നിധിവേട്ടയിൽ തെളിയുന്ന അപ്രിയ സത്യങ്ങൾ; ചരിത്രത്തിന്റെ തമസ്കരണവും

mukilan-book
SHARE
ദീപു

ഡിസി ബുക്സ്

വില 220 രൂപ

ആരുവാമൊഴിച്ചുരം കടന്നെത്തിയ മുകിലപ്പട വേണാടു പിടിച്ചടക്കിയ അധികമൊന്നും പറയപ്പെടാത്ത ചരിത്രത്തിന്റെ ഭാവനാവിഷ്കാരമാണ് ദീപുവിന്റെ മുകിലൻ എന്ന നോവൽ. ഡൽഹി മുതൽ കന്യാകുമാരി വരെ മുഗളൻമാർ നടത്തിയ പടയോട്ടത്തിനൊടുവിൽ ആറു സ്റ്റേറ്റുകളെ കീഴടക്കി നേടിയ വമ്പിച്ച സ്വത്ത് വേണാട്ടു നിന്ന് അവർക്ക് തിരിച്ചുകൊണ്ടുപോകാനായില്ല. കുറഞ്ഞൊരു ചരിത്രകാലത്തിലാണ് ഈ സംഭവപരമ്പരകൾ അരങ്ങേറുന്നത്. പിൽക്കാലത്ത് ലോകമാധ്യമങ്ങൾ വരെ തിരുവനന്തപുരത്ത് തമ്പടിച്ചു നടത്തിയ നിധി പരിശോധനയിലേക്കും ബി നിലവറയുടെ നിഗൂഡതകളിലേക്കും വെളിച്ചം വീശുന്ന സംഭവങ്ങൾ.

നമ്മുടെ നാടിനെയും ക്ഷേത്രത്തെയും ആക്രമിക്കാനെത്തിയ ഒരു മുകിലന്റെ കഥ ആവേശത്തോടെ പറയുന്ന നാട്ടുകാരാണ് ദീപുവിന്റെ മനസ്സിൽ കഥയുടെ ആദ്യത്തെ വിത്തിട്ടത്. മുകിലൻ കോട്ടകൊത്തളങ്ങളുയർത്തി നിധി കുംഭങ്ങൾ നാട്ടിൽ കുഴിച്ചിട്ടിട്ടുണ്ടത്രേ. മുകില കഥയെക്കുറിച്ച് ഒരു നോവൽ എഴുതുക എന്ന സ്വപ്നം ദീപുവിന്റെ മനസ്സിൽ കയറിക്കൂടി. 22 വർഷം മനസ്സിൽ പാകപ്പെടുത്തിയ ശേഷമാണ് നോവൽ രചനയിലേക്കു കടക്കാൻ കഴിഞ്ഞത്. കൗമാര ഭാവനയിൽ നിന്ന് ചരിത്ര ഗവേഷണത്തിലേക്കു നീണ്ട തപസ്യയുടെ ഫലം. 

പിൽക്കാലത്ത് ഭരണാധികാരികൾക്ക് അനഭിമതരായവർ ചരിത്രത്തിന്റെ സ്മൃതിരേഖകളിൽനിന്നുപോലും മായ്ക്കപ്പെടുമെന്ന ചരിത്രസത്യത്തെ നോവലിൽ ആവിഷ്കരിക്കാനും ശ്രമിച്ചിട്ടുണ്ടെങ്കിലും കേവലം ചരിത്രമല്ല മുകിലൻ എന്ന നോവൽ. ഭ്രമാത്മകമായ ചരിത്രത്തിന്റെ ഭാവനാപരമായ ആവിഷ്കാരം. നാട്ടുവായ്മൊഴികളിൽ നിന്നു കേട്ടറിഞ്ഞ ചരിത്രത്തിന്റെ ആധുനിക കാലത്തെ പൂർത്തീകരണം. അപൂർവമായെങ്കിലും ചരിത്രത്തെപ്പോലും വെല്ലാൻ കഴിയും ഭാവനയ്ക്ക് എന്നു തെളിയിക്കുന്ന നോവൽ. 

തിരുവിതാംകൂറിന്റെ ചരിത്രം നിഗൂഡമാണ്. പല കാരണങ്ങളാൽ മനഃസ്വസ്ഥത കിട്ടിയിട്ടില്ല തിരുവിതാംകൂറിലെ രാജകുടുംബത്തിന്. പ്രത്യേകിച്ച് 17–18 നൂറ്റാണ്ടുകളിൽ. കൊലയും കൊള്ളിവയപും ഉപജാപങ്ങളും ശാപങ്ങളും കൊണ്ടു പങ്കിലമായ കാലം. കണ്ണീരിന്റെ നനവിലും ഉപ്പിലുമാണ് ആ കാലത്തിന്റെ ചരിത്രം വളർന്നതും വികസിച്ചതും ഇപ്പോൾ എഴുതപ്പെട്ടിരിക്കുന്നതും. 

