ADVERTISEMENT

മാര്‍ജാര കുടുംബത്തിലെ വന്യമൃഗങ്ങളില്‍ ഏറ്റവും നിഗൂഢന്‍ മഞ്ഞുപുലിയാണ്. അതിന്റെ സാമൂഹികാവസ്ഥകളെക്കുറിച്ച് ഒരറിവുമില്ല. ഏറെക്കുറെ എപ്പോഴും ഇത് ഒറ്റയ്ക്കാണു കാണപ്പെട്ടിട്ടുള്ളത്. കടുവകളെപ്പോലെ ഒരു കൊലയിലാവാം ഇതിനെ കണ്ടുമുട്ടിയേക്കുക. അല്ലെങ്കില്‍ യഥാര്‍ഥ പുള്ളിപ്പുലിയെപ്പോലെ സഹവാസ ശീലമില്ലാത്തവനും ഏകാകിയുമായി. 

 

1973-സെപ്റ്റംബര്‍ അവസാനം മഞ്ഞുപുലിയുടെ ദര്‍ശന സൗഭാഗ്യത്തിനായി ബുദ്ധമത വിദ്യാര്‍ഥിയും പരിസ്ഥിതി പ്രേമിയുമായ പീറ്റര്‍ മാത്തിസന്‍ യാത്ര തിരിച്ചു. സഹയാത്രികനായി ഡോക്ടര്‍ ജോര്‍ജ് ഷാലര്‍. സെന്‍ബുദ്ധിസ്റ്റ് അനുഗാമിയായ എഴുത്തുകാരനും വന്യജീവിപ്രണയിയായ ജന്തുശാസ്ത്രജ്ഞനും ഹിമശൈലങ്ങളെ തൊട്ടറിഞ്ഞുകൊണ്ടു ക്രിസ്റ്റല്‍ മൗണ്ടനിലേക്ക്. അന്നപൂര്‍ണയ്ക്കു ചുവടെ പടിഞ്ഞാറേക്കും കാളിഗണ്ഡകിയുടെ ഓരം വഴി വടക്കോട്ടും വീണ്ടും പടിഞ്ഞാറോട്ടും വടക്കോട്ടും ധൗളഗിരിശിഖരങ്ങളെ ചുറ്റിയും കാഞ്ചിറോബ പിന്നിട്ടും ടിബറ്റന്‍ പീഠഭൂമിയിലെ ഡോള്‍പോയിലേക്ക്. 

 

സാഹിത്യ കൃതിക്കും സാഹിത്യേതര കൃതിക്കും ദേശീയ പുരസ്കാരം നേടിയ മാത്തിസന്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ വൈകിയാണു പര്‍വതാരോഹകനാകുന്നത്. 46-ാം വയസ്സില്‍. രണ്ടാം ഭാര്യ ദെബോറ ലവ് കാന്‍സറിനു കീഴടങ്ങി മാസങ്ങള്‍ കഴിയുന്നതിനുമുന്‍പ്. വിവാഹത്തിലെ മടുപ്പും വിരസതയും അതിജീവിക്കാനാവാതെ പിരിയാന്‍ അവര്‍ ഏതാണ്ടു തീരുമാനിച്ചതായിരുന്നു. ജീവിതത്തെക്കുറിച്ച് അതോ മരണത്തെക്കുറിച്ചോ ഏതോ ഉള്‍വെളിച്ചം അവരെ ദമ്പതികളായി തുടരാന്‍ പ്രേരിപ്പിച്ചു. അനാഥയായല്ലാതെ, സനാഥയായി പീറ്ററിന്റെ കൈ പിടിച്ച്, ബുദ്ധമന്ത്രങ്ങള്‍ കേട്ടു ദെബോറ യാത്രയായി. സ്കൂളില്‍ പഠിക്കുന്ന മക്കളെ വീട്ടിലാക്കി, തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്രയ്ക്ക് മാത്തിസന്‍ ഇറങ്ങുന്നു. ഹൃദയത്തില്‍ നിറയെ കണ്ണുനീരും മകനെ പിരിഞ്ഞ അസഹനീയമായ വിഷാദവും ജീവിത ലക്ഷ്യം ഒരുപക്ഷേ ഈ യാത്രയായിരിക്കും എന്ന തിരിച്ചറിവുമായി നടത്തിയ പര്‍വതാരോഹണം.  സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ ഓരോ ദിവസത്തെയും യാത്രയുടെ അവസാനം കുടിലിലെ മരത്തടിയിലും പാറക്കല്ലിലും വന്യമൃഗങ്ങളുടെ നിഴലിലും കുത്തിക്കുറിച്ച വാക്കുകള്‍. എന്നാല്‍ മഞ്ഞുപുലി കേവലം ഒരു യാത്രാവിവരണമല്ല. ആദ്യത്തെ പേജ് മറിക്കുമ്പോഴേ അതു ബോധ്യപ്പെടും. സിദ്ധാര്‍ഥ രാജകുമാരനെ യൗവ്വനത്തിന്റെ നിറവില്‍ എല്ലാ സുഖങ്ങളും പരിത്യജിക്കാന്‍ പ്രേരിപ്പിച്ച ചോദ്യങ്ങളുടെ കാമ്പില്‍ സ്പര്‍ശിക്കുകയാണു മാത്തിസന്‍. അതീവ ലാളിത്യത്തോടെ. ഓരോ വാക്കും വരിയും കൃത്യമായും സ്പഷ്ടമായും വ്യക്തമാക്കി. സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായിട്ടും ആത്മായ പാത കൈവിടാത്ത ലാമമാരുടെ വിശുദ്ധ വചനങ്ങളുടെ ഓരത്തിലൂടെ. ജീവിതത്തിലേക്കാണു മാത്തിസന്റെ അക്ഷരയാത്ര. മരണത്തിലേക്ക്. ജീവിതവും മരണവും അപ്രസക്തമാക്കുന്ന അനശ്വരതയിലേക്ക്. 

