ADVERTISEMENT

എല്ലാവർക്കും തിരക്കോടു തിരക്ക്. ഒരു ദിവസത്തിൽ കുറച്ചു സമയമെങ്കിലും മറ്റാർക്കെങ്കിലും വേണ്ടി ചെലവഴിക്കുമ്പോൾ കിട്ടുന്ന ‘സുന്ദര സുരഭില നിലാവെളിച്ചം’ അനുഭവിച്ചിട്ടുണ്ടോ ? 

ചോദിക്കുന്നത് കോഴിക്കോട്ടുകാരുടെ കലക്ടർ ബ്രോ എന്നറിയപ്പെട്ട പ്രശാന്ത് നായർ. 2015–17 കാലത്ത് പ്രശാന്ത് കോഴിക്കോട്ട് കലക്ടർ ആയിരുന്നപ്പോൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ച ഓരോ വാക്കും ഹിറ്റ് ആയിരുന്നു. വായിച്ചു ചിരിക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്നതിനപ്പുറം ഒരു നാടിന്റെ നൻമയെ വിളിച്ചുണർത്തിയ, സഹജീവി സ്നേഹത്തിലൂടെ നാടിനെയും നാട്ടുകാരെയും സർവോപരി അവരവരെ തന്നെ മാറ്റുകയും മാറാൻ പ്രേരിപ്പിക്കുകയും ചെയ്ത ജനകീയ പ്രസ്ഥാനത്തിനു വിത്തു പാകിയ വാക്കുകളും ആശയങ്ങളും. 

 

ഇത്രയുമൊക്കെ കേൾക്കുമ്പോൾ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ പതിവു തള്ളലിന്റെ തുടക്കമാണെന്നു കരുതരുത്. ‘ഞാൻ പണ്ട് ജില്ലാ കലക്ടർ ആയിരുന്നപ്പോ...’ എന്ന രീതിയിൽ സട കൊഴിഞ്ഞ മുതിർന്ന സിങ്കങ്ങൾ പറയാറുള്ള എണ്ണമറ്റ ബോറൻ കഥകളിൽ ഒന്നു കൂടിയുമല്ല. ഈ ടൈപ്പ് കഥകൾ അൺസഹിക്കബിൾ ആയിട്ടുള്ള ഒരാളാണ് ഇവിടെ കഥാപുരുഷൻ. ഇതു പ്രഹസനമല്ല സജീ ! തള്ളുമല്ല. അതായതുത്തമാ, ഒരു വ്യക്തിയെന്ന നിലയിൽ മാറാനും വളരാനും ഏറെ സഹായിച്ചെങ്കിലും വൈകാരികമായി ഏറെ ക്ഷീണിപ്പിച്ച ഒരു യാത്രയെ അടയാളപ്പെടുത്താനുള്ള, ഹൃദയത്തിൽ നൻമയുള്ള ഒരു മനുഷ്യന്റെ ശ്രമം മാത്രം. ഒരിക്കൽക്കൂടി പറയാം. ഇതു തള്ളല്ല. ഈ കഥകളിലെ നായകൻ കലക്ടറുമല്ല. ജനങ്ങളാണ്. നല്ല മനസ്സുള്ളവർ. അഥവാ എല്ലാ മനുഷ്യരിലെയും നൻമയെ കണ്ടെത്തുകയും തിരിച്ചറിയുകയും അംഗീകരിക്കുകയും അതിന്റെ ഫലം ഒരു നാട് മുഴുവൻ അനുഭവിക്കുകയും ചെയ്തതിന്റെ യഥാർഥ ചരിത്രം. 

 

എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണു ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ കർമബദ്ധമായ യാത്ര. സാമ്പ്രദായിക സർക്കാർ സംവിധാനങ്ങൾക്കു പുറത്തുനിന്ന് ഒരു കലക്ടർ പഠിച്ച പാഠങ്ങൾ. അൽപം ഗൃഹാതുരത്വം. പ്രായത്തിന്റെ കുറച്ച് ആവേശം. ഈ കലക്ടർക്ക് എന്തിന്റെ കേടായിരുന്നു എന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ: ചുമ്മാ ഒരു രസം. 

