ADVERTISEMENT

കാലം 1969. തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ ഭീതി വിതച്ച് ഒരു പ്രത്യേക പനി പടര്‍ന്നുപിടിക്കുന്നു. രോഗികളായി വരുന്നവര്‍ രണ്ടോ മൂന്നോ ദിനം കൊണ്ട് ബോധം കെട്ടു വീഴുന്നു. ചിലര്‍ക്കു തുടര്‍ച്ചയായി അപസ്മാരം. മരണങ്ങളും സാധാരണമാകുന്നു.

 

അറിയപ്പെടാത്ത കാരണത്താലുള്ള പനി ഭീതി വിതയ്ക്കുമ്പോഴും എന്തു ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ക്കു പോലും പിടിയില്ലായിരുന്നു. രോഗം  ചികിത്സിക്കുന്നവര്‍ക്കും പകരാമെന്നോ ഇല്ലയോ എന്നൊന്നുമുള്ള അറിവും ഇല്ല. 

 

ന്യൂറോളജിയില്‍ പില്‍ക്കാലത്ത് ഒട്ടേറെ നേട്ടങ്ങള്‍ സൃഷ്ടിച്ച ഡോ. കെ. രാജശേഖരന്‍ നായര്‍ അന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്യൂട്ടര്‍. രണ്ടുമൂന്നു മാസം മുന്‍പു പനി ബാധിച്ച ചിലര്‍ക്ക് ജപ്പാന്‍ മസ്തിഷ്കജ്വരമാണെന്നു തെളിയിച്ച ഒരു റിപ്പോര്‍ട്ട് ഡോക്ടറുടെ മനസ്സില്‍വന്നു. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ആ റിപ്പോര്‍ട്ടിന്റെ പിറവി എന്നു കണ്ടുപിടിക്കുന്നു.

 

തീരദേശത്തെ കീഴ്​പ്പെടുത്തുന്ന പനിയുടെ ലക്ഷണങ്ങള്‍ ജപ്പാന്‍ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി യോജിക്കുന്നു എന്നും അദ്ദേഹം മനസ്സിലാക്കി. 

 

വാര്‍ത്താ വിനിമയ മാര്‍ഗങ്ങള്‍ കുറവും സാങ്കേതിക രംഗം വികസിച്ചിട്ടില്ലാത്തതുമായ അക്കാലത്ത് ഒരു ഇന്‍ലന്‍ഡില്‍ മെഡിക്കല്‍ കോളജിലെ രോഗികളുടെ അവസ്ഥയെക്കുറിച്ചും ഇനി എന്താണു ചെയ്യേണ്ടതെന്ന ഉപദേശം ആരാഞ്ഞും അദ്ദേഹം പുണെയിലേക്ക് ഒരു കത്ത് അയയ്ക്കുന്നു. ഇന്‍ലന്‍ഡില്‍ സ്വന്തം കൈപ്പടയില്‍. 

 

5-ാം ദിവസം പുണെയില്‍ നിന്ന് ടെലഗ്രാം കിട്ടുന്നു. ഉടന്‍ നടപടി സ്വീകരിക്കും എന്ന ഉറപ്പുമായി. പിറ്റേന്നു വൈകിട്ട് പുണെയില്‍നിന്നുള്ള 4 പേര്‍ ഡോക്ടറെ കാണാനെത്തുന്നു. സ്ഥിതി കൃത്യമായി മനസ്സിലാക്കിയ ശേഷം രോഗികളുടെ പരിശോധന തുടങ്ങുന്നു. എന്നാല്‍ പിറ്റേന്നു രാവിലെ ഡോക്ടറെ കാത്തിരുന്നത്  പ്രിന്‍സിപ്പലിന്റെ മെമ്മോ. ആരുടെ അനുവാദം വാങ്ങിച്ചിട്ടാണ് വിദഗ്ധരെ തിരുവനന്തപുരത്ത് എത്തിച്ചതെന്നതിന്റെ വിശദീകരണം ആരാഞ്ഞ്. 

സാഹചര്യത്തിന്റെ ഗൗരവം പോലും പരിഗണിക്കാതെ നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ശിക്ഷാ നടപടി. എന്നാല്‍, അധികം വൈകാതെ പുണെയില്‍ നിന്നുള്ള വൈറോളജി വിദഗ്ധരുമായി അധികൃതര്‍ക്ക് യോജിച്ചുപോകേണ്ടിവന്നു. പരിശോധനയും ഗവേഷണവും തുടരേണ്ടിയും വന്നു. 

