ADVERTISEMENT

ഓര്‍മക്കുറിപ്പുകളിലൂടെ മലയാളവായനക്കാര്‍ക്ക് പരിചിതനായ ഷാനവാസ് പോങ്ങനാടിന്‍റെ ആദ്യ നോവലായ കിളിക്കാറ്റ് കഴിഞ്ഞദിവസം പുറത്തിറങ്ങി. മുൻപു പ്രസിദ്ധീകരിച്ച ഓര്‍മപ്പുസ്തകങ്ങളുടെ ലാളിത്യവും ഗ്രാമീണഭാവതലങ്ങളും കിളിക്കാറ്റിനെയും പ്രിയതരമാക്കുന്നു. അമ്മ നഷ്ടപ്പെട്ട കുട്ടിയുടെ ബാല്യകൗമാരങ്ങളിലെ വിഹ്വലതകളും ഏകാന്തതയും ജീവിതപ്രയാസങ്ങളുമാണ് നോവലിന്‍റെ പ്രമേയം. കുട്ടിയുടെ മനസ്സിലൂടെ അവന്‍റെ അച്ഛനേയും അമ്മയേയും അപ്പൂപ്പനേയും രണ്ടാനമ്മയേയും ഗ്രാമത്തെത്തന്നെയും അവതരിപ്പിക്കുക വഴി, ശിഥിലമാകുന്ന കുടുംബബന്ധങ്ങളില്‍ ഒറ്റപ്പെടുന്ന കുട്ടികളുടെ വര്‍ത്തമാനകാല അവസ്ഥയെ നോവല്‍ വരഞ്ഞിടുന്നു.

 

കിരണ്‍ എന്ന പത്തു വയസ്സുകാരന്‍റെ ജിവിതത്തില്‍ സംഭവിക്കുന്ന പ്രയാസങ്ങള്‍ അമ്മയില്ലാത്ത ഓരോ കുട്ടിയുടെയും ജീവിതാവസ്ഥയായി അനുഭവിപ്പിക്കുന്നതാണ് കിളിക്കാറ്റിന്‍റെ രചനാതന്ത്രം. മുതിര്‍ന്നവരില്‍ കുട്ടിക്കാലത്തിന്‍റെ ഓര്‍മകള്‍ തിരിച്ചുപിടിക്കലായി നോവല്‍ മാറുന്നു. ബാലനോവലിന് അപ്പുറത്തേക്ക് പരക്കുന്ന വിശാലതയാണ് ഇതിന്‍റെ പ്രമേയസവിശേഷത. മുതിര്‍ന്നവരുടെ ചലനങ്ങള്‍ പോലും കുട്ടികള്‍ തിരിച്ചറിയുന്നുണ്ടെന്ന് ഈ നോവല്‍ ബോധ്യപ്പെടുത്തുന്നു.

 

തെക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നതെങ്കിലും എല്ലാക്കാലത്തും എവിടെയും നടക്കുന്ന സംഭവമായി മാറുന്ന സാര്‍വജനീനത ഇതിനുണ്ട്. കുട്ടികളുടെ നോവലുകളുടെ ഗണത്തിലാണ് കിളിക്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ ക്ലാസിക് ബാലസാഹിത്യ കൃതികളായി കരുതുന്ന നന്തനാരുടെ ‘ഉണ്ണിക്കുട്ടന്‍റെ ലോകം’, മുട്ടത്തുവര്‍ക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’, പി.നരേന്ദ്രനാഥിന്‍റെ ‘കുഞ്ഞിക്കൂനന്‍’ തുടങ്ങിയവ പോലെ ആര്‍ദ്രമാണ് കിളിക്കാറ്റിന്‍റെയും ആഖ്യാനം. കഥയും കഥാപാത്രങ്ങളുമായുള്ള ഇഴയടുപ്പവും സഹാനുഭൂതിയും രചനയിലെ ലാളിത്യവും കിളിക്കാറ്റിനെ മികച്ച വായനാനുഭവമാക്കുന്നു.

