ADVERTISEMENT

ഛത്തീസ്ഗഡിൽ നിന്ന് ഒഡീഷയിലേക്ക് റോഡ് മാർഗമുള്ള ഏറ്റവും വിഷമം പിടിച്ച വഴിയിലൂടെ കാറോടിക്കുകയാണ് വേണു. തുറസ്സായ സ്ഥലങ്ങളിലൂടെ നീണ്ടുപോകുന്ന അനന്തവും അജ്ഞാതവുമായ വഴി. വൈകുന്നേരം. അകലെ ഒരു മനുഷ്യരൂപം വഴിയിലേക്കു കയറുന്നതുകണ്ട് അദ്ദേഹം വേഗം കുറച്ചു. അയാൾ വഴിയുടെ മധ്യഭാഗത്തു നിലയുറപ്പിച്ചു. കയ്യിൽ പത്തു പന്ത്രണ്ടടി നീളമുള്ള ഒരു മുളവടി. അയാളതു വഴിയിലേക്കു നീട്ടിപ്പിടിച്ചു വണ്ടി തടഞ്ഞു. വലിയ തലക്കെട്ടും മുഷിഞ്ഞ കോട്ടും ധരിച്ച മധ്യവയസ്കൻ. 

 

വിജനമായ വഴിയിൽ വേണു അപകടം മുന്നിൽക്കാണുകയായിരുന്നു. വണ്ടി വേഗം മുന്നോട്ടെടുത്തു രക്ഷപ്പെടാൻ ശ്രമിക്കാം. എന്നാൽ അയാളുടെ കയ്യിൽ കല്ലുകളുമുണ്ട്. കാറിന്റെ ചില്ലുകൾ വലിയ ശബ്ദത്തോടെ തകർന്നുവീഴുന്നത് അദ്ദേഹം മനസ്സിൽ കണ്ടു. ഒടുവിൽ എന്തും വരട്ടെയെന്നു കരുതി കാറിന്റെ ഗ്ലാസ്സ് താഴ്ത്തി. വടിയെടുത്ത് കാറിന്റെ ബോണറ്റിൽ വച്ചിട്ട് എവിടെപ്പോകുന്നു എന്ന് അപരിചിതൻ ചോദിച്ചു. റായഗഡ എന്നു പറഞ്ഞപ്പോൾ അതിന് ആര് അനുവാദം തന്നു എന്നായി ചോദ്യം. വഴിയുടെ ഉടമസ്ഥൻ താനാണെന്നും തനിക്ക് കരമടയ്ക്കാതെ ആർക്കും ഇതുവഴി കടന്നുപോകാനാകില്ലെന്നും അയാൾ പറഞ്ഞു. വഴി മാത്രമല്ല, കടന്നുപോകുന്ന സ്ഥലം മുഴുവൻ അദ്ദേഹത്തിന്റേതാണെന്നും 

അതിനും കരം കെട്ടണമെന്നും ആവശ്യപ്പെട്ടു. കാറിൽ കിടന്ന കുറച്ചു നാണയത്തുട്ടുകൾ വേണു കൈമാറി. കാറിൽ വച്ച വടിയെടുത്ത് അയാൾ പോകാൻ അനുവാദം കൊടുത്തു.

 

അപ്പോൾ അതുവഴി രണ്ടുപേർ ബൈക്കിൽ കടന്നുപോയി. അവരോട് എന്താണു കരം വാങ്ങിക്കാത്തതെന്നു ചോദിച്ചപ്പോൾ അയാൾക്കു മൗനം. ദൂരെ സ്ഥലങ്ങളിൽ നിന്നുവരുന്നവരോടു മാത്രം കരം പിരിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല. കയ്യിലുണ്ടായിരുന്ന വടിയും കല്ലും എന്നെങ്കിലും 

ഉപയോഗിക്കേണ്ടിവന്നിട്ടുണ്ടോ എന്ന ചോദ്യത്തിനും അയാൾ മറുപടി പറഞ്ഞില്ല. 

ആ കൂടിക്കാഴ്ചയെക്കുറിച്ചു വേണുവിന്റെ തന്നെ വാക്കുകൾ 

‘ഞാൻ വെറുതെ ചിരിച്ചു. അയാൾക്കും ചിരി വരുന്നുണ്ടെന്നു തോന്നി. പോകുന്നതിനു മുൻപ് അയാൾക്കൊന്നു കൈ കൊടുക്കാനായി ഞാനെന്റെ കൈ നീട്ടി. അയാൾ പെട്ടെന്നു കൈ പിൻവലിച്ച് തന്റെ കൈ നിറയെ അഴുക്കാണെന്നു പറഞ്ഞു. അതു സാരമില്ല എന്നു പറഞ്ഞ് ഞാൻ കൈ നീട്ടിപ്പിടിച്ചു കാത്തുനിന്നു. 

അയാൾ കല്ലുകൾ കോട്ടിന്റെ പോക്കറ്റിലിട്ട് കൈത്തലം ഉടുപ്പിൽ അമർത്തിത്തുടച്ച് എന്റെ കയ്യിൽ പിടിച്ചൊന്നു കുലുക്കി. എനിക്ക് അയാളോടു വല്ലാത്ത ഇഷ്ടം തോന്നി. അയാൾക്കും എന്നോട് അങ്ങനെതന്നെ തോന്നിക്കാണണം. അയാൾ കാറിന്റെ ഉള്ളിൽ കൈയ്യിട്ട് സ്റ്റിയറിങ്ങിൽ തൊട്ട് എന്തൊക്കെയോ ആശീർവാദം പറഞ്ഞു. 

