ADVERTISEMENT

2012 ഓഗസ്റ്റ്. മഹാരാഷ്ട്രയില്‍ ഹരാലി എന്ന ഗ്രാമത്തിലെ സിംബയോസിസ് സ്കൂളില്‍ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സന്ദര്‍ശനം. കൂടെ സന്തത സഹചാരിയായ ശ്രീജന്‍ പാല്‍ സിങ്ങും. വിദ്യാര്‍ഥികളുടെ ഒരു വലിയ സദസ്സിനെ കലാം അഭിസംബോധന ചെയ്യുന്ന ചടങ്ങ്. കലാം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സദസ്സിലുണ്ടായ ചെറിയ അസ്വസ്ഥത ശ്രീജന്‍ ശ്രദ്ധിച്ചു. വെളുപ്പും പിങ്കും നിറങ്ങളോടു കൂടിയ ഉടയാത്ത സാരി ധരിച്ച ഒരു സ്ത്രീയെ പൊലീസുകാര്‍ തടയാന്‍ ശ്രമിക്കുന്നു. ഡോ. കലാമിനെ കാണണം എന്നവര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. അവരുടെ കയ്യില്‍ ഒരു കുട്ടിയുമുണ്ട്. 16 വയസ്സില്‍ കൂടില്ല. എന്നാല്‍ അവന്റെ കാലുകളെ പോളിയോ ബാധിച്ചിരിക്കുന്നു. അവനു നേരേ നില്‍ക്കാന്‍ കഴിയില്ല. കൊച്ചുകുട്ടിയെ എന്ന പോലെ അമ്മ മകനെ വാരിയെടുത്തു നില്‍ക്കുകയാണ്. അവന്‍ ജനിച്ചപ്പോള്‍ എങ്ങനെ പിടിച്ചോ അതുപോലെ. 

 

ശ്രീജന്‍ അവരെ സ്റ്റേജിന്റെ വശത്തേക്കു വിളിച്ചുവരുത്തി. എന്റെ കുഞ്ഞിന് ഡോ. കലാമിനെ കാണണമെന്ന് ആഗ്രഹമുണ്ട്: അമ്മ വെളിപ്പെടുത്തി. കലാം സദസ്സിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതുവരെ കാത്തിരിക്കണമെന്ന് ശ്രീജന്‍ അവരോടു പറഞ്ഞു. ചോദ്യോത്തര വേള  അവസാനിച്ചപ്പോള്‍ ശ്രീജന്‍ കലാമിനെ ആ സ്ത്രീക്കും മകനും പരിചയപ്പെടുത്തി. കൈ നീട്ടിക്കൊണ്ടു കുട്ടി പറഞ്ഞു: സ്വപ്നം കാണണമെന്നു താങ്കള്‍ ആവര്‍ത്തിച്ചു പറയുന്നു. എന്റെ സ്വപ്നത്തെക്കുറിച്ചു പറയാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ ചെസ് കളിക്കാറുണ്ട്. ഒരിക്കല്‍ ഗ്രാന്‍ഡ് മാസ്റ്ററാകണം എന്നാണെന്റെ ആഗ്രഹം. ഞാന്‍ കഠിനാധ്വാനം ചെയ്യാറുണ്ട്. 

 

തങ്ങള്‍ക്ക് സഹായം ഒന്നും ആവശ്യമില്ലെന്ന് അവന്റെ അമ്മയും പറഞ്ഞു. എന്റെ മകന്‍ പറയാറുണ്ട്. ഒരു വള്ളക്കാരന്റെ മകന് പ്രസിഡന്റ് ആകാന്‍ കഴിയുമെങ്കില്‍ നിന്റെ മകന് ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ ആകാനും കഴിയും. ദയവു ചെയ്ത് എന്റെ മകനെ അനുഗ്രഹിക്കുക. 

 

കലാം ആ ചെറുപ്പക്കാരന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ച് പറഞ്ഞു: നീ തീര്‍ച്ചയായും വിജയിക്കും. പക്ഷേ, എനിക്ക് ഒരു കാര്യം ഉറപ്പു തരണം. ഗ്രാന്‍ഡ് മാസ്റ്ററാകുമ്പോള്‍ നിന്റെ യാത്രയില്‍ അമ്മ വഹിച്ച പങ്കിനെക്കുറിച്ച് മറക്കരുത്. നിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ജീവിതം സമര്‍പ്പിച്ചയാളാണ് നിന്റെ അമ്മ. 

