ADVERTISEMENT

ചിരിക്കാത്ത മുഖങ്ങളാണ് റഷ്യക്കാരുടേത്. അതിനു രണ്ടു കാരണങ്ങൾ കണ്ടെത്തുന്നുണ്ട് പ്രശസ്ത എഴുത്തുകാരൻ സക്കറിയ. ഏഴ് ദശകങ്ങൾ നീണ്ട രഹസ്യപ്പൊലീസ് കമ്മ്യൂണിസം. സാമ്പത്തിക ക്ലേശം. എന്നാൽ ഈയിടെ പുറത്തുവന്ന ഒരു പഠനം പറയുന്നത് നാളെയെക്കുറിച്ചുള്ള തീർപ്പില്ലായ്മയ്ക്കു വിധേയരായ സമൂഹങ്ങളിലെ പൗരൻമാരാണു ചിരിക്കാത്തവർ. അവരിൽ റഷ്യക്കാരുണ്ട്. കുറച്ചു പിന്നിലാണെങ്കിലും ഇന്ത്യക്കാരും. 

 

പാർട്ടി പരമാധികാരികൾക്കും പ്രമാണികൾക്കും മാത്രമാണ് കുറച്ചെങ്കിലും നാളെയെക്കുറിച്ചു തീർച്ചയുള്ളത്. മറ്റുള്ളവരെല്ലാം തൊട്ടടുത്ത നിമിഷം പോലും എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിവില്ലാത്ത അനിശ്ചിതത്വത്തിന്റെ വേദനയും അസ്വസ്ഥയും പേറുന്നവർ. അവരെങ്ങനെ ചിരിക്കാൻ. ദശകങ്ങളായി ഇതായിരുന്നു സ്ഥിതിയെങ്കിലും ഇന്നത്തെ റഷ്യൻ യുവതലമുറയുടെ മുഖങ്ങളിൽ വെളിച്ചമുണ്ട്. ചെറുപ്പക്കാർ സ്വന്തം വിധി നിയന്ത്രിക്കുന്നവരായി മാറിയിരിക്കുന്നു. സ്വേഛാധിപതിയാണെങ്കിലും ജനാധിപത്യത്തിന്റെ പ്രലോഭനത്തിൽ ജനങ്ങൾക്കു ജീവിതം നയിക്കാൻ വ്ലാദിമർ പുടിൻ അവകാശം അനുവദിക്കുന്നു. 

 

ജനങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. അതിന്റെ സന്തോഷവും. രാഷ്ട്രീയ ശത്രുക്കൾ കൊല്ലപ്പെടുന്നുണ്ട്. വേട്ടയാടപ്പെടുന്നുണ്ട്. എങ്കിലും സാധാരണ പൗരൻമാർ അജ്ഞാത കുറ്റങ്ങൾ ചുമത്തപ്പെട്ട്  വീട്ടിൽനിന്നു വിളിച്ചിറക്കപ്പെടുന്നില്ല. അവർ മടങ്ങിവരാതിരിക്കുന്നില്ല. അതുതന്നെ മാറ്റമാണ്. സ്വേഛാധിപതിയായ പുടിന്റെ വിജയം. റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ രക്തക്കൊതിയും ഒരു പഴങ്കഥയായി മാറിയെന്ന പ്രതീതി ജനിപ്പിക്കാൻ പുടിന് കഴിഞ്ഞിരിക്കുന്നു. 

 

റഷ്യയെക്കുറിച്ച് യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന ഈ നിരീക്ഷണങ്ങളുടെ കരുത്താണ് സക്കറിയുടെ സൈബീരിയൻ ഡയറി വായിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. അലാസ്ക ദിനങ്ങളുടെ വിവരണം ഒരു കഥ പോലെ രസം പിടിച്ചും ചരിത്ര വിദ്യാർഥിയുടെ കൗതുകത്തോടെയും പിന്തുടരാൻ പ്രേരിപ്പിക്കുന്നതും. 

 

യാത്രാവിവരണങ്ങൾ ഹരം പിടിച്ചിരുന്ന്, ആവേശത്തോടെ വായിക്കുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊട്ടടുത്ത സ്ഥലം പോലും അകലെയായിരുന്നു കാലം. ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ പുരോഗതി പ്രാപിക്കാതിരുന്ന കാലം. എന്നാൽ പുതിയ കാലത്ത്, ലോകവും ഗോളാന്തര ലോകങ്ങളും അവയുടെ അനുഭവങ്ങളും വാക്കുകളായും ദൃശ്യങ്ങളായും ഓരോരുത്തരുടെയും ഫോണിൽ ഒരു വിരൽസ്പർശം അകലത്തിലുണ്ട്. എന്നാൽ യാത്രാ വിവരണങ്ങളുടെ കാലം കഴിഞ്ഞിട്ടുമില്ല. അതിനുകാരണം, അറിവും ബോധവും ഭാവനയും വിവേചനശക്തിയുമുള്ള എഴുത്തുകാരൻ അവർ കാണുന്ന കാഴ്ചകൾ അവരുടേതായ വാക്കുകളിൽ അവതരിപ്പിക്കുന്നു എന്നതാണ്. എന്നാൽ അതിനു കഴിയന്നതു ചുരുക്കംപേർക്കു മാത്രമാണ്. അവരിൽ ഒരാളാണ് സക്കറിയ. 

