ഓര്‍മകളെ നിര്‍മിക്കുന്ന കലയ്ക്ക്, ജീവിതത്തിന്റെ തെളിവിന്, ഈ മുസല്ലകള്‍

mutharkunnile-musallakal-p
SHARE
യാസര്‍ അറഫാത്ത്

മാതൃഭൂമി ബുക്സ്

വില 240 രൂപ

ഇസ്തിദ് കാറുസ്സഫറ് ന്ന് ച്ചാല് ഒരൂട്ടം ഓര്‍മേണ്... പൈക്കളെ തെളിക്കണ പോലെ ഓര്‍മകളേം മേച്ച് നടക്ക്വാ... കാണ്‍ണതും കേൾക്കണതുമായ സംബവങ്ങള് മ്മള്മുമായി അട്പ്പള്ളോര് കദകളായി മാറ്ണത് വിത്യസ്താണെന്ന് തോന്നുമ്പോ ഞാനങ്ങനെ എയ്തി വക്കും. ന്റെ മുന്നില്‍ പോയോരെല്ലാം ചെയ്തതും അത് തെന്നെ. ഒളവട്ടൂരെളാപ്പയുടെ വിരലുകള്‍ വിറച്ചു. കടലാസുകളില്‍ അവയ്ക്കു പല തവണ വഴിതെറ്റി. 

അനക്കാവ്മ്പോ എയ്ത്ത് കുത്തൊക്കെ ണ്ട് ന്നാ കേട്ടത്. ഈ ഓര്‍മകളെയൊക്കെ അനക്ക് ഐറ്റെട്ത്തൂടെ ? പെട്ടെന്നുരത്തരം പറയാന്‍ പറ്റുമായിരുന്നില്ല. ഓര്‍മകളെ നിര്‍മിക്കുന്ന കലയാണു ജീവിതം. ജീവിച്ചു എന്നു പറയുന്നതുതന്നെ ഓര്‍മകളിലൂടെയാണ്. പ്രത്യേകിച്ചൊന്നും ഓര്‍ക്കാനില്ലാത്തവര്‍ മൃതരാണ്. എന്നാല്‍, സാഹചര്യങ്ങളുടെ സവിശേഷതയാല്‍ ഒന്നും ഓര്‍ത്തുവയ്ക്കാന്‍ ശ്രമിച്ചില്ല. അങ്ങനെയുള്ള ഒരാളോടാണ് കാലത്തിന്റെ കണക്കുകള്‍ നോക്കുവാന്‍ പറയുന്നത്. ഇരുളിനു മീതെയിരമ്പിയ മഴയുടെ ആയിരം നാവുകളിലെവിടെയോ മറഞ്ഞു കിടന്ന ഉത്തരം ഒരു നോവലായി പുനര്‍ജനിച്ചു: യാസര്‍ അറഫാത്തിന്റെ മുതാര്‍ക്കുന്നിലെ മുസല്ലകള്‍. 

ഒരു പ്രത്യേക ദേശത്തിന്റെ ചരിത്രം ഇതാദ്യമായല്ല മലയാളത്തില്‍  നോവലിന്റെ രൂപം പ്രാപിക്കുന്നത്. ദേശത്തിന്റെ കഥ മുതല്‍ എത്രയോ ഉദാഹരണങ്ങള്‍. നോവലിലിന്റെ വിശാലമായ ക്യാന്‍വാസിനു മാത്രമാണ് ദേശത്തെ ഉള്‍ക്കൊള്ളാനാവുന്നത് എന്നതുകൊണ്ടുതന്നെ ദേശചരിത്രങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നോവലില്‍ മറനീക്കുന്നു. ചിലതു സ്മരണയില്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ മറ്റു ചിലത് പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാതെ മറഞ്ഞുപോകുന്നു. ദേശങ്ങളുടെ ചരിത്രം വിശാലമായ ഭൂപടത്തില്‍ വരച്ചിട്ട ഗണത്തിലേക്കാണു മുതാര്‍ക്കുന്നിലെ മുസല്ലകളും എത്തുന്നത്. 

ദിക്കുകളിലെല്ലാം പ്രതാപികളായ കുന്നുകള്‍. വള്ളിച്ചെടികളും കുറ്റിച്ചെടികളും നിറഞ്ഞ താഴ്‍വാരങ്ങള്‍. ആകാശത്തോളം വളര്‍ന്ന മരങ്ങള്‍. നട്ടുച്ചയിലും തെളിവെയില്‍ തട്ടാത്ത മണ്ണ്. വന്യമായ മുരളലുകള്‍. ഇലകള്‍ക്കിടിലൂടെ അപൂര്‍വായി മാത്രം വെളിപ്പെടുന്ന ദുരൂഹമായ മേഘങ്ങള്‍. തണുപ്പ്. അങ്ങനെ പഴമക്കോടെന്ന പേര് ജനിക്കുന്നു. 

ക്രമേണ, പതിയെ ശിഥിലമാകുന്ന ശില പോലെ പഴങ്കോട്ട എന്ന നാമം, പഴമക്കോടായി പരിണമിച്ചു. പരിണാമം അവിടെയും തീര്‍ന്നില്ല. നാവിളക്കത്തിന് എളുപ്പം നല്‍കാന്‍, അതു പിന്നീട് ‘ പ ’ എന്ന അക്ഷരം മാത്രമായി ചുരുങ്ങി. 

പ യുടെ കഥയാണ് മുതാര്‍ക്കുന്നിലെ മുസല്ലകള്‍. സമകാലിക ചരിത്രത്തോളം എത്തുന്ന വര്‍ഷങ്ങളുടെ കഥനം. എന്നാല്‍, ഏതാനും മനുഷ്യരുടെ ജീവിതകഥകള്‍ മാത്രമല്ല. നാം ജീവിക്കുന്ന കാലത്തിന്റെ ചരിത്രം കൂടിയാണിത്. സ്വന്തം പേരു പോലും കാലക്കേടായി മാറുന്ന കെട്ട കാലത്തിന്റെ ദുഷിച്ച പരിണതികളുടെയും കഥ. സാമൂഹിക മാറ്റങ്ങള്‍ നോവലിന്റെ ഭാഗം തന്നെയാണ്. അവയ്ക്കിടയിലും ചില മനുഷ്യര്‍ അവരുടെ സവിശേഷ ജീവിത സന്ദര്‍ഭങ്ങളുടെ തനിമയാല്‍ മനസ്സില്‍ അവശേഷിക്കുന്നു. അങ്ങനെ ദേശ ചരിത്രത്തിന്റെ സമ്പന്നമായ ഏടുകളിലേക്ക് മുസല്ലകളും ഇടം നേടുന്നു. 

English Summary: Mutharkunnile Musallakal Malayalam Novel By Yasar Arafath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;