ADVERTISEMENT

രയരപ്പന്റെ ജീവിതത്തില്‍ മാത്രമല്ല, ആത്മാവിലുമുണ്ടായിരുന്നു പാര്‍ട്ടി. ഏത് അട്ടക്കുഴിയിലും ഒരുമിച്ചായിരിക്കുമെന്ന് ഉറപ്പിച്ച വെള്ളച്ചിക്ക് അതറിയാം. അടുത്താലും അകന്നാലും പാര്‍ട്ടിക്കുവേണ്ടിയാണ് ആ ജീവിതം. തൊഴിലാളികളാണു മനസ്സില്‍. അവരുടെ വിമോചനമാണു സ്വപ്നം. അതുകൊണ്ടാണു വയസ്സായി നെഞ്ചില്‍ കഫം സ്ഥിരതാമസമാക്കിയപ്പോഴും അയാള്‍ ബീഡിവലി കുറയ്ക്കാതിരുന്നത്. കലമ്പിയ വെള്ളച്ചിയോടു രയരപ്പന്‍ പറഞ്ഞു: 

‘തൊഴിലാളികള് രക്ഷപ്പെട്ടോട്ടെ.’ 

അതേ, ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേരുണരുന്നു. 

എന്നാല്‍, രയരപ്പന്‍ കണ്ണടച്ചപ്പോള്‍ അതൊന്ന് ഉറപ്പാക്കാന്‍പോലും വെള്ളച്ചിക്ക് ഒരാളുടെയും സഹായം കിട്ടിയില്ല. കല്യാശ്ശേരിയില്‍ അവരുടെ വീടിന്റെ തൊട്ടയല്‍ വീടുകളില്‍പോലും ആരുമുണ്ടായിരുന്നില്ല അന്ന്. നിരത്തും വിജനം. അയല്‍വക്കങ്ങളില്‍ ഒന്നു വിളിച്ചുപറയുകപോലും ചെയ്യാതെ എല്ലാരും എങ്ങോട്ടോ ഓടുന്നു. വൈകി മാത്രമാണു കാരണം വെള്ളച്ചി മനസ്സിലാക്കുന്നത്. എല്ലാവരും പോയത് പയ്യാമ്പലത്തേക്കാണ്. 

‘മ്മടെ നായനാര്‍ സഖാവ് മരിച്ചുപോയി. ഇന്നലെ രാത്രി’. 

തിരുവനന്തപുരത്തുനിന്ന് പയ്യാമ്പലത്തേക്ക് സഖാവുമായി വാഹനം പുറപ്പെട്ടിട്ടുണ്ട്. റേഡിയോ തുറന്ന് തട്ടിത്തട്ടി ശരിയാക്കി രയരപ്പന്റെ ചെവിയോടു ചേര്‍ത്തുവച്ച് വെള്ളച്ചി വിതുമ്പി: രയരപ്പേട്ടാ, മ്മ്ടെ സഖാവ്. 

 

