രാജാക്കന്മാർക്കുവേണ്ടി ജീവൻവരെ കൊടുക്കാൻ തയാറായി യുദ്ധത്തിനിറങ്ങിയവരുടെ കഥ

kuthira-pakshi-p
SHARE
സജിത് മോഹന്‍

മാസ്റ്റേഴ്സ് പബ്ലിക്കേഷന്‍സ്

വില 390 രൂപ

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തിരുനടയില്‍ നിന്നാണ് കുതിരപ്പക്ഷി എന്ന നോവലിന്റെ പ്രയാണം തുടങ്ങുന്നത്. എല്ലാറ്റിനും സാക്ഷിയായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടയില്‍ എല്ലാം അറിയുന്ന അനന്തശായിയായ വൈകുണ്ഠനാഥനുമുന്നില്‍ അവസാനിക്കുമ്പോഴേക്കും രാജധര്‍മ്മത്തിന്റെയും കര്‍മ്മബന്ധങ്ങളുടെയും മൂല്യവ്യവസ്ഥകളുടെയും ഇതിഹാസ കഥകൾ അനാവരണം ചെയ്യപ്പെടുന്നു. ഒരേ സമയം ചരിത്രപരവും ഭാവനാത്മകവും ദാര്‍ശനികവുമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം. 

ചരിത്രാഖ്യായികളിലൂടെയാണ് തിരുവിതാംകൂറിന്റെ ചരിത്രം തലമുറകളിലേക്കു പകര്‍ന്നത്. പുതിയ കാലത്ത് ആ ദൗത്യം സമർത്ഥമായി നിര്‍വഹിക്കുന്നതു നോവലുകള്‍. ആ നിരയില്‍ സ്ഥാനം പിടിക്കുന്ന നോവലാണു കുതിരപ്പക്ഷി. 

പലപ്പോഴും കഥകളേക്കാള്‍ നാടകീയവും നാടകങ്ങളേക്കാള്‍ ഉദ്വേഗജനകവും എന്നാല്‍ യാഥാര്‍ഥ്യം തുടിച്ചുനില്‍ക്കുന്നതുമായ ജീവിതകഥകള്‍. രാജധര്‍മത്തിന്റെ കൊടിക്കൂറ താഴാതെയും, ശത്രുക്കള്‍ ഉയര്‍ത്തിയ കാറ്റില്‍ ഉലയാതെയും മുന്നോട്ടുകൊണ്ടുപോയ ചില വ്യക്തികളുണ്ട്. രാജാക്കന്‍മാരേക്കാള്‍ ശ്രദ്ധേയരായവര്‍. ശ്രീപദ്മനാഭ സ്വാമിയെപ്പോലെ ജനങ്ങള്‍ കണ്‍കണ്ട ദൈവമായി രാജാക്കന്‍മാരെ ആരാധിച്ചപ്പോഴും വയോവൃദ്ധരായ അവര്‍ക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും ജീവന്‍ കൊടുക്കാന്‍ തയാറായി യുദ്ധക്കളത്തിലേക്കു നീങ്ങിയിരുന്ന ദിവാന്‍മാരും സാര്‍വാധികാര്യക്കാരും പടത്തലവന്‍മാരും. അവരില്‍ ചിലരിലൂടെയാണ് കുതിരപ്പക്ഷിയുടെ കഥ മുന്നോട്ടുപോകുന്നത്. കേശവപിള്ളയിലൂടെ, കുഞ്ഞിക്കുട്ടിപ്പിള്ളയിലൂടെ, പദ്മനാഭപിള്ളയിലൂടെ... 

