മുൻപേ നടക്കുന്ന വഴിച്ചൂട്ടുകൾ...

book_pantharum-vazhiyambalangalum.
SHARE
ഡോ. കെ.എം. അനിൽ

പ്രോഗ്രസ് ബുക്സ്, കോഴിക്കോട്

പഴയ നാട്ടിൻപുറങ്ങളിൽ ഊടുവഴികളുടെ തുടക്കത്തിൽ വൈകുന്നേരമാകുമ്പോൾ ആരൊക്കെയോ ചൂട്ടുകറ്റകൾ കൊണ്ടുവയ്ക്കാറുണ്ടായിരുന്നത്രേ. രാത്രിയിൽ ഇതുവഴി പോകേണ്ടവർക്ക് അതിലൊരു ചൂട്ടുകറ്റയെടുക്കാം. തീകൊളുത്തി വഴിനടക്കാം. 

കയറ്റവും ഇറക്കവും സമതലവും, മുള്ളും മുരടും മൂർഖൻ പാമ്പുമുള്ള ഇടവഴികൾ പിന്നിട്ട് ലക്ഷ്യത്തിലേക്കു നടക്കുമ്പോൾ ആ ചൂട്ടുകറ്റ കൊണ്ടുവച്ചവരെ അവർ ഓർത്തിട്ടുണ്ടാവുമോ? ഉണ്ടെങ്കിലുമില്ലെങ്കിലും ആ ചൂട്ടുവെളിച്ചത്തിലിത്തിരി, വഴിനടന്നവരുടെ ഉള്ളിലും വീണുകിടന്നിട്ടുണ്ടാവുമെന്നുറപ്പാണ്. അത്തരം ചൂട്ടുവെളിച്ചങ്ങളും നാട്ടുവെളിച്ചങ്ങളും പാന്ഥരെ പിന്നെയും വഴിനടത്തുക തന്നെ ചെയ്യും.

മലയാള സാഹിത്യത്തിലുമുണ്ട് ഇത്തരം ഊടുവഴികൾ. അവിടെ ചൂട്ടുവീശി മുൻപേ നടന്നിരുന്നവരെ നമ്മൾ വിളിച്ചിരുന്ന പേരായിരുന്നു നിരൂപകർ എന്നത്. വായനയുടെയും എഴുത്തിന്റെയും വഴികൾ കാലത്തിനനുസരിച്ച് ഏറെ മാറിയപ്പോൾ നിരൂപണത്തിന്റെ രീതികളിലും മാറ്റങ്ങളുണ്ടായി. ഗ്രന്ഥനിരൂപണമെന്ന രീതിതന്നെ അപൂർവമായി. മാരാരും മുണ്ടശ്ശേരിയും ശങ്കുണ്ണി നായരുമൊക്കെപ്പോലെയുള്ള അതികായർ വഴിനടന്ന, വഴികാട്ടി നടന്ന എഴുത്തിന്റെ, ചിന്തയുടെ, രചനാവൈചിത്ര്യങ്ങളുടെ വീഥികളിൽ പലപ്പോഴും വായനക്കാർ തനിച്ചായി. അവർക്ക് തനിയെ വഴിവെട്ടി നടക്കേണ്ടിവന്നു. ചിലപ്പോഴെങ്കിലും ഇടറിവീണു.

