വെളുത്ത നിറം ക്രൂരതയുടേതാണോ? ശ്വേത ദണ്ഡനം പറയുന്ന കഥകൾ രക്തമുറയുന്നത്!

swetha-dandanam-p
SHARE
അനീഷ് ഫ്രാൻസിസ്

ഒലിവ് ബുക്സ്

വില : 120 രൂപ

വെളുത്ത നിറം എന്തിനെ ആണ് അടയാളപ്പെടുത്തുന്നത്? തീർച്ചയായും അത് സമാധാനത്തിനും സന്തോഷത്തിനും ഒക്കെ നാം പൊതുവായി കാണുന്ന നിറമാണ്. പൊതുവേ കറുത്ത നിറത്തിന് ആണ് നമ്മൾ ഭീകരതയുടെ നിറം ആയി കാണുന്നത്. പക്ഷേ വെളുത്തനിറത്തിലുള്ള ഭീകരത നമ്മൾ അറിയാഞ്ഞിട്ടാണ്. വൈറ്റ് ടോർച്ചറിങ് റൂം എന്നൊരു കൺസപ്റ്റ് ഉണ്ട്. സത്യത്തിൽ ഏറ്റവും ഭീകരമായ ഒരു ടോർച്ചറിങ് രീതിയാണത്. ഒരുപാട് വിദേശ സിനിമകളിൽ വൈറ്റ് റൂമിനെ പറ്റിയുള്ള ഭീകരമായ ചിത്രങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഈ വൈറ്റ് ടോർച്ചറിങ് റൂം എന്നതിനെ ഒന്നും മലയാളീകരിച്ചാൽഅതിനെ ശ്വേത ദണ്ഡനം എന്ന് വായിക്കാം. അനീഷ് ഫ്രാൻസിസ് എഴുതിയ മൂന്ന് കഥകളുടെ സമാഹാരമാണ് ശ്വേത ദണ്ഡനം എന്ന പുസ്തകം. വിഷാദ വലയങ്ങൾ എന്ന പുസ്തകത്തിന് ശേഷം അനീഷ് എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് ഇത്. സത്യത്തിൽ കഥകൾ എന്നല്ല പറയേണ്ടത്. മൂന്ന് ചെറിയ നോവലുകൾ ആണ് ഈ പുസ്തകത്തിലുള്ളത് പക്ഷേ മൂന്ന് നോവലുകൾ ചേർന്നാലും ആകെ 90 പേജ് മാത്രമേ പുസ്തകത്തിൽ ഉള്ളൂ. മലയാള സാഹിത്യത്തിൽ ക്രൈം നോവലുകളും കഥകളും ഒരുപാട് ചർച്ചചെയ്യപ്പെടുന്ന ഒരു കാലമാണിത്. അവിടേക്കാണ് മൂന്ന് ചെറു നോവലുകളുമായി അനീഷ് ഫ്രാൻസിസ് എത്തുന്നത്. വെളുത്ത മഞ്ഞുകട്ട പോലെ രക്തമുറയുന്ന പ്രതികരണങ്ങളുടെ കഥകൾ എന്ന് ഈ പുസ്തകത്തിന്റെ ബ്ലർബിൽ പറയുന്നുണ്ട്. അത് ഒരുപക്ഷേ വളരെ സത്യമാണെന്ന് ഇത് വായിച്ചു കഴിയുമ്പോൾ നമുക്ക് മനസ്സിലാവും.

ശ്വേത ദണ്ഡനം, അനീറ്റ എന്ന കുറ്റാന്വേഷക, അപ്പോയിമെന്റ് ഫോർ മർഡർ എന്നീ മൂന്ന് ചെറു നോവലുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. 

‘‘ഹേമ രാഘവനെ കാണാതായിട്ട് ഇപ്പോൾ ആറു മാസം ആയിരിക്കുന്നു. അവരെ കാണാതായ കാര്യം ഞാൻ അറിഞ്ഞത് പത്രത്തിൽ നിന്നാണ്. ആ വാർത്ത അറിഞ്ഞ എനിക്ക് അന്ന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, എനിക്ക് ഹേമയെ ഇഷ്ടമല്ല, ഹേമയ്ക്ക് എന്നെയും..’’

