ADVERTISEMENT

കേരളത്തിലെ കുന്നിൻപുറം മുതൽ എഡിൻബറ നഗരത്തിലെ ചെറിത്തോട്ടങ്ങൾ വരെ വ്യാപിച്ചു കിടക്കുന്നു സി.വി. ബാലകൃഷ്ണന്റെ കഥകൾ. ഒരിക്കലും വളരാത്ത കുട്ടിയെ ഉള്ളിലൊളിപ്പിച്ചുകൊണ്ട്, നാടിന്റെ നാരായ വേരുകൾ മുറിച്ചുകളയാതെ ബാലകൃഷ്ണൻ സഞ്ചരിക്കുന്നു. ഒപ്പം, ചെല്ലുന്നിടത്തെ ആളായി മാറാനും അന്യതാബോധം തെല്ലും അലട്ടാതെ ജീവിക്കാനും എഴുത്തുകാരന് കഴിയുന്നു. അതുകൊണ്ടാണ് മൂത്താച്ചിയും പൂമണിയും മാനുവൽ റോഡ്രിഗ്സും അൽവാരോയുമെല്ലാം കാലദേശാന്തരങ്ങൾ കടന്ന് സി.വി. ബാലകൃഷ്ണന്റെ കഥാപാത്രങ്ങളാകുന്നത്.  

 

‘എന്റെ ഭ്രാന്തൻ കിനാവുകൾ’ എന്ന കഥാസമാഹാരത്തിൽ പത്ത് കഥകളാണുള്ളത്. യാഥാസ്ഥിതിക ലോകത്തിന് ഭ്രാന്തെന്നു തോന്നുന്ന കാര്യങ്ങളാണ് കഥകളിലൂടെ എഴുത്തുകാരൻ പറഞ്ഞുപോകുന്നത്. നേർത്ത ആലസ്യത്തിൽ സ്വപ്നങ്ങളിലേക്ക് കടന്നുവരുന്ന നനുത്ത കാറ്റിന്റെ ലാവണ്യമാണ് കഥകൾക്ക്. സമൂഹിക വ്യവസ്ഥിതിയുടെ ചട്ടക്കൂടിൽ മാത്രം ജീവിക്കുന്നവർക്ക് അസാധാരണം എന്നു തോന്നിക്കുന്ന കഥകൾ. മിക്കവയും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നവയാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന സിവിയുടെ 30–ാമത് പുസ്തകമാണിത്. പ്രകാശ് മാരാഹി എഴുത്തുകാരനുമായി നടത്തിയ അഭിമുഖവും ഉൾപ്പെടുത്തിയിരിക്കുന്നു. 

 

ബാല്യം മുതൽ വാർധക്യം വരെ ഓരോ കാലഘട്ടത്തിലും ആളുകൾ ചിന്തിച്ചുകൂട്ടുന്ന വിഭിന്നമായ കാര്യങ്ങളാണ് എന്റെ ‘ഭ്രാന്തൻ കിനാവുകൾ’. അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞ് പല നാടുകളിൽ, ഭാഷകളിൽ, സംസ്കാരത്തിൽ, കാലാവസ്ഥയിൽ ജീവിക്കുന്നവരുടെ വ്യഥകളും ചിന്തകളും കഥകളിലൂടെ അനാവൃതമാകുന്നു. ഓരോ നാട്ടിലും ഓരോ സംസ്കാരമുണ്ട്, ജീവിത രീതികളുണ്ട്. അവയെയെല്ലാം അതേപടി കോർത്തിണക്കി കഥകളിലേക്കു കൊണ്ടുവരുന്നു. 

 

What is the best early training for a writer എന്ന ചോദ്യത്തിന് ഏണസ്റ്റ് ഹെമിങ്‌വെ നൽകിയ ഉത്തരം An unpleasant childhood എന്നാണ്. ഇതുതന്നെയാണ് സി.വി. ബാലകൃഷ്ണനും പറയുന്നത്. ദാരിദ്ര്യവും ഇല്ലായ്മയും അപമാനവുമായി ജീവിച്ച ബാല്യകാലത്തിന്റെ ഓർമകൾ ധാരാളം പേറി നടക്കുന്നയാളാണ് എഴുത്തുകാരൻ. അടിമച്ചെറുക്കനെപ്പോലെ കഴി‍ഞ്ഞിരുന്ന ഒരു കുട്ടി എഴുത്തുകാരന്റെയുള്ളിൽ ജീവിക്കുന്നു. പല കഥകളിലും ഈ കുട്ടിയുടെ മുഖം വായനക്കാരനു കാണാം.