 

കോഴിക്കോടിന്റെ ഹൃദയം എവിടെയാണ് ? കുതിരവട്ടം മാനസിക രോഗ ആശുപത്രി എന്നാണ് ഈ ഐഎഎസുകാരന്റെ ഉത്തരം. സൂര്യനു കീഴിലുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും ഐഎഎസുകാർക്ക് അറിയാം എന്നാണല്ലോ പൊതുവെ ഇന്ത്യക്കാരുടെ വിചാരം. ആ വിചാരത്തിൽ തെറ്റുണ്ടെങ്കിലും ഇല്ലെങ്കിലും പ്രശാന്ത് പറയുന്നതിൽ കാര്യമുണ്ട്. കുതിരവട്ടം ആശുപത്രിയുടെ ഇരുണ്ട ഇടനാഴികളിൽനിന്നാണ് കംപാഷനേറ്റ് കോഴിക്കോട് എന്ന പദ്ധതിയുടെ വിത്തുകൾ കലക്ടർ ബ്രോ കണ്ടെടുക്കുന്നത്. ലോകത്തെ പ്രചോദിപ്പിച്ച 50 പദ്ധതികളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട, ആഗോള പുരസ്കാരം നേടിയ പദ്ധതി. ഔദ്യോഗിക കാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്നു ഈ ആശുപത്രി. കോഴിക്കോടിന്റെ ഹൃദയം തുടിക്കുന്ന ഇടം. 

 

ഒരു സ്റ്റോറി സൊല്ലട്ടുമാ (തള്ളല്ല). 

 

കുതിരവട്ടം മാനസിക രോഗ ആശുപത്രിയിൽ രോഗം ബാധിച്ചവർ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. രോഗം ഭേദമായവരും ഉണ്ടായിരുന്നു. ഇതു മനസ്സിലാക്കി, അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരെത്തേടി കലക്ടർ ബ്രോ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ആവേശകരമായിരുന്നു പ്രതികരണം. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഹനാൻ എന്ന വിദ്യാർഥി അവരിൽ ഒരാളായിരുന്നു. ആശുപത്രിയിൽ കഴിയുന്ന പ്രായമായ ഒരമ്മയുമായി ഹനാൻ സംസാരിച്ചു. അവരുടെ സ്വദേശം ശിവകാശിയാണെന്നു കണ്ടെത്തി. കുടുംബത്തിന് പൂക്കളുടെ മൊത്തവിൽപന ആയിരുന്നു. അവിടുത്തെ കലക്ടറോട് സംസാരിച്ച് അവരുടെ കുടുംബത്തെ കണ്ടെത്തി. വിവരമറിഞ്ഞ് രാത്രി തന്നെ അവർ ടാക്സിയിൽ കോഴിക്കോട്ട് എത്തി. ആ കുടുംബം വിചാരിച്ചിരുന്നത് അമ്മ ജീവനോടെയില്ല എന്നായിരുന്നു. ആൺമക്കൾ അവരുടെ അസാന്നിധ്യത്തിൽ വളർന്നു എന്നു മാത്രമല്ല അതിൽ ഒരാളുടെ വിവാഹവും കഴിഞ്ഞിരുന്നു. ആ അമ്മ ഉപേക്ഷിക്കപ്പെട്ട ഒരു രോഗി ആയിരുന്നില്ല. സ്നഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം ലഭിച്ച അമ്മയായിരുന്നു. തിക്കും തിരക്കും കൂടിയ ആൾക്കൂട്ടത്തിൽ അവരെ കുടുംബത്തിന് നഷ്ടപ്പെടുകയായിരുന്നു. അമ്മയെ വീണ്ടും കാണാനാകുമെന്ന് അവർക്ക് വിശ്വാസമുണ്ടായിരുന്നില്ല. ആനന്ദക്കണ്ണീരും ഉച്ചത്തിലുള്ള വികാരപ്രകടനങ്ങളുമായി അവിസ്മരണീയമായ ഒരു പുനഃസമാഗമം. 

