പ്രണയമെന്തെന്ന് അറിയണോ? ഇതാ, നാല്‍പത് പ്രണയ നിയമങ്ങള്‍

Rules-of-Love-p
SHARE
എലിഫ് ഷഫാക്ക്

അദർ ബുക്സ്

വില 590 രൂപ

ഒരു പുസ്തകം വായിക്കണോ വേണ്ടയോ എന്നതു വ്യക്തിയുടെ തീരുമാനമാണ്. തുടക്കത്തില്‍ മാത്രമല്ല, ഓരോ വരിയിലും. എന്നാല്‍, വായിക്കാനാണു തീരുമാനിക്കുന്നതെങ്കില്‍ അതൊരുപക്ഷേ ജീവിതത്തെ മാറ്റിയേക്കാം. മാറ്റിമറിച്ചേക്കാം. അത്തരമൊരു അപകടസൂചന കൂടി മുന്നില്‍ക്കണ്ടായിരിക്കണം വായന. ചിലപ്പോള്‍ സൂചനകളെക്കുറിച്ച് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും വായിക്കുക എന്നതു നിയോഗം തന്നെയാകാം. അങ്ങനെ ജീവിതം മാറ്റപ്പെടുക എന്നതും. അതിനുമൊരു ഭംഗിയുണ്ട്. അസാധാരണവും എന്നാല്‍ അപൂര്‍വവുമായ ഭംഗി. ഒരേസമയം അതു ഭൗതികവും ആത്മീയവുമാണ്. കാല്‍പനികവും പരുഷവുമാണ്. പ്രേമവും തിരസ്കാരവുമാണ്. ആത്യന്തികമായി ജീവിതവും മരണവുമാണ്. ജീവിതത്തില്‍ത്തന്നെയുള്ള ഒന്നിലധികം മരണങ്ങളും. അങ്ങനെയൊക്കെയാണു പുസ്തകങ്ങള്‍ ജീവിതത്തെ മാറ്റുന്നത്. 

അതേക്കുറിച്ചു സംശയമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് നാല്‍പത് പ്രണയ നിയമങ്ങള്‍. മനുഷ്യാവകാശ പ്രവര്‍ത്തകയും തുര്‍ക്കിയില്‍നിന്നുള്ള എഴുത്തുകാരിയുമായ എലിഫ് ഷഫാക്കിന്റെ ലോക പ്രശസ്ത നോവല്‍. 2009 ല്‍ പ്രസിദ്ധീകരിച്ച്, പിന്നീടുള്ള വര്‍ഷങ്ങളില്‍ മിക്ക ലോക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട നോവല്‍ വൈകിയാണെങ്കിലും മലയാളത്തിലും എത്തിയിരിക്കുന്നു. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ നേടുന്നതുമുണ്ടെന്നു തെളിയിക്കുന്ന അജയ് പി. മങ്ങാട്ടിന്റെയും ജലാലുദ്ദീന്റെയും അന്യാദൃശമായ മൊഴിമാറ്റത്തിലൂടെ. 

2008 മേയ് 17 ന്റെ വസന്തത്തില്‍ നോര്‍ത്താംപ്ടണില്‍ മധ്യവയസ്കയായ എല്ല റൂബന്‍സ്റ്റെയിന്‍ എന്ന അമേരിക്കന്‍ മധ്യവയസ്ക അപ്രതീക്ഷിതമായി ഒരു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ്; ഭര്‍ത്താവും മൂന്നു മക്കളുമുള്ള എല്ലയുടെ കുടുംബവും. സാമ്പത്തികമായ ലാഭമോ മറ്റെന്തിലും പ്രതിഫലമോ എന്നതിനേക്കാള്‍ ജീവിതത്തെ കടന്നാക്രമിച്ച വിരസതയ്ക്ക് പരിഹാരമായാണ് ആ ജോലി. ഒരു ലിറ്റററി ഏജന്റ് എന്ന ജോലി. എന്നാല്‍ പ്രസിദ്ധീകരണ യോഗ്യമാണോ എന്നറിയാന്‍ എല്ലയുടെ അഭിപ്രായത്തിനുവേണ്ടി അയച്ചുകിട്ടിയ നോവല്‍ 

