ADVERTISEMENT

മയ്യഴിപ്പുഴയുടെ കഥാകാരനെക്കുറിച്ച് വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് 'എം മുകുന്ദന്‍: എഴുത്ത്, ജീവിതം, കഥകള്‍'. ഒരു കഥാകാരന്‍ എങ്ങനെ കഥാകാരനായി മാറിയെന്ന് ഈ പുസ്തകത്തിലൂടെ വരച്ചിടുന്നു. ബാല്യകാലത്ത് അലട്ടിയിരുന്ന മാറാരോഗവും സാമൂഹിക ചുറ്റുപാടുകളും പ്രവാസ ജീവിതവും നാടെന്ന നീറുന്ന ഓര്‍മകളും മുകുന്ദന്‍ തന്നെ വിവരിക്കുന്നു. ഇതുവരെ പരിചയിച്ച രീതികളില്‍ നിന്നു വ്യത്യസ്തമാണ് എം മുകുന്ദന്‍: എഴുത്ത്, ജീവിതം, കഥകള്‍ എന്ന പുസ്തകം. എഴുത്തുകാരന്‍ സ്വന്തം അനുഭവത്തെ സമഗ്രമായി സ്പര്‍ശിച്ച് വായനക്കാരനുമായി പങ്കുവയ്ക്കുന്നു. ആത്മകഥാംശവും ജീവിത കാഴ്ചപ്പാടുകളും രാഷ്ട്രീയ-സാഹിത്യ നിലപാടുകളും വിവരിക്കുന്നു. 

 

മുകുന്ദന്റെ ജീവിതം, ഓര്‍മ, യാത്ര, പ്രവാസം, സാഹിത്യം, കല, ദര്‍ശനം എന്നിവയെല്ലാം ഒപ്പിയെടുത്തുകൊണ്ടുള്ള സര്‍ഗാത്മക സഞ്ചാരമാണ് ഈ പുസ്തകം. സമ്പന്നമായ സാഹിത്യ ജീവിതവും സാഹിത്യസാംസ്‌കാരിക വീക്ഷണവും കാഴ്ചപ്പാടും സാഹിത്യത്തിന്റെ പുതുവഴികളുമെല്ലാം അവതരിപ്പിക്കപ്പെടുകയാണ്. ജീവചരിത്രത്തില്‍ നിന്നും ആത്മകഥയില്‍ നിന്നും വ്യതിരക്തമായ അടയാളപ്പെടുത്തലാണിത്. 

 

എം. ഗോകുല്‍ദാസാണ് എം മുകുന്ദന്‍: എഴുത്ത്, ജീവിതം, കഥകള്‍ എന്ന പുസ്തകം തയാറാക്കിയത്. എം മുകുന്ദനുമായി നടത്തിയ അഭിമുഖത്തെത്തുടര്‍ന്നാണ് പുസ്തകത്തിന്റെ പിറവി. ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കിയ പുസ്തകം ദേശാഭിമാനി ബുക്‌സ് ആണ് വിതരണം ചെയ്യുന്നത്. വി.ആ.ര്‍ സുധീഷ് അവതാരിക എഴുതിയിരിക്കുന്നു. എം. മുകുന്ദന്റെ ജീവിതത്തിന്റേയും കാഴ്ചപ്പാടുകളുടേയും രത്‌നച്ചുരുക്കമാണ് പുസ്തകം.  മുകുന്ദനെ ഏറ്റവും ലളിതമായി ഏറ്റവും അടുത്ത് അറിയാന്‍ ഉപകരിക്കുന്ന പുസ്തകം. നിത്യദാഹം, ചാലകന്‍, കുളിമുറി എന്നീ കഥകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.  മുകുന്ദന്‍ തന്നെ ജീവിതവും വീക്ഷണങ്ങളും പറയുന്ന രീതിയില്‍ ആത്മകഥപോലെയാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. 

 

ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയില്‍ ജനിച്ച മുകുന്ദന്‍ ആദ്യം പഠിച്ചതും ഫ്രഞ്ച് ഭാഷയായിരുന്നു. എന്നാല്‍ മലയാളത്തിലല്ലാതെ മറ്റേതെങ്കിലും ഭാഷയില്‍ ചിന്തിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഹൃദയ സംബന്ധമായ രോഗം മൂലം  മുറിക്കുള്ളില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്ന ബാല്യകാലത്ത് കൂട്ടായിരുന്നത് പുസ്തകങ്ങളായിരുന്നു. വായന ഇഷ്ടപ്പെടുന്ന, നാമമാത്രമായ സൗഹൃദം മാത്രമെ അന്നുണ്ടായിരുന്നുള്ളു. 30 വയസ്സിലധികം ജീവിക്കില്ലെന്നു കരുതിയ ഒരു ബാല്യകാലമായിരുന്നു അത്. മയ്യഴിപ്പുഴയുടെ തീരം മുകുന്ദന്റെ പ്രധാന താവളങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ പലതിലും പുഴ ഒഴുകി എത്തി. വായനയാണ് നമ്മളെ പഴയ കാലവുമായി ബന്ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വായന ഇല്ലെങ്കില്‍ പഴയതൊന്നുമില്ല. നമ്മുടേതുതന്നെയായ പഴയ കാലവുമായി സ്വയം വിച്ഛേദിച്ചു പോകുന്നത് വളരെ ദുഖ:കരമാണെന്നും അദ്ദേഹം പറയുന്നു.

