ഈ സമയത്തും അവളെ തേടിവരുന്ന അവന്‍മാര്‍; അവര്‍ക്കെതിരെ കോവിഡും വടി തന്നെ !

linga-padavi-p
SHARE
എഡിറ്റര്‍ ഡോ. ടിസി മറിയം തോമസ്

ഡിസി ബുക്സ്

വില 240 രൂപ

ആ കാലത്ത് ബസുകളോ തീവണ്ടികളോ ഓടിയിരുന്നില്ല. വിമാനങ്ങള്‍ പറന്നിരുന്നില്ല. സ്കൂളുകളും ഹോട്ടലുകളും ആരാധനാലയങ്ങളും അടഞ്ഞുകിടന്നു. തെരുവുകള്‍ വിജനമായി. ഉത്സവങ്ങള്‍ നിരോധിക്കപ്പെട്ടു. രോഗം ബാധിച്ചവരെ ഭ്രഷ്ടരായി ദൂരെ പാര്‍പ്പിച്ചു. പരീക്ഷകള്‍ നടന്നില്ല. തിയറ്ററുകളും പാര്‍ക്കുകളും അടഞ്ഞുകിടന്നു. തൊഴിലാളികള്‍ക്കു വേതനം കിട്ടിയിരുന്നില്ല. വ്യവസായശാലകള്‍ അടച്ചു. കോടതികള്‍ പോലും തുറന്നിരുന്നില്ല. 

ആ കാലത്തും മഴ പെയ്തിരുന്നു. കാറ്റു വീശിയിരുന്നു. ചിത്രശലഭങ്ങള്‍ പറന്നിരുന്നു. കടലില്‍ മീനുകളുണ്ടായിരുന്നു. കാട്ടിലും വയലിലും കട്ടിപ്പച്ചയുടെ സമൃദ്ധിയുണ്ടായിരുന്നു. മനുഷ്യര്‍ക്കു മത്രമായിരുന്നു ആ കാലം ദുരന്തമായിരുന്നത്. 

മധുരമായ അപാരതകള്‍ മനുഷ്യര്‍ക്കു നഷ്ടമായ കാലത്തെക്കുറിച്ചാണ് താഹ മാടായി എഴുതുന്നത്. കോവിഡ് ലിംഗപദവികളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തെളിയുന്നത് വ്യത്യസ്തമായ ചിന്തകളും വ്യത്യസ്തമായ അനുമാനങ്ങളും ഞെട്ടിക്കുന്ന കണ്ടെത്തലുകളും. 

ലോക്ഡൗണ്‍ സ്ത്രീകള്‍ക്കു പണ്ടേ പരിചിതമെന്നു പറയുന്നു എസ്. ശാരദക്കുട്ടി. ഓര്‍മ്മ വച്ച കാലം മുതല്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചപ്പോഴൊക്കെ, അകത്തേക്ക് അകത്തേക്ക് എന്ന് ഓടിക്കപ്പെട്ടുകൊണ്ടിരുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്കോ അവര്‍ മുതിര്‍ന്നുണ്ടാകുന്ന സ്ത്രീകള്‍ക്കോ വീടും തടവും ഒരു വലിയ പ്രശ്നമായി തോന്നേണ്ടതില്ല. പെട്ടെന്നൊരു ദിവസം ലോകം തങ്ങള്‍ക്കു മുന്നില്‍ അടഞ്ഞതായി അവര്‍ക്കു തോന്നാന്‍ സാധ്യതയില്ല. അവരുടെ ലോകം എന്നെ അടഞ്ഞതാണല്ലോ. വീടര്, അന്തര്‍ജ്ജനങ്ങള്‍, അകത്തുള്ളാള്‍, വീട്ടമ്മ എന്നൊക്കെയാണല്ലോ സ്ത്രീകളുടെ പര്യായങ്ങള്‍ തന്നെ. 

