ADVERTISEMENT

ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങിലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്കു പ്രവചന വരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.

 

ഈ തിരിച്ചറിവാണ് ബോബി ജോസ് കട്ടികാടിന്റെ എഴുത്തിനെ പ്രിയപ്പെട്ടതാക്കുന്നത്. വാക്കുകളിലെ സ്നേഹസ്പര്‍ശം. ആശയങ്ങളിലെ മാനുഷികത. സര്‍വോപരി സ്നേഹസമ്പന്നവും കരുണയാല്‍ സമൃദ്ധവുമായ ജീവിതത്തിനുവേണ്ടിയുള്ള നിരന്തരമായ അന്വേഷണം. ചില്ല് എന്ന ഏറ്റവും 

പുതിയ സമാഹാരവും വിശുദ്ധമായ ഒരു പ്രാര്‍ഥനയാണ്. ലോകം ആര്‍ജിച്ച വിജ്ഞാനത്തെ തൊട്ടും തലോടിയും കലാ സാംസ്കാരിക സാഹിത്യ സിനിമാ മേഖലകളിലെ മികച്ച സംഭാവനകളെ പരിചയപ്പെടുത്തിയും അനുഭവങ്ങളെ തെളിമയോടെ സ്വീകരിക്കാനും ജീവിതത്തിന്റെ ചാരുത 

നിലനിര്‍ത്താനും സഹായിക്കുന്ന പുസ്തകം. 

 

ഇരുണ്ട ഇടനാഴിയിലെ ശരറാന്തലുകള്‍ എന്ന അധ്യായത്തില്‍ ഒരു നൂറ്റാണ്ടു മുമ്പുള്ള ഒരു കഥ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി തന്റെ സഹോദരിയുടെ പഠനച്ചെലവു കണ്ടെത്തുന്നതിന് ധനികനായ ഒരു അകന്ന ബന്ധുവിന്റെ വീട്ടില്‍ രണ്ടു വര്‍ഷം വേല ചെയ്തു.വീട്ടിലെ ചെറുപ്പക്കാരന് അവളോട് സ്നേഹം തോന്നിയിരുന്നു. അവര്‍ ആഗ്രഹിക്കുന്നതുപോലെ വിവാഹത്തിലൊന്നുമല്ല കാര്യങ്ങള്‍ എത്തിയത്. 

മാതാപിതാക്കളോട് എതിര്‍ത്തു പറയാനുള്ള ധൈര്യം അയാള്‍ക്കില്ലായിരുന്നു. ദൂരെനിന്ന് അവളുടെ ജീവിതം കുറേക്കൂടി പകിട്ടുള്ളതാകുന്നതുകണ്ട് സദാ ഹര്‍ഷത്തിലായിരുന്നു അയാള്‍. 

 

രണ്ടു ശാസ്ത്രശാഖകളിലായി നൊബേല്‍ നേടിയ ഒരേയൊരു സ്ത്രീയായിരുന്നു അവര്‍. 1903 ല്‍ ഫിസിക്സിലും 1911 ല്‍ കെമിസ്ട്രിയിലുമായിരുന്നു അത്. അറുപത്തിയാറാം വയസ്സില്‍ അവര്‍ മരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അവരുടെ ഒരു പ്രതിമ നഗരത്തിലുണ്ടായി. വാര്‍ധക്യത്തില്‍ അതിന്റെ 

ചുവട്ടില്‍ ധ്യാനപൂര്‍വം ഇരിക്കുകയായിരുന്നു അയാളുടെ രീതി. മാഡം ക്യൂറിയുടെയും അവരുടെ കൗമാര കാല സ്നേഹിതനായ കാസിമിര്‍സ് സോറാസ്കിയുടെയും അപൂര്‍വ സുന്ദരമായ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും കഥ. 

 

പുതിയ കാര്യങ്ങള്‍ പുതുതായി അവതരിപ്പിക്കുകയല്ല ഈ പുസ്തകം ചെയ്യുന്നത്. അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടതും എന്നാല്‍ മറന്നുപോകുന്നതുമായ പുണ്യപാഠങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. അവയിലൂടെ കടന്നുപോകുമ്പോള്‍ ജീവിതം എത്ര സുന്ദരം എന്നായിരിക്കും തോന്നുക. Live, Love, Leave എന്ന മൂന്ന് അധ്യായങ്ങളിലാണ് നിങ്ങളുടെ ആത്മകഥ 

സംഗ്രഹിക്കപ്പെടേണ്ടത്. വീഞ്ഞു നുരയുന്നതുപോലെ ജീവിക്കുക, നിലാവു പടരുന്നതുപോലെ സ്നേഹിക്കുക, കരിയിലകള്‍ പോലെ അപ്രിയാനുഭവങ്ങളെ വിട്ടുകളയുക. 

 

English Summary: Chillu Book written by Bobby Jose Kattikadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com