ADVERTISEMENT

ഉത്തരാധുനികതയുടെ അനുഭവപരിസരത്തു നിലയുറപ്പിക്കുമ്പോഴും ആധുനികതയുടെ ആഖ്യാന തന്ത്രം പ്രയോജനപ്പെടുത്തുന്ന കഥാകൃത്താണ് ജോൺ സാമുവൽ.  ദുർഗ്രഹതയോ വളച്ചുകെട്ടലോ ഇല്ലാതെയുള്ള ഒരു കഥനരീതി. അതേസമയം ആസ്വാദ്യകരമായ ലഘുഫാന്റസിയും ഇദ്ദേഹം പ്രയോജനപ്പെടുത്തുന്നു

 

ആത്മപീഡനത്തിനു പകരം സുഖത്തിന്റെ ലോകത്തെ പിൻപറ്റാൻ ശ്രമിക്കുന്നവരാണ് ഇന്നത്തെ തലമുറ. വ്യവസ്ഥിതിയുടെ പൊരുത്തക്കേടുകൾ ഒരുതരത്തിലും അവരെ അലട്ടുന്നില്ല. വ്യവസ്ഥിതിയുമായി സന്ധി ചെയ്തുകൊണ്ടും സുഖം തേടുന്നതിൽ‍ അവർക്ക് മടിയുമില്ല. കീഴടങ്ങൽ ആഘോഷമായി തീരുന്ന ദുരവസ്ഥ. രാഷ്ട്രീയഭേദങ്ങളാൽ അവരുടെ പൊതുബോധവും ഛിന്നഭിന്നമായിരിക്കുന്നു.  

വ്യക്തിയും കുടുംബവും വർത്തമാന കാലത്ത് അസാധാരണമായ ഒറ്റപ്പെടലിലേക്ക് കൂപ്പുകുത്തുന്നു. അന്യോന്യം അവഗണിക്കപ്പെടുന്ന രോഗാതുരതയാണ് ഉത്താരധുനിക സമൂഹത്തിന്റെ മുഖമുദ്ര. അപരജീവിതത്തെ നിസാരവത്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന പ്രവണത അവനവനിലേക്കുതന്നെ തിരിച്ചടിയായി കടന്നുവരുന്നു. ഒറ്റപ്പെടൽ അതിന്റെ പ്രത്യാഘാതമാണ്. പ്രായമായവർ മാത്രമല്ല ഏതുതരക്കാരും ഈ മാനസികാവസ്ഥയുടെ ആഘാതപരിധിയിൽ ഏതുനിമിഷവും വന്നുചേരാവുന്നതാണ്.

 

ജോൺ സാമുവലിന്റെ ‘സാത്താൻ ളഴി’ എന്ന കഥ ഈയൊരു സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. കഥാനായകന്റെ മാനസികനില തകരാറിലാണെന്നും അയാൾ ഏതുനിമിഷവും ആത്മഹത്യ ചെയ്യുമെന്നും സമൂഹം വിധിയെഴുതുന്നു. ആയതിനാൽ അയാളെ ഉടൻ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏകാകിയുടെ ആത്മഹത്യ തങ്ങൾക്ക് അലോസരമാകുമോ എന്നാണ് സമൂഹത്തിന്റെ ഭയം. അതിൽ അനുതാപത്തിന്റേയോ കരുതലിന്റേയോ ലാഞ്ഛന പോലുമില്ല.  കഥാനായകന്റെ ആത്മഗതത്തിൽ നിന്നുതന്നെ സമൂഹത്തിന്റെ കാപട്യം വായിച്ചറിയാം: “ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒരുവനോട് മനുഷ്യത്വപരമായി പെരുമാറേണ്ടതു സാമാന്യ നീതിയാണെന്ന കാര്യത്തിൽ തർക്കിക്കേണ്ടതില്ലല്ലോ. പക്ഷേ എന്നോടുള്ള അവരുടെ സമീപനം അത്തരത്തിലുള്ളതായിരുന്നില്ല. രൊക്കം വില നൽകി ഫ്ലാറ്റ് സമുച്ചയത്തിലൊരെണ്ണം വാങ്ങി താമസിക്കാനാരംഭിച്ച നാൾ മുതൽ അതു പ്രകടമായിരുന്നു. ഒറ്റയ്ക്കു താമസിക്കാനെത്തിയ ഒരാളോടു ഭയപ്പാടോടെയുള്ള സമീപനത്തിന്റെ കാര്യമെന്താണ്?”