അളവറ്റ സമ്പത്തും വിലയിടാനാവാത്ത സ്വര്‍ണവും രത്നങ്ങളും ഐശ്വര്യവുമായിരുന്നു തിരുവിതാംകൂറിന്റെ സവിശേഷത. കടലിന് അപ്പുറമുള്ള രാജ്യങ്ങളെയും ഇന്ത്യയിലെ തന്നെ പ്രബലമായ രാജാക്കന്‍മാരെയും ആകര്‍ഷിച്ചതും പ്രലോഭിപ്പിച്ചതുമായ സമ്പത്ത്. എന്നാല്‍ ഒരു രാജ്യത്തിന്റെ സ്വത്ത് എന്നതിനേക്കാള്‍ ശ്രീപദ്മനാഭന്റെ സ്വത്തായിരുന്നു എല്ലാം. രാജ്യം തന്നെ തൃപ്പടിദാനം വച്ചതിനുശേഷമായിരുന്നല്ലോ ഭരണം പോലും. തൃപ്പടിദാനത്തിലൂടെ ശ്രീപദ്മനാഭനു സമര്‍പ്പിച്ച രാജ്യവും പ്രജകളും പദ്മനാഭദസനായ രാജാവും. 

തിരുവിതാംകൂര്‍ ആക്രമിച്ചു കീഴടക്കാന്‍ വന്ന ടിപ്പു സുല്‍ത്താന്റെ രണ്ടു പടയോട്ടങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചു എന്നതിന്റെ നാടകീയ ആഖ്യാനം കുതിരപ്പക്ഷിയില്‍ വായിക്കാം. ടിപ്പുവിന്റെ ആക്രമണത്തിനുശേഷവും ശുത്രുവിനെ തുരത്താന്‍ മിത്രമാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടിഷ് ഭരണകൂടത്തിന്റെയും നിരന്തമായ ആക്രമണങ്ങളെയും ചൂഷണത്തെയും രാജ്യത്തിനു ചെറുത്തുനില്‍ക്കേണ്ടിവന്നു. ഓരോ സംഭവവും വിശദമായും വിപുലമായും നോവല്‍ ആഖ്യാനം ചെയ്യുന്നുണ്ട്. നാടകീയമായും സൂക്ഷ്മാംശങ്ങള്‍ പോലും വിട്ടുപോകാതെയുമാണ് ഈ ബ്രിഹദ് നോവലിന്റെ രചന. രാജ്യതന്ത്രവും സൈനിക ശക്തിയും ഒരുപോലെ ഒത്തിണങ്ങിയതിനൊപ്പം രാജ്യത്തെ കാത്തുരക്ഷിക്കാന്‍ അങ്ങേയറ്റം ഉപകാരപ്പെട്ട കുതിരപ്പക്ഷിയുടെ അതിശയകരമായ സേവനങ്ങളും നോവലിലുണ്ട്. 

വ്യക്തിപരമായ ഇഷ്ടനിഷ്ടങ്ങള്‍ ത്യജിച്ച്, വീരോചിതമായ പ്രവൃത്തികളിലൂടെ നിസ്വാര്‍ഥരായ ഒരു തലമുറ സ്വന്തം നാടിനുവേണ്ടി വീരചരമം പ്രാപിക്കുന്ന കഥ ഇന്നും പ്രസക്തമാണ്. സങ്കേതിക വിദ്യയുടെ വികാസം മൂലം രാജ്യങ്ങളും അതിര്‍ത്തികളും ഒരു പരിധി വരെ അപ്രസക്തമാകുകയും യുദ്ധകോലാഹലങ്ങള്‍ ഭൂതകാലത്തിന്റെ ചെപ്പിലടച്ച വീരേതിഹാസങ്ങളാവുകയും ചെയ്ത പുതിയ കാലത്തും ആവേശം കൊള്ളിക്കുന്നതും അഭിമാനം ജനിപ്പിക്കുന്നതുമായ സ്വന്തം നാടിന്റെ കഥ. ആ കഥകളില്‍ നിന്നാണു നാളെയുടെ വീരയോദ്ധാക്കള്‍ ജനിക്കേണ്ടത്. അവരുടെ നേട്ടങ്ങളിലൂടെയാണു രാജ്യം അറിയപ്പെടേണ്ടത്. നേട്ടങ്ങളുടെ പതാക ഉയരത്തിലുയരത്തില്‍ പറക്കേണ്ടത്. 

English Summary: Kuthirappakshi book by Sajith Mohan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;