ADVERTISEMENT

ജനാധിപത്യത്തിലെ രാജാധിപത്യം അനുഭവിക്കുന്നവര്‍ക്ക് ഏറെ കൗതുകകരമാണ് ആധുനിക കാലത്തും രാജവാഴ്ച നിലവിലുള്ള രാജ്യം. ആളോഹരി ആനന്ദത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം കൂടിയാണത്. നമ്മുടെ സ്വന്തം അയല്‍ രാജ്യം. പാസ്പോര്‍ട്ടോ വീസയോ ഇല്ലാതെ അതിര്‍ത്തി കടക്കുകയും നല്ല ഓര്‍മകളുമായി തിരിച്ചുവരികയും ചെയ്യാവുന്ന രാഷ്ട്രം- ഭൂട്ടാന്‍. സാഹസികമെന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും ഭൂട്ടാനിലേക്ക് അഞ്ചു സുഹൃത്തുക്കള്‍ അര്‍മാദിച്ചു നടത്തിയ രസകരമായ യാത്രയുടെ പുസ്തകമാണ് ഭൂട്ടാന്‍ വിശേഷങ്ങള്‍. എഴുതിയതു കവി എം.ആർ. രേണുകുമാറാണെങ്കിലും അഞ്ചു പേരുടെയും സംഭാവനകള്‍ സരസമായി പ്രതിഫലിക്കുന്ന യാത്രാവിവരണം. 

അധ്യാപകനായ ടോം മാത്യു, ചിത്രകാരനായ എം.ടി. ജയലാല്‍, ചിത്രകാരനും നാടക പ്രവര്‍ത്തകനുമായ യേശുദാസ് പിഎം, എഴുത്തുകാരന്‍ എസ്. ഹരീഷ് എന്നിവരും രേണുകുമാറുമാണു യാത്രയിലെ പങ്കാളികള്‍. 

 

ഒരു പാതിരാത്രി കോട്ടയത്തെ നീണ്ടൂരില്‍ നിന്നാണു യാത്രയുടെ തുടക്കം. 9-ാം പക്കം കടുത്തുരുത്തിയില്‍ അതവസാനിച്ചതു സമൃദ്ധമായ ഓര്‍മകളുമായി. ബുദ്ധിജീവി ജാഡകളും ഔപചാരിക യാത്രയുടെ ചിട്ടവട്ടങ്ങളോ ഇല്ലാതെ ബംഗാള്‍ വഴി ട്രെയിനിലും ബസിലും ടാകിസിയിലുമായി നടത്തിയ യാത്ര ഇന്ത്യനവസ്ഥയുടെയും ഭൂട്ടാനവസ്ഥയുടെയും യഥാര്‍ഥ പരിഛേദം തന്നെയാകുന്നുണ്ട്. കണ്ണു തുറന്നാണ് ഈ ചെറുപ്പക്കാര്‍ യാത്ര ചെയ്യുന്നത്. ഏറ്റവും നേരിയ സ്വരം പോലും പിടിച്ചെടുക്കാന്‍ കഴിവുള്ള കാതുകളുമായി. എല്ലാത്തരം അനുഭവങ്ങളെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ തുറന്നുവച്ച മനസ്സുകളുമായും. വാന്‍ഗോഗിന്റെ ചിത്രങ്ങളെ ഓര്‍മപ്പെടുത്തുന്ന മനോഹരമായ ഭൂപ്രകൃതിയുള്ള ഭൂട്ടാന്‍ എന്ന സന്തോഷ രാജ്യത്തിന്റെ ആഹ്ലാദവും അമര്‍ഷവും സങ്കടവും ചെറുത്തുനില്‍പും ഇനിയും പുറത്തുവരാത്ത വംശീയ, ദേശീയ വേര്‍തിരിവുകളും ഭൂട്ടാന്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. അകൃത്രിമമാണു ഭാഷ. ഉള്ളത് ഉള്ളതുപോലെ പറയുന്നതുകൊണ്ട് ഉള്ളില്‍ത്തട്ടുന്നുമുണ്ട്. 

