മാതൃഭൂമി ബുക്സ്
വില 170 രൂപ രൂപ
അവളാര് ! ആ വാക്കു പോലെ, തന്നെ നിന്ദിക്കുന്ന മറ്റൊരു വാക്ക് ഭൂമി മലയാളത്തിലില്ലെന്നു തോന്നുന്നുണ്ട് ഭാര്യയ്ക്ക്. ഭര്‍ത്താവ് ഭാര്യയെക്കുറിച്ചു പറയുമ്പോള്‍ ഉപയോഗിക്കുന്ന വാക്കാണത്; അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സൗഹൃദചര്‍ച്ചയില്‍. അവളാര് എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്ന അവഗണന, വെറുപ്പ്, നിസ്സാരത, നിര്‍വികാരത. എന്നിട്ടും അവര്‍ക്കൊരുമിച്ചു തീരുമാനം എടുക്കേണ്ടിവന്നു; മരിക്കാന്‍. പക്ഷേ, നിര്‍ണ്ണായക നിമിഷത്തില്‍ ഭര്‍ത്താവിനു പേടി, ആശങ്ക. അതയാള്‍ ഭാര്യയോടു പങ്കുവയ്ക്കുന്നുണ്ട്. ‘ഭര്‍ത്താവിനെ’ പ്പോലെ പെരുമാറുകയാണു ഭാര്യ. അപ്പോഴവള്‍ കുരുത്തംകെട്ടവളായി. വൃത്തികെട്ടവളായി. ഗുണംപിടിക്കത്തില്ലെന്ന ശാപവാക്കിനിരയായി. ഭര്‍ത്താവിന്റെ പേടി കാണുമ്പോള്‍ അവള്‍ക്ക് ചിരി. ചിരിച്ചു ചിരിച്ചു വയറു വേദനിച്ചിട്ടും തറയില്‍ കിടന്നു ചിരിക്കുകയാണ്.
ചിരി നിര്‍ത്താന്‍ കഴിയാത്ത ഈ ഭാര്യയെപ്പോലെ കാമുകിയും സഹോദരിയും മകളും സുഹൃത്തും സഹപ്രവര്‍ത്തകയും അമ്മയുമായി വെളിപ്പെടുന്ന സ്ത്രീയുടെ മാനസിക ലോകങ്ങള്‍ സൂക്ഷ്മമായും സഹൃദയത്തോടെയും രേഖപ്പെടുത്തുന്ന കഥകളാണ് രേഖ കെ.യുടെ പുതിയ സമാഹാരത്തില്‍; അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും എന്ന 10 കഥകളുടെ പുതിയ പുസ്തകത്തില്‍.
വില്ലുവണ്ടിയിലെ ഉമയും അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും എന്ന കഥയിലെ ശ്രീജയും ഇതിനോടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവരാണ്. എന്നാല്‍, ഈസ്റ്റര്‍ ലില്ലി എന്ന കഥയെ ശ്രദ്ധേയമാക്കുന്ന സ്ത്രീകഥാപാത്രം അസാന്നിധ്യം കൊണ്ടാണ് ജീവിതത്തെ അടയാളപ്പെടുത്തുന്നത്. മണ്ണടിഞ്ഞെങ്കിലും ആ കഥാപാത്രം മനസ്സില്‍ വലിയൊരു പോറല്‍ സൃഷ്ടിക്കുന്നുണ്ട്. മികച്ച കഥ മനസ്സില്‍ അവശേഷിപ്പിക്കുന്ന അടയാളം. വായനയുടെ സാഫല്യം.
കുറ്റബോധവും പശ്ചാത്താപവും വേട്ടയാടുന്ന കഥാപാത്രങ്ങളാണ് രേഖയുടെ പുതിയ സമാഹാരത്തിലെ കഥകളിലുള്ളത്. അത്തരം വികാരങ്ങളൊന്നും തങ്ങളെ സ്പര്‍ശിക്കുന്നില്ലെന്ന് അവകാശപ്പെടുന്നവര്‍ പോലും വായനക്കാരെ നയിക്കുന്നത് അതേ വഴിയിലേക്കു തന്നെ. വികാരങ്ങളില്‍നിന്നു വിചാരങ്ങളിലേക്കു സഞ്ചരിക്കുന്ന ഈ കഥാപാത്രങ്ങള്‍ക്കൊപ്പം വായനക്കാരും സ്വന്തം അന്തര്‍ലോകങ്ങളിലെ അധോലോകങ്ങള്‍ കണ്ട് ഞെട്ടുന്നു. ഉപേക്ഷിച്ചിട്ടും അവഗണിച്ചിട്ടും കണ്ണും കാതും കൊടുക്കാതിരുന്നിട്ടും മനസ്സിന്റെ പാഴ്നിലങ്ങളില്‍ അനുവാദം ചോദിക്കാതെ വളരുന്ന ഈസ്റ്റര്‍
ലില്ലികളെക്കുറിച്ച് ബോധവാന്‍മാരാകുന്നു.
