ADVERTISEMENT

ദേവാസുര ഭാവങ്ങളുടെ പാലാഴിമഥനമാണെഴുത്ത്. അമൃതു തേടി കടയുന്ന നേരത്ത് കാമധേനുവും ദേവസുന്ദരികളും മാത്രമല്ല, സാക്ഷാല്‍ കാളകൂടവും പൊന്തിവരുമെന്ന ജാഗ്രത എഴുത്തുകാര്‍ക്കുണ്ടാവണം. ലോകരക്ഷാര്‍ഥം അതു വിഴുങ്ങുന്ന നീലകണ്ഠന്‍മാര്‍ കൂടിയാവണം എഴുത്തുകാര്‍. അല്ലാണ്ട് ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് എന്തും വാരിവലിച്ചിട്ട് വായനക്കാരില്‍ വിഷം നിക്ഷേപിക്കരുത്. 

 

നട്ടപ്പാതിരയ്ക്ക് ജീവന്‍ എന്ന സ്ത്രീ ഒരു എഴുത്തുകാരനെ വിളിച്ചുണര്‍ത്തി ഓര്‍മിപ്പിക്കുന്ന വാചകങ്ങളാണിത്. താന്‍ സ്വപ്നത്തില്‍ കണ്ട കഥ എഴുത്തുകാരന്‍ പൂര്‍ത്തിയാക്കണം എന്ന ആവശ്യമാണവരുടേത്. ഇല്ലെങ്കില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ക്ക് ഉത്തരവാദിയാകുമെന്ന മുന്നറിയിപ്പും. എഴുത്തുകാരനെ വായനക്കാരന്‍ പൂട്ടിയിടുന്ന സവിശേഷ സന്ദര്‍ഭമാണ് ഈ കഥയിലൂടെ വി.ജെ. ജയിംസ് അവതരിപ്പിക്കുന്നത്. ഈ കഥയില്‍ മാത്രമല്ല, ബി നിലവറ എന്ന പുതിയ കഥാ സമാഹാരത്തിലെ ഓരോ കഥയും അവതരിപ്പിക്കുന്നതു സവിശേഷമായ ജീവിത സന്ധികളാണ്. അവയെ തന്റേതായ ശൈലിയില്‍, സൂക്ഷ്മവേധിയായ നര്‍മം കൊണ്ട് ഇഴപിരിച്ചെടുക്കാനുള്ള ശ്രമവും. 

 

നോവലിലും കഥയിലും വേറിട്ട എഴുത്തുകാരനാണ് ജയിംസ്. അഞ്ചു വര്‍ഷത്തിനുശേഷമാണ് അദ്ദേഹത്തിന്റെ കഥാ സമാഹാരം വരുന്നതുതന്നെ. ഓരോ കഥയെയും ഒരു തുടക്കക്കാരന്റെ ആധിയോടെയാണു താന്‍ സമീപിക്കാറുള്ളതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. വിഷയങ്ങളെ പരമാവധി ശ്രദ്ധയോടെയാണു താന്‍ പരിചരിക്കാറുള്ളതെന്നും 12 കഥകളുടെ ആമുഖത്തില്‍ അദ്ദേഹം സാക്ഷ്യപ്പെത്തുന്നു. 

 

മീനാക്ഷി എന്ന കഥയൊഴികെ ബി നിലവറയിലെ കഥകളെല്ലാം വൈകാരികമെന്നതിനേക്കാള്‍ ബുദ്ധിപരമാണ്. അത്തരം കഥകള്‍ പൊതുവെ ഊഷരമാകുകയാണു പതിവു രീതി. എന്നാല്‍, സജീവമായ ഫലിത ബോധം കഥകളെ ആര്‍ജവമുള്ളതാക്കുന്നു. ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമാണു ജയിംസിന്റെ കഥകള്‍. ഹൃദയത്തെ സ്പര്‍ശിക്കുന്നതു കഥകളുടെ ലക്ഷ്യമേയല്ലെന്നു പറയാം. 

                                                                                   

പണിക്കുറ തീര്‍ത്ത വാക്കും വാചകങ്ങളുമാണ് ജയിംസിന്റെ ആയുധം. ഇന്നത്തെ കാലത്തിന്റെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ക്കു നേരെ അദ്ദേഹം വാക്കുകള്‍ കൊണ്ട് അമ്പെയ്യുന്നു. പലരെയും അവ മുറിവേല്‍പിക്കും. പല സാഹചര്യങ്ങളുടെയും പൊള്ളത്തരം ബോധ്യപ്പെടുത്തും. ഊറിവരുന്ന ചിരിയോടെ കാലത്തെ അതിന്റെ തെളിമയില്‍ കാണുന്നു. 

