ഉടേതമ്പുരാന്‍ ചുരുട്ടിക്കെട്ടുംവരെ തുടരുന്ന ഒരു വഷളന്‍ കഥ കൂടി: ചെമ്പിലമ്മിണി കൊലക്കേസ്

chembilammini-kolacase-p
SHARE
മജീദ് സെയ്ദ്

മനോരമ ബുക്സ്

വില 180 രൂപ

എടാ, നിനക്കറിയാമോ ഈ ഭൂമിയെന്നു പറയുന്നതുതന്നെ വലിയൊരു വഷളന്‍ കഥയാ. അതിനുള്ളില്‍ സകല വേണ്ടാതീനങ്ങളും ചെയ്തുനടക്കുന്ന ഈ കണ്ട മനുഷ്യരൊക്കെ ആ കഥയിലെ വെറും വേഷക്കാര് മാത്രമാ. ജീവിതത്തിലെ നമ്മുടെ ഭാഗം ഒരു കഥയാണെന്ന് നമ്മളങ്ങു സങ്കല്‍പിച്ചു കൂട്ടുന്നതാ. അല്ലാതെ വല്ലതുമുള്ളതാണോ. ഒരുത്തന്‍ ചത്തൊഴിഞ്ഞാ അവനു പകരം കഥയില്‍ വേറൊരുത്തന്‍ വരും. ഈ നശിച്ച ഭൂമി ഉടേതമ്പുരാന്‍ ചുരുട്ടിക്കെട്ടുംവരെ ഇതിങ്ങനെ തുടര്‍ന്നോണ്ടിരിക്കും. ഞാന്‍ പറഞ്ഞതു വല്ലോം നിന്റെ തലയില്‍ കയറിയോ ? 

ഒരു അശ്ലീല കഥയുടെ കെട്ടഴിക്കാന്‍ തുടങ്ങിയ തോമായെ തടഞ്ഞുകൊണ്ട് ഡോക്ടര്‍ പുന്നൂസ് ഒൗതക്കാടന്‍ പറയുന്ന ഈ ജീവിതതത്ത്വചിന്തയില്‍ കാര്യമില്ലാതില്ലെന്നു വായനക്കാരും സമ്മതിക്കും ചെമ്പിലമ്മിണി കൊലക്കേസ് എന്ന നോവല്‍ വായിക്കുമ്പോള്‍. ഭൂമിയെന്നത് ഒരു വഷളന്‍ കഥയല്ലെങ്കില്‍ മറ്റെന്താണ്. അതങ്ങനെ തന്നെയെന്നു വായനക്കാരെ ബോധ്യപ്പെടുത്തുന്നുണ്ട് മജീദ് സെയ്ദ് എന്ന യുവ എഴുത്തുകാന്‍ തന്റെ ആദ്യ നോവലിലൂടെ. അതും അനുപമമായ തന്റെ ശൈലിയിലൂടെ. ശൈലിയാണ് എഴുത്തിന്റെ ജീവന്‍. എഴുത്തുകാരന്റെ വ്യക്തിത്വത്തിന്റെ മാറ്റും. ആര് എഴുതിയതാണെന്ന് ആരും പറയാതെതന്നെ ചില എഴുത്തുകാരെയെങ്കിലും വായനക്കാര്‍ തിരിച്ചറിയുന്നതും അവരുടെ ശൈലിയുടെ വ്യതിരിക്തത കൊണ്ടുതന്നെ. അത്തരമൊരു ശൈലി ഒട്ടേറെ വിജയങ്ങള്‍ക്കൊടുവിലാണ് ഒരു എഴുത്തുകാരന്‍ സ്വായത്തമാക്കുന്നത്. ഇവിടെ, ഒറ്റ നോവല്‍ കൊണ്ടുതന്നെ തന്റെ ശൈലി ഉറപ്പിക്കാന്‍ മജീദിനു കഴിയുന്നു. എന്നാല്‍ അതുകൊണ്ടു മാത്രം എഴുത്ത് വിജയിച്ചു എന്നു പറയാനാവില്ല. 