എല്ലയ്ക്ക് സ്വന്തം ജീവിതം കാണുന്ന സമുദ്രമാകുകയാണ്. ആ സമുദ്രത്തിലൂടെ ഒഴുകുന്ന ശിലയാകുന്നതോടെ എല്ല ജീവിക്കാന്‍ തുടങ്ങുന്നു; മരിക്കാനും പുനര്‍ജനിക്കാനും വീണ്ടും ജീവിക്കാനും പ്രണയിക്കാനും. 

പ്രേമം ജീവിതത്തിന്റെ സത്തയും ഉദ്ദേശ്യവുമാണ്. റൂമി നമ്മെ ഓര്‍മ്മിപ്പിക്കുംപോലെ അത് എല്ലാ വ്യക്തികളെയും വന്നുമുട്ടുന്നു. സ്നേഹത്തെ നിരാകരിക്കുന്നവരെയും. കാല്‍പനികം എന്ന പദം വിയോജിപ്പിന്റെ അടയാളമായി ഉപയോഗിക്കുന്നവരെയും അടക്കം. 

അവിടെ എല്ലയ്ക്ക് നോവല്‍ അടച്ചുവയ്ക്കാമായിരുന്നു. അങ്ങനെയാണു അവള്‍ക്ക് ആദ്യം തോന്നിയതും. നോവലിനെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാന്‍ തനിക്കു കഴിയില്ലെന്നു വിളിച്ചുപറയാനും. എന്നാല്‍, അവള്‍ ഒരു ദീര്‍ഘശ്വാസമെടുത്തശേഷം താള്‍ മറിച്ചു. വായന തുടങ്ങി. 

അതോടെ നോവലില്‍ മറ്റൊരു നോവല്‍ തുടങ്ങുകയായി. എ സെഡ് സഹാറ എഴുതിയ ‘മധുരമാര്‍ന്ന ദൈവനിന്ദ’. അതോടെ 2008 ല്‍ നിന്ന് 13-ാം നൂറ്റാണ്ടിലേക്കു നോവല്‍ സഞ്ചരിക്കുന്നു. 1252 ലെ അലക്സാന്‍ഡ്രിയ. സമര്‍ഖണ്ഡ്. ബഗ്ദാദ്. കൊനിയ. ശംസ് തബ്‍രീസ് എന്ന അലയുന്ന ദര്‍വീശ് വഴി റൂമിയിലേക്ക്. എക്കാലത്തെയും പ്രമേത്തിന്റെ സ്വരമായിത്തീര്‍ന്ന മഹാകവിയിലേക്ക്. 

റൂമി പ്രഭാഷകനായിരുന്നു. പണ്ഡിതനും. കവിതയുമായി ഒരു ബന്ധവുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. സ്നേഹത്തിലേക്കും അതിന്റെ ഭാഗമായ ഹൃദയവേദനയിലേക്കും അദ്ദേഹത്തെ ആനയിക്കുന്നതു ശംസ് ആണ്. രാജ്യങ്ങള്‍ക്കപ്പുറത്തു നിന്ന് ശംസ് റൂമിയെത്തേടി യാത്ര തിരിക്കുന്നതോടെ സ്നേഹം തേടിയുള്ള എല്ലയുടെ യാത്രയും തുടങ്ങുകയാണ്. നാല്‍പതു പ്രണയ നിയമങ്ങളിലൂടെ ഘട്ടം ഘട്ടമായി പുരോഗമിച്ച്. 

