വാക്കു മുറിയാതേം, നടു കുനിയാതേം വന്നുനിന്ന് വര്‍ത്തമാനം പറയുന്ന കവിതകള്‍

uppu-tharissu
SHARE
മ്യൂസ് മേരി

ഡിസി ബുക്സ്

വില 199 രൂപ

ഒരു വാളിനാല്‍ പിളര്‍ന്നു മാറി നില്‍ക്കുന്ന നെഞ്ചകമാണ് ദൈവപുത്രന്റെ അമ്മയാകുകയെന്നാല്‍. മരക്കുരിശെടുത്ത് തോളില്‍ വയ്ക്കുകയെന്നതാണ് മനുഷ്യപുത്രന് അമ്മയാകുകയെന്നത്. അമ്മമാരെയിങ്ങനെ പ്രലോഭിപ്പിക്കരുതേ 

വേദനകള്‍ 

ചുമക്കാനും 

വഹിക്കാനും 

അവര്‍ ദൈവ- 

ങ്ങളല്ലല്ലോ. 

ദൈവപുത്രനോട് എന്ന മ്യൂസ് മേരിയുടെ കവിത ഇഹലോകത്തിലെയും പരലോകത്തിലെയും അമ്മമാരുടെ ദുര്‍വിധിയില്‍ നിന്നുയരുന്ന പ്രാര്‍ഥനയാണ്. അമ്മമാരെപ്പോലെ, മുഖ്യധാരയില്‍ നിന്നു തള്ളിയിടപ്പെട്ട പെണ്ണുങ്ങളും സ്ത്രീകളും പെണ്‍കുട്ടികളും പെണ്ണനുഭവങ്ങളും നിറയുന്ന കവിതകളാണ് ഉപ്പുതരിശ് എന്ന കവിതാ സമാഹാരത്തിലുള്ളത്. വാക്കുകള്‍ 

വെട്ടിയും മുറിച്ചും പുതിയ പദ സംയുക്തങ്ങളും പ്രയോഗങ്ങളും സൃഷ്ടിച്ചും ഉത്തരാധുനിക കവിതയോടു ചേര്‍ന്നു നില്‍ക്കുന്ന മ്യൂസ് മേരി പുരുഷ ലോകം പഠിപ്പിച്ച പാഠങ്ങളെ തിരിച്ചുവായിക്കുകയാണ്. ലോകത്തെ കീഴ്മേല്‍ മറിച്ച് ആണിനെയും പെണ്ണിനെയും കുടുംബത്തെയും പുനര്‍വായിക്കുയാണ്. കവിതയെന്നതിനേക്കാള്‍ മന്ത്രിക്കലുകളോ സ്വകാര്യ 

സംഭാഷണങ്ങളോ ആകുന്ന ഈ കവിതകള്‍ കാലത്തിന്റെയന്നപോലെ കവിതയിലെയും അനിവാര്യതയാണ്. ഒത്തുതീര്‍പ്പുകള്‍ക്കപ്പുറം, പെണ്ണിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങളുമാണ്. 

