ക്ലാര ജാഡയോ ഫാന്റസിയോ; ഉത്തരം പറഞ്ഞ് യുവതലമുറ

Makante-kurippukal
SHARE
അനന്തപത്മനാഭൻ

ഡിസി ബുക്സ്

വില 425 രൂപ

തൂവാനത്തുമ്പികൾ. പ്രണയം മഴ പോലെ വർഷിച്ച സിനിമ. മഴ പോലെ ശാന്തവും രൗദ്രവുമാകുന്ന പ്രണയത്തിന്റെ നാനാർഥങ്ങളും പര്യായങ്ങളും ഒരു തലമറുയെ അനുഭവിപ്പിച്ച സിനിമ. വിട്ടുമാറാത്ത വേദനയായും വലിച്ചടുപ്പിക്കുന്ന സമീപ്യമായും വടക്കുംനാഥന്റെ മണ്ണിലലിഞ്ഞ ചോരത്തിളപ്പ്. അകന്നുപോകുന്ന ട്രെയിനിന്റെ ചൂളംവിളിക്കൊപ്പം കാതോരം അലയടിക്കുന്ന അമ്പലമണിനാദം. വിരഹത്തിന്റെ ചുട്ടുപൊള്ളുന്ന റെയിൽപ്പാളം. സമീപ്യത്തിന്റെ അരയാൽത്തണുപ്പ്. വീണ്ടും മഴ. വീശിവരുന്ന തൂവാനം. മേഘം പൂത്തുതുടങ്ങുമ്പോൾ മോഹിപ്പിച്ചു പിൻവാങ്ങുന്ന തിര. പെയ്തുതുടങ്ങുന്ന മോഹം. 

എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ മോഹിച്ച പ്രതികരണമല്ല പത്മരാജനു ലഭിച്ചത്; കോളജിൽ വിദ്യാർഥിയായിരുന്ന മകൻ അനന്തപത്മനാഭനും. 

‘മറ്റേ പുള്ളീടെ ആളാ അല്ലേ’ എന്നു ചൊറിയുന്ന കൂട്ടുകാർ. ‘മറ്റേതിനെ ഒന്ന് ഒപ്പിച്ചു താ’ എന്നു തോണ്ടുന്നവർ. സംഘം ചേർന്നു ചിരിച്ചുകൊണ്ട് ഓടിപ്പോകുന്ന പെൺകുട്ടികൾ. എന്നാൽ പടം ഇഷ്ടപ്പെട്ടവരും ഉണ്ടായിരുന്നു. കാന്റീനിൽ നിന്ന് ചായയും വടയും വാങ്ങിക്കൊടുത്ത സിനിയർ വിദ്യാർഥികൾ. ഫാൻസ് ആ സിനിമയെ പൂർണമായും കൈവിട്ടു. ക്ലാസ് പടം എന്നായിരുന്നു പ്രതികരണം. ബി,സി സെന്ററുകളുടെ കാരുണ്യത്തിൽ ഒടുവിൽ നഷ്ടമില്ലാതെ കടന്നുകൂടി. 

തിരുവനന്തപുരത്തെ സിനിമാ സർക്കിളും സിനിമയെ ഇടിച്ചുതാഴ്ത്തി സംസാരിക്കാൻ മത്സരിച്ചു. ‘എന്തോന്ന് ക്യാരക്ടർ. ക്ലാര വെറും ജാഡ’ എന്നു പറഞ്ഞത് ഒരു പ്രമുഖ നടൻ തന്നെയാണ്. സിനിമയിൽ നിന്ന് ആകെ ലഭിച്ച നല്ല പ്രതികരണം സത്യൻ അന്തിക്കാടിൽനിന്നു മാത്രം. 

എന്നാൽ കുറേ ദിവസത്തിനുശേഷം പത്മരാജനെത്തേടി ഒരു കത്ത് വന്നു. ടി.എൻ. ജയചന്ദ്രന്റെ സഹോദരൻ ടി.എൻ. ജയദേവന്റെ കത്ത്. പടം ഇറങ്ങി രണ്ടു മാസത്തിനുശേഷം ഒരു കൊച്ചുതിയറ്ററിൽ കണ്ട ആവേശത്തിൽ എഴുതിയ കത്ത്. ഹൃദ്യമായ വരികളിൽ സിനിമയുടെ ആത്മാവ് ആവിഷ്കരിച്ച കത്ത്. കൂട്ടത്തിൽ ക്ലാര എന്ന മനോഹരമായ ഫാന്റസി എന്ന വരിയും. 

പത്മരാജന്റെ മനസ്സു നിറച്ച കത്ത്. ഒരൊറ്റ പ്രതിസ്പന്ദം. കൃത്യമായ പ്രതിധ്വനി. 