ബുദ്ധിയും സ്നേഹവും രണ്ടു വ്യത്യസ്ത ഘടകങ്ങളാല്‍ നിര്‍മിതമാണ്. ബുദ്ധി മനുഷ്യനെ കെട്ടിയിടുന്നു. ഒരു സാഹസികതയും അനുവദിക്കില്ല. എന്നാല്‍ പ്രേമം എല്ലാ കെട്ടുകളെയും അഴിക്കുന്നു. എന്തിനും സന്നദ്ധമാക്കുന്നു. ബുദ്ധിയാകട്ടെ എപ്പോഴും ജാഗ്രത പാലിക്കുന്നു. പരമാനന്ദത്തെ സൂക്ഷിക്കുക എന്നുപദേശിക്കുന്നു. അതേ സമയം പ്രേമം പറയുന്നു: ഓ അതു കാര്യമാക്കുകയേ വേണ്ട. തുനിഞ്ഞിറങ്ങൂ. ബുദ്ധി എളുപ്പം തകരുകയില്ല. പ്രേമം ഒരു പ്രയാസവും കൂടാതെ തവിടുപൊടിയാകും. എന്നാല്‍ അതിന്റെ അവശിഷ്ടങ്ങളില്‍ നിധി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. തകര്‍ന്ന ഹൃദയം നിധികളെ ഒളിപ്പിക്കുന്നു. 

ഗുരുവും ആദരിക്കപ്പെടുന്നവനും പണ്ഡിതനും പ്രഭാഷകനുമായിരുന്നെങ്കിലും റൂമി അജ്ഞാതമായ ഒരു അസ്വസ്ഥയുടെ ഇരയായിരുന്നു. എന്തിനോ, ആര്‍ക്കോ വേണ്ടി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ നോര്‍ത്താംപ്ടണില്‍  സമ്പത്തിന്റെയും സമൃദ്ധിയുടെയും നടുവില്‍ കുടുംബിനിയായി മൂന്നു മക്കളുടെ അമ്മയായി ജീവിക്കുമ്പോഴും മധ്യവയസ്സില്‍ എല്ലയും അസംതൃപ്തയായിരുന്നു. ജീവിതത്തില്‍ ഇല്ലാതിരുന്ന എന്തിനോവേണ്ടി കാത്തിരിക്കുകയായിരുന്നു ആ സ്ത്രീ. മധുരമാര്‍ന്ന ദൈവനിന്ദ എന്ന നോവല്‍ എഴുതിയ അസീസിന് ആദ്യത്തെ ഇ മെയ്ല്‍ അയയ്ക്കുന്നതോടെ എല്ല ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കു കടക്കുന്നു. തബ്രീസിലെ ശംസിനെ വരവേല്‍ക്കുന്നതോടെ റൂമിയും. ആത്മീയവും പ്രേമനിര്‍ഭരവും യാതനാഭരിതവും എന്നാല്‍ ഹര്‍ഷോന്‍മാദം നിറഞ്ഞതുമായ സമാന്തര ജീവിതങ്ങള്‍. നോര്‍ത്താംപ്ടണിന്റെയും കൊനിയയുടെയും പശ്ചാത്തലത്തില്‍ വിശ്വാസവും പ്രണയവും മനുഷ്യരെ വീരനായകരാക്കി മാറ്റുന്ന കഥയാണ് എലിഫ് ഷഫാക്ക് പറയുന്നത്. ഹൃദയങ്ങളില്‍ നിന്ന് ആശങ്കയും ഭീതിയും എടുത്തുകളയുന്നതിന്റെയും. 

