കൈവിട്ട കോൺഗ്രസ്: ഒരു പാർട്ടി പ്രവർത്തകന്റെ ആത്മപരിശോധന

The-Great-Unravelling-p
SHARE
സഞ്ജയ് ഝാ

വെസ്റ്റ് ലാൻഡ് പബ്ലിക്കേഷൻസ്

വില 599 രൂപ

2019. മേയ് 23. 17-ാം ലോക്സഭാ തിഞ്ഞെടുപ്പു ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്നു. പരാജയത്തെ മുഖാമുഖം കാണുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവ് സഞ്ജയ് ഝാ ട്വിറ്ററിൽ ഒരു കുറിപ്പിട്ടു: ‘നിങ്ങൾക്ക് അറിയാവുന്നതുപോലെ, നമ്മൾ തോറ്റിരിക്കുന്നു. എന്നാൽ ശരിയെന്നു വിശ്വസിക്കുന്നതിനുവേണ്ടി പോരാടുന്നതിൽ ഇനിയും വിശ്വസിക്കുക.’

ദേശീയ തലസ്ഥാന നഗരത്തിൽനിന്ന് നിരാശനായി സ്വദേശമായ മുംബൈയ്ക്കു മടങ്ങുകയാണ് ഝാ. അപ്പോഴാണ് പുണെ ഫെർഗൂസൻ കോളജിൽ സഹപാഠിയായിരുന്ന, പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി പോരാടുന്ന ഒരു സുഹൃത്തിന്റെ മറുപടി സന്ദേശം കണ്ണിൽപ്പെട്ടത്. 

‘സഞ്ജയ്, അതു ശരിയാകുമെന്നു തോന്നുന്നില്ല. ഇന്ത്യയ്ക്കു പുറത്ത് എവിടെയെങ്കിലും സ്ഥിരതാമസത്തിനുള്ള വീസയ്ക്കുവേണ്ടി ഞാൻ ശ്രമം തുടങ്ങുകയാണ്. കോൺഗ്രസ് എന്നെ കൈവിട്ടിരിക്കുന്നു.’ 

സഞ്ജയ് ഝാ സന്ദേശം പല ആവൃത്തി വായിച്ചു. കോൺഗ്രസ് കൈവിട്ടിരിക്കുന്നു എന്ന വാചകം ഹൃദയഭേദകമായിത്തോന്നി.  അദ്ദേഹം ചിന്തിച്ചു: ‘അതേ, എനിക്കും ഉത്തരവാദിത്തമുണ്ട്. ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ഞാനും കൈവിട്ടിരിക്കുന്നു.’ 

മുംബൈയ്ക്കുള്ള മടക്കയാത്രയിൽ സഞ്ജയിന്റെ മനസ്സിന്റെ മഥിച്ച സംഘർഷം ഒരു പുസ്തകമായി രൂപമെടുത്തു. ദ് ഗ്രേറ്റ് അൺറാവല്ലിങ്- ഇന്ത്യ ആഫ്റ്റർ 2014. 

കഥ തുടങ്ങുന്നത് 2014 ൽ ആണ്; നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാപാർട്ടി അധികാരം പിടിച്ചെടുത്തപ്പോൾ. 2019 ൽ വിജയം ആവർത്തിച്ചപ്പോൾ. ഇക്കഴിഞ്ഞ  വർഷങ്ങളിൽ ബിജെപിക്കുണ്ടായ വളർച്ചയ്ക്കൊപ്പം പഠിക്കേണ്ടതാണ് കോൺഗ്രസ് പാർട്ടിയുടെ തളർച്ചയും. 16 വർഷം കോൺഗ്രസിനൊപ്പം പ്രവർത്തിക്കുകയും തനിക്കു ശരിയെന്നു തോന്നിയ കാര്യങ്ങൾ ഉറക്കെപ്പറഞ്ഞതിന്റെ പേരിൽ പാർട്ടി പദവി നഷ്ടപ്പെടുകയും ചെയ്ത സഞ്ജയ് ഝാ ഇന്ത്യയിലെ മാറ്റങ്ങളെ സൂക്ഷ്മദൃഷ്ടിയോടെ പഠിച്ച് അവതരിപ്പിക്കുകയാണ്. 2014 നു ശേഷം ദേശീയ രാഷ്ട്രീയ രംഗത്തുണ്ടായ മാറ്റങ്ങൾ. അഭിമാനമായി രാജ്യം കരുതിയ സാസ്കാരിക സ്ഥാപനങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങൾ. 

