ഉറപ്പുള്ളത് മരണം മാത്രം; ആര്‍ക്കു വേണ്ടി കാത്തിരിക്കണം ഇനിയും കേണല്‍?

no-one-writes-to-the-colonel-book
SHARE
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

ഡിസി ബുക്സ്

വില 99 രൂപ

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള വിദേശ എഴുത്തുകാരില്‍ ഒരാളാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പ്രസിദ്ധീകരിച്ച കാലം മുതല്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയിലുമുണ്ട്. എന്നാല്‍, സ്വന്തം കൃതികളില്‍ മാര്‍ക്കേസ് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ഏകാന്തതയേക്കാള്‍ ഒരു നീണ്ടകഥയാണ്. നോ വണ്‍ റൈറ്റ്സ് ടു ദ കേണല്‍. കേണലിന്റെ പ്രശസ്തമായ കഥ മലയാളത്തിലേക്കു മൊഴി മാറ്റിയിരിക്കുകയാണ് കഥാകൃത്ത് അയ്മനം ജോണ്‍. 

ധീരത കൈമുതലാക്കിയ, ഇതിഹാസ മാനങ്ങളുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച മാര്‍ക്കേസ് തന്നെയാണ് കേണലിന്റെ കഥയുമെഴുതിയതെന്ന്  അവിശ്വസിക്കാന്‍ പ്രേരിപ്പിക്കും വിധം ദയനീയ ജീവിതമാണു കഥയുടെ പ്രമേയം. നാടിനു വേണ്ടി പോരാടിന്റെ വിമുക്തഭടന്റെ പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പിന്റെ ദുരന്തം. അന്യാദൃശ്യമായ ഭാഷയില്‍‍, കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ മാര്‍ക്കേസ് വരച്ചിട്ട അതുല്യ കഥ പരുക്കു പറ്റാതെ മലയാളത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് അയ്മനം ജോണിന്. 

സങ്കീര്‍ണതകളില്ലാത്ത, ലളിതമായ ആഖ്യാനമാണ് കഥയില്‍ മാര്‍ക്കേസിന്റേത്. വാചക ഘടനയും ലളിതം. ആരാധ്യ പുരുഷന്‍ ഏണസ്റ്റ് ഹെമിങ്‍വേയുടെ ശൈലിയില്‍ കൊച്ചു വാചകങ്ങളിലൂടെ കഥ പറയുകയാണ് അദ്ദേഹം. ആയിരം പേജുള്ള നോവലിനേക്കാള്‍ ശക്തമാണ് ഓരോ വാക്കും. വാക്കുകള്‍ കൂട്ടിവച്ച് മാര്‍ക്കേസ് സൃഷ്ടിക്കുന്ന അനുഭവലോകവും അനുപമമം. പഴയ പ്രതാപവും പേറി ദാരിദ്ര്യത്തിന്റെ മല ചുമക്കുന്ന കേണല്‍, വായിക്കുന്ന ഓരോരുത്തരെയും കൊളുത്തിയിടും നിസ്സഹായതയിലും ദുഃഖത്തിലും. 

വയോധികരാണു കേണലും ഭാര്യയും. ജീവിതസായാഹ്നത്തില്‍ ഏകാന്തതയും ദുരിതങ്ങളും ദാരിദ്ര്യവും മാത്രമാണവരുടെ കൂട്ട്. അനുതാപവും സ്നേഹവും വറ്റിയിട്ടില്ലാത്തവര്‍; പരസ്പരവും പുറത്തെ ലോകത്തിനോടും. നാടിനു വേണ്ടി പൊരുതിയ കേണല്‍, ദാരിദ്ര്യത്തിലാണെങ്കിലും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നവരൊക്കെ നല്ല നിലയിലാണു ജീവിക്കുന്നത്. പലര്‍ക്കും ഇരുനില വീടുകള്‍ പോലുമുണ്ട്. എന്നാല്‍, ഒരിക്കല്‍ നല്ല നിലയിലായിരുന്ന അദ്ദേഹം, 

അന്നന്നത്തെ അന്നത്തിനുവേണ്ടി കോഴിയുടെ തീറ്റ പോലും മോഷ്ടിക്കേണ്ട ഗതികേടിലാണ്. 