 

ഒരു ജൻമത്തിലെ ജോലി ചെയ്തു തീർത്ത സന്തോഷം ഹനാന്റെ മുഖത്ത്. കലക്ടർക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കും അഭിമാനം. ഒരു തുടക്കം മാത്രമായിരുന്നു ഈ പ്രവൃത്തി. ആശുപത്രിയിലെ 800– ൽ അധികം അന്തേവാസികളുടെ എണ്ണം അവിടെയുണ്ടായിരുന്ന 474 കിടക്കകളേക്കാൾ താഴെയത്തി. ആ വർഷം സംസ്ഥാന ബജറ്റിൽ ആശുപത്രിക്ക് അനുവദിച്ചത് 100 കോടി രൂപ. സർക്കാരിനു കത്തെഴുതി നൂലാമാലകൾ കടന്നെത്തുന്ന സഹായത്തിനുവേണ്ടി കാത്തിരിക്കാതെ, നൻമയിൽ വിശ്വസിച്ച് നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ഫലം. അതോടെ ഉറങ്ങിക്കിടന്ന സിസ്റ്റം ഉണർന്നു. ആ വഴിയിലൂടെ തന്നെ പിന്നെയും നടന്നപ്പോൾ കോഴിക്കോട്ട് സംഭവിച്ചത് രാജ്യത്തിനു മുഴുവൻ മാതൃകയാക്കാവുന്ന പ്രവൃത്തികൾ. ഓപ്പറേഷൻ സുലൈമാനി, വേൾഡ് ഫുഡ് വിത് ഡിഗ്‍നിറ്റി ഡേ,സവാരി ഗിരി ഗിരി, തേരെ മേരെ ബീച്ച് മേം തുടങ്ങി നൻമ മരങ്ങൾ പൂത്ത ജനകീയ പദ്ധതികൾ. 

 

അതു ചെയ്തു, ഇതു ചെയ്തു എന്ന മട്ടിൽ ഗീർവാണം മുഴക്കാനല്ല ‘തള്ളൽ’ പ്രസ്ഥാനത്തിനു മുതൽക്കൂട്ടാവുന്ന പുസ്തകത്തിൽ പ്രശാന്ത് ശ്രമിക്കുന്നത്. എന്തൊക്കെ സംഭവങ്ങളിലൂടെ കടന്നുപോയി എന്നു പറയാനാണ്. എങ്ങനെ പ്രതിസന്ധികളെ തരണം ചെയ്തു. അസാധ്യമെന്നു കരുതിയ പദ്ധതികൾ യാഥാർഥ്യമാക്കി. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് കോഴിക്കോട് എങ്ങനെയെത്തി എന്നു പറയാൻ. എന്നാൽ സർവീസ് സ്റ്റോറിയുമല്ല. മറിച്ച് കംപാഷനേറ്റ് സ്റ്റോറി. ആർദ്രത, സഹാനുഭൂതി, കരുണ എന്നൊക്കെ പറയാവുന്ന മനഃസ്ഥിതി. മികച്ച രീതിയിൽ പ്രവർത്തിച്ച പദ്ധതികളുണ്ട്. ഗംഭീരമായി പരാജയപ്പെട്ടവയുമുണ്ട്. ചില പദ്ധതികൾ ഇന്നും സുസ്ഥിരമായി നടക്കുന്നു. സുഗമമായി നടന്നിട്ടു പിന്നീട് നിന്നുപോയവയുമുണ്ട്. വിജയ പരാജയങ്ങളുടെ കാരണങ്ങളിലേക്കു വെളിച്ചം വീശുകയാണ് ഇവിടെ വാക്കുകൾ. അതുവരെ ആരും അറിയാതിരുന്ന ഒരു ജില്ലാ കലക്ടറെ, ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനെ, കലക്ടർ ബ്രോ എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിച്ച അഭൂതപൂർവ ചരിത്രം. രാഷ്ട്രീയക്കാരുടെയും ചിലപ്പോൾ നാട്ടുകാരുടെയും തെറിവിളി മാത്രം കേട്ടു ശീലിച്ച ഉദ്യോഗസ്ഥൻ സാമൂഹിക നൻമയുടെ, സ്വാഭാവിക വളർച്ചയുടെ അനുഭവ കഥയായതിന്റെ തള്ള് കഥ. 

