ADVERTISEMENT

ഓരോ മനുഷ്യനും ഒരു ഭൂതകാലമുണ്ട്. അത് ശോഭനമായിക്കൊള്ളണമെന്നില്ല. പലർക്കുമത് പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതാകാം. അത്തരമൊരു കാലത്തിന്റെ ഹൃദയസ്പന്ദനം ഒപ്പിയെടുക്കുന്ന ആത്മകഥാപരമായ ഓർമക്കുറിപ്പുകളാണ് ടി.എന്‍. പ്രതാപന്റെ ‘ഓർമകളുടെ സ്നേഹതീരം’. മറയില്ലാതെ, സത്യസന്ധമായി തന്റെ അനുഭവങ്ങളെ പകർത്തിയെഴുതുന്ന ഗ്രന്ഥകാരൻ സാഹിത്യത്തോടുള്ള തന്റെ അഭിനിവേശവും അഭിരുചിയും ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. ഒരു കഥാകൃത്തിന്റെ ആഖ്യാനശൈലിയിലൂടെയാണ് അനുഭവങ്ങൾ അവതരിപ്പിക്കുന്നത്. 

 

കോവിഡ് കാലത്ത് രണ്ടുതവണ ക്വാറന്റീൻ അനുഭവിക്കേണ്ടിവന്ന ഏകാന്തതയിൽ നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. ബാല്യം, കൗമാരം, സ്കൂൾ– കോളജ് പഠനകാലങ്ങൾ, പ്രണയം രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങൾ, സാധാരണക്കാരോടും ഉന്നതരോടുമുള്ള വ്യക്തിബന്ധങ്ങൾ, രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ നേരിടേണ്ടിവന്ന തീവ്രമായ അനുഭവങ്ങൾ, നിയമസഭയിലും പാർലമെന്റിലും പ്രതിനിധിയായ സന്ദർഭങ്ങൾ, ബന്ധപ്പെട്ട അനുഭവങ്ങൾ, സമകാല സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള നിലപാടുകൾ എന്നിവയെല്ലാം സത്യസന്ധമായി അവതരിപ്പിക്കുന്നു. അതേസമയം സ്വകാര്യജീവിതത്തിന്റെ കാഠിന്യങ്ങൾ പങ്കുവച്ച് ജീവിതത്തെക്കുറിച്ചുള്ള മൂല്യബോധം പകർന്നുനൽകാൻ ലേഖകൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 23 അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്..

 

മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് പ്രതാപൻ ജനിച്ചുവളർന്നത്. തന്റെയും ചുറ്റുപാടുമുള്ള സമൂഹത്തിന്റെയും  ദുരിതാനുഭവങ്ങളും അതിജീവന സാഹചര്യങ്ങളും മറയില്ലാതെ അവതരിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാതിരുന്ന മാതാപിതാക്കൾ നൽകിയ മാനവിക മൂല്യങ്ങളാണ് തന്റെ നേട്ടങ്ങൾക്കു നിമിത്തമായതെന്ന് തുറന്നുപറയുന്നു. താൻ അതിജീവിച്ച കഷ്ടപ്പാടും ദാരിദ്ര്യവുമെല്ലാം പോരാട്ടവഴിയിലെ ഊർജമാക്കി മറ്റുള്ളവർക്ക് നന്മയുടെ വെളിച്ചം പകർന്നുകൊടുക്കാനാണ് ശ്രമിക്കുന്നത്. വറുതിയനുഭവിക്കുന്നവരെ കാണുമ്പോൾ സ്വന്തം വറുതിയുടെ തീക്ഷ്ണാനുഭവങ്ങളാണ് ലേഖകനെ നൊമ്പരപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ അത്തരക്കാരോട് കൂടുതൽ മമത പുലർത്താനാകുന്നു. സ്വകാര്യാനുഭവങ്ങളിൽനിന്ന് പൊതുബോധം എപ്രകാരം രൂപപ്പെടുന്നുവെന്ന് ഓരോ ലേഖനത്തിലും വെളിപ്പെടുത്തുന്നുണ്ട് ഭാഗ്യപാതയിലേക്ക് തന്റെ ജീവിതത്തെ തിരിച്ചുവിട്ട മനുഷ്യസ്നേഹികളെയും ഉന്നത രാഷ്ട്രീയ നേതാക്കളെയും അധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു.

 

തന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ മോഷണത്തെക്കുറിച്ച് ഹൃദയസ്പൃക്കായി ‘കപ്പയും മീനും’ എന്ന ലേഖനത്തിൽ വിവരിക്കുന്നു. വിശപ്പുമാറ്റാനാണ് കുട്ടിയായിരിക്കെ അയൽവാസിയുടെ പറമ്പിൽനിന്ന് കപ്പ മോഷ്ടിച്ചത്. ആർദ്രീകരണശക്തിയുള്ള അനുഭവക്കുറിപ്പാണിത്. ജാതിമതഭേദമന്യേ പൊതുസമൂഹവുമായി ഇടപഴകുമ്പോൾ അനുഭവിക്കുന്ന ആനന്ദവും സംതൃപ്തിയും ലേഖകൻ പങ്കുവയ്ക്കുന്നു. രാഷ്ട്രീയ പ്രവർത്തനമെന്നാൽ സാമൂഹിക സേവനമാണെന്ന സന്ദേശമാണ് ഇദ്ദേഹം നൽകുന്നത്. 

 

പ്രകൃതിയോടും പരിസ്ഥിതി വിഷയങ്ങളോടും പ്രതാപൻ പ്രതിബദ്ധത പുലർത്തുന്നുണ്ട്. കൃഷിയും കന്നുകാലി പരിപാലനവുമെല്ലാം ജീവിതത്തിന്റെ ഭാഗമെന്ന നിലയിലാണ് പ്രതിപാദിക്കുന്നത്. കടലും കടലിരമ്പവും ആദ്യന്തം ആഖ്യാനപരിസരത്ത് നിലയുറപ്പിക്കുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതസ്പന്ദനങ്ങളാണ് അതിൽ അലയടിക്കുന്നത്. 

 

പാരായണയോഗ്യതയുള്ള ലളിതമായ ഒരു ആഖ്യാനതന്ത്രം ഈ പുസ്തകത്തിൽ കാണാം. ‘നന്മയുടെ ലളിതഗാന’മെന്നാണ് അവതാരികയിൽ എം.കെ. സാനു ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ തോന്നുന്ന സംഭവബഹുലമായ ജീവിത കഥയാണിത്. 

 

English Summary: Ormakalude Snehatheeram book by TN Prathapan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com