പെണ്ണായി ജനിച്ച്, പെണ്ണായി ജീവിച്ച്, പെണ്ണിനെ ജീവിത സഖിയാക്കിയ പെണ്ണ്

fiercely-female-the-dutee-chand-story
SHARE
സന്ദീപ് മിശ്ര

വെസ്റ്റ് ലാൻഡ് പബ്ലിക്കേഷൻസ്

വില 399 രൂപ

ഒഡിഷയിലെ ചക ഗോപാൽപുർ ഗ്രാമം. വർഷം 2005. ദ്യുതി ചന്ദ് എന്ന പെൺകുട്ടി ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം. അതുവരെ നദിക്കരയിലും ഗ്രാമത്തിലെ വഴികളിലും കാലിൽ ചെരുപ്പുപോലുമില്ലാതെ ഓടിക്കൊണ്ടിരുന്ന കുട്ടിക്ക് ആദ്യമായി മത്സരയോട്ടത്തിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ ധരിക്കുന്ന ഷൂസ് ലഭിച്ച ദിവസം. എന്നാൽ ദിവസങ്ങളോളം ദ്യുതി ഷൂസ് അലമാരയിൽ നിന്ന് പുറത്തെടുത്തതേയില്ല. ഗ്രാമത്തിലെ വഴികളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഷൂസുമിട്ടു പുറത്തിറങ്ങിയാൽ അവ വൃത്തികേടാവുമല്ലോ എന്നായിരുന്നു സങ്കടം. ഷൂസുമിട്ട് ആദ്യത്തെ ദിവസം ഓടിയപ്പോൾ താൻ പിന്നിടാൻ പോകുന്ന ദുരത്തെക്കുറിച്ചോ കീഴടക്കാൻ പോകുന്ന സമയത്തെക്കുറിച്ചോ ആയിരുന്നില്ല ദ്യുതിയുടെ ചിന്ത. കാലിൽ കിടക്കന്ന പുത്തൻ ഷൂസിന് എന്തെങ്കിലും സംഭവിക്കുമോയെന്ന്. മത്സരം കഴിഞ്ഞയുടൻ ഷൂസ് അലമാരയിൽ പൂട്ടിവച്ചു. നടപ്പൊക്കെ അപ്പോഴും നഗ്നപാദയായി തന്നെ. 

വികസനം എത്തിനോക്കാത്ത, ഇരുളടഞ്ഞ ഗ്രാമത്തിലെ നദിക്കരയിൽ ദിവസവും രാവിലെ കിലോമീറ്ററുകളോളം ഓടിക്കൊണ്ടിരുന്ന ബാല്യത്തിൽ നിന്ന് ദ്യുതി ചന്ദ് വളർന്നു. സ്കൂൾ മത്സരങ്ങൾ പിന്നിട്ട്, ദേശീയ, രാജ്യാന്തര മത്സരങ്ങൾ പിന്നിട്ട് ഒളിംപിക് മത്സവേദി വരെ. പയ്യോളി എക്സ്പ്രസ് പി.ടി. ഉഷയ്ക്കു ശേഷം ഒളിംപിക്സിലെ ഗ്ലാമർ ഇനം 100 മീറ്ററിൽ ലോകവേദിയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി എന്ന പദവി വരെ. ഓടിയും നടന്നും ഗ്രാമത്തിലെ വഴികൾ പിന്നിട്ട ബാല്യത്തിൽ നിന്ന് ബിഎംഡബ്ളിയു കാർ സ്വന്തമാക്കുന്നതുവരെ. ഇപ്പോഴിതാ വീണ്ടും ദേശീയ റെക്കോർഡ് തിരുത്തി ടോക്കിയോ ഒളിംപിക്സിനും ദ്യുതി യോഗ്യത നേടിയിരിക്കുന്നു. അവിശ്വസനീയം എന്നു വിശേഷപ്പിക്കാവുന്ന ലോകനേട്ടങ്ങളിലേക്കുള്ള ദ്യുതിയുടെ യാത്ര എന്നാൽ ഒന്നോ രണ്ടോ വാചകത്തിൽ പറഞ്ഞുതീർക്കാവുന്നതല്ല. ഇന്ത്യയിലെ മറ്റൊരു കായികതാരത്തിനും നേരിടേണ്ടിവന്നിട്ടില്ലാത്ത പ്രതിസന്ധികൾ കടന്നാണു ദ്യുതിയുടെ മുന്നേറ്റം. ആ കുതിപ്പിന്റെ കഥയാണ് ഫിയേഴ്‍സി ഫീമെയ്ൽ. സന്ദീപ് മിശ്ര എഴുതിയ ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ കായിക താരങ്ങളിൽ ഒരാളായ ദ്യുതി ചന്ദിന്റെ ട്രാക്കിലെയും ജീവിതത്തിലെയും നേട്ടങ്ങളുടെയും തിരിച്ചടികളുടെയും കഥ. 