തൂവാനത്തുമ്പികൾക്കു മാത്രമല്ല, പത്മരാജന്റെ പല പടങ്ങൾക്കും തുടക്കത്തിൽ തിയറ്ററിൽ ആവേശകരമായ സ്വീകരണം ലഭിച്ചിരുന്നില്ല. മാസങ്ങൾ കഴിഞ്ഞും കാലങ്ങൾ കഴിഞ്ഞും പതിറ്റാണ്ടുകൾ കഴിഞ്ഞും അദ്ദേഹത്തിന്റെ സിനിമകളുടെ മൂല്യം തിരിച്ചറിയുന്നവരുണ്ട്. വാഴ്ത്തുന്നവരുണ്ട്. അതദ്ദേഹവും മുൻകൂട്ടി കണ്ടിരിക്കണം. ഒരു നല്ല കലാസൃഷ്ടി തിരിച്ചറിയപ്പെടാൻ മറ്റൊരു കാലം വേണ്ടിവരും എന്നദ്ദേഹം പറഞ്ഞിരുന്നു. വിശ്വസിച്ചിരുന്നു. ആ വിശ്വാസം ശരിയാണെന്നു തെളിയിക്കുന്നു പുതുതലമുറ. അവർ ക്ലാരയെ ഏറ്റെടുക്കുന്നു. ദേശാടനക്കിളികളുടെ പാട്ടിനു കാതോർക്കുന്നു. മുന്തിരിത്തോപ്പുകളിൽ രാപാർക്കുന്നു. നവംബറിന്റെ നഷ്ടത്തിൽ നൊമ്പരത്തിപ്പൂവാകുന്നു. ഒരിടത്തൊരിടത്ത് ഒരു പെരുവഴിയമ്പലത്തിൽ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ വേരുകളുള്ള പത്മരാജൻ എന്ന ഗന്ധർവനെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നു. 45–ാം വയസ്സിൽ മാഞ്ഞുപോയ, സിനിമയുടെ കടലിലും സാഹിത്യത്തിന്റെ വിഹായസ്സിലും ഒരേ പ്രഭയോടെ തിളങ്ങിയ പത്മരാജനെക്കുറിച്ച് പുറത്തിറങ്ങിയ പുസ്തകങ്ങളിൽ ഒന്നുകൂടി. ഇത്തവണ അദ്ദേഹത്തിന്റെ മകനും എഴുത്തുകാരനുമായ അന്തപത്മനാഭനാണ് അച്ഛനെക്കുറിച്ച് എഴുതുന്നത്. മകന്റെ കുറിപ്പുകൾ. 

പത്മരാജൻ എന്ന എഴുത്തുകാരനെയും ചലച്ചിത്രകാരനെയും കുറിച്ച് ആഴത്തിലുള്ള അറിവ് പകരുന്നതിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിജീവിത്തിൽ നിന്നുള്ള സ്മരണകളും ഹൃദ്യമായ വാക്കുകളിൽ മകൻ പറയുന്നു. ജീവസ്സുറ്റ ഭാഷയിൽ. ആത്മാവിന്റെ ഭാഷണം പോലെ. സുഹൃത്തിന്റെ അനൗപചാരിക സംഭാഷണം പോലെ. 

പത്മരാജന്റെ സിനിമ കാണുമ്പോൾ, കഥയോ നോവലോ വായിക്കുമ്പോൾ, തിരക്കഥ വായിക്കുമ്പോൾ ഒക്കെ മനസ്സിൽ തെളിഞ്ഞുവരുന്ന ചില രൂപങ്ങളുണ്ട്. അനുഭൂതികളുണ്ട്. അതേ അനുഭൂതി പകരാൻ അനന്തനും കഴിയുന്നു എന്നതാണ് ഈ കുറിപ്പുകളെ മികച്ച ഒരു പുസ്തകമാക്കുന്നത്. ഒരെഴുത്തുകാരനെ മറ്റൊരു എഴുത്തുകാരൻ തന്നെ അടയാളപ്പെടുത്തുന്നതിന്റെ സവിശഷതയുമുണ്ട്. വിരസതയില്ലാതെ വായിച്ചുപോകാം എന്നതിനൊപ്പം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കഴിയുന്നു അനന്തന്റെ വാക്കുകൾക്ക്. 

തൃശൂർ ആകാശവാണിക്കാലത്തെ പത്മരാജന്റെ ഉറ്റ ചങ്ങാതി വെൺമണി വിഷ്ണു മരണവിവരമറിഞ്ഞപ്പോൾ ഒരൊറ്റ വരിയിലാണ് അനുശോചനം എഴുതിയത്. 

‘വയ്യ, സഹിക്കാൻ വയ്യ’. 

പഞ്ജരം വിട്ടൊഴിയുന്ന ചങ്ങാതിപ്പക്ഷികൾ പിന്നീട് ഒരേ ചില്ലമേൽ ആവുമോ ചേക്കേറുക ? 

പ്രതിമയ്ക്കും രാജകുമാരിക്കും അറിയാമായിരിക്കും. 

മഞ്ഞുകാലം നോറ്റ കുതിരയ്ക്ക്. 

നക്ഷത്രങ്ങളേ കാവൽ ; ഇതാ ഋതുഭേദങ്ങളുടെ ഒരു പാരിതോഷികം കൂടി. മകന്റെ കുറിപ്പുകൾ. 

English Summary: Makante Kurippukal book by Ananthapadmanabhan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;