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിധിയറകളിൽ സൂക്ഷിച്ചിരിക്കുന്ന ബഹുഭൂരിപക്ഷവും മാർത്താണ്ഡവർമ സമ്പാദിച്ചതാണെന്ന് ചരിത്രകാരൻമാർ അല്ലാത്തവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എങ്ങനെ സമ്പാദിച്ചു, എവിടെനിന്നു വന്നു എന്നൊന്നും യുക്തമായ വിശദീകരണം നൽകിയിട്ടുമില്ല. മാർത്താണ്ഡവർമ അധികാരമേൽക്കുമ്പോൾ അയ്യായിരം സൈനികർ പോലും സ്വന്തമായി എടുക്കാനില്ലാത്ത ചെറു രാജ്യമായിരുന്നു തിരുവിതാംകൂർ. 1758 ൽ അദ്ദേഹം മരിക്കുമ്പോൾ സൈനികരുടെ എണ്ണം 60,000 ആയി ഉയർന്നു എന്നു കണക്കുകളുണ്ട്. 1686 ൽ തീപിടിത്തത്തിൽ പൂർണമായി നശിച്ചുപോയ പത്മനാഭസ്വാമി ക്ഷേത്രം ഇന്നുകാണുന്ന നിലയിൽ പുനർനിർമിച്ചത് മാർത്താണ്ഡവർമായാണ്. ഒറ്റക്കൽ മണ്ഡപവും ശീവേലിപ്പുരയും കിഴക്കേ ഗോപുരവും നിർമിക്കാൻ പണം എവിടെനിന്നു കണ്ടെത്തി. കണക്കുകൾ പ്രകാരം നാലായിരം തമിഴ്നാട്ടു ശിൽപികൾ, ആറായിരം കൂലിക്കാർ, നൂറോളം ആനകൾ, ഏഴു മാസത്തെ ഇടവേളയില്ലാത്ത പരിശ്രമം എന്നിവയുടെ ഫലമാണു ശീവേലിപ്പുര മാത്രം. കണക്കുകളുടെ സങ്കീർണത. രഹസ്യങ്ങളുടെ ദുരൂഹത. ഇഴപിരിച്ചടുക്കുകയാണ് ഈ സങ്കീർണ ചരിത്രത്തെ ദീപു തന്റെ പ്രഥമ നോവലിലൂടെ. 

അനന്യമായ സമ്പത്തിന്റെ ഉറവിടം തേടിയുള്ള യാത്ര നീളുന്നത് സ്വാഭാവികമായും മുകിലന്റെ നിധിയിലേക്കു കൂടിയാണ്. അതിനു സ്ഥിതിവിവരക്കണക്കുകളെ സൂക്ഷ്മമായി അപഗ്രഥിക്കേണ്ടതുണ്ട്. ചരിത്രത്തിന്റെ പുനർവായന വേണ്ടിവരും. അതാണു മുകിലൻ എന്ന നോവൽ. 

2011 ജൂൺ 27 നാണ് ക്ഷേത്രത്തിന്റെ നിലവറകൾ ആദ്യമായി തുറക്കുന്നത്. 2012 ജൂൺ 27 നാണ് മുകിലനെക്കുറിച്ചുള്ള ഗവേഷണം നോവലിലെ സിദ്ധാർഥൻ ആരംഭിക്കുന്നത്. മറ്റൊരു ജൂൺ 27 ന് പുലർച്ചെയാണു സിദ്ധാർഥൻ സ്വപ്നത്തിൽ മുകിലനെ കാണുന്നത്. 2015 ജൂണ് 27 നാണ് സിദ്ധാർഥനെ ചികിത്സിച്ച മനോരോഗ വിദഗ്ധൻ ജീവനൊടുക്കുന്നത്. വീണ്ടും ഒരു ജൂൺ 27 ന് സിദ്ധാർഥൻ മനഃപീഡയ്ക്കുള്ള മരുന്നുകൾ നിർത്തുന്നു. മറ്റൊരു ജൂൺ 27 ന് മുകിലനിധിയന്വേഷിച്ചിറങ്ങാൻ സിദ്ധാർഥൻ ആത്യന്തികമായി തീരുമാനിക്കുന്നു. പുണ്ണു പോലെ നീറ്റുന്ന ചരിത്രാന്വേഷണം. രാത്രിയുടെ അന്തരാളങ്ങളിലെവിടെയോ ഇരുന്ന് ഒരു കാലൻകോഴി ഭീതദമായ ശബ്ദത്തിൽ കരയുന്നു. ഉറങ്ങാൻ കഴിയാത്ത രാത്രികളിലേക്കു സിദ്ധാർഥന്റെ ജീവിതം നീളുന്നതോടെ ഉദ്വേഗ ജനകമായ ചരിത്രകഥയുടെ ചുരുൾ നിവരുന്നു. 

English Summary: Mukilan Book written by Deepu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA
;