ജയന്‍ മരിച്ചിട്ടില്ല, അമേരിക്കയിലെവിടെയോ ജീവിച്ചിരിപ്പുണ്ട്. തിരിച്ചുവരും; ഇന്നല്ലെങ്കില്‍ നാളെ

HIGHLIGHTS
  • ജയന്റെ മരണം മുതിര്‍ന്നവരേക്കാള്‍ ഏറെ നോവിപ്പിച്ചിട്ടുള്ളത് 1980 ല്‍ കുട്ടികളായിരുന്നവരെയാണ്
  • യാഥാര്‍ഥ്യവും ഭാവനയുമാണ് ജയന്റെ അജ്ഞാത ജീവിതം എന്ന നോവലിന്റെ കരുത്ത്
jayante-ajnathajeevitham-novel-by-s-r-lal-portrait-image
SHARE
എസ്.ആര്‍.ലാല്‍

മാതൃഭൂമി ബുക്സ്

വില 330 രൂപ രൂപ

ജയന്‍ അമേരിക്കയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന രഹസ്യം പറഞ്ഞത് ജോണ്‍ ഏബ്രഹാമാണ്. പഴയ സ്വാമിനാഥന്‍. കാപ്പിത്തോട്ടം എസ്റ്റേറ്റിലെ ചാമിയണ്ണന്‍. ജയനെക്കാണാന്‍ കേരളത്തിലെ ഒരു കുഗ്രാമത്തില്‍നിന്ന് സന്തത സഹചാരിയായ നായയുമായി സൈക്കിളില്‍ കോടമ്പാക്കത്തേക്കു പോയ അതേ ചാമിയണ്ണന്‍. ഷൂട്ടിങ് സെറ്റില്‍ വച്ച് വിശക്കുന്നു എന്നു പറഞ്ഞ ജയനുവേണ്ടി ഭക്ഷണം വാങ്ങിക്കാന്‍ ദൂരെയുള്ള കടകള്‍ തേടിനടന്ന ചാമിയണ്ണന്‍. മരിച്ചിട്ടും മരിക്കാതെ ജയന്‍ അമേരിക്കയ്ക്കു പോയെന്ന ദൃഢവിശ്വാസവുമായി  ബോംബെയിലെത്തി അവിടെനിന്ന് അമേരിക്ക വരെയെത്തിയ ജയന്‍ ആരാധകന്‍. ചാമിയണ്ണന്‍ പിന്നീട് സ്വാമിനാഥന്‍ എന്ന യഥാര്‍ഥ പേര് വീണ്ടെടുത്തു; പില്‍ക്കാലത്ത് ജോണ്‍ ഏബ്രഹാം എന്ന പുതിയ പേരും. 

2015 ല്‍ അമേരിക്കയില്‍ വച്ച് ജോണ്‍ ഏബ്രഹാം ചോദിക്കുന്നു: ‘ജയേട്ടനെ അടക്കിയ സ്ഥലം കണ്ടിട്ടുണ്ടോ. തിരിച്ചറിയാന്‍ പാകത്തില്‍ അവിടെയെന്തെങ്കിലുമുണ്ടോ. എന്തുകൊണ്ടാന്നറിയാമോ. ജയേട്ടന്‍ മരിച്ചിട്ടില്ല. അതോണ്ടാ. അതെനിക്കുറപ്പുണ്ട്. എനിക്കുറപ്പുണ്ടായാ പോരേ. ജയേട്ടന്‍ അമേരിക്കയിലെവിടെയോ ജീവിച്ചിരിപ്പുണ്ട്. എനിക്കിതുവരെയും ആളെ കണ്ടെത്താനായിട്ടില്ല എന്നേയുള്ളൂ. ഇന്നല്ലെങ്കില്‍ നാളെ ഞങ്ങള്‍ തമ്മില്‍ കാണും. ഞാനിത് ആരോടും പറ‍ഞ്ഞിട്ടില്ല. പറഞ്ഞാല്‍ നമ്മള്‍ പരിഹാസ്യരാവും. അന്നത്തെ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പരാതി കൊടുക്കണം.’

