്ടുള്ള രഹസ്യ സംഗമമാണ് ചിലങ്ക. തന്നെ വഞ്ചിച്ച പുരുഷന്മാരോടുള്ള പകയിൽ എരിഞ്ഞു കത്തുന്ന സ്ത്രീയുടെ ആളലും അവളുടെ പ്രതികാരത്തിന്റെ ഉഷ്ണവും ചിലങ്കയിൽ എഴുതപ്പെട്ടിരിക്കുന്നു. അങ്ങനെ നോക്കിയാൽ ഒരു സ്ത്രീയുടെ പ്രണയത്തിന്റെയും പ്രതികാരത്തിന്റെ കഥയാണിത്. തികച്ചും സാങ്കല്പികമായ ഒരു കഥയാണ് നർത്തകിയുടേതെന്ന് എഴുത്തുകാരിയായ അനശ്വര സാക്ഷ്യം പറയുന്നു,

‘നായികാ കഥാപാത്രത്തെ എന്റെ ഉള്ളിലേക്ക് ആവാഹിച്ച്, സ്വയം അവളായി മാറി, അവളുടേത് പോലെ വസ്ത്രങ്ങൾ എടുത്തണിഞ്ഞു, അവളുടെ ആത്മാവിനെയും ചിന്തകളെയും പേറി. രാവും പകലും സങ്കൽപത്തെ യഥാർഥമായി കണ്ടു. ഞാൻ ആർജിച്ചെടുത്ത അനുഭവങ്ങളാണ് പുസ്തകത്തിലേക്ക് പകർത്തിയത്. വ്യത്യസ്തരായ പുരുഷന്മാരുടെ പല തരത്തിലുള്ള കാമകേളികളെയാണ് കഥയിലുടനീളം ആവിഷ്കരിച്ചിരിക്കുന്നത്. ആർക്കും പ്രവചിക്കാൻ കഴിയാത്ത വിധത്തിൽ ഓരോ വാക്കിലും ആകാംക്ഷ നിറച്ചാണ് ഈ കഥ ഞാൻ അവതരിപ്പിക്കാൻ ശ്രമിച്ചത്.’

 

പല മനുഷ്യരെ പരിചയപ്പെടുന്ന നർത്തകിയുടെ ഉള്ളിൽ മാതൃത്വത്തിന്റേതായ സവിശേഷ ഭാവങ്ങൾ സൃഷ്ടിച്ച മഹിയെക്കുറിച്ചുള്ള ഭാഗം ഒരു അഴിച്ചു കാട്ടലാണ്. പുരുഷനായി ജീവിച്ചുകൊണ്ട് ഉള്ളിൽ സ്ത്രീത്വം പേറുന്ന ഒരാളെ കണ്ടെത്തുക, അയാളെ ചേർത്തണയ്ക്കുക എന്നത് അത്രയെളുപ്പം സാധ്യമാകുന്ന കാര്യമല്ല. എന്നാൽ അനശ്വര തന്നിൽ ആവേശിച്ച നർത്തകിയ്‌ക്ക് അങ്ങനെയുമൊരു വ്യക്തിത്വം നൽകുന്നുണ്ട്. എന്നാൽ സമൂഹം ഇതൊന്നുമറിയാതെ കുറ്റപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പ്രതിനിധി കൂടിയാണ് മഹേശ്വർ എന്ന മഹി. അയാളുടെ ചില വാക്കുകൾ നെഞ്ച് നോവിക്കുന്നതാണ്, പ്രത്യേകിച്ച് ശൈലിയിൽ കാവ്യാത്മകത കൂടി കൈവന്നതിനാൽ മഹേശ്വറിന്റെ ഹൃദയം ഒരു കവിത പോലെ കയ്യിലിരുന്നു തുടിച്ചേക്കും, അയാൾ ഇങ്ങനെ പറയുന്നുണ്ട്,

‘‘ഒരിക്കൽ നിറഞ്ഞ കണ്ണുകളോടെ അവനെന്നോട് പറഞ്ഞു, 

എനിക്കും നിന്നെപ്പോലെ 

ഒരു പൂർണ്ണ സ്ത്രീ ആകാൻ കഴിഞ്ഞിരുന്നുവെങ്കിൽ !,

ആദ്യമൊക്കെ അവന്റെ നോട്ടവും 

അടുത്തിടപഴകുന്ന രീതികളുമൊക്കെക്കാണുമ്പോൾ

എനിക്കവനോട് ദേഷ്യം തോന്നിയിരുന്നു.

അവനൊരു വൃത്തികെട്ട സ്വഭാവക്കാരാണെന്നു 

ഞാൻ തെറ്റിദ്ധരിച്ചിരുന്നു,

പക്ഷേ;

സ്ത്രീയായി ജനിക്കാനുള്ള,

ആഗ്രഹമാണ് അതെന്നറിഞ്ഞപ്പോൾ,

എനിക്ക് സങ്കടം തോന്നി.

അടുത്ത ജന്മത്തിലെങ്കിലും

അവനെ ഒരു പൂർണസ്ത്രീയാക്കി ജനിപ്പിക്കാൻ

ഞാൻ ഈശ്വരനോട് പ്രാർത്ഥിച്ചു!’’