അത്തരമൊരു സാഹിതീയാന്തരീക്ഷത്തിന്റെ ഇരുളിലാണ്, നിരൂപണത്തിനുള്ള ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഡോ. കെ.എം. അനിലിന്റെ ‘പാന്ഥരും വഴിയമ്പലങ്ങളും’ എന്ന കൃതി, കെട്ടുപോകാനിരിക്കെ വീശിയാളിക്കത്തിച്ചെടുക്കുന്ന ചൂട്ടുവെളിച്ചത്തെ ഓർമിപ്പിക്കുന്നത്. ഇരുളിൽ അപ്പുറത്തെവിടെയോ ഒരു വെളിച്ചം കാണുമ്പോൾ ഉള്ളിൽ തെളിയുന്ന ഒരു ആഹ്ലാദത്തിരി ഈ പുസ്തകം കൊളുത്തിവയ്ക്കുന്നുണ്ട്. ‘കുന്നുമ്മന്നുണ്ടൊരു ചൂട്ട്വാണ്ന്ന്, കുഞ്ഞമ്പൂന്റച്ഛനോ മറ്റാരാനോ..’ എന്ന പഴയൊരു നാടൻപാട്ടിലെ വരികൾ അറിയാതെ മനസ്സിലേക്കു കൊണ്ടുവരുന്നുണ്ട്.

അഞ്ചു കവിതാപഠനങ്ങളും പത്തു കഥാപഠനങ്ങളും അടങ്ങുന്നതാണ് ‘പാന്ഥരും വഴിയമ്പലങ്ങളും’ എന്ന പുസ്തകം. പല സന്ദർഭങ്ങളിൽ പല ആവശ്യങ്ങൾക്കായി എഴുതിയ കുറിപ്പുകളാണിവയെന്ന് ആമുഖത്തിൽ പറയുന്നുണ്ട്. ഇഷ്ടപ്പെട്ട ഒരു രചനയിലൂടെ സഹൃദയനായ ഒരു വായനക്കാരൻ നടത്തിയ സ്വതന്ത്രമായ വിഹാരങ്ങൾ എന്ന് ഇവയെ വിശേഷിപ്പിക്കാൻ വയ്യെന്നും ഗ്രന്ഥകാരൻ പറയുന്നു. അതായത്, കേവലമായ ആസ്വാദനത്തിന്റെ ഉപരിതല ദർശനത്തിനപ്പുറം ഉള്ളിലേക്കിറങ്ങുന്ന ചില ഉദ്ഖനനങ്ങൾ തന്നെയാണ് ഈ വായനകളിലെല്ലാം നടക്കുന്നത്. അവതാരികയെഴുതിയ കെ.പി.ശങ്കരനും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘‘കേവലം ആസ്വാദനം എന്ന സീമിതമായ സ്വീകാരരീതിക്കു പകരം കൂടുതൽ അവഗാഹത്തോടെ, ധൈഷണികവും ദാർശനികവും ഒക്കെയായി പാഠങ്ങളെ പരിശോധിക്കുക എന്ന വ്യാപ്തിയെ അഭിനന്ദിക്കാതെ വയ്യല്ലോ’’ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ‘‘സൈദ്ധാന്തികമായ ഒരു പീഠിക ചമച്ചതിനു പിൻപേ മാത്രമേ പ്രമേയത്തിലേക്കു പ്രവേശിക്കൂ എന്നത് അനിൽ മിക്ക പ്രബന്ധങ്ങളിലും പുലർത്തുന്ന പ്രത്യേകതയത്രേ’’ എന്നും അദ്ദേഹം മറ്റൊരിടത്തു പറയുന്നുണ്ട്. ഈ പുസ്തകത്തിൽ അവലംബിച്ച നിരൂപണരീതിയുടെ മുഖവുര തന്നെയാകുന്നുണ്ട് ഈ വാക്കുകൾ. ഒരുപക്ഷേ, വായനയ്ക്കിടയിൽ സ്വയം അനുഭവിച്ച അത്തരമൊരു തിരിച്ചറിവിന്റെ ആഹ്ലാദം വായനക്കാരനുമായി പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാവാം അദ്ദേഹം എഴുതാനിരുന്നതു തന്നെ. അല്ലാതെ എഴുത്തിനിടെ യാദൃച്ഛികമായി കടന്നുവന്ന നിരീക്ഷണങ്ങളല്ല ഇവയൊന്നും.

