ADVERTISEMENT

മലയാളം വായിക്കാനോ എഴുതാനോ അറിവില്ലാത്ത ഒരാളാണ് മഹാദേവ് കര്‍മാകര്‍. ബംഗള നനഞ്ഞ ഹിന്ദിയില്‍ മാത്രം സംസാരിക്കാനറിയാവുന്നയാള്‍. ബംഗാളി. കഴുത്തറുപ്പന്‍. വൃത്തിയില്ലാത്ത ജന്‍മം. ഇടയ്ക്കു പേടിച്ചു മിടിക്കാതിരിക്കുകയും വീണ്ടും പൂര്‍വാധികം ശക്തിയോടെ മിടിച്ചുതുടങ്ങുകയും ചെയ്യുന്ന ഹൃദയത്തിന്റെ ഉടമ. ഒരാളല്ല മഹാദേവ്. അവര്‍ പലയിടത്തുമുണ്ട്. പല ജോലികള്‍ ചെയ്തും ചെയ്യാതെയും പലയിടത്തായി ഉപജീവനത്തിനുവേണ്ടി സ്വയം വരിച്ച പ്രവാസത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോകുന്നവര്‍. പലയിടത്തും കണ്ട, ഇപ്പോഴും കാണുന്ന, ഒരുപക്ഷേ ഇനിയും കാണാനിരിക്കുന്ന ഒരു മഹാദേവ് കര്‍മാകറുടെ ആത്മഗതമാണു പിപീലിക. യമയുടെ നോവല്‍. 

 

പിപീലിക എവിടെയെന്നു ചോദിച്ച് പീഡിപ്പിക്കപ്പെടുന്നുണ്ട് മഹാദേവ്. ഒരു ഉറുമ്പിനെ കാണാതായതിന് ഉപദ്രവമേല്‍ക്കേണ്ടിവരുന്നതില്‍ നിലവിളിക്കുന്നുണ്ടയാള്‍. എന്നാല്‍ തല്ലിച്ചതയ്ക്കുന്ന പൊലീസിന് അറിയില്ല പിപീലികയ്ക്ക് ഉറുമ്പ് എന്നു ബംഗളയില്‍ പറയുമെന്ന്. എന്നാല്‍, പിപീലികയെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ എന്തിനു നിലവിളിച്ചു എന്ന ചോദ്യത്തിന് മഹാദേവിന് ഉത്തരമില്ല. യഥാര്‍ഥത്തില്‍ എന്തിനാണയാള്‍ 

നിലവിളിച്ചത്. സന്തോഷം മാത്രമല്ല ദുഃഖവും ചിലരുടെ മാത്രം കുത്തകയാണെന്ന് ഇനി എന്നാണു മഹാദേവ് അറിയുക. 

 

ഉപദ്രവിക്കുന്നതുപോലെ തന്നെ സഹായിക്കുന്നതും എല്ലാവര്‍ക്കും വിധിച്ചിട്ടുള്ളതല്ല. എല്ലാം എല്ലാവരും അറിയേണ്ടതുമല്ല. അദൃശ്യമായ വേലികളാല്‍ വേര്‍തിരിക്കപ്പെട്ട ഒരു ലോകത്താണു മഹാദേവ് ജീവിക്കുന്നത്. അയാള്‍ മാത്രമല്ല. പിപീലികയും പേരറിയുന്നവരും അല്ലാത്തവരുമായ എത്രയോ പേരും. 

 

ഒരു നോവല്‍ മുഴുവനായി ആത്മഗതത്തിന്റെ രൂപവും ഭാവവും മലയാളത്തിന് 

ഏറെപ്പരിചിതമല്ല. എന്നാല്‍, സമര്‍ഥമായ കയ്യടക്കത്തോടെ, അപരിചിതമായ ഒരു സാഹിത്യ രൂപത്തെ, പൊള്ളുന്ന ഭാഷയില്‍ യമ അവതരിപ്പിക്കുന്നു പിപീലികയില്‍. ഭാഷ പോലും അറിയാത്ത ഒരു അപരിചിതന്റെ ഉള്ളില്‍ കടന്ന്, അയാളുടെ ആന്തരികമായ ചിന്താലോകത്തെ പോസ്റ്റോമോര്‍ട്ടം ചെയ്യുന്നു. 

 

അങ്ങേയറ്റം ദയനീയവും പരിതാപകരവുമായ ഒരു ജീവിതത്തെക്കുറിച്ചു പറയുമ്പോഴും ആര്‍ദ്രമല്ല യമയുടെ ഭാഷ. വൈകാരികവുമല്ല. എന്നാല്‍ കത്തിയുടെ മുന പോലെ മൂര്‍ച്ചയുണ്ട്. ഓര്‍ത്തെടുത്ത് ചിന്തിക്കുമ്പോള്‍ വീണ്ടും വീണ്ടും മുറിവേല്‍പിക്കുന്നുമുണ്ട്. 