നർത്തകിയുടെ വിരലുകളിൽ അമർത്തിപ്പിടിച്ച് മഹേശ്വർ അവളോട് നന്ദി പറഞ്ഞിട്ടുണ്ടാകും. തിരിച്ചറിവിന്റെ ആനന്ദത്തിൽ അവളെ ചേർത്ത് പിടിച്ചിട്ടുണ്ടാവണം. പക്ഷേ ആ നിമിഷം കണ്ടുകൊണ്ടു വന്ന മറ്റൊരാൾ ആ കാഴ്ചയെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചേക്കാം! ആ കഥയുടെ ബാക്കിയാണ് നർത്തകിയുടെ ജീവിതത്തിലെ പ്രണയത്തിന്റെയും പകയുടെയും കഥകളുറങ്ങുന്ന മറ്റൊരു അദ്ധ്യായം.

 

പെണ്ണിന്റെ പ്രണയത്തെ അതിതീക്ഷ്ണമാക്കി കത്തിക്കാൻ അറിയുന്ന ചില പുരുഷന്മാരുണ്ട്. അവർ ഒരിക്കലും അവളോട് ശരീരത്തെ ആവശ്യപ്പെടില്ല, അയാൾക്ക് മുന്നിൽ അവളെ തുറന്നിടണമെന്നു പറയില്ല, എന്നാൽ ഓരോ നിമിഷവും അയാളുടെ സുഗന്ധത്താലും പ്രണയമൂറുന്ന കണ്ണുകൾ കൊണ്ടും മൗനങ്ങൾ കൊണ്ടും അവളെ മുറിവേല്പിച്ചുകൊണ്ടിരിക്കും. അവളുടെ സ്ത്രീത്വത്തെ കടന്നാക്രമിച്ചു കൊണ്ടിരിക്കും. അതൊരു സൈക്കോളജി കൂടിയാണ്. അതിതീവ്രമായ ആഗ്രഹത്തെപ്പോലും പിടിച്ചു കെട്ടി മനസ്സിനുള്ളിൽ അടക്കി നിർത്തി അവളെ വെറുതെ നോക്കിക്കൊണ്ടിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, ഓരോ നിമിഷവും അവളുടെ ഹൃദയം അയാളുമായി രമിക്കുവാൻ കൊതിച്ചു കൊണ്ടിരിക്കും, അയാൾ അജ്ഞാതമായ ഒരു കാട്ടിൽ തപസ്സിരിക്കുന്ന മുനിയെപ്പോലെ അവളുടെ മുന്നിൽ നിസംഗനായി നിൽക്കും. തന്റെ ശരീരം ആവശ്യപ്പെടുന്ന ഒരു പുരുഷനേക്കാൾ നിശ്ശബ്ദനായിരിക്കുന്ന പുരുഷനിൽ അങ്ങോട്ടു ചെന്ന് തന്നെ തുറന്നു വയ്ക്കാനും അയാളോട് ചേർന്നിരിക്കാനും ഇഷ്ടപ്പെടുന്നവളാണ് കഥയിലെ നർത്തകിയായ നായിക. പ്രണയത്തിന്റെയും രതിയുടെയും ആ മാസ്മരികമായ ആനന്ദത്തെ അനശ്വര മനോഹരമായി വര്ണിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീപ്രണയത്തിന്റെ അത്രയ്ക്കൊന്നും ഉറക്കെ പറഞ്ഞിട്ടില്ലാത്ത നിഗൂഢ തീരങ്ങളുണ്ട് ഈ പുസ്തകത്തിൽ. പ്രണയത്തിനും അതിനെ തുടർന്ന് വരുന്ന പകയ്ക്കുമൊക്കെ ഒടുവിൽ തന്റെ പ്രണയത്തിന്റെ മറ്റൊരു സമുദ്രത്തെ അവൾ കണ്ടെത്തുന്നുണ്ട്,

‘‘എനിക്ക് പ്രണയമാണ്...

നിന്റെ കുഴിഞ്ഞ കണ്ണുകളോട്,

അകാല വാർദ്ധക്യം പിടിപെട്ട മുടിയിഴകളോട്,

വികൃതമായ ദന്തനിരകളോട്,

മെലിഞ്ഞുണങ്ങിയ ശരീരത്തോട്,

നിന്റെ വാക്കുകളിലെ നിറഭേദത്തോട്,

നിന്റെ അപൂര്ണതകളോട്, എനിക്ക് പ്രണയമാണ്!

എന്റെ പ്രണയത്തിന്റെ തകരപ്പാത്രം,

വെറുതെയിരുന്ന് തുരുമ്പ് പിടിക്കുന്നു...’’

 

അനശ്വരയും അവരുടെ അനാഥമായ പ്രണയത്തിന്റെ കാവ്യ പരിഭാഷയുള്ള നോവലും വ്യത്യസ്തമായ വായനയിൽ ഭ്രമിച്ചവർക്ക് തീർച്ചയായും ഇഷ്ടപ്പെടും. മുൻനിര പ്രസാധകരെ ഒഴിവാക്കി, നോഷൻ പ്രസ്സിലാണ് അനശ്വരയും അവരുടെ സുഹൃത്തുക്കളും ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. സ്വാഭാവികമായും ഗ്ലോസി ഫിനിഷ് ഉള്ള പുസ്തകങ്ങളോടുള്ള ഇഷ്ടക്കേട് മാറ്റി നിർത്തിയാൽ അനശ്വരയുടെ കാവ്യഭംഗിയും പുതിയ ശൈലിയും ആകർഷകമായി. 

 

English Summary: Chilanka book by Anaswara Njana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com