 

‘നമ്മൾ ഓർമിക്കുന്നത് മറക്കാൻ ആഗ്രഹിക്കുന്നതാണ്. ഓർമയല്ലേ ഓരോരുത്തരുടേയും സമ്പാദ്യം’.  ‘എന്റെ ഭ്രാന്തൻ കിനാവുകൾ’ എന്ന കഥയിൽ കഥാനായകൻ പറഞ്ഞുവയ്ക്കുന്ന കാര്യമാണിത്. പൂമണിയെന്ന പെൺകുട്ടിയേയും ചൂണ്ടയിൽ കൊരുക്കാൻ മണ്ണിര തേടിയിറങ്ങുന്ന ആൺകുട്ടിയേയും ഈ കഥയിൽ കാണാം. സമൂഹം ഭ്രഷ്ട് കൽപിച്ച വീട്ടിലെ പൂമണി. ആരേയും ഇതുവരെ അച്ഛാ എന്ന് വിളിക്കാത്ത കുട്ടി. ആകാശത്തേക്ക് കൈ ചൂണ്ടി അവൾ പറയുന്നു എന്റെ അച്ഛൻ ദൈവമാണെന്ന്. ഒരുപാടുകാലത്തിനുശേഷം കഥാനായകൻ തിരിച്ചെത്തുന്നു. തകർന്നു വീഴാറായ വീട്ടിൽ ചിരട്ടയിൽ മണ്ണിരയേയും പിടിച്ചു നിൽക്കുന്ന പൂമണിയെ അയാൾ കാണുന്നു. വായനക്കാരനെ ഭാവനാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കയറഴിച്ചു വിടുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. 

വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകൾക്കിടയിൽ ആനന്ദം കണ്ടെത്താനുള്ള വഴിതേടുന്ന ദമ്പതികളാണ് ‘ആദ്യ ആപ്പിളുകൾ’ എന്ന കഥയിൽ. ഓർഡർ ചെയ്യാത്ത ആപ്പിളുകൾ വൈഷ്ണവിയെത്തേടിയെത്തുന്നു. ഒപ്പം അപ്രതീക്ഷിതനായ ഡെലിവറി ബോയിയും. 

‘ഒരു വീടിനകത്ത് വേണ്ടത് ജീവിതമാണ്. മരണമല്ല, ഓരോ വീടും ജീവിതം നിറഞ്ഞതാകണം’. വിരസതയുടെ അകത്തളത്ത് വൈഷ്ണവിയെത്തേടി മരണ ദൂതുപോലെ ഡെലിവറി ബോയി എത്തുകയാണ്. 

 

സ്വവർഗാനുരാഗികളായ മാനുവൽ റോഡ്രിഗ്സ്, അൽവാരോ എന്നിവരെ കാസാ ലോറൻസിയിലെ മദ്യശാലയിൽ കാണാം. മാർപാപ്പ പോലും സ്വവർഗാനുരാഗത്തെ അംഗീകരിക്കുന്നതിനെക്കുറിച്ച് പറയുന്നതിൽ സന്തോഷിക്കുന്നവർ. എന്നാൽ അൽവാരോ ‘സ്ത്രീയാണ് മാജിക്’ എന്ന് പറയുന്നതിലേക്ക് കഥ എത്തിനിൽക്കുന്നു.  

 

പുസ്തകങ്ങളെ പ്രാണവായുവായി കൊണ്ടുനടക്കുന്നയാളാണ് ഭവദാസൻ. തന്റെ സ്വകാര്യ ഗ്രന്ഥശേഖരത്തിലെ ഏകാകിയായ പുസ്തകങ്ങളെപ്പോലും പ്രത്യേകമായി പരിഗണിച്ചിരുന്ന വായനക്കാരൻ. തുറന്നിട്ട ജനലിലൂടെ പുസ്തകങ്ങളെ ആകാശം കാണിക്കും. ചിലപ്പോൾ പാർക്കിലോ ബീച്ചിലോ ചെല്ലും. ഉല്ലസിക്കുന്ന മനുഷ്യരേയും ഇരമ്പുന്ന കടൽത്തിരകളേയും കാണിച്ചുകൊടുക്കും. ശുദ്ധ ഭ്രാന്ത് എന്നാണ് മറ്റുള്ളവർ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ‘പുസ്തകങ്ങളെ നിങ്ങൾ’ എന്ന കഥയിൽ ഇത്തരമൊരു ഭ്രാന്തനെ പരിചയപ്പെടാം.

 

പല വിധ ഭ്രാന്തുകളുടെ ഒരു കൊച്ചുപുസ്തകമാണ് ‘എന്റെ ഭ്രാന്തൻ കിനാവുകൾ’. ചങ്ങലയ്ക്കിടാൻ മാത്രം ഭ്രാന്തുള്ള കഥകളൊന്നും പുസ്തകത്തിലില്ല. അടക്കവും ഒതുക്കവുമുള്ള ഏതൊരു മനുഷ്യനും ഉള്ളിൽ കൊണ്ടുനടക്കുന്ന ചില ഭ്രാന്തുകൾ. പ്രണയവും മരണവും വിരഹവും രതിയും സ്വവർഗാനുരാഗവും പ്രമേയമാകുന്ന കഥകൾ. സ്ത്രീക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും മാത്രം തോന്നേണ്ട വികാരമാണ് പ്രണയം എന്ന ചിന്താഗതിയുടെ ചങ്ങല പല കഥകളിലും പൊട്ടിച്ചുവിടുന്നു. ചങ്ങലകളുടെ ഭാരമില്ലാതെ എല്ലാ മനുഷ്യരിലുമുള്ള ഭ്രാന്തുകളിലേക്കും ഉൾപ്പെരുക്കങ്ങളിലേക്കും വായനക്കാരനെ കയറൂരിവിടുകയാണ് എഴുത്തുകാരൻ. 

 

English Summary: Ente Bhranthan Kinavukal book by C.V. Balakrishnan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com