ADVERTISEMENT

എന്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ ദൗത്യം? പല ലക്ഷ്യങ്ങളാൽ എഴുതപ്പെടുന്ന പോസ്റ്റുകളുണ്ട്, വ്യക്തമായ രാഷ്ട്രീയം പറയുന്നവ, മറ്റുള്ളവരെ ദുഷിപ്പിക്കുന്നവ, ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ചേതനവും അചേതനവുമായ ആശയങ്ങളെ അക്ഷരങ്ങളാക്കി എഴുതുന്നവ, മനുഷ്യരെ സന്തോഷിപ്പിക്കാൻ വേണ്ടി എഴുതുന്നവ, അങ്ങനെ നിരവധി. ഇതിൽ അജോയ് കുമാർ എം എസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് ഒരു ലക്ഷ്യമേയുള്ളൂ, വായിക്കുന്നവരെ സന്തോഷിപ്പിക്കുക, അവരെ ചിരിപ്പിക്കുക. വർഷങ്ങൾ കൊണ്ട് എഴുതി വൈറലായ എത്രയോ അജോയ് പോസ്റ്റുകൾ! അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ ചേർത്തിറങ്ങിയ പുസ്തകമാണ് ‘‘എന്റെ ഫെയ്‌സ്ബുക്കന്വേഷണ പരീക്ഷണങ്ങൾ’’

 

‘‘ഒരു സമാഹാരമാണ് ഇറങ്ങുമെന്ന് കരുതി എഴുതിയതല്ല ഈ പോസ്റ്റുകൾ ഒന്നും, കുറെ ആൾക്കാരെ ചിരിപ്പിക്കുക എന്നതാണ് ഇതിന്റെ ദൗത്യം’’, എന്ന് അജോയ് ആമുഖത്തിൽ എഴുതുന്നു. 2013 ൽ തുടങ്ങി വച്ച ഈ ചിരി പരീക്ഷണം ഏഴു വർഷം കഴിഞ്ഞ് എഴുത്തുകാരൻ ഇപ്പോഴും തുടരുന്നു എന്ന് പറയുമ്പോൾത്തന്നെ അതിൽ കാര്യമായി എന്തെങ്കിലും ഉണ്ട് എന്ന കാര്യം ഉറപ്പാണല്ലോ. 

 

നൂറിലേറെ പോസ്റ്റുകളിൽ നിന്നും ഒരു പുസ്തകത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ദുഷ്കരമാണ്. അതിൽത്തന്നെ ഏറ്റവും കൂടുതൽ വായിക്കപ്പെടുകയും വായനക്കാർ സംസാരിക്കുകയും ചെയ്ത കുറിപ്പുകളാണ് അജോയ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ ഏറ്റവും കൂടുതൽ വായനക്കാരെ ചിരിപ്പിക്കുകയും അവർ അസ്വദിപ്പിക്കുകയും ചെയ്ത പോസ്റ്റുകൾ. 

 

ചിരിപ്പിക്കുക എന്നത് അത്രയെളുപ്പമല്ല. ഒരു നൂലിഴ പോലെ നേർത്തിട്ടാണ് കാര്യങ്ങൾ. ഒരു ഇത്തിരി അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ സംഭവം മഹാ ബോറാകും. അശ്ലീലം പോലുമായിപ്പാകും. അങ്ങനെയുള്ളതുകൊണ്ട് തന്നെ അത്രയും സൂക്ഷ്മത വേണം തമാശ പറയുമ്പോഴും ഒരാളെ ചിരിപ്പിക്കാൻ ശ്രമിക്കുമ്പോഴും, അത് തന്നെ ചിലപ്പോൾ ദ്വയാർത്ഥ പ്രയോഗങ്ങളോടെ പറയുമ്പോൾ മറ്റൊരു രീതിയിൽ വായിക്കപ്പെടുകയും ചെയ്യും. എന്നാൽ അജോയ് കുമാറിന്റെ കുറിപ്പുകളിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ പൂർണമായും അദ്ദേഹം ഒഴിവാക്കിയിരിക്കുന്നു, കുടുംബവും സമൂഹവും ഇടകലർന്ന കാഴ്ചകളിലാണ് അദ്ദേഹം തമാശകൾ കണ്ടെത്താൻ ശ്രമിച്ചിരിക്കുന്നത്. എല്ലാവരും കാണുന്ന കാഴ്ചകൾ തന്നെയാണ് താനും കാണുന്നതെന്ന് അദ്ദേഹം പറയുന്നു, എന്നാൽ വെള്ളയും കറുപ്പുമായി മുന്നിൽ നടക്കുന്ന അതീവ ഗൗരവതരമായ കാഴ്ചകളെ സ്വയം നിറങ്ങൾ ചേർത്താണ് അജോയ് കാണുന്നത്. അത്രയും സൂക്ഷമമായി കാഴ്ചയും വ്യത്യസ്തമായി കാര്യങ്ങളെ കാണാൻ കഴിവുമുള്ള ഒരാൾക്ക് മാത്രം പറ്റുന്നതാണ് അത്തരം കാഴ്ചകൾ. 