മൂത്ത ജ്യേഷ്ഠത്തി സരസ്വതി ഓടുന്നതുകണ്ടാണു ദ്യുതി ഓടിത്തുടങ്ങിയത്. സരസ്വതി തന്നെയാണ് മത്സരങ്ങൾക്കു പ്രാപ്തയാക്കുന്നതും. പരിശീലകരില്ലാതെ, മികച്ച മൈതാനങ്ങളില്ലാതെ, നിശ്ചയദാർഡ്യം ഒന്നുകൊണ്ടു മാത്രം ദ്യുതി ഓടിക്കൊണ്ടിരുന്നു. മുന്നിലെത്താൻ മാത്രമല്ല, ആരുടെയും പിന്നിലായിപ്പോകാതിരിക്കാനും. രാജ്യാന്തര മത്സരങ്ങളിൽ വരെ പങ്കെടുത്ത സരസ്വതി പിന്നീട് കുടുംബിനി ആയെങ്കിലും ദ്യുതി വളർന്നുകൊണ്ടിരുന്നു. ഒഡിഷയ്ക്ക്, രാജ്യത്തിന് അഭിമാനമായി. ഇല്ലായ്മകളെ പിന്നിലാക്കിക്കൊണ്ടുള്ള മുന്നേറ്റം. പരിശീലകരുടെ അവഗണന. താൽപര്യമില്ലാത്ത മത്സരങ്ങളിൽ പങ്കെടുക്കണമെന്ന നിർബന്ധങ്ങൾ. ഇഷ്ട ഇനങ്ങളിൽ ആരും പ്രോത്സാഹിപ്പിക്കാനില്ലാത്ത അവസ്ഥ. തരണം ചെയ്യാൻ ഒട്ടേറെ പ്രതിസന്ധികളുണ്ടായിരുന്നു. കരിയറിന്റെ ഉയർച്ചയിൽ ലിംഗ പദിയെക്കുറിച്ചുള്ള ആരോപണവും പിന്നീടുണ്ടായ വിലക്കും. അന്ന് അവാസനിക്കേണ്ടതായിരുന്നു ദ്യുതിയുടെ കരിയർ. 

പുരുഷ ഹോർമോൺ കൂടിപ്പോയതിന്റെ പേരിൽ സ്ത്രീയല്ല, പുരുഷനാണെന്ന ആരോപണം വരെ ദ്യുതിക്കെതിരെ ഉയർന്നു. ഇന്ത്യൻ കായിക ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ചിലരും ദ്യുതിക്കെതിരെ കരുക്കൾ നീക്കി. അഭിമാന താരത്തെ വഞ്ചകിയായി ചിത്രീകരിക്കാൻ ശ്രമിച്ചു.  2014 ലെ കോമൺ വെൽത്ത് ഗെയിംസിൽ നിന്ന് ദ്യുതിയെ ഒഴിവാക്കി പ്രതികാരം. എന്നാൽ, അന്നത്തെ സ്പോർട് അതോറിറ്റി ഓഫ് ഇന്ത്യ മേധാവി ജിജി തോംസണിന്റെയും മറ്റും സഹായത്തോടെ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി വരെ പോകേണ്ടിവന്നു ദ്യുതിക്ക്; തെറ്റുകാരിയല്ലെന്നു സ്ഥാപിക്കാൻ. തെറ്റായ പരിശോധനാ ഫലം വന്നപ്പോൾ ദ്യുതിയുടെ അമ്മ കരഞ്ഞുകൊണ്ടു പറഞ്ഞിരുന്നു: ഡോക്ടർമാരോടല്ല എന്നോടു ചോദിക്കൂ ദ്യുതി ആണാണോ പെണ്ണാണോ എന്ന്. ഞാനല്ലേ ഉത്തരം പറയേണ്ടത്. 