ഉമയില്‍ പ്രതികാരത്തിന്റെ തീപ്പൊരി പ്രതികരണത്തിന്റെ രൂപത്തില്‍ വെളിപ്പെടുന്നുണ്ടെങ്കിലും ശ്രീജയിലെ ബുദ്ധിമതിയെ കീഴടക്കുന്ന വികാരജീവിയുടെ എല്ലാ ചലനങ്ങളിലുമുണ്ട് കുറ്റബോധത്തിന്റെ അകമ്പടി. താന്‍ കൂടി ഉള്‍പ്പെടുന്നവര്‍ കുറ്റവാളിയെന്നു വിളിച്ച സഹപ്രവര്‍ത്തകനുവേണ്ടി ഉണരുന്ന ദയയുടെയും സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും തെളിനീര്‍. ആ നീരാണ് പെരിയാറിലൂടെ ഒഴുകുന്നത്. അതിന്റെ തീരത്താണ് അഭയകേന്ദ്രം തേടി ശ്രീജ എത്തുന്നതും. സാഹചര്യം കൊണ്ട് എത്ര ക്രൂരരായാലും ആരാണ് ഇത്തരമൊരു നദീസമീപ്യം കൊതിക്കാത്തത്. മാങ്ങാക്കറിയുടെ രുചി പോലെ ആദിമ ചോദനകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കാത്തത്. അങ്കമാലിയിലെ ശ്രീജ ആരാണെന്നും ആരുടെ പ്രതിനിധിയാണെന്നും തര്‍ക്കിച്ചു സമയം കളയേണ്ട. ശ്രീജയെ എല്ലാവര്‍ക്കുമറിയാം. ആരിലാണ് ശ്രീജ ഇല്ലാത്തത്?
ഈസ്റ്റര്‍ ലില്ലിയില്‍ കുറ്റബോധത്തിന്റെ ഇരയാകുന്നത് പുരുഷ കഥാപാത്രമാണ്. കുറ്റകൃത്യത്തോളം എത്തുന്ന നിസ്സഹായത. പ്രേമിക്കാത്ത ചെറുപ്പക്കാരുണ്ടോ എന്ന് ഈ കഥയില്‍ ഒരു ചോദ്യമുണ്ട്. ഉത്തരം വേണ്ടാത്ത ചോദ്യം. എന്നാല്‍ ഒരു പെണ്‍കുട്ടിയെ പ്രേമിക്കുക മാത്രമല്ല, പ്രേമമെന്ന ആഭിചാരത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ പെണ്‍കുട്ടിയെ നാടുകടത്തിയിട്ടുപോലും വിടാതെ പിന്തുടര്‍ന്നയാളോട് ആ ചോദ്യം ഉന്നയിക്കുമ്പോള്‍ മറുപടി പറയുന്നത് അയാളുടെ കാലുകളാണ്. നിസ്സഹായത സ്ത്രീയെ ദുര്‍ബലയാക്കുമെങ്കില്‍ പുരുഷനെ ശക്തനാക്കും. തോല്‍വിക്കു മുന്‍പുള്ള ധൈര്യത്തിന്റെ പ്രദര്‍ശനം. ഒരുമിച്ചു മരിക്കാന്‍ തീരുമാനിച്ചെങ്കിലും കാമുകിയെ മരിക്കാന്‍ വിട്ട് ജീവിച്ചിരിക്കുന്ന കാമുകനോട് സഹോദരന്‍ പറയുന്നുണ്ട്: ‘എന്‍യ്ക്ക് നിന്നെ കൊല്ലാനാണ് തോന്നുന്നത്.’ ‘കഴിയുമെങ്കീ ചെയ്യ്’ എന്നാണയാളുടെ വെല്ലുവിളി. പ്രേമത്തിനു വേണ്ടി
മരിക്കാന്‍ അയാള്‍ അശക്തനാണെന്നതുപോലെ പ്രേമത്തിനുവേണ്ടി കൊല്ലാന്‍ അപരനും അശക്തന്‍ തന്നെ. ഒരു കാറ്റിനും ചലിപ്പിക്കാനാകാത്ത പ്രതിമകള്‍ പോലെ നില്‍ക്കുന്ന അവരില്‍ കഥ അവസാനിക്കുമ്പോഴും ഇലഞ്ഞിയെയും കൈതപ്പൂവിനെയും തൊട്ടുവരുന്നുണ്ട് കാറ്റ്. അതു തേടുന്നത് ധൈര്യമുള്ള കാമുകരെയാണ്. പ്രേമിക്കാനും പ്രേമിക്കപ്പെടാനും കാത്തിരിക്കുന്ന കാമുകിമാരെയാണ്. അവരുടെ വംശം കുറ്റിയറ്റു പോയിട്ടില്ലെന്നു തെളിയിക്കുന്നു ഈസ്റ്റര്‍ ലില്ലി.