 

കലക്ടർ എന്ന നിലയിൽ പ്രശാന്തിനെ വ്യത്യസ്തനാക്കിയത് സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടിയാണ്. പുതിയ കാലത്തെ ഉദ്യോഗസ്ഥരുടെ തലമുറയിൽ, സാങ്കേതിക വിദ്യ നേരത്തേ സ്വാംശീകരിക്കാനും ഉപയോഗിക്കാനും കഴിഞ്ഞ ഒരാൾ. അതൊരു നിയോഗമായിട്ടാണു ബ്രോ കാണുന്നത്. കുറിക്കുകൊള്ളുന്ന പ്രചാരണ വാക്യങ്ങൾ. അഭ്യർഥനകൾ. അപേക്ഷകൾ. അറിയിപ്പുകൾ. മഴക്കാലത്ത് സ്കൂൾ അവധിയെക്കുറിച്ചു തിരക്കിയ കുട്ടിയോട് ‘ഗോ ടു യുവർ ക്ലാസസ്’ എന്നു പറയുന്നതിലെ അനൗപചാരികതയും നർമബോധവും. ജീവിതത്തിലെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന് ഐഎഎസിൽ കയറിപ്പറ്റാൻ തോന്നിയ ആഗ്രഹം മുതൽ, കൂളിങ് ഗ്ലാസ് ധരിച്ച് കലക്ടറുടെ ചാർജ് എടുക്കാൻ വന്നതുൾപ്പെടെ, തന്നെ പ്രചോദിപ്പിച്ച ഗാന്ധിജിയുടെ രക്ഷാമന്ത്രം വരെ പ്രശാന്ത് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, സ്നേഹത്തോടെ, സൗഹൃദത്തോടെ കുറിക്കുന്നു. എഴുതി പൂർത്തിയാക്കിയതിൽ നിന്ന് തള്ള് വരുന്ന ഭാഗം മുഴുവൻ മായ്ച്ച് ആവശ്യമുള്ളതു മാത്രം എടുക്കാൻ പറയുന്ന അപൂർവം മനുഷ്യർക്കു മാത്രം കഴിയുന്ന ആത്മാർഥതയാണ് ഈ പുസ്തകത്തിന്റെ ജീവൻ; ആത്മാവും.   

 

മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാകുമ്പോൾ, സ്വയം സഹായിക്കുകയാണെന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല. ഇത് ജീവകാരുണ്യ പ്രവർത്തനമല്ല, ചാരിറ്റിയല്ല, കേവലമായ മനുഷ്യസ്നേഹവുമല്ല. കാരുണ്യത്തിൽ കുതിർന്ന സഹാനുഭൂതി ഏറ്റവും മനോഹരവും ശക്തവുമായ വികാരങ്ങളിലൊന്നാണ്. യഥാർഥ മനുഷ്യനാകാൻ സഹായിക്കുന്ന മാജിക്ക്. നമ്മുടെ ജീവിതം മറ്റാരുടേതുമല്ലല്ലോ; നമ്മുടേതു തന്നെയല്ലേ. 

ഹമ്പട ഞാനേ !

 

Engish Summary: Collector Bro - Ini Njan Thallatte, book written by Prasanth Nair IAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com