കഥാപഠനത്തിൽ ബഷീറും എംടിയും മുതൽ പുതുതലമുറയിലെ ധന്യാരാജ് വരെയുള്ളവർ കടന്നുവരുന്നുണ്ട്. ഈ കഥകളുടെ വായനയ്ക്കിടെ, തനിക്കു പ്രിയപ്പെട്ടതെന്തോ വീണുകിട്ടുമ്പോൾ ആ കനൽത്തരിയെ ഉലയൂതിപ്പെരുപ്പിച്ചെടുക്കുകയാണ് നിരൂപകൻ ചെയ്യുന്നത്. ആദ്യത്തെ ആഹ്ലാദാനുഭവം കേവല വായനക്കാരന്റേതാകുമ്പോൾ, പിന്നീട് അതിനെ നിർധാരണം ചെയ്യുന്നിടത്തും അതിന് സൈദ്ധാന്തികമായ പാഠങ്ങളുടെ പിൻബലം നൽകുന്നിടത്തുമാണ് നിരൂപകൻ കടന്നുവരുന്നത്. ‘‘ഇവിടെ കഥയിൽചാരി പതം പറയലല്ല; കഥയുടെ ചൈതന്യത്തിന് ആസ്പദം എന്നു താൻ വിചാരിക്കുന്ന ആശയലോകത്തിന്റെ പ്രൗഢമായ അപഗ്രഥനമാണ് നടത്തുന്നത്’’ എന്ന് കെ.പി.ശങ്കരൻ പറയുമ്പോൾ അതിന് കൂടുതൽ വ്യക്തത വരുന്നു. ആ വായന അത്ര ഋജുവോ ലളിതമോ ആകണമെന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. സംവാദത്തിന് ശാസ്ത്രീയവും സാങ്കേതികവും ചരിത്രബദ്ധവും സാംസ്കാരികനിഷ്ഠവുമായ പശ്ചാത്തലം നിബന്ധിക്കുക എന്ന നിഷ്ഠ എല്ലാ ലേഖനങ്ങളിലും കൃത്യമായി കാണാനാവും. 

ബാല്യകാലസഖി: കരുണയുടെ പാഠങ്ങൾ എന്ന ലേഖനമാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം. ബാല്യകാലസഖിയിൽ വിഷക്കല്ലു കാച്ചി ഉള്ളംകാൽ പഴുത്തതിന്റെ വേദനയിൽ പിടയുന്ന മജീദിന്, ഒരു നിമിഷത്തിന്റെ  ഉദ്വേഗം തുടിക്കുന്ന ചുംബനത്തിലൂടെ സുഹ്റ സാന്ത്വനം അരുളുന്നുണ്ടല്ലോ. ഇത് കാമത്തിന്റെ ഊർജം കൊണ്ടല്ല, കരുണയുടെ ഉദാരത കൊണ്ടാണെന്നാണ് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നത്. മജീദിന്റെ ’ആണത്തം’ തുളുമ്പുന്ന പ്രകടശരീരത്തോടല്ല, എല്ലാ ശക്തിയും ചോർന്നുപോയി, നിരാലംബനായി ’മരിക്കാൻ പോവുന്നു’ എന്നു തോന്നിക്കുന്ന ജീവൽ ശരീരത്തെയാണ് സുഹ്റ ആദ്യമായി കരുണയോടെ/പ്രേമത്തോടെ സ്പർശിക്കുന്നത്. ആശാന്റെ കരുണയുടെ അവസാനത്തിൽ ഉപഗുപ്തൻ വാസവദത്തയ്ക്കു പകർന്നുനൽകുന്നതും ഇതേ കരുണയുടെ ദീപ്തിയാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. 