ഇങ്ങനെയാണ് വൈറ്റ് ടോർച്ചറിങ് റൂമിനെ പറ്റിയുള്ള ആ നോവൽ തുടങ്ങുന്നത്. ഒരു ഫോറൻസിക് സൈക്കോളജിസ്റ്റ് ആണ് ഈ മോഡൽ നടത്തുന്നത്. അദ്ദേഹമാണ് ഈ കേസിന് തുമ്പ് ഉണ്ടാക്കേണ്ട ആളും. കഴിഞ്ഞ ആറുമാസമായി അപ്രത്യക്ഷയായ ഹേമ രാഘവനെ കുറിച്ച് പൊലീസ് ഡിപ്പാർട്ട്മെന്റിന് പ്രത്യേകിച്ച് ഇതുവരെ ഒരറിവും ലഭിച്ചിട്ടില്ല. അവരെ കണ്ടെത്താൻ വേണ്ടിയാണ് ഫോറൻസിക് സൈക്കോളജിസ്റ്റിന്റെ അടുത്ത് പൊലീസ് സഹായം അഭ്യർത്ഥിക്കുന്നത്. അദ്ദേഹം കേസിൽ ഇടപെട്ട് നിമിഷങ്ങൾക്കകം അദ്ദേഹത്തിന്റെ ഫോണിലേക്ക് പൊലീസ് ഉദ്യോഗസ്ഥൻ ഒരു ചിത്രം അയച്ചു കൊടുക്കുന്നു, ഒരു ആംഗലേയ വിന്റേജ് ഗോഥിക് നോവലിലെ ചിത്രം ആണത്. റബേക്ക എന്നാണ് ആ പുസ്തകത്തിന്റെ പേര്. ഒരു കട്ടിലിന്റെ അരികിൽ ബെഡ്ഷീറ്റിന്റെ മുകളിലായി നോവൽ വച്ച് എടുത്തിരിക്കുന്ന ഒരു ചിത്രമായിരുന്നു അത്. ആ ചിത്രം തന്നെ മൊബൈലിൽ ലഭിച്ചതിനുശേഷം ആണ് പെട്ടെന്ന് ഒരു ദിവസം ഹേമയെ കാണാതാകുന്നത്. എന്താണ് ആ ചിത്രവും ഹേമ രാഘവന്റെ തിരോധാനവും തമ്മിലുള്ള ബന്ധം.

‘‘ആരോ വയലിൻ വായിക്കുന്ന സ്വരം കേട്ടാണ് ഹേമ കണ്ണുതുറന്നത്. വെളുപ്പിനെ കടലിൽ മുങ്ങിയത് പോലെ ഹേമ ഞെട്ടി. വെളുത്ത മുറി വെളുത്ത ജനൽ കർട്ടനുകൾ, അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളുടെ നിറവും വെളുത്തതാണ്. മുറിക്ക് ജനാലകൾ ഇല്ല. മൂലയിൽ ഒരു വെളുത്ത യൂറോപ്യൻ ക്ലോസറ്റ് 

ഒരു വെളുത്ത ചട്ടക്കൂട്ടിൽ തനിച്ച്. വെളുപ്പല്ലാത്ത എന്തെങ്കിലും നിറം കണ്ടുപിടിക്കാൻ അവൾ തിരഞ്ഞു. വാതിലിന് കീഴിലുള്ള ചെറിയ ഗ്രില്ലിലൂടെ ഒരു പാത്രം അകത്തേക്ക് ആരോ നീട്ടി വെച്ചു, ഒരു വെളുത്ത പാത്രം, രുചിയും മണവും ഇല്ലാത്ത വെളുത്ത നിറമുള്ള ഒരു തരം ബ്രെഡ്. ഇപ്പോൾ ഹേമയ്ക്ക് അത് ഉറപ്പായി. ഭയത്തിന്റെ ഒരു തരി മനസ്സിൽ ആദ്യമായി പൊട്ടി വീഴുന്നു അതൊരു സർപ്പത്തെപ്പോലെ മനസ്സിന്റെ ഇരുണ്ട ഇടനാഴികളിലൂടെ ഇഴയുന്നു മനുഷ്യൻ ഇതുവരെ നടപ്പാക്കിയിട്ടുള്ള ശിക്ഷാരീതികളിൽ ഏറ്റവും ഭീകരമായതാണ് ശത്രു തനിക്കുവേണ്ടി കാത്തുവെച്ചത് ശ്വേത ദണ്ഡനം. ഇങ്ങനെ സൈക്കോളജിസ്റ്റിന്റെയും ഇരയുടെയും നിരീക്ഷണത്തിലൂടെയും കാഴ്ചകളിലൂടെയും ആണ് കഥ മുന്നോട്ട് പോകുന്നത്. ഒടുവിൽ ഹേമയെ രക്ഷപ്പെടുത്താൻ നമ്മുടെ ഉദ്യോഗസ്ഥന് ആകുമോ എന്നുള്ളതാണ് ചോദ്യം എന്തിനാണ് ഹേമ ഇത്തരം ഈയൊരു ദുർവിധി, ഇത്രയും ക്രൂരമായ ശിക്ഷാവിധി അനുഭവിക്കുന്നത് എന്നുള്ളതിന് ഉത്തരമാണ് അവസാനം നമുക്ക് ലഭിക്കുന്നത്.