 

തന്നെ മാനസികാരോഗ്യ കേന്ദ്രത്തിൽ താമസിപ്പിക്കാൻ തീരുമാനിച്ചവരിൽ പലരും യഥാർഥത്തിൽ മാനസികാരോഗ്യമില്ലാത്തവരാണെന്ന് കഥാനായകൻ വിലയിരുത്തുന്നുണ്ട്. അന്യരെ കുറ്റപ്പെടുത്തുന്ന പലരും അവനവന്റെ ഭ്രാന്ത് കണ്ടില്ലെന്നു നടിക്കുന്നു. ആരുടെ മനോനിലയാണ് തകരാറിലായതെന്ന സന്ദേഹം വായനക്കാർക്കും ഉണ്ടായേക്കാം. സമൂഹത്തിന്റെ സംഘബലത്തിനു കീഴടങ്ങേണ്ടിവരുന്ന വ്യക്തി യഥാർഥത്തിൽ കുറ്റക്കാരനാണോ? ഒറ്റപ്പെടുന്നവനെ ഇരയാക്കി സമൂഹം സുരക്ഷയുടെ പഴുതുകൾ തേടുന്നു. മറ്റുള്ളവരെ ഇരയാക്കി സ്വയം സുരക്ഷിതരെന്നു നടിക്കുന്നവരുടെ മൗഢ്യം കഥയിൽ വിചാരണ ചെയ്യപ്പെടുന്നു. മാനസികാരോഗ്യം  നേരിടുന്ന വെല്ലുവിളികളാണ് ഉത്തരാധുനിക സമൂഹത്തിന്റെ ജീർണതയെന്ന് ‘സാത്താൻ വഴി’ സാക്ഷ്യപ്പെടുത്തുന്നു.

 

നീതിധർമങ്ങളെ ലംഘിക്കുന്നത് വ്യക്തി മാത്രമല്ല. സമൂഹവും അത്തരം അപചയങ്ങളെ നേരിടുന്നു. വ്യക്തിയുടെ നീതിബോധത്തിന് സമൂഹം പലപ്പോഴും വിലകൽപിക്കുന്നില്ല. നിസ്സാര ജീവിയായ കൊതുകിനുപോലും മനുഷ്യവർഗത്തെ രോഗ സംക്രമണത്താൽ കീഴ്പ്പെടുത്താനാകും. എന്നാൽ അധികാരത്തിനുമുന്നിൽ മനുഷ്യൻ കൊതുകിനെക്കാൾ നിസ്സാരനാണെന്ന് സ്ഥാപിക്കുന്ന കഥയാണ് ‘കൊതുക്’. കുമ്പസാരക്കൂട്ടിൽ പാതിരിയോട് കഥാനായകൻ ഇപ്രകാരം പറയുന്നു: ‘അച്ചൻ ചെയ്തിട്ടുള്ള പാപങ്ങൾ എന്നോട് ഏറ്റു പറഞ്ഞാൽ ചെയ്തിട്ടില്ലാത്ത പാപങ്ങൾ ഞാൻ അച്ചനോട് ഏറ്റു പറയാം’ പക്ഷേ പുരോഹിത വര്ഗ്ഗത്തോടുള്ള ഈ വെല്ലുവിളി പാതിരിയുടെ ഗർജനത്തിൽ നിഷ്പ്രഭമാകുന്നതായി കഥയിൽ സൂചിപ്പിക്കുന്നു. എന്നാൽ അധികാരവ്യവസ്ഥയ്ക്ക് എതിരായ കലാപത്തിന്റെ നിശ്ശബ്ദമുഴക്കം വായനക്കാർക്ക് അനുഭവപ്പെടുന്നു.