കോവിഡ് ഇ വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നതിനെക്കുറിച്ച് ആവേശം കൊള്ളുന്നവര്‍ തീര്‍ച്ചയായും അറിയേണ്ട ചില സത്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് പി.ഇ. ഉഷ. അട്ടപ്പാടിയിലെ ഉള്‍ക്കാടുകളിലെ ആദിവാസി പ്രദേശങ്ങളില്‍ താമസിക്കുന്ന സമൂഹങ്ങളുടെ അവസ്ഥ. റിസര്‍വ് ഫോറസ്റ്റിനുള്ളില്‍ ജീവിക്കുന്നവര്‍. വൈദ്യുതിയും ഇന്റര്‍നെറ്റ് സൗകര്യവുമില്ലാത്തവര്‍. കുട്ടികള്‍ ഫോണ്‍ വഴി ആശയവിനിമയം നടത്താനായി, മരത്തിന്റെ മുകളില്‍ ഒരു പോളിത്തീന്‍ കൂടില്‍ ഫോണ്‍ കെട്ടിവയ്ക്കാറുണ്ട്. വൈകുന്നേരം മരത്തില്‍ കയറി ഫോണ്‍ എടുത്തു നോക്കും. മിസ് കോളുകള്‍ ഉണ്ടോയെന്ന്. വിളിച്ചവരെ തിരിച്ചുവിളിക്കും. ഫസ്റ്റ് ബെല്‍ കേള്‍ക്കാത്ത കുട്ടികളെക്കുറിച്ചാണു ഉഷ പറയുന്നത്. 

ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് കാലത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് നളിനി ജമീല പറയുന്നുണ്ട്. രണ്ടു പെണ്‍ സുഹൃത്തുക്കള്‍ക്ക് ഇക്കാലത്ത് മരുന്നിന് ആവശ്യം നേരിട്ടു. ആവശ്യം നളിനി ഒരു പുരുഷ സുഹൃത്തിനെ ബോധ്യപ്പെടുത്തി. അദ്ദേഹം മരുന്ന് ലഭ്യമാക്കിയെങ്കിലും അവരുടെ താമസ സ്ഥലത്ത് എത്തിക്കാന്‍ ബുദ്ധിമുട്ടി. സ്ഥലം കണ്ടെത്തിയാല്‍ ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ ആലോചിച്ച്, പലരേയും പേടിച്ച് സ്ത്രീ സുഹൃത്തുക്കള്‍ മറ്റൊരു സ്ഥലത്തു ചെന്നാണ് മരുന്ന് കൈപ്പറ്റിയത്. കോവിഡ് കാലത്താണെങ്കില്‍പ്പോലും ലൈംഗിക തൊഴില്‍ ചെയ്യുന്നവരുടെ വീട്ടിലേക്ക് ഒരു പുരുഷന്‍ ചെന്നാല്‍, സദാചാര സംരക്ഷകര്‍ ഇളകിമറിയും. ഈ സമയത്തുപോലും അവന്‍ എന്തിന് അവളെ തേടിയെത്തിയെന്ന് വിചാരപ്പെടും. ഇത് ആക്രമണങ്ങളിലേക്കു പോലും നയിക്കാം. എത്തിയ വ്യക്തിക്ക് കോവിഡ് പടരാന്‍ സാധ്യത എന്ന അപകട ഭീഷണിയും ഉയര്‍ത്താം. ലൈംഗിക തൊഴിലാളികളെ അടിക്കാന്‍ കോവിഡും ഒരു വടി തന്നെ. 

പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ സമൂഹം, മനസ്സ്, സംസ്കാരം എന്നിങ്ങനെയാണു പഠനങ്ങള്‍. വീടും പ്രണയവും ബന്ധങ്ങളും രണ്ടാം ഭാഗത്തില്‍. തൊഴില്‍, വിദ്യാഭ്യാസം എന്നിങ്ങനെ മൂന്നും നാലും ഭാഗങ്ങള്‍. 22 പേര്‍ അനുഭവങ്ങളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ കോവിഡ് കാലത്തെ ഇഴപിരിച്ചെടുക്കുന്നു. 

English summary: ‘Lingapadavi’ book by Tissy Mariyam Thomas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;