 

അവള്‍ കുറച്ചകലെയെത്തിയപ്പോള്‍‍ മഹാദേവും പുറകെ നടന്നു. അവളെ പിന്തുടരണം എന്നുണ്ടായിട്ടല്ല. അവര്‍ക്കു പോകേണ്ട വഴിയൊന്നായിരുന്നു. വഴിയില്‍ നീണ്ടുനിവര്‍ന്ന് മുന്നോട്ടൊഴുകിയിരുന്ന അയാളുടെ നിഴലിന്റെ തലയില്‍ച്ചവിട്ടി അവള്‍ മെല്ലെ നടന്നു. തന്റെ തല അവള്‍ക്കു ചവിട്ടാന്‍ വിട്ടുകൊടുത്തുകൊണ്ട് അയാള്‍ നിശ്ചിതയകലം നിലനിര്‍ത്തി അവള്‍ക്കു പിന്നില്‍ നടന്നു. 

 

ആര്‍ദ്രമെന്നു തോന്നാത്ത, തീര്‍ത്തും വരണ്ട, മരുയാത്രയുടെ കാഠിന്യമുള്ള ഭാഷയിലൂടെ രണ്ടു ലോകങ്ങള്‍ അവതരിപ്പിക്കുകയാണ് യമ. അവര്‍ തമ്മില്‍ ആകെ പറയുന്നത് രണ്ടു സംഭാഷണങ്ങള്‍ മാത്രമാണ്. ഒരു ചോദവും ഉത്തരവും. അതും ബംഗള നനഞ്ഞ ഹിന്ദിയില്‍. 

 

അയാള്‍ ആലോചിക്കുന്നുണ്ട്: അവളുടെ കൊലിസിന്റെ താളത്തില്‍ താന്‍ നടന്നത് അവള്‍ക്ക് പിടികിട്ടിയിരിക്കുമോ? എന്തിനാണ് അവള്‍ തന്നോടു സംസാരിച്ചത് എന്നൊക്കെ ഓര്‍ത്ത് അയാള്‍ക്കാകെ മാനസിക പ്രശ്നമായി. സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പുറകെ നടക്കുന്ന ഭയം, ആത്മാവില്‍ നിറച്ച ഒരു കനത്ത ചാക്ക് എന്നാണ് മഹാദേവിന് തന്നെപ്പറ്റി തോന്നിയത്. 

 

ഒറ്റപ്പെട്ട മനുഷ്യരുടെ ആത്മാവിനെ ഇതിനുമുന്‍പ് ഇങ്ങനെ പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടുള്ളത് മലയാളത്തില്‍ ആനന്ദ് മാത്രമാണ്. അപരിചിതമായ ഭൂമിശാസ്ത്രം പോലും ജീവിത തത്ത്വചിന്തയുടെ ഗൂഢമായ കണക്ക് കൂട്ടാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആനന്ദിനെപ്പോലെ, എല്ലാവരുടെയും എഴുത്തുകാരിയല്ല യമ. സൂക്ഷ്മമായി വായിക്കുന്ന, ആലോചിക്കാനും ആലോചിച്ചു വേദനിക്കാനും, അക്ഷരങ്ങളിലെ അസ്വസ്ഥതയും വേദനയും സങ്കീര്‍ണതയും സ്വീകരിക്കാനും തയാറുള്ള വായനക്കാരുടെ മാത്രം എഴുത്തുകാരി. എന്നാല്‍ ആ എഴുത്തു ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നവരെ കാത്തിരിക്കുന്നതു സമ്പന്നമായ മാനുഷികതയുടെ നിരാശ്രയ ലോകമാണ്. 

 

മറ്റൊരു നാട്ടില്‍, മറ്റൊരു ദേശത്ത്, അപരിചിതമായ ഭാഷയുടെ നടുവില്‍ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുമായി ജീവിക്കുന്ന ഒരു പുരുഷന്റെ തീര്‍ത്തും സങ്കീര്‍ണമായ രതി പോലും യമ ഉള്ളിലുടക്കുന്ന കൂരമ്പു പോലെ അവതരിപ്പിക്കുന്നുണ്ട് പിപീലികയില്‍. ഒരു നായാട്ടു തന്നെയാണു പിപീലിക. നായാടാന്‍ വിധിക്കപ്പെട്ട മനുഷ്യന്റെ ആത്മാവിലൂടെ ഒരു എഴുത്തുകാരി നടത്തുന്ന അങ്ങേയറ്റം മാനുഷികമായ നായാട്ട്. ഇവിടെയും വേട്ടക്കാരനും വേട്ടയാടപ്പെടുന്നയാളും ഒന്നാകുന്നുണ്ട്. ക്രൂരമായ 

ജീവിതത്തിന്റെ രസതന്ത്രത്താല്‍. ഇതു തന്നെയോ നായാട്ട്; ജീവിതവും ? 

 

English Summary: Pipeelika book written by Yama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com