ADVERTISEMENT

രാവ് ചോക്കുന്ന നേരത്താണ് ആ കൊലപാതകം നടന്നത്! കൊലചെയ്യപ്പെട്ടത് ആരാണ് എന്നറിയാനുള്ള ഏറ്റവും മികച്ച വഴിയെന്താണ്? മരണപ്പെട്ടയാളുടെ മുഖവും ശരീരത്തിലെ അടയാളങ്ങളും കണ്ട് ആളെ തിരിച്ചറിയുക എന്നതാണ്. എന്നാൽ അജ്ഞാതമായി കാണപ്പെട്ട ഒരു മൃതദേഹത്തിൽ തലയും കൈത്തണ്ടയും ഉണ്ടായിരുന്നില്ലെങ്കിലോ? ആരാണ് മരണപ്പെട്ടത് എന്നെങ്ങനെ കണ്ടെത്തും? ഈ ഒരു തുമ്പില്ലായ്മയിലേക്കാണ് പൊലീസ് ഉദ്യോഗത്തിൽ നിന്നും വിരമിച്ച മാരാരും ഇപ്പോഴും സർവീസിലുള്ള അദ്ദേഹത്തിന്റെ മകൻ മനോജ് മാരാരും കൂടിയെത്തുന്നത്. വളരെ ലോക്കലായി അന്വേഷണം ആരംഭിക്കപ്പെടുന്ന ഒരു കൊലപാതകക്കേസാണ് അത്, എന്നാൽ അന്വേഷണത്തിൽ ഗതികൾ അത്ര ലോക്കൽ അല്ല താനും.

 

ഗോവിന്ദിന്റെ ആദ്യ നോവലാണ് ‘രാവ് ചോക്കുന്ന നേരം’. എന്തുകൊണ്ട് ഒരു എഴുത്തുകാരൻ ക്രൈം നോവലുകൾ എഴുതുന്നു? പലർക്കും പല ഉത്തരങ്ങളായിരിക്കാം, എന്നാൽ എഴുത്ത് തന്നെ ജീവിതം എന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചാണ് ഗോവിന്ദ് എന്ന യുവ എഴുത്തുകാരൻ എഴുത്തിലേക്കിറങ്ങുന്നത്. ജീവിക്കാൻ മറ്റു പല വഴികളും മുന്നിലുണ്ടെങ്കിലും അക്ഷരങ്ങൾകൊണ്ടുള്ള ശരങ്ങളും വേദനകളും സന്തോഷങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം കയ്യേൽക്കാൻ തയാറായി തന്നെയാണ് ഗോവിന്ദ് തന്റെ ആദ്യ പുസ്തകം എഴുതി തീർത്തത്. അത്രയ്ക്കൊന്നും വായന പ്രിയമല്ലാത്ത ഒരാളുടെ പോലും ആദ്യത്തെ തെരഞ്ഞെടുപ്പ് ക്രൈം ത്രില്ലെർ പുസ്തകങ്ങളാകുന്നത് വായനയേയും ചിന്തയെയും അത്രയേറെ ത്രസിപ്പിക്കുകയും മൂർച്ഛയേറ്റുകയും ചെയ്യും. എല്ലാവർക്കും വായനയിൽ ഒരു കാഴ്ചയുടെ അനുഭവം കൂടിയുണ്ടായിരുന്നാൽ ഏറെ പ്രിയമാണ്, അതുപോലെയൊരു വായനാനുഭവം തന്നെയാണ് ഗോവിന്ദ് ‘രാവ് ചോക്കുന്ന നേരം’ എന്ന പുസ്തകത്തിൽ പ്രയോഗിച്ചിരിക്കുന്നതും. 

 

അപ്രതീക്ഷിതമായിരുന്നു നാട്ടുകാർക്ക് ആ കാഴ്ച. തലയും കൈത്തണ്ടയുമില്ലാത്ത ഒരാളുടെ ശവശരീരം. അതും ഒരു നാട്ടിൻപുറത്ത്. കേസന്വേഷണം തുടങ്ങിയ മനോജ് മാരാരും അദ്ദേഹത്തിന്റെ പിതാവ് ശ്രീധരൻ മാരാരും കേസന്വേഷണത്തിനായി ഇറങ്ങിത്തിരിക്കുകയാണ്. നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ രണ്ടു കഥാപാത്രങ്ങളുടെ കഥാപാത്ര മികവ് തന്നെയാണ്. ശ്രീധരൻ മാരാരുടെ ആദ്യ വരവ് ജോസഫ് സിനിമയിലെ നായക കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വായനക്കാരന്റെ മനസ്സിൽ ആ കഥാപാത്രത്തിന് അടിയുറച്ച ഒരു ചിത്രം ലഭിക്കുന്നു. കഥാപാത്ര നിർമ്മിതിയിൽ ഗോവിന്ദ് സൂക്ഷ്മമായി ഇടപെട്ടിട്ടുള്ളതുകൊണ്ട് ഈ രാവ് ചോക്കുന്ന നേരം അല്ലാതെ മറ്റൊരു കുറ്റാന്വേഷണത്തിലേയ്ക്ക് കടന്നാലും മാരാർ കുടുംബത്തിന്റെ അന്വേഷണ മികവിൽ വായനക്കാർക്ക് അദ്‌ഭുതം തോന്നാനിടയില്ല. സൂക്ഷ്മ നിരീക്ഷണമാണ് വലിയ മാരാരുടെ പ്രധാന ഗുണം. തന്റെ സർവീസ് കാലത്തുണ്ടായിരുന്ന പല കേസുകളുടെയും റിപ്പോർട്ടുകളും അന്വേഷണങ്ങളും ഓർമ്മിപ്പിക്കുന്ന ഫയലുകൾ അദ്ദേഹം ഇപ്പോഴും അലമാരകളിൽ സൂക്ഷിക്കുന്നുണ്ട്, ഒരുപക്ഷേ അതൊക്കെ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥന് മികച്ച റെഫറൻസ് ആയി ഉപയോഗിക്കാവുന്നവയുമാണ്. അത്ര ശ്രദ്ധയോടെ ഗോവിന്ദ് ആ കഥാപാത്ര നിർമ്മിതി നടത്തിയിരിക്കുന്നു. 

