ADVERTISEMENT

പാതിമയക്കത്തിന്റെ പാതിരാ കുർബാനകളും വൃച്ഛിക മഞ്ഞിൽ തണുത്തുറഞ്ഞു നിൽക്കുമ്പോൾ ജിംഗിൾ ബെൽസ് പാടി വരുന്ന കരോൾ സംഘങ്ങളും മാത്രമല്ല എന്റെ ക്രിസ്മസിന്റെ ഓർമ്മക്കൂനയ്ക്ക് ആകാശം മുട്ടെയാണ് പൊക്കം. ജേക്കബ് ഏബ്രഹാമിന്റെ ക്രിസ്മസ് പുസ്തകം വായിച്ചു തീർന്നപ്പോൾ ഓർമ്മയുടെ ക്രിസ്മസ് കാർഡിൽ ഒരു മെഴുകുതിരി കൂടി എരിഞ്ഞമർന്നു. വർണ്ണങ്ങൾ വാരി വിതറിയ ക്രിസ്മസ് വീഥിയിൽ ശാന്തരാത്രി തിരുരാത്രി... പാടി തിരുപ്പിറവിയുടെ സ്നേഹത്തിലേക്ക് എത്തിചേർന്ന പോലെ. ആനന്ദത്തിന്റെ പൊന്നും മൂരും കുന്തിരിക്കവും ആരൊക്കെയോ എന്റെ ഹൃദയത്തിൽ സമർപ്പിച്ച് വണങ്ങി നിൽക്കുന്ന ഫീൽ. അങ്ങനെയാണ്. ചിലപ്പോഴൊക്കെ പുസ്തക വായന. മനസ്സിൽ കുന്തിരിക്കത്തിന്റെ സുഗന്ധം നിറയ്ക്കുന്നു.

 

രചനാ തന്ത്രത്തിന്റെ നവീന വഴികൾ കാട്ടി അത്ഭുതപ്പെടുത്തിയ ഒരു എഴുത്തുകാരനാണ് ജേക്കബ് ഏബ്രഹാം. അതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ ‘ക്രിസ്മസ് പുസ്തകം’ വായിക്കാനായി തുറന്നു വെച്ചത്. ക്രിസ്മസ് പ്രമേയമാക്കിയ ചെറുകഥകളും ഓർമ്മക്കുറിപ്പുകളും വരകളും ചേർന്നുള്ള സമാഹാരമാണ് ക്രിസ്മസ് പുസ്തകം. 

 

Jacob-Abraham

‘സോഫിയുടെ ക്രിസ്മസ് കാർഡുകളാണ്’ ആദ്യ കഥ.

എം.ടി.വാസുദേവൻ നായരുടെ ‘നിന്റെ ഓർമ്മക്ക്’ എന്ന കഥ പണ്ട് വായിച്ചത് ഓർത്തു പോയി. ലീലയെ വാസു ഓർക്കുന്ന പോലൊരു ഫീൽ. ലീലയെപ്പോലെ സോഫി. നായകന്റെ കൂട്ടുകാരിയോ പ്രണയിനിയോ ആയല്ല.. സഹോദരിയെപ്പോലെ... അതുകൊണ്ട് തന്നെ കെന്നിയങ്കിൾ ഉൾപ്പെടെ മറ്റെല്ലാ കഥാപാത്രങ്ങളും എന്റെ വായനയിൽ കഥയിൽ നിന്ന് പറന്നകലുന്നു. കഥാനായകനും സോഫിയും മാത്രം ടീച്ചറമ്മയുടെ വീടിന്റെ രണ്ടാം നിലയിലെ മലകളിലേക്ക് തുറക്കുന്ന ജാലകത്തിലെ പാരപ്പറ്റിലിരിക്കുന്നു. അവർക്കു ചുറ്റും നക്ഷത്ര വിളക്കുകളും ചിത്രശലഭങ്ങളും മാലാഖമാരും നൃത്തം വെക്കുന്നതാണ് ഞാൻ കാണുന്നത്.

 

സോഫി  കഥാകൃത്തിന്റെ അയൽ വീട്ടിൽ ഒരു അവധിക്കാലം ചിലവഴിക്കാനെത്തിയ പെൺകുട്ടിയാണ്. മുഴുക്കുടിയനായ കെന്നിയങ്കിൾ എന്നയാളിന്റെ മകൾ. ആ ക്രിസ്മസ്ക്കാലം അവർ ഒന്നിച്ച് ആഘോഷിച്ചു. ഒരു ഡിസംബർ മഞ്ഞിൽ വന്ന് ദുരൂഹമായ മൂടൽമഞ്ഞിലേക്ക് മറിഞ്ഞ സോഫി കഥാ നായകന് ഒരു നൊമ്പരമാകുന്ന കഥയാകുന്നു സോഫിയുടെ ക്രിസ്മസ് കാർഡുകൾ. ആ ഓർമ്മ ഇങ്ങനെ അടയാളപ്പെടുത്തുന്നു.