റബേക്ക എന്ന പുസ്തകത്തിൽ ഒളിച്ചിരിക്കുന്ന ആ രഹസ്യത്തിലൂടെ സൈക്കോളജിസ്റ്റ് ഹേമയിലേക്ക് എത്തിച്ചേരുമോ എന്ന് കാത്തിരുന്നു തന്നെ കാണണം

നമ്മുടെ കേരളത്തിൽ ഒരു കുറ്റാന്വേഷക ഏജൻസിയുടെ ജോലി എന്തായിരിക്കും. സ്വാഭാവികമായും വിവാഹങ്ങൾക്കും ജോലിക്കും വേണ്ടി ഒക്കെ ഉള്ള ആളുകളെ കുറിച്ചുള്ള അന്വേഷണങ്ങൾ തന്നെ ഭാര്യക്ക് ഭർത്താവിനെ കുറിച്ചും അച്ഛൻ മകളെ കുറിച്ചും, ഒരു ജോലിക്കുവേണ്ടി എടുക്കുന്ന പുതിയ ഒരു ഉദ്യോഗസ്ഥനെ കുറിച്ചും ഒക്കെ ഉള്ള അന്വേഷണങ്ങളാണ് പലപ്പോഴും നമ്മുടെ കേരളത്തിലെ ഡിറ്റക്ടീവ് ഏജൻസികൾ ഏറ്റവും പ്രധാനമായി ഏറ്റെടുക്കുന്ന ചില കേസുകൾ. എന്നാൽ അത്തരം കേസുകൾ അവരെ എത്രത്തോളം നിരാശരാക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തുന്ന ഒരു ചെറിയ നോവലാണ് അനീറ്റ എന്ന കുറ്റാന്വേഷക. ജീവിക്കാൻ ഒരു ജോലി അത്രയ്ക്ക് അത്യാവശ്യമാണ് അനിറ്റക്ക്. 

സത്യം പറഞ്ഞാൽ അവൾക്ക് ഭക്ഷണം കഴിക്കാൻ പോലും കയ്യിൽ കാശില്ല, രാത്രിയിൽ കിടന്നുറങ്ങുന്നത് ഡിറ്റക്ടീവ് ഏജൻസി ഉള്ള ഓഫീസിന്റെ മുകളിലത്തെ നിലയിലെ ഹോളിൽ. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ അബ്രഹാം ജോസഫ് നടത്തുന്ന ഡിറ്റക്ടീവ് ഏജൻസി ആണത്, അവിടെയാണ് അനീറ്റ ജോലി ചെയ്യുന്നത് ഏജൻസിക്ക് വന്നുചേരുന്ന കേസുകളുടെ വളരെ വളരെ കുറഞ്ഞ കേസു കാരണം പലപ്പോഴും ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ അബ്രഹാം ജോസഫും കഷ്ടപ്പെടുന്നുണ്ട്. 

