ചോറും മീനും വിളമ്പി പോ‍ഞ്ഞിക്കര റാഫിയുടെ കല്യാണം, ആര്‍ത്തും ഓര്‍ത്തും ചിരിക്കാന്‍ ഡിസി ഫലിതങ്ങള്‍

HIGHLIGHTS
  • നിഷ്കളങ്കമായി ചിരിപ്പിക്കുന്നത് ഒരു കലയാണ്. ഒപ്പം ചിന്തിപ്പിക്കുന്നതും
dc-phalithangal-p
SHARE
ഡിസി കിഴക്കെമുറി

ഡിസി ബുക്സ്

വില 199 രൂപ

ചിരിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്; ചിന്തിപ്പിക്കാനും. ഇതു രണ്ടു ഒരേ വാക്കുകളിലൂടെ സൃഷ്ടിക്കാന്‍ കഴിയുന്നത് അത്യപൂര്‍വവും. എന്നാല്‍ അനായാസം ഇതു സാധിച്ച ഒരു എഴുത്തുകാരനുണ്ട്. പ്രസാധകനായി അറിയപ്പെട്ട ഡി.സി. കിഴക്കെമുറി. 

പരിഹസിച്ചും വിമര്‍ശിച്ചും ചിരിപ്പിക്കാമെങ്കിലും നിഷ്കളങ്കമായി ചിരിപ്പിക്കുന്നത് ഒരു കലയാണ്. ഒപ്പം ചിന്തിപ്പിക്കുന്നതും. അതും വളരെക്കുറഞ്ഞ വാക്കുകളില്‍. ഡിസിയുടെ ലേഖന പരമ്പരകളില്‍ ചിതറിക്കിടക്കുന്ന നര്‍മ്മരസ പ്രധാനവും ചിന്തിപ്പിക്കുന്നതുമായ നുറുങ്ങുകള്‍ സമാഹരിച്ച പുസ്തകമായ ഡിസീ ഫലിതങ്ങള്‍ ഓരോന്നും ചിന്തനീയമായ കുറിപ്പുകളാണ്; ആനന്ദദായകവും. അരവിന്ദന്‍ കെ.എസ്. മംഗലം ആണ് കുറിപ്പുകള്‍ പുസ്കത്തിനു വേണ്ടി സമാഹരിച്ചത്. 

പ്രസാധകന്‍ എന്ന നിലയില്‍ കേരളത്തിലെയും പുറത്തുമുള്ള മലയാള എഴുത്തുകാരെയെല്ലാം പരിചയമുള്ള വ്യക്തിയാണ് ഡിസി; ഒരേ ഒരാള്‍ ഒഴിച്ച്. സംസ്കൃത പണ്ഡിതനും സാഹിത്യ നിരൂപകനും ഗവേഷകനുമായ എം.പി.ശങ്കുണ്ണിനായര്‍. എന്‍വി പുരസ്കാരം വാങ്ങാന്‍ ശങ്കുണ്ണിനായര്‍ എത്തുമെന്ന പ്രതീക്ഷയും വിഫലമായതോടെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള ചില സവിശേഷ വിവരങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നു ഡിസിക്കു ലഭിക്കുന്നത്. 

മദ്രാസ് പച്ചയ്യപ്പാസ് കോളജിലെ പ്രഫസറായിരുന്ന ശങ്കുണ്ണിമേനോന്‍ അവിവാഹിതനാണ്. മേഴത്തൂരിലെ രണ്ടുനില വീടിന്റെ താഴത്തെ നിലയില്‍ അനുജനും കുടുംബവും താമസിക്കുന്നു. ശങ്കുണ്ണിനായര്‍ ഒറ്റയ്ക്കു മുകളിലത്തെ നിലയിലും. അദ്ദേഹത്തിന് 79 വയസ്സുള്ള കാലത്തെ കഥകളാണ് ഡിസി പറയുന്നത്. ആരോടും സംസാരിക്കുകയില്ല. താഴെനിന്ന് ഭക്ഷണം കൊടുത്തയച്ചാല്‍ കഴിക്കും. രണ്ടു മുണ്ടും ഒരു ഷര്‍ട്ടുമാണ് ഒരു വര്‍ഷത്തേക്കു വേണ്ടത്. ഷര്‍ട്ടിന്റെ ബട്ടണ്‍ ഒരിക്കലും ശരിക്കിടാറില്ല. ചെരിപ്പ് ഉപയോഗിക്കില്ല. ബസിലേ യാത്ര ചെയ്യൂ. കുട എപ്പോഴും കയ്യിലുണ്ടാവും. ആളുകള്‍ കൂടിന്നിടത്ത് പോകില്ല. 

ആരെങ്കിലും കാണാന്‍ ചെന്നാല്‍ എന്താ എന്നു ചോദിക്കും. ഞാനൊരു കത്തയച്ചിരുന്നു എന്നു തുടങ്ങുന്നു അപരിചിതന്‍. ങ്ഹും, എഴുത്തു കിട്ടി. പൊയ്ക്കൊള്ളൂ.. എന്നായിരിക്കും മറുപടി. അയാള്‍ അവിടെത്തന്നെ നിന്നാല്‍ ഇങ്ങനെ കൂടി കേള്‍ക്കാം. പൊയ്ക്കൊള്ളാനല്ലേ പറഞ്ഞത്, നില്‍ക്കേണ്ട ! 

കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയ, ഛത്രവും ചാമരവും ഉള്‍പ്പെടെയുള്ള കൃതികളുടെ കര്‍ത്താവായ അദ്ദേഹം ഏകാന്ത വാസത്തിനൊടുവില്‍ 89-ാം വയസ്സിലാണു മരിച്ചത്. 

എഴുത്തിനൊപ്പം ജീവിത രീതിയിയുടെയും മൗലികത കൊണ്ടാണ് ശങ്കുണ്ണിനായര്‍ അതിശയിപ്പിച്ചതെങ്കില്‍ പോഞ്ഞിക്കര റാഫിയുമായി ബന്ധപ്പെട്ട ഒരു അനുഭവം ഡിസി വിവരിക്കുന്നതു കേള്‍ക്കുക. 

1963 ലായിരുന്നു റാഫിയുടെ വിവാഹം. കൊച്ചിയിലെ ഗോതുരുത്ത് ദ്വീപില്‍. സദ്യയ്ക്ക് ചോറ് കഴിഞ്ഞാല്‍ എല്ലാം മീന്‍ വിഭവങ്ങളാണ്. ഡിസി ആകട്ടെ ശുദ്ധ സസ്യാഹാരിയും. ചോറു മാത്രം കഴിക്കുന്ന ഡിസിയുടെ 

ദയനീയാവസ്ഥ കണ്ടുവന്ന ആള്‍ മുട്ട കഴിക്കുമോ എന്നദ്ദേഹത്തോട് ചോദിച്ചു. കഴിക്കും എന്നു മറുപടി. 

5 മിനിറ്റ് കഴിഞ്ഞപ്പോള്‍ മുട്ട പൊരിച്ചത് ഇലയില്‍ വിളമ്പി. 

എന്തോ പന്തികേട് തോന്നി ഡിസി തിരക്കി: 

എന്തു മുട്ടയാണിത് ? 

സാറേ അതു മീനിന്റെ മുട്ടയാണ് ! 

English Summary: Deecee Phalithangal Book by DC Kizhakemuri 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;