‘‘ഞങ്ങൾ ക്രിസ്മസ് ട്രീയൊരുക്കി. വർണ്ണ കടലാസുകൾ കൊണ്ട് ഞാനൊരു നക്ഷത്രമുണ്ടാക്കി സോഫിക്ക് സമ്മാനിച്ചു. ടീച്ചറമ്മ പഴയ ക്രിസ്മസ് കാർഡുകൾ കൊണ്ടൊരു മാല തീർത്ത് ക്രിസ്മസ് മരത്തിലിട്ടു. കെന്നിയങ്കിളിനെ ഇടതടവില്ലാതെ റമ്മും കേക്കും മണത്തു. പിന്നീടുള്ള ദിവസങ്ങളിൽ ഗായക സംഘത്തിനൊപ്പം ഞാനും സോഫിയും കെന്നിയങ്കിളും കൂടി. മഞ്ഞു വീണ വഴികളിൽ പാടിപ്പോകുന്ന കുന്നുകളിലെ വീടുകൾ കയറിയിറങ്ങി. പാതി വഴിയിൽ വെച്ച് കെന്നിയങ്കിൾ വേഷം മാറി ക്രിസ്മസ് പപ്പയായി. ഞാനും സോഫിയും കൈകോർത്ത് രാവഴികളിലൂടെ നടന്നു... ഹാപ്പി ക്രിസ്മസ് മെറി ക്രിസ്മസ് ആരൊക്കെയോ അലറി വിളിച്ചു.’’

 

ആ ക്രിസ്മസ് കഴിഞ്ഞ് സോഫി പോയി. പിന്നീട് ഒരിക്കലും തിരിച്ചു വന്നില്ല. എല്ലാ ക്രിസ്മസിനും സോഫിയുടെ കാർഡുകൾ അവനെ തേടിയെത്തി. പിന്നീട് അതും നിലച്ചു. കഥ ഇങ്ങനെ അവസാനിക്കുന്നു.

‘‘താഴ്‌വാരം കയറിയെത്തുന്ന പാട്ടുകാരെ കാത്തു നിൽക്കുമ്പോൾ താരകങ്ങൾ ആകാശത്ത് സോഫിയുടെ പേരെഴുതുന്ന പോലെ എനിക്കു തോന്നി’’

 

എഡ്വിനാ മിസ്സിയാണ് മെറ്റൊരു കഥ. പ്രവാസത്തിന്റെ ദുരന്തങ്ങളും, വേരറ്റുപോകുന്ന സമൂഹത്തിന്റെ ദു:ഖങ്ങളും നമ്മിലേക്ക് സന്നിവേശിപ്പിക്കുന്നു എഡ്വിനാമിസ്സി. വാസ്കോഡ ഗാമയുടെ കാലത്ത് ബർണ്ണശേരിയിലെത്തിയ കുടുംബത്തിലെ പുതുതലമുറ. ഒറ്റപ്പെട്ടു പോകാൻ വിധിക്കപ്പെട്ട മൂന്നു പോർച്ചുഗീസ് വ്യക്തിത്വങ്ങൾ. അവരുടെ വേദനയിലൂടെയാണ് കഥ നീങ്ങുന്നത്.

 

ഉപജീവനാർത്ഥം പ്രവാസിയാകേണ്ടി വന്നവരാണ് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളിലേറെയും. അത്തരത്തിൽ നാടുകടത്തപ്പെടുന്നവരുടെ ദു:ഖം കോറിയിടുന്ന കഥയാണ് ‘സദൃശ്യവാക്യങ്ങളിൽ ജെനി’. ഹിപ്പിച്ചായന്റെ പ്രേതവും മനോഹരമായ ഒരു കഥ തന്നെ..

 

എഴുത്തുകാരന്റെ ക്രിസ്മസ് ഓർമ്മകളാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന ഓർമ്മകൾ. അനുഭവങ്ങളുടെ തീവ്രതയും ഭാഷയുടെ ചാരുതയും ഒഴുക്കും നമ്മെ അവാച്യമായ അനുഭൂതിയുടെ തലങ്ങളിലേക്ക് ഉയർത്തുന്നു. 

 

ചുരുക്കത്തിൽ ഒരു ക്രിസ്മസ് കേക്കിന്റെ മാധുര്യം പോലെ മനോഹരമാകുന്നു ഈ ക്രിസ്മസ് പുസ്തകം.

ഇതിന് റോസ് മേരി കുറിച്ച അർത്ഥവത്തായ അഭിപ്രായം ഇങ്ങനെയാകുന്നു.

‘‘ഇരുൾ കനക്കവേ മരക്കൂട്ടങ്ങൾക്കിടയിലൂടെ കാണായ ഗ്രാമ വസതികൾക്ക് എന്തൊരപൂർവ്വ ചാരുത. നടവാതുക്കൽ നക്ഷത്ര വിളക്കുകൾ. മേലേ ആകാശ നക്ഷത്രങ്ങൾ കാപ്പിപ്പൊന്തകളിൽ  മിന്നാമിന്നികൾ. ആ വിദൂര ദൃശ്യങ്ങളെ, മിത്തും ഉണ്മയും കലർന്ന അനുബന്ധ ചരിതങ്ങളെ വരഞ്ഞു കാട്ടുകയാണ് എഴുത്തുകാരൻ. സമാന ഭൂമികയിൽ ജനിച്ചു വളർന്നതിനാലാവാം ഈ അനുഭവങ്ങൾ എന്റേതുമാകുന്നു... ’’

 

 

ക്രിസ്മസ് പുസ്തകം വായിച്ചു തീർന്നപ്പോൾ അത് എന്റേതും...

 

English Summary: Christmas Pusthakam book by Jacob Abraham

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com