പുറപ്പാടിന്റെ 100 വർഷങ്ങൾ: എഴുതപ്പെടാത്ത മഹാപ്രസ്ഥാനത്തിന്റെ നേർസാക്ഷ്യം

purappadinte-100-varshangal-book
SHARE
ജോസ് ആൻഡ്രൂസ്

മീഡിയ ഹൗസ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം

വില 300 രൂപ

കോട്ടയത്തെ കൂടല്ലൂരിൽ നിന്ന് 1943 ലാണ് ഭർത്താവ് പോത്തനും മൂന്നു മക്കളുമൊത്ത് ഏലിക്കുട്ടി മലബാറിലേക്കു കുടിയേറുന്നത്. ഇന്നു 95 വയസ്സ്. കാസർകോട് ചുള്ളിക്കരയിലെ ഉള്ളാട്ടിൽ വീട്ടിൽ താമസം. മൂന്നു തലമുറകളെ മുന്നിലിരുത്തി അവർ പറയുന്ന കഥകളിൽ കേരളത്തിലെ കുടിയേറ്റത്തിന്റെ ചരിത്രമുണ്ട്. 

ഏറ്റുമാനൂരിലേക്ക് ഏലിക്കുട്ടിയും കുടുംബവും നടക്കുകയായിരുന്നു. ബസിൽ കോട്ടയത്തേക്ക്. ഏറണാകുളം വരെ ബോട്ടിൽ. കൊച്ചിയിൽ നിന്ന് ട്രെയിനിൽ ഷൊർണൂരിലെത്തി. വീണ്ടും ട്രെയിൻ കയറി കാഞ്ഞങ്ങാട്ടേക്ക്. അവിടെ ലത്തീൻ പള്ളിയിൽ ഭക്ഷണം കഴിഞ്ഞിട്ട് രാജപുരത്തേക്ക്. 

12 ഏക്കറാണ് ആദ്യം ലഭിച്ചത്. അവിടെ ഒരു കുടിൽ കെട്ടിയായിരുന്നു തുടക്കം. വിജനമായ ഭൂമി. പറമ്പിൽ വെള്ളം പോലുമില്ലായിരുന്നു. എല്ലാം ആദ്യം മുതൽ വച്ചുപിടിപ്പിക്കേണ്ടിവന്നു. അടുത്തുള്ള ജൻമിയുടെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു വെള്ളമെടുത്തിരുന്നത്. അവിടെ പോയി കാത്തുനിൽക്കണം. കുടിയേറ്റക്കാരെക്കൊണ്ട് വെള്ളം കോരിക്കില്ല. ഒരു ഗതിയുമില്ലാതെ വന്നവരെപ്പോലെ അവഗണനയാണു പലപ്പോഴും ലഭിച്ചത്. മുണ്ടു ഞൊറിയിട്ട് ഉടുക്കുന്നവരെ വാലത്തിമാരെന്നു വിളിച്ചു പരിഹാസവും. കുടിയേറ്റക്കാരുടെ പറമ്പിൽ പണിയാൻ പോകുന്നവരെ ജൻമിമാർ വഴക്കു പറയും. മാറ്റാൾ പണിയെ ആശ്രയിക്കേണ്ടിവന്നു. കുടുംബങ്ങൾ പരസ്പരം പറമ്പുകളിൽ ജോലി ചെയ്തു സഹായിക്കും. രോഗങ്ങളും പട്ടിണിയും വിശ്രമമില്ലാത്ത ജോലിയും. ഇടയ്ക്കു രണ്ടാമത്തെ മകൾക്കു ഛർദിയുണ്ടായപ്പോൾ അടുത്തൊരു നാട്ടുവൈദ്യന്റെയടുത്ത് പോയി. രാവിലെയായപ്പോൾ കുട്ടി മരിച്ചു. ആ കുട്ടിക്ക് അന്ന് നാലു വയസ്സ് മാത്രം. അങ്ങനെ ചികിത്സ കിട്ടാതെ മരിച്ച എത്രയോ പേർ. 