കുട്ടിയുടെ അമ്മയുടെ കണ്ണുകള്‍ അപ്പോള്‍ നിറയുന്നുണ്ടായിരുന്നു. അന്നു വൈകിട്ട് മടക്കയാത്രയില്‍ കലാം ശ്രീജനോടു പറഞ്ഞു: ആ അമ്മയുടെ നിശ്ചയദാര്‍ഡ്യം മകന്റെ സ്വപ്നങ്ങളെ എങ്ങനെ രൂപപ്പെടുത്തി എന്നു നീ കണ്ടുവോ. അവളുടെ സ്നേഹമാണ് പ്രായമുള്ള മകന്റെ ഭാരം വഹിക്കുവാന്‍ തക്ക ശേഷിയും ശക്തിയും അവനില്‍ ഒരു 

ഗ്രാന്‍ഡ് മാസ്റ്ററെ വളര്‍ത്തിയെടുക്കുന്നതിനുള്ള പോരാട്ടത്തിനുള്ള ശക്തിയും നല്‍കിയത്. ഓരോ കുട്ടിയും എല്ലാ ദിവസവും അവന്റെ അമ്മയെ സന്തോഷിപ്പിക്കണം. അമ്മ പുഞ്ചിരിക്കുമ്പോള്‍ കുടുംബം പുഞ്ചിരിക്കുന്നു. കുടുംബങ്ങള്‍ പുഞ്ചിരിക്കുമ്പോള്‍ രാഷ്ട്രം സന്തോഷിക്കുന്നു. 

 

കലാം മനുഷ്യരാശിക്കുന്ന പകര്‍ന്ന പാഠങ്ങളില്‍ ഒന്നു മാത്രമാണിത്. ഇന്ത്യയുടെ രാഷ്ട്രപതിയായി ഉയര്‍ന്നിട്ടും ഒരു അധ്യാപകനായി മാത്രം ഓര്‍മിക്കപ്പെടണം എന്നാഗ്രഹിച്ച ആ വലിയ മനുഷ്യന്‍ പലപ്പോഴായി തനിക്കു പകര്‍ന്ന പാഠങ്ങള്‍ സമാഹരിച്ച് ശ്രീജന്‍ എഴുതിയ പുസ്തകമാണ് എനിക്ക് എന്തു നല്‍കാന്‍ കഴിയും. 

 

ഡോ. കലാമുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച മുതല്‍ അദ്ദേഹത്തിന്റെ അന്ത്യനിമിഷം വരെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എന്ന നിലയില്‍ അനുഗമിച്ച വ്യക്തിയാണ് ശ്രീജന്‍. മറ്റാരേക്കാളും കലാമിനെ അടുത്തുകണ്ട വ്യക്തി. കലാമിനൊപ്പം മൂന്നു പുസ്തകങ്ങളുടെ രചനയില്‍ പങ്കാളിയായ ശ്രീജന്‍, അറിവു കൊണ്ടു മാനം മുട്ടെ വളര്‍ന്ന മനുഷ്യനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്. ഒപ്പം അദ്ദേഹം പകര്‍ന്ന പാഠങ്ങളും. കലാമിന്റെ ഏതു മികച്ച പുസ്തകത്തോളം മൂല്യമുണ്ട് ശ്രീജന്‍ സ്വാംശീകരിച്ച പാഠങ്ങള്‍ക്കും. പ്രചോദിപ്പിക്കുന്ന വാക്കുകള്‍ എന്നുറപ്പിച്ചു പറയാവുന്ന ഈ പുസ്തകം വളര്‍ന്നു വരുന്ന തലമുറയ്ക്കുള്ള പാഠപുസ്തകം കൂടിയാണ്. 

 

English Summary: What Can I Give?: Life lessons from My Teacher - Dr A.P.J. Abdul Kalam Book by Srijan Pal Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com