 

കേസന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷകർക്ക് ആദ്യം കണ്ടെത്തേണ്ടത് അജ്ഞാതമായ ആ ശരീരം ആരുടേതാണ് എന്നതാണ്. അത്രയെളുപ്പമായിരുന്നില്ല അത് കണ്ടെത്താൻ. എന്നിരിക്കിലും മാരാർ കുടുംബം കൃത്യമായി ആ ആളിലേക്കെത്തുന്നു. ഗൾഫിലേയ്ക്കെന്നും പറഞ്ഞ് ഇറങ്ങിയ ഒരാൾ, അയാളെ എയർപോർട്ട് വരെ കൊണ്ട് വിട്ടതിലും അതിനുള്ളിലേക്ക് അയാൾ കയറിയതിനും അയാളുടെ അളിയൻ സാക്ഷിയാണ്. 

വെരിഫിക്കേഷൻ കഴിഞ്ഞ് അകത്തേയ്ക്ക് കയറിയ ആളുടെ മൃതദേഹമാണ് അടുത്ത ദിവസം അയാളുമായി ബന്ധമില്ലാത്ത മറ്റൊരു ദേശത്ത് കാണപ്പെടുന്നത്. ആരാണ് അയാളെ എയർപോർട്ടിൽ നിന്നും പുറത്തേയ്ക്ക് കൊണ്ട് വന്നത്? എന്ത് കാരണത്തിന്റെ പുറത്താണ് അയാൾ ഇത്ര ക്രൂരമായി കൊല ചെയ്യപ്പെട്ടത്? കഥ അതിർത്തികൾ കടന്നും സഞ്ചരിക്കുന്നു. കേസ് തുടങ്ങിയ സമയത്തുള്ളത് പോലെ ഒരു വെറും ലോക്കൽ കേസായി തീർക്കാനാകാത്ത ഒരു അന്വേഷണമായിരുന്നു അത്. ഇതിൽക്കൂടുതൽ കഥയെക്കുറിച്ച് പറഞ്ഞു രസച്ചരട് പൊട്ടിക്കുന്നില്ല. അത് വായനയിൽത്തന്നെയറിയാം, മറ്റൊരു സംസ്കാരത്തെയും മനുഷ്യരെയും അവരുടെ ജീവിത രീതികളെയും കുറിച്ച്. അവരുടെ പ്രതികാരത്തെയും ആത്മാഭിമാനത്തെയും കുറിച്ച്...

 

വളരെ ഋജുവായ ഒരു കഥപറച്ചിൽ രീതിയാണ് രാവ് ചോക്കുന്ന നേരത്തിൽ ഗോവിന്ദ് പ്രയോഗിച്ചിരിക്കുന്നത്. ഭാഷയുടെ ഭംഗിയും പ്രയോഗങ്ങളും എടുത്തു പറയേണ്ടതുണ്ടെങ്കിലും അനാവശ്യമായ ഭാഷയുടെ ഏച്ചു കെട്ടലുകളോ മുഴച്ചു നിക്കലുകളോ വായനയുടെ രസം കളയില്ല. നേരെ വാ നേരെ പോ രീതിയിലുള്ള പറച്ചിൽ ഒരു സിനിമ കാഴ്ചയുടെ സുഖം വായനയ്ക്ക് നൽകുന്നുണ്ട് താനും. ഒരു പ്രതികാരത്തിന്റെ കഥയാണ് രാവ് ചോക്കുന്ന നേരം. കുറ്റാന്വേഷണ വിഭാഗത്തിൽപ്പെടുന്ന പുസ്തകമായതുകൊണ്ട് തന്നെ ആ ജോണർ ആവശ്യപ്പെടുന്ന ലോജിക്കും ഗവേഷണവും പുസ്തകം നൽകുന്നുണ്ട്. ഒരിക്കൽപ്പോലും വായന മുരടിക്കുകയോ അന്വേഷണത്തെ വായനക്കാരൻ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല.

 

എല്ലാ ജോലികളെയും അവഗണിച്ച് ഒരാൾ എഴുത്തുകാരനാകാൻ തീരുമാനിക്കുമ്പോൾ അയാൾ അക്ഷരാർത്ഥത്തിൽ മരണപ്പെടുകയാണോ ജീവിച്ചു തുടങ്ങുകയാണോ എന്ന ആശങ്ക നിലനിൽക്കുന്നു. ചിലർക്ക് മുന്നിൽ അയാൾ അപ്രത്യക്ഷനായി പോകുന്നതിനൊപ്പം അവനവന്റെ ആത്മാവ് സംസാരിക്കുന്നത് അയാൾ പതിവിലും ഏറെ ഊർജത്തോടെ ജീവിച്ചിരിക്കുന്നു എന്നതാണ്. ഇനിയും പുസ്തകങ്ങളെഴുതി ജീവിക്കാനുള്ള കരുത്ത് ഗോവിന്ദിന്റെ കൈകൾക്കുണ്ടാകുമെന്നു തന്നെ കരുതാം. 

 

English Summary: Book Review - Ravu Chokkunna Neram book by Govind

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com