രയരപ്പേട്ടനെയും വെള്ളച്ചിയേയും പോലുള്ളവരുടെ വംശ ചരിത്രം ഈ നാടിന്റെ കൂടി ചരിത്രമാണ്. പാര്‍ട്ടിയേയും പാര്‍ട്ടി സഖാക്കളെയും നെഞ്ചേറ്റിയ നിഷ്കളങ്കരായ സഖാക്കളും പാര്‍ട്ടി ഗ്രാമങ്ങളും. ജനതയുടെ ആദിമ ബോധത്തില്‍ ഒരു പ്രത്യയശാസ്ത്രം സൃഷ്ടിച്ച സ്വാധീനത്തിന്റെയും ജീവിതം കൊണ്ടെഴുതിയ സമരങ്ങളുടെയും കഥ. ഇന്നും ജ്വലിക്കുന്ന ചരിത്രം. സമരപുളകങ്ങളുടെ നിലയ്ക്കാത്ത ഘോഷം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലെ ലോകം പഠിക്കേണ്ടതാണ് കേരളത്തില്‍ ആ മാനിഫെസ്റ്റോ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ആഘോഷിച്ച രക്തസാക്ഷികളും. കാലത്തിന്റെ തിരശ്ശീലയില്‍ മറഞ്ഞുപോയ രക്തസാക്ഷികളില്‍ ഒരാളാണ് രയരപ്പേട്ടനെങ്കില്‍ സഖാവ് ദിവാകരന്റെ ഭാര്യയെപ്പോലുള്ളവര്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്ന രക്തസാക്ഷി. പാര്‍ട്ടിക്കുവേണ്ടി മരിച്ച ദിവാകരന്‍. ആ ഓര്‍മയില്‍ ജീവിക്കുന്ന ഭാര്യ. ആ ഓര്‍മ കൊണ്ടു വിശപ്പടക്കാന്‍ കഴിയാത്ത മകന്‍. അവനില്‍നിന്ന് ഉയരാത്ത മുദ്രാവാക്യങ്ങള്‍. സഖാവിന്റെ ഓര്‍മ പാര്‍ട്ടി വിറ്റു കാശാക്കുന്നിതിനു നിശ്ശബ്ദ സാക്ഷികളാകേണ്ടിവരുന്നവര്‍. 

ഇവരുടെ ജീവിതങ്ങള്‍ പുതിയ കാലത്തിന്റെ പശ്ചാത്തലത്തില്‍ സ്വതസിദ്ധമായ ഭാഷയില്‍ പറയുന്ന കഥകളാണ് പ്രമോദ് കൂവേരിയുടേത്. പാര്‍ട്ടിയുടെ വളര്‍ച്ചയുടെയും അപചയത്തിന്റെയും ചരിത്രം. സഖാക്കളുടെയും ‘പെറ്റി’ സഖാക്കളുടെയും രക്തസാക്ഷി സ്തൂപങ്ങളുടെയും നാടിന്റെ കഥ. പത്തൊന്‍പത് മൊട്ടകള്‍ എന്ന കഥാ സമാഹാരത്തില്‍ മറ്റു പശ്ചാത്തലത്തില്‍ എഴുതിയ കഥകളുമുണ്ടെങ്കിലും പാര്‍ട്ടിയെക്കുറിച്ചാകുമ്പോള്‍, രക്തസാക്ഷികളെക്കുറിച്ചാകുമ്പോള്‍, ബലികുടീരങ്ങളെക്കുറിച്ചാകുമ്പോള്‍ പ്രമോദിന്റെ ഭാഷയ്ക്കു മൂര്‍ച്ച കൂടുന്നു. ഒരു കാലഘട്ടത്തെ ആവേശത്തിലാഴ്ത്തിയ മുദ്രാവാക്യങ്ങള്‍ പോലെ വാക്കുകള്‍ ജീവന്‍വച്ച് സജീവമാകുന്നു. 

 

വൈകുന്നേരത്തോടെ നായനാര്‍ ജന്‍മനാട്ടിലെത്തിയെന്ന വാര്‍ത്ത കേട്ട നിമിഷം വെള്ളച്ചി കൊടി നിവര്‍ത്തി രയരപ്പനെ പുതപ്പിച്ചു. ഞരമ്പിലേക്ക് ഇരച്ചുകയറിയ ചുടുചോരയില്‍ വെള്ളച്ചി മുഷ്ടി ചുരുട്ടി. വീടിന്റെ താഴ്ന്ന മേല്‍ക്കൂരയില്‍ കൈ മുട്ടി വെള്ളച്ചി രയരപ്പനെ അഭിവാദ്യം ചെയ്തു. 

കാഴ്ചകളുടെ കോണില്‍ അസ്തമയ സൂര്യന്‍ താഴ്ന്നു ചോന്നിറങ്ങുന്നു. ഉള്ളില്‍നിന്നു തിരമാലകളുടെ വിയര്‍പ്പൊഴുകിത്തെറിച്ചു. 

 

English Summary: Pathonpathu Mottakal book written by Pramod Kooveri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com