സത്യത്തിൽ അബ്രഹാം ജോസഫ് വളരെ മിടുക്കനായ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഒരുപാട് കേസുകളെ പറ്റിയിട്ടുള്ള അന്വേഷണാത്മകമായ റിപ്പോർട്ടുകൾ അദ്ദേഹം സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു. അതൊക്കെ തന്റെ പഠനാർത്ഥം അനീറ്റ എടുത്തു വായിക്കുകയും ഉപയോഗിക്കുകയും ചെയ്തു നോക്കാറുണ്ടായിരുന്നു. ശ്രേണികൾ കുറ്റവാളികളെ കണ്ടെത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം അതാണ്. ഓരോ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ തയ്യാറെടുക്കുമ്പോഴും അത് അവൾ പിന്തുടരുന്നു ഒരിക്കൽ ജോസഫ് അവൾക്ക് അത് പറഞ്ഞു കൊടുത്തിരുന്നു. ഗണിതം ഇഷ്ടവിഷയമായ അനീറ്റ അതുകൊണ്ടുതന്നെ തനിക്ക് കിട്ടുന്ന കേസുകൾ ഒക്കെ ഒരു ഗണിത ശ്രേണിയിൽ എന്നപോലെ കണ്ട് അതിന്റെ ഉത്തരം തേടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ സംഘങ്ങൾക്ക് ഇടയിലേക്കാണ് ഡോളി എന്ന സ്ത്രീയും അവരുടെ ഭർത്താവിനെ പറ്റിയുള്ള അന്വേഷണവും അദ്ദേഹത്തിന്റെ മരണവും കടന്നുവരുന്നത്.  സത്യത്തിൽ എന്താണ് ഡോളിയുടെ ഭർത്താവിന് സംഭവിച്ചത്, അദ്ദേഹം എങ്ങനെയാണ് മരണപ്പെടുന്നത് വെറുമൊരു ആത്മഹത്യ തന്നെ ആണോ അല്ലെങ്കിൽ അത് വെറുമൊരു അപകടമരണം തന്നെയാണോ. ഡോളിക്ക് സംശയമൊന്നും ഇല്ലെങ്കിലും അനീറ്റായിൽ ആ മരണം സംശയത്തിന് ചില വിത്തുകൾ ഉണ്ടാക്കുന്നു. അവൾ സ്ഥിരമായി ചെന്നിരിക്കാൻ ഉള്ള ഹോട്ടലിൽ അവൾ പോകാറുള്ള ഇടങ്ങളിലൊക്കെ അവൾ നിരീക്ഷണത്തിൽ ഏർപ്പെടുന്നു അങ്ങനെ കണ്ടെത്തുന്ന വിവരങ്ങളിലൂടെ അവൾ തനിക്ക് മുന്നിൽ വരുന്ന കണക്ക് അല്ലെങ്കിൽ ആ ഒരു കുറ്റാന്വേഷണം എന്ന ഒരു ഗണിതത്തിനെ നിർധാരണം ചെയ്ത് എടുക്കുന്നു.

മൂന്നാമത്തെ നോവലാണ് അപ്പോയിമെന്റ് ഫോർ മർഡർ. നഗരത്തിലെ ഒരു പുസ്തകശാലയിൽ വച്ച് ഒരു പ്രൊഫഷണൽ കില്ലർ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. അവൾ ഒരു എഴുത്തുകാരിയാണ്. മറ്റുള്ളവരെ ഇല്ലാതാക്കി വലിയൊരു സാമ്രാജ്യം പടുത്തുയർത്തിയ അയാളിലൂടെ ആണ് കഥപറച്ചിൽ മുന്നോട്ടുനീങ്ങുന്നത്. അയാൾ പുതിയതായി കണ്ടെത്തുന്ന എഴുത്തുകാരിൽ നിന്നും സത്യങ്ങൾ മറച്ചു പിടിക്കാൻ പല പല കള്ളങ്ങളും അയാൾക്ക് പറയേണ്ടി വരുന്നുണ്ട്. 