 

ചിലപ്പോൾ ഇയാൾ പറഞ്ഞതു ശരിയായിരിക്കും. ഇയാളും ഇയാളുടെ ആൾക്കാരും തന്നെയാകും ഈ കാണുന്ന സ്ഥലത്തിന്റെയെല്ലാം ഉടമസ്ഥർ. എന്തായാലും ആദ്യം ഇവിടെ വസിച്ചിരുന്നവർ ഇവർ തന്നെയായിരുന്നല്ലോ. മറ്റുള്ളവരെല്ലാം പിന്നീട് വന്നതല്ലേ. 

 

യാത്രയുടെ ആനന്ദം നാടു കാണുന്നതു മാത്രമല്ല, നാട്ടുകാരെ കാണുന്നതു കൂടിയാണ്. അവരെ അറിയുന്നതും ഉൾക്കൊള്ളുന്നതും കൂടിയാണ്. അവരിൽ പല തരക്കാർ ഉണ്ടാകാം. അക്രമികളും സമാധാന പ്രിയരും. സ്നേഹിക്കുന്നവരും വെറുക്കുന്നവരും. സഹായിക്കാൻ മനസ്സുള്ളവരും വെറുപ്പുമായി ഊരു തെണ്ടുന്നവരും. സ്ത്രീകളും പുരുഷൻമാരും കുട്ടികളും. നഗ്നരും നരഭോജികളും. മൃഗങ്ങളും പക്ഷികളും. അവരാണല്ലോ ഭൂമിയുടെ അവകാശികൾ. 

 

ഭൂമിക്കൊപ്പം ഭൂമിയുടെ അവകാശികളെയും അറിയുമ്പോഴാണ് യാത്ര പൂർണ

മാകുന്നത്. അങ്ങനെയെങ്കിൽ 2019 ഫെബ്രുവരിയിൽ പ്രശസ്ത ഛായാഗ്രഹകനായ വേണു നടത്തിയ അപ്രതീക്ഷിത യാത്രയ്ക്കും പൂർണത അവകാശപ്പെടാം. യാത്രയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം ഒരു യാത്രാവിവരണം എന്നതിനേക്കാൾ സ്വയം സമ്പൂർണമായ ഒരു പുസ്തകമായും മാറുന്നു. 

 

62-ാം വയസ്സിൽ കാറിൽ ഒറ്റയ്ക്കാണു വേണു യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്. തിരുവനന്തപുരത്തു നിന്നു തമിഴ്നാടു വഴി ആന്ധ്ര കടന്ന് ഛത്തീസ്ഗഡ് പിന്നീട്ട് ഒഡീഷയിലേക്ക്. 

 

അതിനിടെ അദ്ദേഹം കഥകളിൽ മാത്രം കേട്ടിട്ടുള്ള പല സ്ഥലങ്ങളും പിന്നിടുന്നു. അരവിന്ദൻ കാഞ്ചന സീത ചിത്രീകരിച്ച ദണ്ഡകാരണ്യം. മാവോയിസ്റ്റുകളുടെ 

ഹൃദയഭൂമിയായ ബസ്തർ. പുരി. കൊണാർക്ക്. ഗോദാവരി, ഇന്ദ്രാവതി എന്നീ നദികൾ. കോഴിപ്പോരും ഗോത്രവർഗ്ഗക്കാരുടെ പ്രാചീനമായ ആചാരങ്ങളും അനാചാരങ്ങളും. മനുഷ്യവാസം തന്നെ ഇല്ലാത്ത വിജനതകൾ. അപരിചിതരായ കൂട്ടുകാർ. പേടിപ്പിക്കുന്നതും സാന്ത്വനിപ്പിക്കുന്നതുമായ അനുഭവങ്ങൾ. 

 

മൂന്നു മണിക്കൂറോളം തിയറ്ററിലെ ഇരുട്ടിൽ സ്തോഭജനകവും ആവേശകരവുമായ സിനിമ കാണുന്നതുപോലെയുള്ള അനുഭവം. ആദ്യ വാക്കു മുതൽ അവസാനം വരെ തുടിച്ചുനിൽക്കുന്ന മനുഷ്യത്വം. ഒരു പുസ്തകം വായിക്കുന്നു എന്ന തോന്നലിനേക്കാൾ സ്വയം ഒരു യാത്ര പോകുന്ന അനുഭവം സമ്മാനിക്കുന്ന അപൂർവ പുസ്തകമാണ് വേണുവിന്റെ നഗ്നരും നരഭോജികളും. ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം ഒന്നിലധികം തവണ നേടിയ വേണു തന്നെയെടുത്ത ചിത്രങ്ങളാണ് പുസ്തകത്തിന്റെ മറ്റൊരാകർഷണം. വിവരണത്തിനൊപ്പം മികച്ച പേപ്പറിൽ മിഴിവുറ്റ ചിത്രങ്ങളും. അക്ഷരാർഥത്തിൽ ഈ പുസ്തകം വായിക്കുന്നവർ യാത്രയിലെ പങ്കാളികൾ കൂടിയാകുന്നു.  

 

എത്രയെഴുതിയാലും ആ യാത്രയുടെ ആവേശം വാക്കുകളിലേക്കു പകരാനാവില്ല. അതാണ് ആ യാത്രയുടെ ആനന്ദം. ആവേശം. ഉൻമാദം. അത് അനുഭവിച്ചുതന്നെ അറിയണം. അതാണ് വേണുവിന്റെ പുസ്തകം. 

 

English Summary: Nagnarum Narabhojikalum book by cinematographer Venu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com