 

സഹയാത്രികനായ എസ്. ഹരീഷാണു പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നതെന്ന കൗതുകമുണ്ട്. തിരിച്ചു കൊല്‍ക്കത്തയ്ക്കു വരുംവഴി ബംഗാളിലെ ഒരു ഗ്രാമത്തിലിറങ്ങിയ അനുഭവം മറ്റനുഭവങ്ങള്‍ക്കൊപ്പം സരസമായി ഹരീഷ് പറയുന്നുണ്ട്. ഗ്രാമത്തിലെ ഹോട്ടലില്‍ നിന്നു വയര്‍ നിറയെ ഭക്ഷണം കഴിച്ചപ്പോള്‍ ആകാംക്ഷ അടക്കാനാവാതെ സുഹൃത്തുക്കള്‍ കാണുന്നവരോടൊക്കെ ചോദിച്ചു: 

ഇവിടെ എവിടാണു സിപിഎമ്മിന്റെ ഓഫിസ് ? 

ചോദിച്ചതു കേരളില്‍ നിന്നുള്ളവരാണെന്ന് അവര്‍ വേഗം മനസ്സിലാക്കുന്നു. മലയാളികളല്ലാതെ മറ്റാരും ഇങ്ങനെയൊരു ചോദ്യം ചോദിക്കില്ലെന്നും അവര്‍ക്ക് ഉറപ്പാണ്. ഹോട്ടല്‍ നില്‍ക്കുന്ന പഞ്ചായത്തില്‍ 40 കൊല്ലം എല്ലാ സീറ്റുകളിലും സിപിഎമ്മാണു വിജയിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ ഒറ്റയൊരു കമ്മ്യൂണിസ്റ്റുകാരനെയും മഷിയിട്ടുനോക്കിയാലും കാണാനില്ല. 

 

അവരൊക്കെ എവിടെ ? ഞങ്ങളുടെ ആകാംക്ഷ അടക്കാനായില്ല. 

മുക്കാല്‍പങ്കും തൃണമൂലില്‍ ചേര്‍ന്നു. കുറേയെണ്ണം ബിജെപിയില്‍ പോയി. 

കുറച്ചുപേര്‍ പോലും ബാക്കിയില്ലേ ? ഞങ്ങളുടെ സംശയം തീര്‍ന്നില്ല. 

അഞ്ചാറു കടുത്ത കമ്മ്യൂണിസ്റ്റുകാരുണ്ടായിരുന്നു. അവരെ ജനം തല്ലിയോടിച്ചു: കടക്കാരന്‍ പറഞ്ഞു. 

 

യാത്രയുടെ അവസാനം ഹാസിമാര സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ ഒരു ജാഥ കടന്നുപോകുന്നിതിനെക്കുറിച്ച് രേണുകുമാറും എഴുതുന്നുണ്ട്. 

റെയില്‍വേ പരിസരം കൂടി ഉപയോഗിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നെടുങ്കന്‍ റാലി ഞങ്ങളുടെ മുന്നിലൂടെ മുദ്രാവാക്യം വിളികളുമായി കടന്നുപോയി. അല്‍പം മുന്‍പ് ഞങ്ങള്‍ തെരുവോരത്തെ ചാളകള്‍ക്കു മുന്നില്‍ കണ്ട മനുഷ്യരായിരുന്നു അതിന്റെ പിന്‍നിര നിറയെ. ട്രെയിന്‍ വന്നു. ജനലിലൂടെ ഒരിക്കല്‍ക്കൂടി ഹാസിമാര കണ്ടു. ജാഥ കടന്നുപോയിട്ടില്ല. അതിന്റെ വാലറ്റം ഇപ്പോഴും ദളിത് കോളനിയില്‍ നിന്ന് ചലിച്ചിട്ടുണ്ടാവില്ല. 

 

English Summary: Bhutan Viseshangal book written by MR Renukumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com