മലമ്പനി ഇടയ്ക്കിടയ്ക്കു വരും. കുറേപ്പേരെ കൊണ്ടുപോകും. കുറേപ്പർ രക്ഷപ്പെടും. മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം വേറെ. കുടിലിൽ മിക്കപ്പോഴും പാമ്പ് കയറും. രാത്രി കട്ടിലിൽ ഉറങ്ങിക്കിടന്നതിനടുത്ത് ഇരുതല മൂരി പാമ്പിനെക്കണ്ട് അലറിവിളിച്ച് എഴുന്നേറ്റിട്ടുണ്ട്. അതിനെ തല്ലിക്കൊന്നിട്ടാണ് പിന്നെ ഉറക്കം. തീപ്പെട്ടി കിട്ടാനില്ലാത്തതിനാൽ തീ കത്തിക്കാനും നിവ‌ൃത്തിയില്ല. തീക്കനൽ ഉമിയിൽ മൂടിവച്ച് രാവിലെ ഊതിക്കത്തിക്കുകയാണു ചെയ്യുന്നത്. 23–ാം വയസ്സിൽ രാജപുരത്ത് എത്തിയ ഏലിക്കുട്ടി കുടിയേറ്റ ഭൂമിയിൽ പിന്നിട്ടത് 7 പതിറ്റാണ്ട്. അതിനിടെ പുതുതായെത്തിയ കുടിയേറ്റക്കാർക്കും വഴിയാത്രയാത്രക്കാർക്കും എത്രയോ തവണ വച്ചുവിളമ്പി. ആരു വന്നാലും ഭക്ഷണം കൊടുക്കും. വീട്ടുകാർക്കുവേണ്ടി വീണ്ടും ഭക്ഷണം തയാറാക്കേണ്ടിവന്നിട്ടുണ്ട്. വയറു നിറഞ്ഞു തൃപ്തിയോടെ മടങ്ങുന്നവരെ കാണുമ്പോൾ മനസ്സ് നിറയും.

ഹൈറേഞ്ചിലേക്കും മലബാറിലേക്കും നടന്ന കുടിയേറ്റം എന്ന മഹാപ്രസ്ഥാനത്തിന് 100 വർഷം തികയുന്നു. എന്നാൽ ഇന്നും കുടിയേറ്റക്കാർ അകാരണമായി പരിഹസിക്കപ്പെടുന്നു. കയ്യേറ്റക്കാരായി വിമർശിക്കപ്പെടുന്നു. പരിസ്ഥിതിയുടെ ശത്രുക്കളായി ചിത്രീകരിക്കപ്പെടുന്നു. ഏതാനും നോവലുകളും കഥകളും അപൂർണ ചരിത്രങ്ങളും ഒഴിച്ചാൽ കേരളത്തിലെ സമൂഹികാവസ്ഥയിൽ സമൂല പരിവർത്തനം വരുത്തിയ കുടിയേറ്റത്തെക്കുറിച്ച് സമഗ്രവും ആധികാരികവുമായ ഗ്രന്ഥങ്ങളില്ല. ഈ പോരായ്മയ്ക്ക് പരിഹാരമാവുകയാണ് ആഴത്തിൽ പഠിച്ചും ഗവേഷണം നടത്തിയും ജോസ് ആൻഡ്രൂസ് എഴുതിയ പുറപ്പാടിന്റെ 100 വർഷങ്ങൾ എന്ന പുസ്തകത്തിലൂടെ. 

മലബാറിലെ കുടിയേറ്റത്തിന്റെ ചരിത്രം ഇടയ്ക്കൊക്കെ എഴുതപ്പെട്ടപ്പോഴും കോട്ടയം, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലേക്കു നടത്തിയ പ്രയാണങ്ങൾ വിസ്മരിക്കപ്പെടുകയായിരുന്നു പതിവ്. കേരളത്തിലെ കർഷക കുടിയേറ്റത്തിന്റെ ചരിത്രം തുടങ്ങുന്നത് 1918 ലാണ്. കോട്ടയം ജില്ലയിലെ തിടനാട്ടു നിന്ന് 5 കർഷകർ ഉപ്പു‌തറയിൽ എത്തിയപ്പോൾ. കേരളത്തിലെ കുടിയേറ്റ കർഷകന്റെ തറവാടാണ് ഉപ്പുതറ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയുടെ തെക്കുകുഴക്കു പ്രദേശങ്ങളിലേക്കും ഇടുക്കിയിലെ കൊക്കയാർ, പെരുന്താനം തുടങ്ങിയ സ്ഥലങ്ങളിലേക്കും 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ജനങ്ങൾ എത്തിയെങ്കിലും ഹൈറേഞ്ച് കുടിയേറ്റമെന്നു പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത് ഇടുക്കിയിലെ മലമ്പ്രദേശങ്ങളിലേക്കുള്ള കർഷകരുടെ വരവോടെയാണ്. അതി‍ൽ ആദ്യത്തേതാണ് ഉപ്പുതറ. 