 

സ്വന്തം വാക്കുകളിലൂടെയും ചരിത്ര–രാഷ്ട്രീയ–സമീപനങ്ങളിലൂടെയും കണ്ട കാഴ്ചകൾക്ക് ഒരു പുതിയ വർണന സൃഷ്ടിക്കുകയാണ് പുതിയ പുസ്തകത്തിലൂടെ സക്കറിയ. ചരിത്രം പരാമർശിക്കുമ്പോഴും  വിരസമാകുന്നില്ല. യാഥാർഥ്യങ്ങൾ അവതരിപ്പിക്കുമ്പോഴും അവയിൽ ഉൾക്കാഴ്ചയുടെ സ്പർശമുണ്ട്. എഴുത്തിന്റെ തനതായ സക്കറിയൻ മാജിക് കൂടി ചേരുമ്പോൾ ഈ യാത്രാ വിവരണങ്ങൾ അദ്ദേഹത്തിന്റെ മഹത്തായ പുസ്തകങ്ങളോട് കിടപിടിക്കുന്നവയാകുന്നു. 

 

1988–ൽ സക്കറിയ മോസ്കോ സന്ദർശിച്ചിരുന്നു. 30 വർഷത്തിനുശേഷമാണ് ഇപ്പോഴത്തെ യാത്ര. മൂന്നു പതിറ്റാണ്ടിനിടെ സംഭവിച്ചതെല്ലാം ചരിത്രം. ഒരിക്കൽ സങ്കൽപിക്കുകപോലും ചെയ്യാൻ ധൈര്യമില്ലാതിരുന്ന വന്യ സ്വപ്നങ്ങളുടെ സാക്ഷാത്കാരം. ആദ്യ സന്ദർശനത്തിൽ സക്കറിയ സാക്ഷിയായത് ഗോർബച്ചോവിന്റെ കാലത്തിനാണ്. ഗ്ലാസ്നോസ്തിന്റെയും പെരിസ്ട്രോയിക്കയുടെയും കാലത്തിന്. അന്നു മോസ്കോ വിമാനത്താവളത്തിലെ ടോയ്‍ലറ്റിൽ ടിഷ്യൂ പേപ്പറിനു പകരം ടെലിഫോൺ ഡയറക്ടറിയുടെ താളുകളാണു നൂലിൽ കെട്ടി തൂക്കിയിട്ടിരുന്നത്. മദ്യക്കടകളുടെ മുൻപിൻ പോലും അന്നു നീളത്തിലുള്ള ക്യൂ കാണാമായിരുന്നു. സോവിയറ്റ് സോഷ്യലിസത്തിന്റെ നിഷ്ഠുരതകളെ അങ്ങനെയൊക്കെയാണ് അന്നു റഷ്യക്കാർ അതിജീവിച്ചിരുന്നത്. സാധാരണ മനുഷ്യർ പോലും പേടിച്ചുവിറയ്ക്കുന്ന യന്ത്രപ്പാവകളായിരുന്നു അന്ന്. ഇന്ന് പുടിനും  കൂട്ടുകാരായ വ്യവസായി പ്രഭുക്കൻമാരും അതിഭീമമായ സാമ്പത്തിക സാമ്രാജ്യങ്ങളുടെ ഉടമകളാണ്. എന്നാലവർ ജനങ്ങളുടെ കീശയിൽ കൈയിട്ടല്ല അഴിമതി നടത്തുന്നത്. അവർക്കൊരു അധോലോകമുണ്ട്. അതാണവരുടെ വിജയരഹസ്യം. വ്യവസായങ്ങളും ഭരണകൂടങ്ങളും കൈകോർത്തു പിടിച്ചു വളരുന്നതു ചരിത്രത്തിലെ പതിവുകളിലൊന്നാണെന്നു ചുരുക്കം. സക്കറിയ പറയുന്നു: ഇന്ത്യക്കാരനായ നാം ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. 

 

സൈബീരിയൻ ഡയറിയിൽ ചരിത്രത്തിന്റെ നാൾവഴികളിലൂടെയാണ് സക്കറിയ വർത്തമാനത്തിൽ എത്തുന്നതെങ്കിൽ അലാസ്ക ഒരു സ്പ്നഭൂമി പോലെ വായനക്കാരെ പ്രലോഭിപ്പിക്കുന്നുണ്ട് അദ്ദേഹത്തിന്റെ വിവരണത്തിന്റെ ശക്തിയിൽ. രണ്ടു യാത്രകളും യാത്രകളായിരിക്കുമ്പോൾ തന്നെ കഥകളുമാണ്. വർത്തമാനമാണ്. ലോകത്തിന്റെയും നമ്മുടെയും ഭാവിയുമാണ്. 

 

സൈബീരിയൻ ഡയറിയുടെ അവസാന വരികളായി സക്കറിയ രേഖപ്പെടുത്തുന്നത് എവിടെയുമുള്ള മനുഷ്യവസ്ഥയുടെ ദുരന്തമാണ്. 

അന്തിമ വിശകലനത്തിൽ മനുഷ്യചരിത്രത്തിന്റെ വിധി എല്ലാ ദേശങ്ങളിലും നിഷ്ഠുരമാണ്. രക്തമാണ് അതിന്റെ ഇന്ധനം. അധികാരമാണ് അതിന്റെ ഹൃദയശൂന്യ സാരഥി. 

English Summary: Book Review - Randu Yathrakal Book by Zacharia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com