 

മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന പുസ്തകത്തിന്റെ പിറവിയെക്കുറിച്ച് മുകുന്ദന്‍ തന്നെ പറയുന്നു. 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മനസില്‍ പൂര്‍ണമായി രൂപപ്പെടാന്‍ പത്ത് വര്‍ഷമെങ്കിലും എടുത്തു കാണണം. വാസ്തവത്തില്‍ അത് ഒരു നോവലായിപ്പോലുമായിരുന്നില്ല എന്റെ മനസിലുണ്ടായിരുന്നത്. അതങ്ങനെ സംഭവിച്ചു. പതിനാല് വയസ്സില്‍ നമുക്ക് എന്തറിയാം, നോവലിനെപ്പറ്റി. പക്ഷെ അത് ഞാനിങ്ങനെ ഒരു സിനിമയില്‍ കാണുന്നതുപോലെ കാണുകയായിരുന്നു. ഓരോ സംഭവങ്ങള്‍, കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍. അതൊക്കെ ഉള്ളിലൂടെ കടന്നുപോയി'. ഓരോ കഥയ്ക്കും നോവലിനും പിന്നില്‍ അനേകം കഥകളുണ്ടാകും. മനസില്‍ താലോലിച്ചു കൊണ്ടുനടന്ന പല കഥകളും എഴുതാതെ ഉപേക്ഷിച്ചുവെന്നും മുകുന്ദന്‍ പറയുന്നു. 

 

സ്വന്തം നാടിനെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ എപ്പോഴും അലട്ടിയിരുന്നു. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസിയിലായിരുന്നു അദ്ദേഹത്തിന് ജോലി. ഡല്‍ഹിയില്‍ നടക്കുമ്പോള്‍ വലിയ ഏകാന്തത അനുഭവപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നാട്ടില്‍ നടക്കുമ്പോള്‍, എവിടെപ്പോകുന്നു ? എന്തുണ്ട് വിശേഷം ? എന്നിങ്ങനെ ചോദ്യങ്ങള്‍ നിരവധി വരും. നമുക്ക് അല്‍പം വഴിതെറ്റിയാല്‍ ഗ്രാമത്തില്‍ സഹായിക്കാന്‍ ആളുണ്ടാകും. ഗ്രാമത്തില്‍ സുരക്ഷിതത്വമുണ്ട്. എന്നാല്‍ നഗരത്തില്‍ നാം അനാഥരാണ്. 

 

സമകാലിക കേരളത്തില്‍ മതം അതിന്റെ വേരുകള്‍ ആഴ്ത്തുന്നതിലും മുകുന്ദന്‍ ആശങ്ക പങ്കുവയ്ക്കുന്നു. അധികാരം നിലനിര്‍ത്താന്‍, പിടിച്ചടക്കാന്‍ എന്തു കൂട്ടുകെട്ടിനും തയാറാകുക എന്നതിന്റെ ഭാഗമായിട്ടാണ് ജാതിയും മതവുമൊക്കെ ഇവിടെ കൂട്ടുപിടിച്ചിരിക്കുന്നത്. രാഷ്ട്രീയം പ്രായോഗിക രാഷ്ട്രീയമായി മാറിയിരിക്കുന്നു. നവോത്ഥാനത്തിന്റെ വെളിച്ചം കെട്ടുപോകാന്‍ കാരണം രാഷ്ട്രീയം പ്രായോഗിക രാഷ്ട്രീയം മാത്രമായി മാറിയതുകൊണ്ടാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. എന്നാല്‍ എത്ര ജീര്‍ണിച്ചാലും ഒരു പരിധിക്കപ്പുറത്തേക്ക് പോകാന്‍ കേരള ജനതയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.  

 

അല്‍പ്പായുസ്സുമാത്രം പ്രവചിക്കപ്പെട്ടിരുന്ന ഒരാള്‍ മലയാള സാഹിത്യചരിത്രത്തില്‍ മായ്ക്കപ്പെടാനാകാത്ത വിധം സ്വാധീനം ചെലുത്തുവോളം ജീവിച്ചു. മനസ്സുമുഴുവന്‍ മയ്യഴിയിലായിരുന്നെങ്കിലും 40 വര്‍ഷം ജീവിച്ചത് ഡല്‍ഹിയിലായിരുന്നു. ഡല്‍ഹി എന്ന മഹാനഗരത്തിന്റെ മിടിപ്പുകള്‍ക്കൊപ്പം ജീവിച്ചുപോന്ന എഴുത്തുകാരന്‍. മയ്യഴിയുട കഥാകാരന്റെ എഴുത്തുകളുടെ പിന്നാമ്പുറ ജീവിതമാണ് എം. ഗോകുല്‍ദാസ് അനാവരണം ചെയ്തിരിക്കുന്നത്. ഒരു സാഹത്യകാരന്റെ ജീവിതം തേടിപ്പോകുന്നവര്‍ക്ക് എം മുകുന്ദന്‍, എഴുത്ത് ജീവിതം, കഥകള്‍ എന്ന പുസ്തകം  മുതല്‍ക്കൂട്ടാണ്. 

 

English Summary : Book Review - M. Mukundan - Ezhuthu, Jeevitham, Kadhakal written by M Gokuldas 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com