വെട്ടിപ്പിടിക്കാൻ ആർത്തി പെരുത്ത് നടത്തിയ കടന്നാക്രമണമോ മികച്ച ഭാവി മുന്നിൽ കണ്ടു നടത്തിയ ആസൂത്രണമോ ആയിരുന്നില്ല കുടിയേറ്റമെന്ന് സമർഥിക്കുന്നുണ്ട് പുറപ്പാടിന്റെ 100 വർഷങ്ങൾ. ലോക യുദ്ധങ്ങൾ സൃഷ്ടിച്ച ക്ഷാമവും പട്ടിണിയും ദാരിദ്ര്യവും ഉൾപ്പെടെ നിവൃത്തിയില്ലാതെ വന്നപ്പോൾ അധ്വാനശീലരായ മനുഷ്യർ നടത്തിയ ഐതിഹാസികമായ യാത്രയായിരുന്നു. അന്ന് സർക്കാരും അവർക്കൊപ്പം ഉണ്ടായിരുന്നു. കൃഷിയെ പ്രോത്സാഹിപ്പിച്ചും ഭൂമി എഴുതിക്കൊടുത്തും പട്യം കൊടുത്തുമെല്ലാം അതാതു കാലത്തെ ഭരണാധികാരികൾ കർഷകർക്കൊപ്പം നിന്നു. ക്ഷാമം അതിജീവിക്കാൻ മറ്റു മാർഗമില്ലായിരുന്നു. രോഗങ്ങളോടും വന്യമൃഗങ്ങളോടും മണ്ണിനോടും പൊരുതി രാത്രിയിലെ നിലാവിൽ പോലും എല്ലുമുറിയെ പണിയെടുത്ത് കർഷകർ തങ്ങളുടെ സ്വപ്നങ്ങൾക്കു വളമിട്ടു. ജീവിതത്തിന്റെ ചെടിക്കു വള്ളമൊഴിച്ചു. എത്രയെത്ര നഷ്ടങ്ങൾ. ഉറങ്ങാത്ത രാത്രികൾ. ഏറുമാടങ്ങളിലെ കാത്തിരിപ്പ്. പാട്ട കൊട്ടിയും ബഹളം വച്ചും വന്യമൃഗങ്ങളെ അകറ്റിനിർത്തിയ ഭീതിയുടെ ദിവസങ്ങൾ. മണിക്കൂറുകൾ നീണ്ട യാത്രകൾ. ചരിത്രത്തിൽ സുവർണലിപികളിൽ എഴുതേണ്ടതാണ് അവരുടെ ചരിത്രം. എന്നാൽ തിരികെക്കിട്ടിയതോ അവഗണനയും വിമർശനവും ഒടുവിൽ കുടിയിറക്കു ഭീഷണിയും. 

ഗോൾഡ് റഷ്, ഡസ്റ്റ് ബൗൾ എന്നിങ്ങനെ ലോകചരിത്രത്തിൽ നടന്ന മറ്റു കുടിയേറ്റങ്ങളുടെ കഥയും ജോസ് ആൻഡ്രൂസ് പറയുന്നുണ്ട്. അവയൊക്കെ ഏതു സാഹചര്യത്തിലെന്നും അവയുടെ അനന്തര ഫലങ്ങൾ എന്തെന്നും വിശദമായി പ്രതിപാദിച്ച് കേരളത്തിൽ കുടിയേറ്റക്കാരോടു കാണിച്ച നന്ദികേടിന്റെ ചരിത്രം അനാവരണം ചെയ്യുന്നു. കൃത്യമായ കണക്കുകളുടെയും സ്ഥിവിവര റിപ്പോർട്ടുകളുടെയും പിൻബലത്തോടെ. 

ചരിത്ര പുസ്തകങ്ങൾ പൊതുവെ വിരസമാകുന്ന പതിവുണ്ട്. താൽപര്യമുള്ളവരെ മാത്രം രസിപ്പിക്കുന്ന ഏകാതനത അവയെ സാധാരണ ജനങ്ങളിൽ നിന്ന് അകറ്റാറുണ്ട്. എന്നാൽ, പുറപ്പാടിന്റെ 100 വർഷങ്ങൾ രസകരമായ നോവൽ പോലെ വായിച്ചാസ്വദിക്കാം. ഇവിടെ യഥാർഥ മനുഷ്യർ തന്നെയാണു കഥ പറയുന്നത്. അവരുടെ നേരനുഭവങ്ങളുടെ. കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും മണ്ണിനോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടിയതിന്റെയും നേർസാക്ഷ്യം. 

അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള 2015 ലെ കൊളംബിയർ പുരസ്കാരം ലഭിച്ച പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോൾ വായനക്കാരെ തേടിയെത്തുന്നത്. അവതാരികയി‍ൽ ഡോ. ഡി. ബാബുപോൾ പറയുന്നു: ചരിത്രത്തിന്റെ മാനുഷിക വശം ഈ പുസ്തകത്തിൽ ജോസ് ആൻഡ്രൂസ് നന്നായി പറഞ്ഞിട്ടുണ്ട്. കുടിയേറ്റത്തിന്റെ ഇതിഹാസം ഇതിനേക്കാൾ ഭംഗിയായി മറ്റാരും രചിച്ചിട്ടില്ല. 

English Summary: Purappadinte 100 Varshangal, book by Jose Andrews

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA
;