 

ബി നിലവറ എന്ന വാക്ക് ശരാശരി കേരളീയനില്‍ ഉണ്ടാക്കുന്ന വികാര വിചാരങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ജയിംസിന്റെ നിലവറ. അപ്പൂപ്പന്‍ താഴിട്ടു സൂക്ഷിക്കുന്ന ചെമ്പുകുടുക്കയാണ് കഥയിലെ ബി നിലവറ. രഹസ്യമായി സൂക്ഷിച്ചതുകൊണ്ടാണ് അതിന് ആ പേര് വന്നത്. അനന്തപദ്മനാഭന്‍ എന്ന വയോധികനാണ് കഥയിലെ പ്രധാന കഥാപാത്രം. അയാള്‍ സൃഷ്ടിക്കുന്ന സാഹസികതയാകട്ടെ ചിരിപ്പിച്ചു മുന്നേറുമ്പോള്‍ അഴിഞ്ഞുവീഴുന്നത് സമൂഹം വ്യാജ അഭിമാനത്തോടെയും ഗൗരവത്തോടെയും കെട്ടിപ്പൊക്കിയ കോട്ടകൊത്തളങ്ങളാണ്. ജീവിതത്തിന്റെ ദയനീയതയും ആഗ്രഹങ്ങളുടെ വ്യര്‍ഥതയും ബോധ്യമാക്കി കഥ അവസാനിക്കുമ്പോള്‍ വായനക്കാരില്‍ ബാക്കിയാകുന്നതു കാലുഷ്യമില്ലാത്ത ചിരി. 

 

ഫലിതം ഒന്നു പിടിവിട്ടാല്‍ അധപതിക്കുന്നതു തരംതാണ വിമര്‍ശനത്തിലേക്കും വിദ്വേഷത്തിലേക്കുമായിരിക്കും. എന്നാല്‍ ജയിംസിന്റെ ഒരു കഥ പോലും അത്തരം വികാരങ്ങള്‍ ആരിലും സൃഷ്ടിക്കുന്നില്ല. തന്നെതന്നെ നോക്കി ചിരിക്കുന്നതാണ് അദ്ദേഹത്തിന്റെ കഥകള്‍. എന്നാല്‍ അതാരെയും ദുഃഖിപ്പിക്കുന്നില്ല. വേദനിപ്പിക്കുന്നില്ല. എടുത്തു കുടയുന്നുണ്ടെങ്കിലും ശാരീരികമായി തളര്‍ത്തുന്നില്ല. പകരം വായനയുടെ ഉന്‍മേഷം വീണ്ടെടുക്കുകയാണ്. 

 

ഒളിയമ്പുകളല്ല ഈ കഥകള്‍. നേര്‍ക്കു നേരെ നിന്ന് എയ്യുന്ന അമ്പുകള്‍ തന്നെയാണ്. എന്നാല്‍ ശത്രുവിനു പോലും വിദ്വേഷം തോന്നാതെ, നിഷ്കളങ്കമായ പൊട്ടിച്ചിരിയില്‍ ഓരോ കഥയും പൂര്‍ണതകണ്ടെത്തുന്നു. വെടിവെപ്പ് മത്സരം തന്നെ മികച്ച ഉദാഹരണം. വൃത്ത കവിതയാണോ ഗദ്യ കവിതയാണോ മികച്ചതെന്ന തര്‍ക്കം തീര്‍ക്കാന്‍ വെടിവപ്പ് മത്സരം നടത്തുന്ന എഴുത്തുകാരാണ് ഈ കഥയില്‍. ആദ്യ വാക്കു മുതല്‍ അവസാന വാക്ക് വരെ ആക്ഷേപഹാസ്യം സമര്‍ഥമായി ഉപയോഗിക്കുന്നതിന് ഉത്തമോദാഹരണാണു കഥ. കാമുകിയുടെ ചതിയുടെ അവസാനം കുറിക്കാന്‍ റഷ്യന്‍ എഴുത്തുകാരന്‍ അലക്സാണ്ടര്‍ പുഷ്കിന്‍ നടത്തിയ ദ്വന്ദയുദ്ധവും വിരചരമവുമാണ് ഇവിടെ എഴുത്തുകാര്‍ക്ക് പ്രചോദനമുകുന്നത്. 

 

യക്ഷിയും വോയേജറും നൂലേണിയും ഉയിരെഴുത്തുമൊക്കെ ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം സമകാലിക സമൂഹത്തെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നു. ആ ചിരിക്ക് ഒരു സൗന്ദര്യമുണ്ട്. അതാണ് ഈ കഥകളുടെ ഭംഗി.

 

English Summary: B Nilavara book written by VJ James                                                                                                                                                                                                         

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com