പാന്ഥരും വഴിയമ്പലങ്ങളും എന്ന ലേഖനം യാത്ര കഥാംശമായി വരുന്ന മലയാളത്തിലെ നോവലുകളെ കുറിച്ചാണ്. സമാനവിഷയത്തിൽ മുൻപേ വന്ന ഒരു ലേഖനത്തെക്കുറിച്ചു പരാമർശിച്ചും ആ ലേഖനത്തിന്റെ സംഗ്രഹം തന്നെ പറഞ്ഞുവച്ചും തന്റെ നിരീക്ഷണങ്ങളിലേക്കു പോകുകയെന്ന അപൂർവതയും ഈ ലേഖനത്തിലുണ്ട്. ഇന്ദുലേഖയിലെ മാധവൻ നഗരയാത്രയ്ക്കിടെ വസ്തുക്കളെയാണു കാണുന്നതെങ്കിൽ ആൾക്കൂട്ടത്തിലെ സുനിൽ മനുഷ്യരെയാണു കാണുന്നത് തുടങ്ങിയ നിരീക്ഷണങ്ങളും വേറിട്ടുനിൽക്കുന്നു. എഴുത്തുകാരന്റെ നൻമകളെ, ഉൺമകളെ ആശ്ലേഷിക്കാനുള്ള നിരൂപകന്റെ ത്വര ഈ ലേഖനങ്ങളിൽ ഉടനീളം കാണാം. യു.എ.ഖാദറിന്റെയും കെ.ടി.മുഹമ്മദിന്റെയും കഥകളെക്കുറിച്ചുള്ള പഠനങ്ങളിൽ ഇത് കൂടുതൽ പ്രകടമാണ്. യു.എ.ഖാദർ വരച്ചിട്ട തൃക്കോട്ടൂരിലെ നാട്ടുവഴികളിലൂടെ നടക്കുമ്പോൾ നിരൂപകൻ മുൻവിധികളൊന്നുമില്ലാതെ അവിടത്തെ കാഴ്ചകളെ കണ്ടും പുരാവൃത്തങ്ങളെ കേട്ടും നൻമകളെ പുണർന്നുമാണ് മുന്നേറുന്നത്. ഫോക്‌ലോർ എന്ന സ്വന്തം പഠനമേഖലയെ ഉപയോഗപ്പെടുത്തിയുള്ള അപഗ്രഥനത്തിന് ഏറെ സാധ്യതകളുണ്ടായിട്ടും വലിയ സൈദ്ധാന്തിക വ്യാഖ്യനങ്ങളിലേക്കൊന്നും പോകാതിരിക്കുന്നതും ഈ നാട്ടുവെളിച്ചങ്ങളുടെ കുളിര് ആവോളം നുകരാനുള്ള വ്യഗ്രതകൊണ്ടാണെന്നു വ്യക്തം. കെ.ടിയുടെ കഥകളിലെ ദേശീയതയുടെ സംഘർഷങ്ങളെക്കുറിച്ചു പറയുന്നിടത്തും കാണാം ഈയൊരു നിഷ്ഠ. 

മലയാളത്തിലെ എഴുത്തുകാരികൾ സൃഷ്ടിക്കുന്ന വായനയുടെ അപരലോകത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ധന്യാരാജിന്റെ പച്ചയുടെ ആൽബം എന്ന കഥയിലേക്കു വരുന്നത്. 

രാമചരിതത്തിലെ സ്ഥലനിർമിതി, വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതയെക്കുറിച്ചുള്ള ‘സർഗാത്മകതയും വിവർത്തനവും’ എന്ന ലേഖനം, അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകത്തെ സ്വാതന്ത്ര്യത്തിന്റെ ഉത്തമഗീതമായി കാണുന്ന ലേഖനം, വൈലോപ്പിള്ളിയുടെ ജലസേചനം എന്ന കവിതയിലെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുന്ന ‘കർഷകരാജാവും കാട്ടിലെ സുന്ദരിയും’ എന്ന ലേഖനം, എൻ.വി.കൃഷ്ണവാര്യരുടെ കവിതകളിലേക്കുള്ള പ്രവേശകമായ മിത്ത്, കവിത, സംഗീതം എന്നിവ അടങ്ങുന്നതാണ് കവിതാവിഭാഗം. കോഴിക്കോട് പ്രോഗ്രസ് ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

English Summary: Pantharum Vazhiyambalangalum book by Dr. KM Anil 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;