അതു പറയുമ്പോള്‍ ജോണ്‍ ഏബ്രഹാമിന്റെ മുഖത്ത് തികഞ്ഞ ഗൗരവം. ജയേട്ടനോടുള്ള ആരാധന കൊണ്ടുമാത്രം അമേരിക്കയിലെത്തിയ മനുഷ്യനാണ് പറയുന്നത്. ഇപ്പോഴവിടെ മെച്ചപ്പെട്ട ജീവിതം നയിക്കുന്ന സമ്പന്നനാണ്. അയോളോട് എന്തിനു സഹതപിക്കണം. ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍‍ ജയന് 75 വയസ്സ്. ജയന്‍ അമേരിക്കയില്‍ ഉണ്ടെന്നു കരുതൂ. എങ്കില്‍ ഇത്രനാളും ഒളിച്ചിരിക്കേണ്ട കാര്യമെന്ത്. ഒരാള്‍ക്ക് അങ്ങനെ സാധിക്കുമോ. ഒരുപക്ഷേ ഓരോരുത്തര്‍ക്ക് ഓരോരോ കാരണങ്ങളുണ്ടാവും ! 

ജയന്‍ മരിച്ചതിനുശേഷം ‘ഇതിഹാസ നായകന്‍’, ‘അസ്മതിക്കാത്ത സൂര്യന്‍’ എന്നിങ്ങനെയുള്ള പേരുകളില്‍ ആരാധനയും സ്മരണയും നിലനിര്‍ത്തുന്ന പുസ്തകങ്ങളുണ്ടായിട്ടുണ്ട്. ആ ഗണത്തില്‍ അവസാനം വരുന്ന പുസ്തകമല്ല എസ്.ആര്‍. ലാല്‍ എഴുതിയ ‘ ജയന്റെ അജ്ഞാത ജീവിതം’. ഇതുവരെ ആരും പറയാത്ത, അന്വേഷിക്കുക പോലും ചെയിതിട്ടില്ലാത്ത മറ്റൊരു ജീവിതം. എല്ലാവര്‍ക്കുമുണ്ട് അജ്ഞാത ജീവിതം. വെളിപ്പെടുത്താത്തിടത്തോളം അത് അജ്ഞാതമായിത്തന്നെ തുടരും. ജയന്റെ അജ്ഞാത ജീവിതം ഇതാദ്യമായി ലാല്‍ വെളിപ്പെടുത്തുകയാണ്; നോവല്‍ രൂപത്തില്‍. 

ജയന്റെ മരണം മുതിര്‍ന്നവരേക്കാള്‍ ഏറെ നോവിപ്പിച്ചിട്ടുള്ളത് 1980 ല്‍ കുട്ടികളായിരുന്നവരെയാണ്. അവര്‍ക്കേ അറിയൂ ആ ദുരന്തത്തിന്റെ തീവ്രത. ശൈശവ നിഷ്കളങ്കതയില്‍ മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന അപൂര്‍വ ധീരതയുടെയും സാഹസികതയുടെയും മനുഷ്യത്വത്തിന്റെയും മറുപേരായിരുന്നല്ലോ ആ മനുഷ്യന്‍. കൃഷ്ണന്‍ നായര്‍ എന്ന കിച്ചു എന്ന ജയന്‍. പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തിയിട്ടും ആരാധകരുടെ കത്തുകള്‍ സ്വയം വായിച്ചിരുന്ന നടന്‍. സമയമുണ്ടാക്കി അവയ്ക്കു മറുപടി എഴുതുന്നയാള്‍. ഷൂട്ടിങ് സെറ്റില്‍ തന്നെക്കാണാന്‍ എത്തുന്ന സാധാരണക്കാരോടു പോലും താരജാഡയില്ലാതെ സ്നേഹത്തോടെ പെരുമാറിയ മനുഷ്യന്‍. തനിക്കുവേണ്ടി വിവാഹ ജീവിതം പോലും വേണ്ടെന്നുവച്ച ആരാധികയ്ക്ക്, ജീവിച്ചിരിക്കുന്ന കാലത്തോളം നീ എന്റെ ചങ്കിലുണ്ടാവും എന്നുറപ്പു കൊടുത്ത കാമുകന്‍. 