 

‘‘എന്റേതായ ലോകത്ത് ഞാൻ ഈ കഥാപാത്രങ്ങളെ വിഹരിക്കാൻ വിടുന്നു. ഇങ്ങനെ ഉണ്ടായാൽ അവർ എങ്ങനെ പ്രതികരിക്കും, ഇപ്പോൾ ഇങ്ങനെ സംഭവിച്ചാൽ എന്തുണ്ടാവും. അങ്ങനെ അവരെയും ചുറ്റുപാടുകളെയും എല്ലാം ഒരു ആലീസിന്റെ വണ്ടർലാൻഡ് ഉണ്ടാക്കി അവിടെ അഭിനയിപ്പിച്ച് ഉണ്ടാക്കി എടുക്കുന്നവയാണ്’’, അജോയ് മുന്നിൽ കാണുന്ന ജീവിതങ്ങളെ മാറ്റി മറിക്കുന്ന വിദ്യ പറയുന്നു. 

 

നിത്യ ജീവിതത്തിൽ നടക്കുന്ന രസകരമായ അനുഭവങ്ങളാണ് ‘‘എന്റെ ഫെയ്‌സ്ബുക്കന്വേഷണ പരീക്ഷണങ്ങൾ’’. പുതിയ ഹോട്ടലിൽ പോയി ഒടുവിൽ പൈസ തികയാതെ നിൽക്കേണ്ടി വന്ന അവസ്ഥ മുതൽ അമേരിക്കക്കാരനായ പഴയ സുഹൃത്തിന്റെ മാറിയ ജീവിതവും ഭാഷയും ഒക്കെ രസകരമായി അജോയ് തമാശയാക്കുന്നുണ്ട്. എന്നാൽ അതിനിടയിലൂടെ ചിന്തിപ്പിക്കാനുള്ള ചില കനാലുകളും എഴുത്തുകാരൻ അവിടെ ഇവിടെയായി കരുതിയിട്ടുമുണ്ട്. ‘അമേരിക്കൻ പപ്പൻ’ എന്ന കഥയുടെ ഒടുവിൽ തനിച്ചായിപ്പോകണ്ടി വരുന്ന മാതാപിതാക്കളെ കുറിച്ച് കുറിച്ചിട്ടുണ്ട്, അതുവരെ അമേരിക്കക്കാരനായ പാപ്പന്റെ വാചകങ്ങളും പ്രവൃത്തികളും എല്ലാം തമാശയായിരുന്നെങ്കിൽ അവസാന ഭാഗത്തെ പൊള്ളൽ കൂടി അനുഭവപ്പെടും. ഇത്തരത്തിൽ ജീവിതം കൊണ്ട് തന്നെയാണ് അജോയ് കഥയനുഭവങ്ങൾ എഴുതിയിരിക്കുന്നത്. എഴുത്തുകാരന്റെ ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഇതിൽ കഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെ വായനയിൽ കൂടുതൽ സത്യസന്ധത അനുഭവപ്പെടും. 

 

ആധികൊണ്ട് അസ്വസ്ഥപ്പടുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്കൊപ്പം മറക്കാതെ വായിക്കപ്പെടേണ്ട സമാധാനത്തിന്റെ ക്യാപ്സ്യൂളുകളാണ് അജോയ് കുമാറിന്റെ കുറിപ്പുകൾ. 

 

English Summary: Ente facebookanweshana pareekshanangal book by Ajoy Kumar MS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com