 

പ്രണയമാണ് ജീവിതത്തിന് കരുത്തു നൽകുന്നത്. എന്നാൽ ഈ പൊരുത്തം മണ്ണാങ്കട്ടയും കരിയിലയും തമ്മിലുള്ള കൂട്ടുകെട്ടുപോലെയാണ്. കാലത്തിന്റെ കുളമ്പടികൾ ജീവിതത്തെ കടന്നുപോകുമ്പോൾ മാത്രമാണ് ഈ യാഥാർഥ്യം നാം മനസ്സിലാക്കുന്നത്. ജീവിതത്തിന്റെ നൈമിഷികതയിൽ പ്രണയത്തെ കൈമോശം വരാതെ സൂക്ഷിക്കണമെന്ന സോദ്ദേശ്യചിന്ത അങ്കുരിപ്പിക്കുന്ന കഥയാണ് ‘മണ്ണാങ്കട്ടയും കരിയിലയും’

 

ജനാധിപത്യസംവിധാനത്തിലും നീതിനിരാസത്തെ ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ടവരാണ് ദരിദ്രസമൂഹം. പ്രാന്തവത്കരിക്കപ്പെടുന്നവരുടെ ആവലാതികൾ എന്നും അവഗണിക്കപ്പെടുന്നു. അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുവാഴുമ്പോൾ അനീതിക്കെതിരെ പൊട്ടിത്തെറിക്കാൻ പരേതാത്മാവിന് കോടതിമുറിയിൽ എത്തേണ്ടിവരുന്നു! ഈ ദുരവസ്ഥയെ സമർഥമായി ചിത്രീകരിക്കുന്ന കഥയാണ് ‘സ്വയം’. അവർ രണ്ടുപേർ, അക്കപ്പൊരുള്, കാണക്കാണെ, ജനുവരി ഒന്ന്, ആദിമദ്ധ്യാന്തം, വിശുദ്ധപാപി, ഒരു ബുദ്ധിജീവിക്ക് ചെയ്യാവുന്നവ, സ്വസ്ഥതയുള്ള വെള്ളത്തിനരികെ തുടങ്ങിയ ഓരോ കഥയിലും കാണാം പരോക്ഷമായ രോഷവും പരിഹാസവും. ജോൺ സാമുവലിന്റെ മുൻകാല കഥകളിൽ നിന്ന് വ്യത്യസ്തമായി പരോക്ഷ കഥനത്തിന്റെ ചാരുതയുണ്ട് പുതിയ സമാഹാരത്തിലെ 12 കഥകളിലും.

ചലച്ചിത്ര നടനും ദൂരദർശൻ കേന്ദ്രത്തിന്റെ മുൻ ഡയറക്ടറുമായ ജോൺ സാമുവൽ കഥാരചനയിൽ  സവിശേഷമായ പ്രതിബദ്ധതയാണ് പുലര്ത്തുന്നത്.  സാധാരണക്കാരുടെ ജീവിതദുരിതങ്ങളെ പ്രമേയമാക്കുന്നതിൽ ഈ കഥാകൃത്തിന് പ്രത്യേക താൽപര്യമുള്ളതായി തോന്നുന്നു. ഒറ്റപ്പെടുന്നവരുടെ നിശ്ശബ്ദമായ വിലാപവും കലാപവും ഇദ്ദേഹത്തിന്റെ കഥകളിൽ പ്രതിധ്വനിക്കുന്നു. 

 

English Summary: Kadha book by John Samuel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com