അതു കേൾക്കാൻ അധികമാരും ഉണ്ടായിരുന്നില്ല. തളരാതെ പോരാടിയ താരത്തിനു മേൽ കെട്ടവച്ച വിലക്ക് ഒടുവിൽ പിൻവലിക്കേണ്ടിവന്നു. ദ്യുതി വീണ്ടും മത്സരത്തിനിറങ്ങി. പരിഹസിക്കാൻ കാത്തുനിന്നവർക്കുമുന്നിൽ വീണ്ടും ഓടി കഴിവു തെളിയിച്ചു. 

പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ ഒരിക്കൽ സരസ്വതിയുടെ വരുമാനം കൊണ്ടാണ് ദ്യുതിയുടെ കുടുംബം കഴിഞ്ഞിരുന്നത്. വീട് പുതുക്കിപ്പണിതു. കടങ്ങൾ വീട്ടി. ഇളയ സഹോദരങ്ങളെ സുരക്ഷിത വഴിയിലാക്കി. അതിനുശേഷമായിരുന്നു രാജ്യത്തെ ഞെട്ടിച്ച പ്രഖ്യാപനം ദ്യുതിയിൽ നിന്നുണ്ടായത്; താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും ആ കുട്ടിക്കൊപ്പം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും. ദ്യുതിക്ക് ബന്ധം രഹസ്യമാക്കിവയ്ക്കാമായിരുന്നു. കുടുംബവും അതാണാഗ്രഹിച്ചത്. എന്നാൽ, സുപ്രീം കോടതിയുടെ അനുകൂല വിധി നൽകിയ ആത്മവിശ്വാസത്തിൽ, തന്നെപ്പോലെയുള്ള മറ്റുള്ളവർക്കും ധൈര്യം പകരാൻ ദ്യുതി വ്യക്തിപരമായ ഇഷ്ടം തുറന്നുപറഞ്ഞു. 

അവിടെയും വ്യത്യസ്തയായിരുന്നു ദ്യുതി. ആധുനിക ഇന്ത്യ ലോകത്തിനു സമ്മാനിച്ച അസാധാരണ കഴിവുകളുള്ള കായിക താരത്തിന്റെ കഥ പ്രചോദനത്തിന്റെ മഹത്തായ മാതൃകകളിൽ ഒന്നുകൂടിയാണ്. 

വിജയങ്ങളെ തോൽപിച്ചോടിച്ച, സ്വന്തം ഇഷ്ടം തുറന്നുപറയാൻ മടിച്ചുനിന്നവരെ അതിശയിപ്പിച്ച, പരിമിതികളെ കരുത്താക്കിയ അത്ഭുത താരം. ട്രാക്കിലും ജീവിതത്തിലും വ്യത്യസ്തയായ ദ്യുതിയുടെ ജീവിതം പാഠപുസ്തകം തന്നെയാണ്. തളർച്ചയുടെ നിമിഷങ്ങളിൽ ഓജസ്സ് പകരുന്ന ഊർജസ്രോതസ്സ്. ഇനിയും പിന്നിടേണ്ട ദൂരത്തെക്കുറിച്ചോർമിപ്പിക്കുന്ന, വെല്ലുവിളിയുടെ മാർക്ക് നിരന്തരം ഉയർത്തുന്ന, മികച്ച പ്രകടനത്തിന് നിർബന്ധിക്കുന്ന താരതേജസ്സ്. 

English Summary: Fiercely Female: The Dutee Chand Story, book written by Sundeep Mishra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA
;