 

അന്നത്തെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഗവേഷണ കേന്ദ്രം പ്ലാന്‍ ചെയ്തു; എന്നാല്‍ ആവര്‍ത്തിച്ചത് പകര്‍ച്ചവ്യാധികള്‍. നിപ്പയായും രണ്ടു വര്‍ഷത്തിനുശേഷം കോവിഡായുമെല്ലാം.  

 

കേരളത്തിന്റെ തീരദേശ ജനതയെ അന്ന് പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷപ്പെടുത്താന്‍ അധികൃതരുടെ അനുവാദം പോലും വാങ്ങാതെ മുന്നിട്ടിറങ്ങിയ ഡോക്ടര്‍ കെ. രാജശേഖരന്‍ നായര്‍ ഇന്ന് പഴയ കഥ പറയുന്നത് ചില അപ്രിയ സത്യങ്ങള്‍ ഓര്‍മപ്പെടുത്താന്‍ കൂടിയാണ്. 2018 മേയില്‍ കോഴിക്കോട്ട് ഭീതി വിതച്ച നിപ്പയുടെ കാലത്തും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യം അദ്ദേഹത്തിന് ഓര്‍മിക്കാതിരിക്കാന്‍ വയ്യ. തരംഗങ്ങളായി പിന്നെയും പിന്നെയും വരുന്ന മഹാമാരികളെക്കുറിച്ച്  പറയാതിരിക്കാനും. 

മലയാള സാഹിത്യത്തിനും ഭാഷയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ഡോ. ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ മകനാണ് രാജശേഖന്‍ നായര്‍. 80 പതിറ്റാണ്ടോളം നീണ്ട ജീവിതത്തിന്റെ കറുപ്പും വെളുപ്പും കലര്‍ന്ന അനുഭവങ്ങള്‍ നല്ല മലയാളത്തില്‍ അദ്ദേഹം വായനക്കാരുമായി പങ്കുവയ്ക്കുന്ന മുഖസന്ധികള്‍ എന്ന പുതിയ പുസ്തകത്തിലാണ് 1969 ലെ പനിക്കാലം ഓര്‍ത്തെടുക്കുന്നത്. കോവഡിന്റെ മുന്‍ഗാമിയെന്നു വിശേഷിപ്പിക്കാവുന്ന പകര്‍ച്ചവ്യാധിയെ അന്ന് കേരളം എങ്ങനെ നേരിട്ടു എന്നു വിശദീകരിക്കുന്നത്. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ രോഗങ്ങളെ നിയന്ത്രിക്കാനും അതിജീവിക്കാനും നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്. 

 

ഇന്ത്യയിലും വിദേശത്തും ഉന്നത സ്ഥാപനങ്ങളില്‍ ഗവേഷണവും പഠനങ്ങളും നടത്തിയ രാജശേഖന്‍ നായര്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയാണ്. കവിയായും കഥാകാരനായും അനുഭവകാരനായുമൊക്കെ. ഇന്ന് അപൂര്‍വങ്ങള്‍ വരെയായ പുസ്തകങ്ങളെ ഏറ്റവും വലിയ സമ്പത്തായി കരുതുന്ന അക്ഷരസ്നേഹിയായ ഡോക്ടര്‍. 

 

വൈദ്യ ജീവിതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അമൂല്യമായ ഓര്‍മകളുടെ സമാഹാരമാണ് മുഖസന്ധികള്‍. ലളിതമായ ഭാഷയില്‍, സുന്ദരമായ ശൈലിയില്‍ ആവിഷ്കരിക്കുന്ന അനുഭവപാഠങ്ങള്‍. വൈദ്യ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും മാത്രമല്ല സാധാരണ വായനക്കാര്‍ക്കും രസിക്കുന്ന മികച്ച പുസ്തകം. ഒരു ഡോക്ടറുടെ കഥകള്‍ എന്നതിനേക്കാള്‍ കഥയുടെ മര്‍മം ഗ്രഹിച്ച, രോഗങ്ങളും മരുന്നും ആശുപത്രികളും ഡോട്കര്‍മാരും പശ്ചാത്തലമാകുന്ന, ജീവിതം പ്രമേയമാകുന്ന, അനുഭവ ഗന്ധിയായ ആത്മകഥനം എന്നു വിശേഷിപ്പിക്കാവുന്ന കൃതി. 

 

English Summary: Mughasandhikal book by Dr. K Rajasekharan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com