‘‘ഈ പെൺകുട്ടികൾ അവരുടെ ചോദ്യങ്ങൾ ഒരിക്കലും അവസാനിക്കില്ല ചോദിച്ചു നിങ്ങളെ അവർ ഇല്ലാതാക്കും എങ്കിലും ഈ പെൺകുട്ടി അവളെ കാണാൻ ഒരു പ്രത്യേക രസമുണ്ട് ഞങ്ങൾ നഗരത്തിലെ ഒരു ഷോപ്പിൽ വച്ചാണ് കണ്ടുമുട്ടിയത് അടുത്തുള്ള ഒരു കോഫി ഷോപ്പിൽ എന്റെ കൂടെ വന്ന് ഒരു കാപ്പി കുടിക്കാൻ അവൾക്ക് മടിയുണ്ടായില്ല. ഞാൻ ഷോപ്പിൽ വെച്ച് താളുകൾ മറിച്ചു കൊണ്ടിരുന്ന മ്യൂസിക് മെഡിസിൻ: ദി സയൻസ് ആൻഡ് സ്പിരിറ്റ് ഓഫ് ഹീലിംഗ് എന്ന പുസ്തകം കണ്ടാണ് അവൾ എന്റെ അരികിൽ വന്നത്. അത് ഒരു ആംഗലേയ പുസ്തകത്തിന്റെ മലയാള പരിഭാഷയായിരുന്നു.

‘‘ഈ ബുക്ക് ഇഷ്ടമായോ?’’, അവൾ ചോദിച്ചു. 

‘‘അതെ, സംഗീതം എനിക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ്’’ ഞാൻ വെറുതെ പറഞ്ഞു.

‘‘ഈ ബുക്ക് ഇംഗ്ലീഷിൽ നിന്നു പരിഭാഷപ്പെടുത്തിയത് ഞാനാണ്. എങ്ങനെയുണ്ട് കൊള്ളാമോ?’’, അവൾ വിടർന്ന ചിരിയോടെ പറഞ്ഞു... 

പുസ്തകവും സംഗീതവുമാണ് അവരെ സത്യത്തിൽ അടുപ്പിച്ചത് പക്ഷേ അതേ കാരണം കൊണ്ട് തന്നെ ആ പ്രൊഫഷണൽ കില്ലർ മറ്റൊരു കേസന്വേഷണത്തിന്റെ തുടക്കത്തിലായിരുന്നു. അയാൾക്ക് ലഭിക്കുന്ന പുതിയ ഇരയും അവളുമായി ബന്ധപ്പെട്ട ഒരാളായിരുന്നു. വലിയൊരു രഹസ്യവും അതിന്റെ പിന്നാലെയുള്ള യാത്രയുമാണ് തുടർന്ന്. 

പുസ്തകത്തിലെ മൂന്ന് നോവലുകളും വളരെ രസകരമായി കുറ്റാന്വേഷണം പറഞ്ഞു പോകുന്നു. ചിലയിടത്ത് കുറ്റവാളി നേരിട്ട് വന്നാണ് കുറ്റത്തെക്കുറിച്ച് സംസാരിക്കുന്നതെങ്കിൽ മറ്റു ചിലയിടത്ത് അന്വേഷണങ്ങളും നടക്കുന്നുണ്ട്. എന്നാൽ എല്ലായിടത്തും മനുഷ്യന്റെ ദുരവസ്ഥകൾ ചിത്രീകരണം ചെയ്യപ്പെടുന്നുണ്ട്. കുറ്റം ചെയ്യുക എന്നത് അടിസ്ഥാന ചോദനയാണ് എന്നത് പോലെ നമ്മളോട് തെറ്റ് ചെയ്തവരോട് ക്ഷമിക്കാതെയിരിക്കുന്ന തോന്നൽ ഈ കഥകളിൽ ഓരോരുത്തർക്കുമുണ്ട്.  കുറ്റാന്വേഷണ സാഹിത്യത്തിന്റെ ധാർമികത ചോദ്യം ചെയ്യപ്പെടേണ്ടതില്ല, അത് വായനയിൽ ഉരുവാക്കുന്ന അതിശയങ്ങളും അമ്പരപ്പുകളുമാണ് പ്രധാനം. കുറ്റാന്വേഷണ വായനകൾ ശക്തി പ്രാപിക്കുന്ന ഒരു കാലത്ത് നിന്ന് വായിക്കുമ്പോൾ തീർച്ചയായും അടയാളപ്പെടുത്തേണ്ടുന്ന ഒരു പുസ്തകമാണ് അനീഷിന്റെ രണ്ടാമത്തെ പുസ്തകം. 

English Summary: Book Review - Swetha Dandanam book by Anish Francis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;