നെഹ്റുവിയൻ സോഷ്യലിസം മുഖ്യധാരയിൽനിന്നു മാറ്റപ്പെട്ടത്. ഭരണവർഗത്തിന്റെയും അധികാരികളുടെയും കുഴലൂത്തുകാരായി ചില മാധ്യമങ്ങളെങ്കിലും അധഃപതിച്ചത്. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള, ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന, തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ അനായാസം വിജയിച്ച കോൺഗ്രസ് ഭാവിയിലേക്കു നോക്കാൻ കഴിയാതെയും ഭൂതകാലത്തിന്റെ തിരിച്ചടികളിൽ തളർന്നും പാർട്ടിയെ പിന്തുണയ്ക്കുന്ന ജനതയെ എങ്ങനെ നിരന്തരമായി കൈവിട്ടു എന്നും.

രാജ്യത്ത് നിലവിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഹിന്ദുത്വ എന്ന ആശയത്തിന്റെ വിശദമായ പഠനമാണ് ആദ്യ അധ്യായത്തിൽ. നരേന്ദ്ര മോദി എങ്ങനെ ഇന്ത്യയിൽ അധികാരത്തിലെത്തിയെന്നും വിജയം ആവർത്തിച്ചെന്നുമുള്ള പഠനത്തിനൊപ്പം ജനാധിപത്യ സ്ഥാപനങ്ങൾ എങ്ങനെ തകർച്ചയെ നേരിട്ടു എന്നും ഝാ വിശദീകരിക്കുന്നു. എന്നാൽ കോൺഗ്രസ് ഇപ്പോഴും നടത്താൻ തയാറാകാത്ത ആത്മപരിശോധനയാണ് ഈ പുസ്തകത്തിന്റെ സവിശേഷത. പാർട്ടിക്കൊപ്പം സഞ്ചരിക്കുകയും പാർട്ടിക്കു പുറത്താകുയും ചെയ്ത അദ്ദേഹം വേദനയോടെ, ധാർമിക രോഷത്തോടെ, ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത പ്രതീക്ഷയോടെ കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന്റെ റോഡ് മാപ് വരയ്ക്കുന്നു. 

2004 ലാണ് സഞ്ജയ് ഝായും കോൺഗ്രസും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി കാണാൻ ആഗ്രഹിക്കുന്നു എന്നറിയിച്ചപ്പോൾ ആവശത്തോടെ ജനപഥ് പത്താം നമ്പർ വസതിയിലേക്ക് എത്തുന്ന സ്വന്തം ചിത്രം അദ്ദേഹം വിവരിക്കുന്നുണ്ട്. വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളിൽനിന്ന് അഭിപ്രായങ്ങളും ആശയങ്ങളും തേടുകയായിരുന്നു അന്ന് സോണിയ ഗാന്ധി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ‘ ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി വീണ്ടും അധികാരത്തിൽ വരുമെന്ന് മാധ്യമങ്ങൾ ഏകകണ്ഠമായി പ്രവചിച്ച കാലമായിരുന്നു അത്. 

വരാൻ പോകുന്ന തിരഞ്ഞെടുപ്പ് കഠിനമാണെന്ന ആമുഖത്തോടെയാണ് സോണിയ സംഭാഷണം തുടങ്ങിയത്. എന്നാൽ ശുഭാപ്തിവിശ്വാസിയായ സഞ്ജയ് ഝാ മറിച്ചാണു വിചാരിച്ചതും അഭിപ്രായപ്പെട്ടതും. സോണിയ ഗാന്ധിയോട് അദ്ദേഹം പറഞ്ഞു: നിങ്ങൾ വിജയിക്കാൻ പോകുന്നു എന്നാണെന്റെ വിശ്വാസം !

വീണ്ടും കോൺഗ്രസ് വിജയിക്കണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് സഞ്ജയ്. പാർട്ടിയെ പിന്നോട്ടടിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്നും അദ്ദേഹത്തിനറിയാം. എന്നാൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നാണു സഞ്ജയ് പറയുന്നത്. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും നിക്ഷ്പക്ഷ രാഷ്ട്രീയക്കാരും മാത്രമല്ല രാജ്യത്തെക്കുറിച്ചു ചിന്തിക്കുന്ന, രാഷ്ട്രീയത്തിൽ താൽപര്യമുള്ള എല്ലാവരും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം. ഇത് ആധുനിക ഇന്ത്യയുടെ കഥയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉൾപ്പിരിവുകളുടെ ചരിത്രമാണ്. രാഷ്ട്രീയത്തിലെ നിർണായക മാറ്റങ്ങളും വഴിത്തിരിവുകളും നിറഞ്ഞ വർത്തമാനകാലത്തെ അഭിമുഖീകരിക്കുന്ന ധീരമായ പുസ്തകം. 

English Summary: Book Review - The Great Unravelling book by Sanjay Jha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;