ADVERTISEMENT

ജപ്പാൻ എന്ന രാജ്യത്തിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും നടത്തുന്ന ഒരു തീർത്ഥയാത്രയാണ് കെ. അശോക് കുമാറിന്റെ സൂര്യകാന്തിയുടെ സിംഹാസനം എന്ന പുസ്തകം. വെറുമൊരു യാത്രാ വിവരണത്തിലുപരി ആഴത്തിലുള്ള പഠനത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണ് ഈ പുസ്തകത്തിലെ പന്ത്രണ്ട് അധ്യായങ്ങൾ. ജപ്പാൻ സന്ദർശിക്കുന്ന ഒരു സാധാരണ സഞ്ചാരി കാണാൻ ശ്രമിക്കാനിടയില്ലാത്ത ഇടങ്ങളിലേക്കാണ് ഗ്രന്ഥകാരൻ സഞ്ചരിക്കുന്നതും അവിടത്തെ കാഴ്ചയുടെ പിന്നിലെ ചരിത്രവും സാംസ്‌കാരിക സൂചകങ്ങളും തേടുന്നതും.  ജപ്പാന്റെ സാംസ്കാരിക ചരിത്രത്തിൽ സുവർണ ലിപിയിൽ  ആലേഖനം ചെയ്യപ്പെട്ട ഇന്ത്യൻ ചരിത്ര പുരുഷന്മാരായ ബോധിധർമ്മൻ, ബോധിസേന എന്നിവരുടെ സംഭാവനകളെക്കുറിച്ചു വിശദമായി പ്രതിപാദിച്ചിരിക്കുന്നു.  വിദൂരപൂർവദേശത്തെ ഇന്ത്യൻ സ്വാത്രന്ത്യ സമര ചരിത്രത്തിന്റെ തമസ്കരിക്കപ്പെട്ട പോരാട്ട കഥകൾ ഏതൊരു ദേശാഭിമാനിയെയും പുളകം കൊള്ളിക്കും.

 

മലയാള മനോരമ പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകത്തിലെ മൂന്നു ലേഖനങ്ങൾ. നഗോയയിലെ ലിറ്റിൽ വേൾഡ് എന്ന നരവംശമ്യൂസിയത്തിൽ പുന:സൃഷ്ടിക്കപ്പെട്ട   വള്ളുവനാടൻ ഗ്രാമത്തിലേക്കുള്ള യാത്ര  മലയാളസാഹിത്യത്തിലേക്കുള്ള ഒരു തീർത്ഥാടനവും കൂടിയാണ്.  

 

പുരാതന ഭാരതീയസംസ്കാരവുമായി ജപ്പാനുണ്ടായിരുന്ന ബന്ധം, ബുദ്ധസംസ്കാരപൈതൃകം, ചക്രവർത്തിപാരമ്പര്യത്തോടുള്ള ആദരവ്, ജനങ്ങളുടെ കഠിനാദ്ധ്വാനശീലം, വിനയം, ആയോധനകലയിലും സാഹിത്യത്തിലുമുള്ള മികവ് , കൗതുകമുണർത്തുന്ന ആതിഥേയത്വം എല്ലാം ഒരു ചരിത്രകാരന്റ സൂക്ഷ്മതയോടെ വരച്ചുകാട്ടുന്നു.

 

ജപ്പാൻ എന്ന രാജ്യത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അഗാധമായി പതിഞ്ഞിരിക്കുന്ന പ്രാചീന ഇന്ത്യൻ സംസ്കാരത്തിന്റെ മുദ്രകൾ എടുത്തു കാട്ടുന്നവയാണ് ഈ പുസ്തകത്തിലെ അധ്യായങ്ങൾ. മലയാളത്തിൽ ജപ്പാനെക്കുറിച്ചു വളരെക്കുറിച്ചേ എഴുതപ്പെട്ടിട്ടുള്ളൂ. അക്കൂട്ടത്തിൽ കാര്യമായി സ്പർശിച്ചിട്ടില്ലാത്ത മേഖലയാണിത്. ജപ്പാന്റെ പ്രാചീന സംസ്കാരത്തിൽ ഇന്ത്യൻ മിത്തോളജിയുടെ മുദ്ര പതിഞ്ഞിരിക്കുന്നതിനെക്കുറിച്ചു പരിമിത പരാമർശങ്ങൾ പോലും മലയാളത്തിൽ കണ്ടിട്ടില്ല.

 

ആധുനികതയും പാരമ്പര്യവും കൈകോർക്കുന്ന പുരാതന തലസ്ഥാനമായ ക്യോത്തോയെക്കുറിച്ചുള്ള ലേഖനം അതീവ ഹൃദ്യമാണ്. അത്യന്താധുനികമായ വാസ്തുമാതൃകകൾ ഉൾക്കൊള്ളുന്ന ആ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രാചീന ബുദ്ധക്ഷേത്രങ്ങളെക്കുറിച്ചും ഷിൻതോ ദേവാലയങ്ങളെക്കുറിച്ചും അതീവ ചാരുതയാർന്ന ഭാഷയിൽ പ്രതിപാദിക്കുന്നു. 

 

English Summary: Suryakanthiyude Simhasanam book by K Ashok Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com