 

ഏതു പ്രവൃത്തിയോടും ഒന്നായിത്തീരുക എന്നതാണ് വഴിയുടെ ഒരേയൊരു സാക്ഷാത്കാരം. സെന്‍ ബുദ്ധിസം പറയുന്നു. പൂര്‍ണ്ണമായി ഇപ്പോള്‍, ഇവിടെ ആയിരിക്കുവാനും മറ്റെങ്ങും ആയിരിക്കാതെയിരിക്കാനുമുള്ള ധീരത. കൃത്യമായും അതാണു സെന്‍. കുറഞ്ഞപക്ഷം ഭക്ഷിക്കുമ്പോള്‍ ഭക്ഷിക്കുക. ഉറങ്ങുമ്പോള്‍ ഉറങ്ങുക. മതങ്ങളുടെ നിയമങ്ങളും അനുശാനസങ്ങളും പോലും ബോധോധയത്തിനു തടസ്സമാകരുത്. ബുദ്ധനെ കൊല്ലുക എന്നു സെന്‍ ബുദ്ധിസം പറയുന്നതിന്റെ അര്‍ഥവും മറ്റൊന്നല്ല. ലക്ഷ്യം ബുദ്ധനല്ല. വഴിയാണ്. വഴി മാത്രമാണ്. ലക്ഷ്യം യാത്ര മാത്രം. 

 

വര്‍ഷങ്ങള്‍ക്കു മുന്‍പേ മഞ്ഞുപുലിയെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയിരുന്നു ആഷാ മേനോന്‍. ചിദാകാശത്തിലെ വെളിച്ചം എന്ന പേരില്‍. വര്‍ഷങ്ങള്‍ വീണ്ടും കഴിയേണ്ടിവന്നു പുസ്തകം പൂര്‍ണമായും മലയാളത്തില്‍ അവതരിക്കാന്‍. യാത്രയുടെ ലാളിത്യവും തത്ത്വചിന്തയും ഗൗരവവും ഹിമാനികളുടെ തണുപ്പും മാച്ചുപ്പിച്ചുവിന്റെ ഉയരവും സ്വായത്തമാക്കിയ മാത്തിസന്റെ ഭാഷ കാര്യമായ ഉടവു തട്ടാതെ മലയാളത്തിലാക്കിയിട്ടുണ്ട് ജെനി ആന്‍ഡ്രൂസ്. ശ്രമകരമായ ദൗത്യത്തിന്റെ വിജയകരമായ പര്യവസാനം. 

മഞ്ഞുപുലി യഥാര്‍ഥത്തില്‍ പീറ്റര്‍ മാത്തിസന്‍ നടത്തിയ യാത്രയാണോ എന്നു സംശയിക്കാം ചിലരെങ്കിലും. ഇടയ്ക്കെപ്പോഴൊക്കെയോ നാം തന്നെ യാത്രികരാകുന്നു. പിന്നിലുപേക്ഷിച്ച സ്നേഹം. കാറ്റില്‍ അലി‍ഞ്ഞെത്തുന്ന സുസ്വരങ്ങള്‍ക്ക് അകലെ. എന്നോ സഫലമാകുമെന്നു ദര്‍ശനം. അതോ വിഫലമായ പ്രതീക്ഷയോ. 

 

ഓം മണിപദ്മേ ഹും. താമരയുടെ കേന്ദ്രത്തിലുള്ള രത്നമേ. ആഴത്തില്‍ മുഴങ്ങിനില്‍ക്കുന്ന ഓം കാലത്തിലുടനീളമുള്ള ശബ്ദവും നിശ്ശബ്ദതയുമാണ്. അനന്തതയുടെ മുഴക്കവും ശുദ്ധമായ ഉണ്‍മയുടെ മഹാനിശ്ചലതയും. അത് ആകുന്നു. അത് നിലകൊള്ളുന്നു. ആയിരിക്കുന്നവയും ആയിരുന്നവയും വരാനിരിക്കുന്നവയും ഇവിടെ ഇപ്പോള്‍ ഈ നിമിഷത്തിലാണുള്ളത്. ഇപ്പോള്‍ ! 

 

English Summary: Manjupuli Book written by Peter Matthiessen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com