ഓരോ യഥാര്‍ഥ സ്നേഹവും സൗഹൃദവും അവിചാരിതമായ പരിവര്‍ത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുന്‍പും പിന്‍പും ഒരേ വ്യക്തികള്‍ തന്നെയാണെങ്കില്‍ അവര്‍ സ്നേഹിച്ചിട്ടില്ലെന്നാണര്‍ഥം. വാക്കുകളുടെയും ആശങ്ങളുടെയും പിന്നീട് കവിതയുടെയും പ്രേമത്തിന്റെയും അധിപനായ റൂമിയും, യഥാര്‍ഥ പ്രണയത്തിനുവേണ്ടി 40 വര്‍ഷം കാത്തിരുന്ന എല്ലയും പുറത്തുകടക്കുക എളുപ്പമല്ലാത്ത പ്രണയത്തിന്റെ നിയമങ്ങളാല്‍ കെട്ടിയിടപ്പെടുകയും ആത്യന്തികമായി വേര്‍പാടും വിരഹവും പ്രിയപ്പെട്ടവരുടെ മരണവും അനുഭവിക്കുന്നിലൂടെ ജീവിതത്തന്റെ അര്‍ഥം കണ്ടെത്തുകയാണ്. അതു നാമോരുരുത്തരും തിരയുന്ന ജീവിത സാരമാണ്. നമുക്കു കരഗതമാകാതെപോയ സാരാംശമാണ്. എവിടെ സ്നേഹമുണ്ടോ അവിടെ ഹൃദയവേദനയുമുണ്ട് എന്ന തിരിച്ചറിവാണ്. 

റൂമി ജീവിച്ചിരുന്ന, കവിതയെഴുതിയ, പ്രണയത്തിലൂടെ കടന്നുപോയ കൊനിയയില്‍ എല്ലയും എത്തുന്നുണ്ട്. കുടുംബിനിയായല്ല; പ്രണയിനിയായി. അനാഥയായല്ല; സനാഥയായി. പ്രിയതോഴനെ നഷ്ടപ്പെട്ട വേദനയില്‍ റൂമിയുടെ വിലാപം നിലയ്ക്കൊതൊഴുകിയ കൊനിയയില്‍ നിന്ന് കാമുകനെ നഷ്ടപ്പെട്ട എല്ല മടങ്ങുന്നത് എന്നാല്‍ തിരിച്ചു കുടുംബത്തിലേക്കല്ല. ഒറ്റയ്ക്കാണെങ്കിലും അവള്‍ ഏകയല്ല. എല്ലാം നഷ്ടപ്പെട്ടെങ്കിലും ഒന്നുമില്ലാത്തവളല്ല. അതാണു പ്രണയത്തിന്റെ മാന്ത്രികത. 

പ്രേമം ജീവന്റെ ജലമാണ്. 

പ്രേമിക്കുന്നവര്‍ തീയുടെ ആത്മാവും. 

ജലത്തെ തീ പ്രേമിക്കുമ്പോള്‍ 

ഉലകം വ്യത്യസ്തമായി തിരിയുന്നു. 

പ്രേയസിയാകാതെ പ്രണയമെന്തെന്നു മനസ്സിലാക്കാന്‍ മാര്‍ഗമുണ്ടോ എന്നൊരു ചോദ്യം ഉയര്‍ത്തുന്നുണ്ട് എലിഫ് ഷഫാക്ക് നോവലില്‍. അതിന്റെ ഉത്തരം കൂടിയാണ് നാല്‍പത് പ്രണയ നിയമങ്ങള്‍. 

സ്നേഹത്തിലൂടെ കടന്നുപോകുന്നതുപോലെ സുന്ദരവും ഉന്മേഷദായകവും ഹൃദയം പിളര്‍ക്കുന്ന അനുഭവവുമാണ് ഈ നോവല്‍. സ്നേഹത്തെ വിവരിക്കാനാവില്ലല്ലോ. അനുഭവിക്കാനേ കഴിയൂ. നാല്‍പത് പ്രണയ നിയമങ്ങള്‍ സമ്മാനിക്കുന്ന അനുഭൂതിയും എഴുതി ഫലിപ്പിക്കാനാവില്ല, വായിച്ചുതന്നെ അറിയണം. സ്നേഹത്തെ വിവരിക്കാനാവില്ല. മറിച്ച് അത് എല്ലാത്തിനെയും വിവരിക്കുന്നു. 

അജയ് പി മങ്ങാട്ട്, ജലാലുദ്ദീന്‍ എന്നിവർ ചേർന്നാണ് പുസ്തകത്തെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയിരിക്കുന്നത്.

English Summary: The Forty Rules of Love Novel by Elif Shafak

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA
;