ADVERTISEMENT

വര്‍ഷം 1943. എ.പി.ജെ.അബ്ദുള്‍ കലാം അന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി. സയന്‍സ് പഠിപ്പിച്ചിരുന്നത് ശിവസുബ്രമണ്യ അയ്യര്‍ എന്ന ക്ലാസ് ടീച്ചര്‍. ഒരു ദിവസം അദ്ദേഹം കുട്ടികളെ പഠിപ്പിച്ചതു പക്ഷികള്‍ പറക്കുന്ന രീതി. പക്ഷികളുടെ ശരീരാകൃതിയും ചിറകുകളും പ്രത്യേക ചലനവും എത്രത്തോളം പ്രധാനമാണെന്നും പറക്കുമ്പോള്‍ അതെങ്ങനെ വേഗം കൂട്ടുന്നുവെന്നും വാല്‍ഭാഗം എങ്ങനെ ദിശ നിര്‍ണ്ണയിക്കുന്നുവെന്നും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 

 

എല്ലാം അദ്ദേഹം ഭംഗിയായി വിവരിച്ചെങ്കിലും കുട്ടികള്‍ക്ക് അത് പൂര്‍ണമായി മനസ്സില്‍ ഉള്‍ക്കൊള്ളാനായില്ല. അപ്പോള്‍ സമയം വൈകിട്ടായിരുന്നു. കുട്ടികളെ കൂട്ടി അധ്യാപകന്‍ രാമേശ്വരം ദ്വീപിന്റെ തീരത്തേക്കു പുറപ്പെട്ടു. ആ സായാഹ്നത്തില്‍ അവിടെ ഒരുപാടു പക്ഷികള്‍ പറക്കുന്നുണ്ടായിരുന്നു. അവ ചിറകടിക്കുന്നതും പറക്കലിന്റെ വേഗം കൂട്ടുന്നതും വാല്‍ഭാഗത്തിന്റെ 

ചലനത്താല്‍ ദിശ മാറ്റുന്നതുമെല്ലാം കുട്ടികള്‍ നോക്കിക്കണ്ടു. ആ നിമിഷമാണ് കുട്ടിയായിരുന്ന കലാം ഭാവിയില്‍ ആരാകണം എന്നു  തീരുമാനിക്കുന്നത്. പറത്തലിന്റെ ശാസ്ത്രം (science of flight) പഠിക്കാന്‍ 

ഉറപ്പിക്കുന്നത്. ആ തിരുമാനമാണ് ഭാവിയിലെ മിസൈല്‍ ടെക്നോളജി വിദഗ്ധനായും രാജ്യത്തിന്റെ ശാസ്ത്രോപദേശകനായും പ്രഥമ പൗരനായും കലാമിനെ മാറ്റുന്നത്. 

 

ശിവസുബ്രമണ്യയ്യര്‍ എന്ന അധ്യാപകന്‍ ഒരു എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ജീവിതത്തില്‍ സൃഷ്ടിച്ച വഴിത്തിരിവ്. വഴികാട്ടിയായ അധ്യാപകന്‍. വഴിത്തിരിവായ അധ്യാപനം. 

 

വിദ്യാഭ്യാസം കുട്ടികളുടെ വ്യക്തിത്വത്തിനും ക്രിയാത്മകതയ്ക്കും അര്‍ഹമായ പ്രാധാന്യം കൊടുക്കുന്നതാകണം. മന:പാഠ രീതിയില്‍ നിന്നു മാറി പാഠ്യപദ്ധതിക്ക് ഉള്‍ക്കാഴ്ച ഉണ്ടായിരിക്കണം. കുട്ടികളുടെ ക്രിയാത്മകതയെയും ചിന്താശക്തിയെയും തിരിച്ചറിയുംവിധമാണ് പരീക്ഷാരീതികള്‍ രൂപപ്പെടുത്തേണ്ടത്. പഠന കേന്ദ്രങ്ങള്‍ എന്നതിലുപരി അറിവിന്റെയും പാടവ വികസനത്തിന്റെയും കേന്ദ്രങ്ങളായി മാറണം സ്കൂളുകള്‍. 

 

വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമാണു ബാല്യകാലം. വീട്ടിലും സ്കൂളിലും സമൂഹത്തിലും നിന്ന് 5 മുതല്‍ 16 വയസ്സുവരെ ലഭിക്കുന്ന പാഠങ്ങളാണ് വ്യക്തികളുടെ പില്‍ക്കാല ജീവിതം രൂപപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രത്തെ മഹത്തരമാക്കുന്നതില്‍ ഏറ്റവും പ്രാധാന്യം വിദ്യാഭ്യാസത്തിനുതന്നെ. മഹത്വത്തിലേക്കുള്ള പാതകള്‍ എന്ന പുസ്തകത്തില്‍ ഒരു രാഷ്ട്രത്തെ ഉന്നതമാക്കുന്ന ഘടകങ്ങളെക്കുറിച്ചാണ് കലാം ചര്‍ച്ച ചെയ്യുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു രാഷ്ട്രത്തിന്റെ നിര്‍മിതിയെക്കുറിച്ചുള്ള ചിന്തകള്‍. 

 

വ്യക്തികളെപ്പോലെ രാഷ്ട്രങ്ങള്‍ക്കും ബുദ്ധിമുട്ടുള്ള കാലങ്ങളുണ്ടാകും. ആ കാലങ്ങളില്‍ എന്തു സംഭവിക്കുന്നു, രാഷ്ട്രം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് യഥാര്‍ഥത്തില്‍ വികസനത്തിന്റെ അളവുകോല്‍. ചെറിയ ലക്ഷ്യം കുറ്റകരമാകുന്നു എന്നു വിശ്വാസിച്ച കലാമിന്റെ രാഷ്ട്രപുരോഗതിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് മഹത്വത്തിലേക്കുള്ള വഴികള്‍. രസകരവും വിജ്ഞാനപ്രദവുമായ കഥകള്‍ക്കും അനുഭവങ്ങള്‍ക്കുമൊപ്പം ലളിതമായ 

ഭാഷയില്‍ വിവരിക്കുന്ന ഉത്തമ രാഷ്ട്രതന്ത്രം. വിവര്‍ത്തനം എം.കെ.ഗൗരി. 

 

English Summary: Mahathwathilekkulla pathakal: Mattathinayi othucherunnu book by APJ Abdul Kalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com