ചെമ്പിലമ്മിണി കൊലക്കേസ് പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കുറ്റാന്വേഷണ കഥയാണ്. എന്നാല്‍, പരിചയിച്ചതും വായിച്ചതും ആവര്‍ത്തിച്ചുകേട്ടതുമായ കഥകളില്‍ നിന്നു വ്യത്യസ്തവുമാണ്. കൊലപാതകത്തിന്റെ ഇരയായ ചെമ്പിലമ്മിണിയല്ല നോവലിലെ നായിക. കൊലപാതകികള്‍ ആരെന്നതു നോവല്‍ അവസാനിക്കുമ്പോഴും വ്യക്തമാകുന്നുമില്ല; കുറ്റവാളികളായി ചിലരെ പൊലീസ് പിടിക്കുന്നുണ്ടെങ്കിലും. ഒരു ദേശത്തിന്റെ കഥയാണു മജീദ് പറയുന്നത്. കൊലപാതകവും കുറ്റാന്വേഷണവും പശ്ചാത്തലം മാത്രം. 

ഇന്നത്തെ കാലത്തിന്റെ കഥയല്ലിത്. പണ്ടു പണ്ട് നടന്നേക്കാവുന്ന ഒരു കഥ. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍. ഒന്നിലധികം കഥകള്‍ സ്വന്തമായുള്ളവര്‍. അവരുടെ കഥകളെല്ലാം കൂട്ടിവയ്ക്കുമ്പോള്‍ ദേശത്തിന്റെ സമ്പന്നമായ കഥയാകുന്നു. കേട്ടാലും കേട്ടാലും മതിവരാത്ത ഒരു നാടോടിക്കഥ.

സ്രഷ്ടാവ് മനുഷ്യരെക്കൊണ്ട് ജീവിതമെന്ന പൊട്ടക്കളി കളിപ്പിക്കാന്‍ കണ്ടുപിടിച്ച രണ്ടു വികാരങ്ങളാണ് വെറുപ്പും സ്നേഹവും. അതില്‍ നിന്നു മനുഷ്യര്‍ വേര്‍തിരിച്ചെടുക്കുന്നതാണു പകയും മോഹവും. ഈ പകയും മോഹവുമില്ലെങ്കില്‍ മനുഷ്യനെന്ന ജന്തുവിന് ഭൂമിയില്‍ സന്തോഷിച്ചു ജീവിക്കുവാന്‍ കഴിയുകേല. സൂത്രക്കരനായ ഉടേതമ്പുരാന്‍ അത്തരത്തിലൊരു കുഴ കുഴച്ചാ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ചെമ്പിലമ്മിണി തെളിയിക്കുന്നു. 

അതിഭാവുകത്വമാണ് നോവലിന്റെ ശക്തിയും ദൗര്‍ബല്യവും. ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ക്കും ഒരു താല്‍പര്യവും തോന്നാത്ത ഒരു കഥ. അങ്ങനെയൊരു പൊട്ടക്കഥയെ മജീദ് സെയ്ദ് തന്റെ ശൈലിയുടെ സാമര്‍ഥ്യം കൊണ്ടു വിശ്വസിപ്പിച്ചു വിജയിക്കുന്നു. അതിന്റെ ശക്തിയും സൗന്ദര്യവുമാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. ഭാവിയില്‍ മികച്ച കഥകളും നോവലുകളും എഴുതാന്‍ കെല്‍പുള്ള കഥാകരനാക്കി മജീദിനെ ഉയര്‍ത്തുന്നതും. 

ഹാസ്യം, കുറ്റാന്വേഷണം, ഗൗരവമുള്ള രചന എന്നിങ്ങനെയുള്ള വിഭജനങ്ങളൊക്കെ അപ്രസക്തമാക്കുന്നുണ്ട് ചെമ്പിലമ്മിണി. പ്രത്യേകിച്ച് ഒരു വിഭാഗത്തിലും ഉള്‍പ്പെടുന്നില്ല. എന്നാല്‍ എല്ലാ വിഭാഗങ്ങളുടെയും അംശങ്ങള്‍ സമഞ്ജസമായി സമ്മേളിപ്പിച്ചിട്ടുമുണ്ട്. കാശു കൊടുത്ത് വാങ്ങിയാല്‍ തലയ്ക്കു കൈ കൊടുത്ത് ഇരിക്കേണ്ടിവരില്ല ചെമ്പിലമ്മിണി വായിക്കുന്നവര്‍ക്ക്. രസം പിടിച്ചു വായിക്കാം. ഊറിച്ചിരിക്കാം. ആലോചിക്കാന്‍ അധികമൊന്നുമില്ലെങ്കിലും അത്രയൊക്കെ ആദ്യ നോവലിലൂടെ കഴിയുന്നു എന്നതുതന്നെ ഒരു വിജയമല്ലേ. അത്ര മോശമല്ലാത്ത ഒരു വിജയം.

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Chembilammini Kolacase book written by Majeed Sayed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;