രേഖയുടെ പുതിയ കഥാസമാഹാരം ഓര്‍മിക്കപ്പെടാന്‍ പോകുന്നത് മനുഷ്യത്വത്തിനും മൂല്യങ്ങള്‍ക്കും വേണ്ടിയുള്ള നിലവിളികളുടെ പേരില്‍ക്കൂടിയാണ്. മുന്‍കാല കഥകളില്‍ നിന്നു വ്യത്യസ്തമായി കുറച്ചുറക്കെ, പലപ്പോഴും വാചാലമായി ഈ കഥകള്‍ നന്മയുടെ പക്ഷത്തു പ്രത്യക്ഷമായിത്തന്നെ നിലയുറപ്പിക്കുന്നു. ദൃഢവിശ്വാസങ്ങള്‍ക്കുവേണ്ടി ഒറ്റയ്ക്കെങ്കിലും തളരാതെ പൊരുതുന്നു. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്ന ഉമയുടെ പ്രസംഗത്തില്‍ ഒരു രാഷ്ട്രീയക്കാരിയുടെ ശബ്ദമല്ല കേള്‍ക്കുന്നത്; നവോത്ഥാന നായികയുടെ അടങ്ങാത്ത ആവേശം.
(സ്നേഹവും സന്തോഷവും സന്‍മനസ്സുമാണ് ജീവിതത്തിന്റെ മാനദണ്ഡമെങ്കില്‍ .. നിങ്ങളൊക്കെ എത്ര ഭീകരമായ പരാജയമാണ്). അങ്കമാലിയിലെ മാങ്ങാക്കറിയിലുമുണ്ട് ഇരയാക്കപ്പെടുന്നതിനെതിരെയുള്ള ധാര്‍മികരോഷം. (നിങ്ങള്‍ എത്ര വലിയ പുറന്തോട് തീര്‍ത്താലും മുറിവേറ്റവന്റെ രക്തപ്രവാഹത്തില്‍ ആ പുറന്തോട് ഉടഞ്ഞുതകരും).
നഷ്ടപ്പെടുന്ന മൂല്യവ്യവസ്ഥയോടുള്ള പ്രതിബദ്ധത ഈ കഥകളെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുമെങ്കിലും രേഖയുടെ കരുത്ത് എന്നു വിശേഷിപ്പിക്കാവുന്ന ശക്തിയും സൗന്ദര്യവുമുള്ള ക്രാഫ്റ്റ് ഈ സമാഹാരത്തെയും വേറിട്ടു നിര്‍ത്തുന്നു. ആത്മപരിഹാസത്തോടെയുള്ള കഥാപാത്രങ്ങളുടെ സ്വയം വിചാരണയില്‍ പോലുമുണ്ട് എഴുത്തിന്റെ കരുത്ത്. വായനയുടെ സന്തോഷത്തിലേക്കുള്ള ഹൃദ്യമായ ക്ഷണം. വായിച്ചു നിരാശപ്പെടുത്താത്ത സംതൃപ്തി.
English Summary : Book Review - K - Rekha's Angamaliyile Mangakkariyum Villu Vandiyum Matthu Kathakalum