ഞാൻ മരിക്കുന്നത് നിനക്കു പകരമാണ്; നിനക്കുവേണ്ടിയും

nashtakanakkukarkku-oru-jeevitha-sahayi-p
SHARE
എം. നന്ദകുമാർ

ഡിസി ബുക്സ്

വില 100 രൂപ

അപരൻ എന്നത് ഒരു സങ്കൽപം മാത്രമല്ല, യാഥാർഥ്യവുമാണ്. ഒരേ പേരിൽ അപരനെ കണ്ടെത്താം. ചിലപ്പോൾ ജോലിയിലെ സമാനതയാവും. സ്വാഭാവത്തിലെ, പെരുമാറ്റത്തിലെ പ്രത്യേകതകളാകും. ഒരുപക്ഷേ ആർക്കറിയാം ആരൊക്കെയാണ് ആരുടെയൊക്കെ അപരൻ എന്ന്. കണ്ണാടിയിലെ പ്രതിഫലനം പോലെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഓരോരുത്തർക്കുമുണ്ട്, ഒന്നല്ല ഒരായിരം അപരൻമാർ. അല്ലെങ്കിൽത്തന്നെ ആരാണ് ആരുടെ അപരൻ അല്ലാത്തത്. 

അപരനെ കണ്ടെത്തുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് എ. സുധാകരൻ. ബാങ്കിൽ എത്തിയപ്പോൾ യാദൃഛികമായി പരിചയപ്പെടുകയായിരുന്നു എം. സുധാകരനെ. പരിചയപ്പെട്ടപ്പോൾ, കൂടുതൽ അറിഞ്ഞപ്പോൾ അവരിവരും വിരുദ്ധ ധ്രുവങ്ങളിലാണെന്ന തിരിച്ചറിവാണുണ്ടാകുന്നത്. എന്നാൽ ഏതോ ഒരു പാതയിൽ എവിടവെവച്ചോ ഒന്നാകുന്നതുപോലെ. ചിലപ്പോൾ തോന്നലാകാം. എന്നാൽ തോന്നലിനേക്കാൾ ശക്തം. വ്യാമോഹം മാത്രമായിരിക്കും; എന്നാൽ മോഹത്തേക്കാൾ തീക്ഷ്ണം. അനുഭവസീമയിൽപ്പെട്ട ഒന്നുമില്ലായിരിക്കാം; എന്നാൽ ഏത് അനുഭവത്തേക്കാളും ആഴത്തിൽ തറയ്ക്കുന്നത്.

നിർവചനങ്ങൾക്കും ന്യായീകരണങ്ങൾക്കും വിശദീകരണങ്ങൾക്കും പിടികൊടുക്കാതെ എ. സുധാരനും എം. സുധാകരനും തമ്മിലുള്ള പരിചയം പുരോഗമിക്കുന്നു; അനിവാര്യമായ ഒരു തിരിച്ചറിവിലേക്ക്. അതവർ രണ്ടുപേരെ മാത്രം ബാധിക്കുന്നതല്ല.  മനുഷ്യർക്കെല്ലാം ബാധകമായത്. മനുഷ്യത്വത്തെ ആഴത്തിൽ സ്പർശിക്കുന്നത്. 

പോയവർഷം മലയാളത്തിനു ലഭിച്ച ഏറ്റവും മികച്ച കഥകളിലൊന്നിലെ കഥാപാത്രങ്ങളാണവർ. ‘നഷ്ടക്കണക്കുകാർക്ക് ഒരു ജീവിതസഹായി’. എഴുതിയത് എം. നന്ദകുമാർ. 

എം. സുധാകരൻ കവിതകളെഴുതിട്ടുണ്ടെന്ന് വൈകിയാണ് എ തിരിച്ചറിയുന്നത്. ചെറുപ്പത്തിലാണവ പ്രസിദ്ധീകരിച്ചത്. പിന്നീട് എഴുതിയിട്ടില്ല അഥവാ എഴുതാൻ സാധിച്ചിട്ടില്ല എന്നാണയാളുടെ വിശദീകരണം. ഇപ്പോൾ പുസ്തകത്തിന്റെ രണ്ടു കോപ്പി മാത്രം കയ്യിലുണ്ട്. ഒന്ന് എം അപരനായ എയ്ക്കു സമ്മാനിക്കുന്നു. എ കവിത തീരെ വായിക്കാറില്ല. അതദ്ദേഹത്തിന് അജ്ഞാതമായ ഒരു ദേശമാണ്;  മറ്റു പലരെയും പോലെ. എങ്കിലും എം ന്റെ അവസാന കവിതയിലെ ചുരുക്കം വരികൾ അയാൾ വായിച്ചു.  