ഒരു മരണ വാര്‍ത്തിയാലാണു കഥ തുടങ്ങുന്നത്. കഥയിലൂടനീളം മരണത്തിന്റെ ഇരുട്ടുണ്ട്. തണുപ്പും വിഷാദവുമുണ്ട്. ഇല 

അടരുന്നതുപോലെ ഏതു നിമിഷം വേണമെങ്കിലും ജീവിതത്തിന്റെ ചില്ലയില്‍ നിന്നു താഴേക്കു പതിക്കാവുന്നവര്‍. പരസ്പരം നുണ പറഞ്ഞും സ്നേഹിച്ചും ശുശ്രൂഷിച്ചും ഇനിയൊരിക്കലും വരാനില്ലാത്ത നല്ല കാലത്തിനു വേണ്ടി കാത്തും അവരുടെ ദിവസങ്ങള്‍ കടന്നുപോകുന്നു. പ്രതീക്ഷയുടെ കുറ്റവാളിയാണ് കേണല്‍. ഇന്നല്ലെങ്കില്‍ നാളെ തന്റെ 

സൂര്യനുദിക്കുമെന്നും നാടിന്റെ നല്ല കാലം വരുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാല്‍ ഭാര്യയ്ക്ക് കുറേക്കൂടി യാഥാര്‍ഥ്യബോധമുണ്ട്. പ്രതീക്ഷിക്കുന്നതുപോലെ സംഭവിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് അവര്‍ ചോദിക്കുന്നുണ്ട്. ആ ചോദ്യത്തെപ്പോലും ശുഭപ്രതീക്ഷയോടെയാണ് അദ്ദേഹം നേരിടുന്നത്. അതുവരെ നമ്മളെന്തു തിന്നും എന്ന അവസാനത്തെ ചോദ്യത്തിനു നല്‍കുന്ന മറുപടിയില്‍പ്പോലും കേണല്‍ ഒരു യഥാര്‍ഥ വിപ്ലവകാരിയാണ് !. നാടിനു വേണ്ടി യൗവ്വനം ഹോമിച്ച, മകനെ സമര്‍പ്പിച്ച, നല്ല നാളെകള്‍ സ്വപ്നം കാണുന്ന പോരാടുന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധി. 

എനിക്ക് അര്‍ജന്റായിട്ട് ഒരു കത്ത് വരാനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. ഒരു എയര്‍മെയ്‍ലാണ്. പോസ്റ്റ് മാസ്റ്റര്‍ കത്തുകളുടെ കള്ളികളില്‍ തിരഞ്ഞുനോക്കി.. ഒക്കെയുമെടുത്ത് വിലാസങ്ങള്‍ വായിച്ചുകഴിഞ്ഞ് ഓരോന്നും അതാതിന്റെ 

കള്ളിയില്‍ തിരികെയിട്ടതല്ലാതെ അയാളൊന്നും ഉരിയാടിയില്ല. കൈയിലെ പൊടി തട്ടിക്കളഞ്ഞശേഷം അയാള്‍ തിരിഞ്ഞുനിന്ന് കേണലിനെ അര്‍ഥംവച്ച് ഒരു നോട്ടം നോക്കി. അതുറപ്പായിട്ടും ഇന്നു വരേണ്ടതായിരുന്നു: കേണല്‍ പറഞ്ഞു. പോസ്റ്റ് മാസ്റ്റര്‍ തോള്‍ കുലുക്കി ‘വരുമെന്നുറപ്പുള്ളത് മരണമൊന്നുമാത്രമാണു കേണല്‍’. 

English Summary: No One Writes to the Colonel Novella by Gabriel Garcia Marquez

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA
;