ADVERTISEMENT

മദ്യാസക്തിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് ‘വിഷദ്രാവകം തുറക്കുന്ന നരകവാതിൽ’ എന്ന കൃതി എഴുതിയ എക്സൈസ് പ്രിവന്റീവ് ഓഫിസർ പിഎൽ വിജിലാലിന്റെ രണ്ടാമത്തെ പുസ്തകമാണ് ‘നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത്’. സംസ്ഥാന മദ്യവർജന സമിതിയുടെ ഹൈദരാലി പുരസ്കാരം നേടിയ ഈ കൃതി റോഡപകടങ്ങളുടെ കണ്ണീരണിയിക്കുന്ന സംഭവ കഥകളും റോഡ് സുരക്ഷ സംബന്ധിച്ച ബോധവൽക്കരണവുമാണ് നൽകുന്നത്.

സ്വന്തം ജീവിതത്തിൽ തന്നെ എഴുത്തുകാരനു റോഡപകടങ്ങളുടെ തീവ്രത നേരിൽ കാണേണ്ടി വന്നതാണ് കൃതിയുടെ പിറവിക്കു കാരണം. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ മടങ്ങവേ അതിവേഗത്തിൽ വന്ന വാനിടിച്ച് നീണ്ട നാൾ ആശുപത്രിയിൽ കഴിഞ്ഞത് റോഡപകടങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചു തന്നെയുമുള്ള തന്റെ വികാര വിചാരങ്ങളെ സ്വാധീനിച്ചെന്ന് എഴുത്തുകാരൻ പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ പറയുന്നു.രണ്ടു ഭാഗങ്ങളായി തിരിച്ച് ലളിതമായ ഭാഷയിലെഴുതിയിരിക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യഭാഗം എഴുത്തുകാരനു നേരിട്ടു പരിചയമുള്ളവർക്ക് നേരിടേണ്ടി വന്ന അപകടങ്ങളും  കരളുലയ്ക്കുന്ന തുടരനുഭവങ്ങളുമാണ് പ്രമേയമാക്കുന്നത്.

 

പുസ്തകത്തിലെ ആദ്യ അധ്യായം എഴുത്തുകാരന്റെ ഭാര്യാസഹോദരനും നേവി ഉദ്യോഗസ്ഥനുമായ ആശിഷ് ബി. പിള്ളയുടെ മരണത്തെ തന്നെയാണ് വിഷയമാക്കുന്നത്. ഒരുപാട് ആകസ്മികതകൾ നിറഞ്ഞു നിന്ന ഒരു മരണമാണിതെന്നു പി.എൽ.വി ജിലാൽ പറയുന്നു. നീണ്ട നാൾ തന്നോടു സംസാരിക്കാതെയിരുന്ന ആശിഷ് പിന്നീട് ആദ്യമായും അവസാനമായും വിളിക്കുന്നത് എഴുത്തുകാരന്റെ കുടുംബത്തെയൊന്നാകെ പിടിച്ചുലച്ച അപകടത്തിനു തലേദിവസമാണ്. കൂട്ടുകാരനായ മറ്റൊരു നേവിക്കാരനുമൊത്ത് തൂത്തുക്കുടിയിലെ നേവൽ ബേസിലേക്ക് ബൈക്കിൽ യാത്ര തിരിച്ച ആശിഷ് വാഹനത്തിന്റെ പിൻസീറ്റിലാണ് ഇരുന്നത്. യാത്രയ്ക്കിടെ തമിഴ്നാട്ടിലെ ദേവച്ചൽപുരമെന്ന സ്ഥലത്തുവച്ച് റോഡിനു സമീപമുള്ള ചരൽക്കൂനയിലേക്കു പാഞ്ഞു കയറിയ ബൈക്ക് തെന്നിവീണു. വാഹനമോടിച്ച കൂട്ടുകാരനു സാരമായ പരിക്കുപറ്റിയില്ലെങ്കിലും ആശിഷിന്റെ തല ഇടിച്ചു. ബോധരഹിതനായ ആശിഷിനെ ആശുപത്രിയിലെത്തിക്കാൻ കൂട്ടുകാരൻ അർധരാത്രിയിൽ നടത്തിയ ശ്രമങ്ങൾ ഒന്നാം അധ്യായത്തിൽ തന്നെ വായനക്കാരെ ആശങ്കയേറുന്ന ഒരു വൈകാരിക അവസ്ഥയിലേക്കു തള്ളിവിടുന്നതാണ്.

 

ആശിഷിന്റെ തുടർന്നുള്ള അന്ത്യനിമിഷങ്ങളും കൃതിയിൽ പരാമർശിക്കുന്നു. തീവ്ര പരിചരണവിഭാഗത്തിലേക്കു മാറ്റിയ ആശിഷിനെ കാണാനായി എത്തിയ എഴുത്തുകാരൻ കാണുന്ന കാഴ്ച അവന്റെ കൈയും കാലും ബന്ധിക്കപ്പെട്ടിരിക്കുന്നതാണ്. എന്തിനാണിത് ചെയ്തതെന്നു ചോദിക്കുമ്പോൾ തീവ്രമായ വേദന രോഗിക്കുള്ളതിനാലാണെന്ന് ആശുപത്രി അധികൃതർ പറയുന്നത് റോഡ‍പകടങ്ങളെത്തുടർന്നുള്ള വേദനയുടെ ഭീകരാവസ്ഥ വെളിവാക്കുന്നു. ആശിഷിന്റെ മരണത്തിനു ശേഷം അവന്റെ അമ്മയുടെ മനോനില തെറ്റുന്നതും സഹോദരിയും എഴുത്തുകാരന്റെ ഭാര്യയുമായ അനുപമയുടെ ഗർഭകാലം സങ്കീർണമാകുന്നതുമൊക്കെ സന്തുഷ്ടമായ ഒരു കുടുംബത്തെ ഒരു റോഡപകടം എങ്ങനെ തോരാത്ത കണ്ണീരിലേക്കു തള്ളിവിടുന്നു എന്നുള്ളതിന്റെ നേർസാക്ഷ്യമാണ്.

 

ഇരുപത്തിയാറാം വയസ്സിൽ ടിപ്പർ ലോറി അപകടത്തിൽ മരിച്ച സർഗധനയായ ഗായിക ലക്ഷ്മി, ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ് മൂലം അപകടത്തിൽ പെട്ടു മരിച്ച രതീഷ് തുടങ്ങി ആറോളം പേരുടെ അപകടമരണങ്ങൾ എഴുത്തുകാരൻ മികവോടെ വിശദീകരിക്കുന്നുണ്ട്. വായിക്കുന്നവരിൽ ആ അപകടത്തിന്റെ തീവ്രത ഇറങ്ങിച്ചെല്ലും വിധമാണ് ആഖ്യാനരീതി. പുസ്തകത്തിന്റെ രണ്ടാംഭാഗത്തിൽ റോഡപകടങ്ങൾ, ശ്രദ്ധിക്കേണ്ട വസ്തുകൾ, നിയമങ്ങൾ തുടങ്ങി ജനോപകാരപ്രദമായ 6 അധ്യായങ്ങളും അടങ്ങിയിരിക്കുന്നു.

 

English Summary: Nilavilikkunnavarude Raktham Kalathodu parayunnath book by PL Vijilal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com