സഞ്ചാരിക്കു വിധിച്ചത് 

വഴിവക്കിലെ മരണമാണ്. 

എങ്കിലും ഞാൻ മരിക്കുന്നത്

നിനക്കു പകരമാണ്. 

നിനക്കുവേണ്ടിയും. 

പുറത്തെ രാത്രിക്കുനേരെ എ വാതിലടയ്ക്കുന്നു. എന്നാൽ വായനക്കാർക്കു മുന്നിൽ വാതിലുകൾ ഒന്നൊന്നായി തുറക്കുന്നു. കണ്ടതും കാണാത്തതും പരിചയപ്പെട്ടതും അപരിചിതരുമായ അപരൻമാരിലേക്ക്. നമുക്കുവേണ്ടി നമുടെ ജീവിതം ജീവിക്കുന്നവരിലേക്ക്. നമുക്ക് അപ്രാപ്യമായ അനുഭവങ്ങളുടെ കുരിശ് ഏറ്റുവാങ്ങുന്നവരിലേക്ക്. അവരല്ലേ നമ്മുടെ സുഖ, സംതൃപ്ത ജീവിതത്തിന്റെ കാരണക്കാരും കാവൽഭടൻമാരും. കവിതയെഴുതാത്ത നമുക്കുവേണ്ടി കവിത പോലും എഴുതി എന്നെങ്കിലും കാണുമ്പോൾ തരാൻ വേണ്ടി അവസാനത്തെ കോപ്പി സൂക്ഷിച്ചുവയ്ക്കുന്നവർ. 

നാം പ്രണയത്തിന്റെ സ്വർഗ്ഗത്തിലേക്കു നൂണ്ടുകയറുമ്പോൾ പ്രണയദുരന്തത്തിന്റെ നരകം സ്വന്തമാക്കുന്നവർ. തീർച്ചകളുടെ സുഖത്തിലും ആലസ്യത്തിലും നമുക്കു ജീവിതം സുഗമമാകുമ്പോൾ അടുത്ത നിമിഷം എങ്ങനെ ജീവിക്കുമെന്നുപോലും തീർച്ചയില്ലാത്തവർ. അവരത്രേ നമ്മുടെ അപരൻമാർ. അവരുടെ കഥ ഏതൊക്കെയോ വിധത്തിൽ നമ്മുടെയും ജീവചരിത്രവും ആത്മകഥയുമെന്ന് ഓർമിപ്പിക്കുന്നു ഈ കഥ. 

വിശദീകരണങ്ങൾ വേണ്ടാത്ത അനാഥത്വവും അനിശ്ചിതത്വവുമായിരിക്കും ചില മനുഷ്യരിലേക്കു നമ്മെ അടുപ്പിക്കുക. കഥകളിലേക്കും കവിതകളിലേക്കും ആകർഷിക്കുക. പുസ്തകങ്ങളിലേക്കു വശീകരിക്കുക. അത്തരമൊരു അപൂർവ രാസപ്രക്രിയ സംഭവിക്കുന്നുണ്ട് എം.നന്ദകുമാറിന്റെ കഥകളിൽ. മുൻപ് എഴുതിയ കഥകൾ ഈ മാറ്റത്തിന്റെ വിളംബരമായിരുന്നെങ്കിൽ നഷ്ടക്കണക്കുകാർക്ക് ഒരു ജീവിതസഹായി നന്ദകുമാറിന്റെ മാസ്റ്റർപീസ് തന്നെ. അഗാധമായ മനുഷ്യത്വത്തിന്റെ സൂക്ഷമതലങ്ങളെ അതീവലോലമായി സ്പർശിക്കുന്ന കഥ കഥ കലാപരമായ സത്യസന്ധതയും ആത്മാർഥതയും പുലർത്തുന്നു. 

ചരിത്രത്തിലെ കറുത്ത വർഷമായ 2020 മലയാളത്തിനു സമ്മാനിച്ച ഏറ്റവും മികച്ച കഥകളാണ് ഈ സമാഹാരത്തിൽ. ഒരുപക്ഷേ പുതിയ നൂറ്റാണ്ടിന്റെ പാരിതോഷികമായി എടുത്തുകാണിക്കാവുന്ന ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്ന്. ഏഴു കഥകളാണ് ഈ സമാഹാരത്തിൽ. ഓരോ കഥയും മത്സരിക്കുന്നത് ഈ കൃതിയിലെ മറ്റു കഥകളോടുതന്നെ. ഏറ്റവും ഇഷ്ടപ്പെട്ട കഥ എന്ന് അടിവരയിടാൻ സമ്മതിക്കാതെ ഓരോ കഥയും മോഹിപ്പിക്കുന്നു. വീണ്ടും വീണ്ടും വലിച്ചടുപ്പിക്കുന്നു. കാരണമില്ലാതെ ഇഷ്ടം കൂടുന്നു. വായനയിൽ നിന്നു ലഭിക്കുന്ന ഉദാത്തമായ വേദനയും അസ്വസ്ഥതയും സമ്മാനിക്കുന്നു. 