പ്രതിഭ എന്നതിനേക്കാള്‍ പ്രതിഭാസം എന്ന വിശേഷണം അര്‍ഹിക്കുന്ന ജയന്റെ ജീവിതം 1970 -1980 കളിലെ കേരളത്തിന്റെ സവിശേഷമായ സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ നോവലാക്കിയിരിക്കുകയാണ് എസ്.ആര്‍. ലാല്‍. ജയന്‍ ആരാധകര്‍ മാത്രമല്ല ഈ നോവലിലുള്ളത്. ഇഷ്ട നടന്‍ ജയന്‍ എന്നു പറഞ്ഞ വിദ്യാര്‍ഥിയെ ക്ലാസ്സില്‍നിന്നു പുറത്താക്കിയ അധ്യാപകനുണ്ട്. ജയന്‍ സിനിമകള്‍ക്കുവേണ്ടി മാത്രം നഷ്ടം സഹിച്ച് തിയറ്റര്‍ നടത്തുന്ന ചെറുപ്പക്കാരിയുണ്ട്. സിനിമ എന്ന മായികലോകത്തിന്റെ അരികില്‍ക്കൂടി പോലും സഞ്ചരിക്കാത്ത മറ്റു മനുഷ്യരുണ്ട്. സാക്ഷാല്‍ ജയനുമുണ്ട്. ക്യാമറയ്ക്കു പിന്നിലത്തെ അയാളുടെ പച്ചയായ ജീവിതം. അവസരങ്ങള്‍ തേടി നടന്ന പൊന്നച്ചം വീട്ടിലെ കൃഷ്ണന്‍ നായര്‍. വന്ന വഴി മറക്കാത്ത, എന്നാല്‍ ജീവിതത്തിലെ ഉയരങ്ങള്‍ തേടിയ, അതിനുവേണ്ടി വിവാഹ സ്വപ്നങ്ങള്‍ പോലും മാറ്റിവച്ച് അധ്വാനിച്ച ഒരു കാലത്തെ യൗവനതീക്ഷ്ണതയുടെ പ്രതീകം. 

കേരളത്തിലെ ഒട്ടേറെ ചെറുപ്പക്കാരും മുതിര്‍ന്നവരും ഒളിവില്‍പ്പോയ കാലം കൂടിയാണ് എഴുപതുകളുടെ അവസാനം. രാഷ്ട്രീയ ധീരത വിലക്കപ്പെട്ട കാലം. ആര്‍ജവവും അഭിമാനവും അന്തസ്സും അല്‍പായുസ്സായ കാലം. ആ കാലത്തിന്റെ കഥകള്‍ മുന്‍പും പുസ്തകമായിട്ടുണ്ടെങ്കിലും കാലത്തിന്റെ കഥ പറയുന്നതിനൊപ്പം സൂക്ഷ്മമായി വ്യഖ്യാനിക്കാനും ലാലിനു കഴിയുന്നുണ്ട്. ആ അര്‍ഥത്തില്‍ സാമൂഹികം എന്നതിനെക്കാള്‍ രാഷ്ട്രീയമായും ഈ നോവല്‍ വായിക്കാം. അത്തരമൊരു വായന കൂടി സാധ്യമാക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്. 

യാഥാര്‍ഥ്യവും ഭാവനയുമാണ് ജയന്റെ അജ്ഞാത ജീവിതം എന്ന നോവലിന്റെ കരുത്ത്. ഭാവനയും വിചിത്ര ഭാവനയും ചേരുന്ന മാന്ത്രിക യാഥാര്‍ഥ്യം സൗന്ദര്യ രഹസ്യവും. 

English Summary : Book Review - Jayante Ajnathajeevitham Novel by S. R. Lal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA
;