വര്‍ത്തമാനത്തിലൊരൊത്തുതീര്‍പ്പ് എന്ന കവിത തുടങ്ങുന്നതുതന്നെ ഒരു പ്രസ്താവനയുമായാണ്. അരാഷ്ട്രീയക്കാരാണെപ്പോഴും പെണ്ണുങ്ങള്‍. എന്നാല്‍, ചുമ്മാ കൊറിച്ചുകൊണ്ട് രാഷ്ട്രീയം പറയുന്നവര്‍ക്ക് പെണ്ണുങ്ങളെക്കൊണ്ട് ആവശ്യങ്ങളൊട്ടേറെയുണ്ട്. ഇടയിലിടയില്‍ ചായ, കാപ്പി ഒന്നും ആയില്യേ എന്നൊരു ചോദ്യം അവര്‍ക്കു നേരെ ഉയരുന്നുണ്ട്. കാപ്പിയെടുക്കുമ്പോള്‍ കറുത്ത മുഖം പാടില്ലെന്ന ആപ്തവാക്യം അവര്‍ മറക്കരുത്. ചായ കൊടുക്കുമ്പോള്‍ പുഞ്ചിരിച്ചായം വേണമെന്നതും. മറുപടി മധുരം ചിരിയാലിളക്കി പകര്‍ന്നുകൊടുക്കുമ്പോള്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. പെണ്ണുങ്ങള്‍ക്ക് ഒരു നിലപാടുമില്ല. ഇനിയെന്നാണ് ഇതിനൊക്കെ ഒരു മാറ്റം വരികയെന്നാര്‍ക്കറിയാം എന്ന സഹതാപവുമുണ്ട്. എന്നാല്‍, പെണ്ണുങ്ങളുടെ അരാഷ്ട്രീയത എന്ന പറഞ്ഞുപഴകിയ പറച്ചിലിന് ഉച്ചത്തിലൊരാട്ടുപോലെ ഒത്ത മറുപടി കൊടുക്കുന്നുമുണ്ട് കവിത. 

വാക്കു മുറിയാതേം 

നടു കുനിയാതേം 

വന്നുനിന്ന് 

നിന്നോട് രണ്ടു 

പറയാന്‍ 

നാക്കു ചൊറിയുന്നുണ്ടെങ്കിലും 

ആര്യപുത്രരോട് 

അതിരുവിട്ടൊന്നും 

പറയരുതെന്നല്ലേ പ്രമാണം. 

ഉത്തരകാണ്ഠം എന്ന കവിതയിലും രാമായാണത്തിനു പെണ്ണിന്റേതായ ഭാഷ്യം ചമയ്ക്കുന്നുണ്ട് കവി. 

മൃത്യു പൂജയ്ക്കായെന്റെ മുടിനാരു പോലും നിന്റെ കയ്യില്‍ തരാതെ 

നിത്യശാന്തിയുടെ ഗര്‍ഭപാത്രത്തിലേക്ക് അമ്മയുടെ കയ്യും പിടിച്ചു 

പോകുകയാണ് കവിയുടെ ഇവിടെ ഇതിഹാസ കാവ്യം. 

ജോസഫ് എന്ന തച്ചന്‍ മുതല്‍ ഒട്ടേറെ കവിതകളില്‍ ജോസഫും മറിയവും ദൈവപുത്രനും ഒന്നിലേറെത്തവണ വന്നുപോകുന്നു. പഴയ നിയമത്തിനും പുതിയ നിയമത്തിനും പകരം കവിതയുടെ നിയമത്തില്‍ നിന്നുകൊണ്ട് പെണ്ണിന്റെ കണ്ണിലൂടെ തിരുവെഴുത്ത് പുനര്‍വായിക്കുകയാണ് കവി. 

പ്രണയത്തില്‍ ജ്ഞാനസ്നാനം ചെയ്യുന്ന കവിതകളുമുണ്ട് പുതിയ സമാഹാരത്തില്‍. മുറിച്ചിട്ട വാക്കുകളിലൂടെ ജീവനില്‍ പടര്‍ന്നുകയറുന്ന പ്രണയവല്ലരിയായി മാറുന്നുണ്ട് മറക്കുമ്പോള്‍ എന്ന കവിത. നിന്റെ നഗരത്തില്‍ വന്ന് നിന്നെ കാണാതെ മടങ്ങുക നിന്റെ ചുംബനത്തില്‍ നിന്ന് എന്റെ ശ്വാസത്തെ തിരിച്ചെടുക്കലാണ് എന്നു തുടങ്ങുന്ന കവിത മറവിയിലും മരണത്തിലും കവിതയെ തിരിച്ചുപിടിക്കുന്നു. 

നിന്റെ 

നഗരം കാണാന്‍ 

ഇനി 

വരാതിരിക്കുക 

മറവിയാണ് 

ഓരോ 

മറവിയും മരണമാണ്. 

English Summary: Upputharissu book written by Muse Mary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA
;