ജീവിതത്തോടു വളരെയധികം ചേർന്നുനിൽക്കുമ്പോഴും അനുഭവങ്ങളെ ആഞ്ഞുപുൽകുമ്പോഴും മിതമെങ്കിലും ആഞ്ഞുതറയ്ക്കുന്ന വാക്കുകളിൽ നന്ദകുമാർ കഥയെഴുതുന്നത് ജീവന്റെ ഭിത്തിയിലാണ്. മനുഷ്യരെ സ്നേഹിക്കലാണ് ഏറ്റവും മികച്ച കലയെന്ന് ഓരോ വാക്കിലും വാചകത്തിലും പ്രഖ്യാപിക്കുന്ന കഥകൾ. ലഹരിഭരിതം. സ്നേഹഭരിതം. വേദനാപൂർണം. എന്നാലോ ഓരോ തുള്ളിയിലും ആസക്തി വർധിപ്പിക്കുന്ന അപൂർവപാനീയം പോലെ അനിവാര്യമായ കഥകൾ. 

രാഷ്ട്രീയം എങ്ങനെ കലയിൽ ആവിഷ്കരിക്കണം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരമാണ് ജഗന്നാഥൻ എന്ന കഥ. നിസ്സംഗമെന്നു തോന്നിക്കുന്ന ഭാഷയിൽ പള്ളി പൊളിച്ചതിനെതിരെ കലാകാരൻമാരും കലാപകാരികളും നടത്തുന്ന ഒറ്റപ്പെട്ട പ്രതിഷേധം ആവിഷ്കരിക്കുന്ന നന്ദകുമാർ വാക്കുകളിലൂടെ അയയ്ക്കുന്ന അമ്പുകൾ ലക്ഷ്യസ്ഥാനത്തു കൊള്ളാൻ പര്യാപ്തമാണ്. എന്നാലോ രാഷ്ട്രീയത്തിനുപരിയായ മനുഷ്യത്വത്തെ വേദനപൂർണമെങ്കിലും ആത്മാർഥമായി ആവിഷ്കരിക്കുകയും ചെയ്യുന്നു. ഓരോ കഥയും വ്യത്യസ്തമായ ആന്തരികലോകങ്ങളിലേക്കാണു തുറക്കുന്നത്. അവ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങൾ അത്ര പെട്ടെന്നൊന്നും നിലയ്ക്കില്ലെന്ന് ഉറപ്പ്. 

സവേദനക്ഷമതയിൽ മലയാളത്തിലെ ഏറ്റവും മികച്ച കഥകളോടു കിടപിടിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും.  നഷ്ടക്കണക്കുകാർക്കുള്ള ജീവിതസഹായിക്കൊപ്പം ജഗന്നാഥനും ഒരു പടി മുന്നിലാണെങ്കിലും അമേരിക്കൻ അനുഭവം പറയുന്ന യാത്രയുടെ അന്ത്യം, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ പശ്ചാത്തലത്തിൽ എഴുതിയ റുവാഹയിലേക്കുള്ള പാത എന്നിവയും അസാധരണായി വായനാനുഭവമാണു സമ്മാനിക്കുന്നത്. അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല റുവാഹയിലേക്കുള്ള പാത. ഭാഷയുടെ മിതത്വം എടുത്തുപറയേണ്ടതുണ്ട്. തിരഞ്ഞെടുത്ത വാക്കുകളുടെ മൂർച്ച വായനക്കാരെ യുദ്ധസന്നദ്ധരെപ്പോലെ മുൾമുനയിൽ നിർത്തുന്നു. 

കണ്ടുമുട്ടിയ മനുഷ്യരും കടന്നുപോയ സ്ഥലങ്ങളും മറിവിയാലാണ്ട സംഭവങ്ങളും വേറെയോതോ രാസക്രിയകളിലൂടെ വാക്കുകളായി രൂപാന്തരം പ്രാപിക്കുന്നു എന്നു മുഖവുരയിൽ നന്ദകുമാർ പറയുന്നുണ്ട്. സുഖങ്ങളും ദുരിതങ്ങളും ആധികളും ആശ്വാസങ്ങളും വരികളുടെ അസംസ്തൃത വസ്തുക്കളാകുന്നു. നിലനിൽപ് എന്ന പ്രഹേളിക കഥകളായി പ്രത്യക്ഷമാകുന്നു. 

English Summary: Nashtakanakkukarkku oru jeevitha sahayi Book By M Nandakumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;