 

കിരണിന്‍റെ പേടിസ്വപ്നമായ ചെറിയമ്മയുടെ ദുഷ്ടപ്രവൃത്തികളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. അച്ഛന്‍ ഗോപിയില്‍നിന്നു പോലും അവന് വാത്സല്യം ലഭിക്കുന്നില്ല. ഒറ്റപ്പെട്ട ആ കുഞ്ഞുമനസ്സില്‍ വിഭ്രമസ്വപ്നങ്ങള്‍ കൂടണയാനിടയാക്കുന്നു. കിരണുമായി ബന്ധപ്പെട്ട പലരുടെയും ജീവിതത്തിലൂടെയും ചിന്തകളിലൂടെയുമാണ് കഥ പൂര്‍ത്തിയാവുന്നത്. സൈനികാനാകാന്‍ സ്വയം തീരുമാനിക്കുക വഴി രാജ്യസ്നേഹത്തിന്‍റെയും ദേശീയബോധത്തിന്‍റെയും വിശാലമായ ആകാശത്തിനു കീഴിലേക്ക് നോവല്‍ കടന്നുനില്‍ക്കുന്നു. പട്ടാളജീവിതത്തെ സൈനികനായ കുട്ടപ്പണ്ണനിലൂടെയാണ് കിരണ്‍ തിരിച്ചറിയുന്നത്. രാജ്യത്തെ സേവിക്കുകയെന്ന ചിന്തയിലേക്ക് അത് വളരുന്നു.

 

ഗ്രാമത്തിന്‍റെ  ജീവിതപശ്ചാത്തലമാണ് നോവലിന് നല്‍കിയിരിക്കുന്നത്. സമകാലിക ബാലസാഹിത്യകൃതികളില്‍ കാണാത്ത ജീവിതയാഥാര്‍ഥ്യങ്ങളെ തീവ്രതയോടെ നോവല്‍ അവതരിപ്പിക്കുന്നു. ഇത് ഒരര്‍ഥത്തില്‍ മുതിര്‍ന്നവരുടെ നോവലായി പരിണമിക്കുന്നത് ഇക്കാരണത്താലാണ്. നോവലിന്‍റെ പുറംചട്ടയില്‍ ‘കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയതരമാകുന്ന നോവല്‍ശില്പ’മെന്ന് പ്രശസ്ത നോവലിസ്റ്റ് ജോര്‍ജ് ഓണക്കൂര്‍ കുറിക്കുന്നുണ്ട്.

 

മഷിചരിഞ്ഞ ആകാശം, പച്ചകുത്തിയ നിലങ്ങള്‍, ഉച്ചമരപ്പച്ച തുടങ്ങിയ ഓര്‍മപ്പുസ്തകങ്ങളില്‍നിന്ന് നോവലിന്‍റെ ഭാവനാലോകത്തേക്കുള്ള എഴുത്തുകാരന്‍റെ കടന്നുവരവ് പ്രതീക്ഷാനിര്‍ഭരമാണെന്ന് ഈ നോവല്‍ അടയാളപ്പെടുത്തുന്നു. ഗ്രാമീണവിശുദ്ധിയെ നോവലിന്‍റെ ആന്തരികസത്തയായി കണ്ടെത്തുകവഴി തീര്‍ത്തും ഫാന്‍റസിയിൽനിന്ന് കാറ്റിനോടും കിളികളോടും നാട്ടുപൂക്കളോടും കഥ പറയുന്ന ഗ്രാമീണതയെ കുട്ടികളുടെ മനസ്സില്‍ കുടിയിരുത്തുകകൂടി ചെയ്യുന്നു.

 

കാറ്റ് ഒരു കഥാപാത്രംപോലെ നോവലില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇളംകാറ്റായും വയല്‍ക്കാറ്റായും കായല്‍ക്കാറ്റായും അത് നോവലിലാകെ ചുറ്റിത്തിരിയുന്നു. നോവല്‍ അവസാനിക്കുമ്പോഴും അറിയാതെ കാറ്റ് ഒരു കഥാപാത്രംപോലെ  വായനക്കാരനിലേക്ക് കടന്നുവരുന്നു. നോവല്‍ വായിച്ച് മടക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന സഹാനുഭൂതി മനസ്സില്‍ തങ്ങിനില്‍ക്കുകതന്നെ ചെയ്യും.

 

രാജേഷ്  ചാലോടിന്‍റെ കവര്‍ചിത്രവും എ.കെ.ഗോപിദാസിന്‍റെ രേഖാചിത്രങ്ങളും പുസ്തകത്തിന്‍റെ രൂപസൗന്ദര്യം വര്‍ധിപ്പിക്കുന്നു. 

 

English Summary: Kilikkattu book written by Shanavas Ponganadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com