ADVERTISEMENT

ദില്ലന്റെ ചിന്തകളിലെ മിന്നല്‍പ്പിണരുകള്‍ വന്നു പതിക്കുന്നത് വായനക്കാരന്റെ നെഞ്ചകത്താണ്. കൂറ്റാക്കൂറ്റിരുട്ടില്‍ ഒരു മിന്നലും മുഴക്കവും. നിമിഷങ്ങള്‍കൊണ്ട് അവസാനിക്കുന്ന ഇടിമിന്നലുകളുടെ അല്‍പ വെളിച്ചത്തില്‍ മൈലുകളോളം ദൂരം തെളിഞ്ഞു കാണും. കാതടപ്പിക്കുന്ന ഇടിമുഴക്കം ഉള്ളില്‍ ഏറെ നേരം പ്രകമ്പനം കൊള്ളും. തീക്ഷ്ണമായ അനുഭവങ്ങളുടേയും വേദനകളുടേയും വിരഹത്തിന്റേയും ഒറ്റപ്പെടലിന്റേയും മുറിവുകളുടേയും മിന്നലും ഇടിമുഴക്കങ്ങളുമാണ് ദില്ലന്റെ കവിതകള്‍. 'മിന്നാമിനുങ്ങുകളുടെ കാലം' എന്ന സമാഹാരത്തിലെ കവിതകള്‍ക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമല്ല, മറിച്ച് കൊള്ളിയാന്‍ വെളിച്ചമാണ്. 

 

മലയാളത്തിലെ പുത്തന്‍ എഴുത്തുകളിലെ കനല്‍തരികളാണ് മിന്നാമിനുങ്ങുകളുടെ കാലത്തില്‍. എത്ര ചാരം മൂടിയാലും കെട്ടുപോകാത്ത കനലുകള്‍. ഊതുന്തോറും ആളിപ്പടരുന്ന തീക്കട്ടകള്‍. രണ്ടോ മൂന്നോ വരികളില്‍ വരച്ചിടുന്നത് വലിയ ലോകമാണ്. ഏകാന്തതയും വിരഹവും വേട്ടയാടുന്ന മനുഷ്യനെ കവിതകളിലങ്ങോളമിങ്ങോളം കാണാന്‍ സാധിക്കും. വായനക്കാരനെ മത്തുപിടിപ്പിക്കുന്ന ലഹരി വരികള്‍ക്കിടയില്‍ നുരഞ്ഞുപൊന്തുകയാണ്. ചുട്ടുപൊള്ളുമ്പോഴും മനസ്സ്  വീണ്ടും വീണ്ടും ആ ലഹരി ആവശ്യപ്പെട്ടുകൊണ്ടിരിക്കും.  പല കാലങ്ങളിലായി കുറിച്ചിട്ട കവിതകളുടെ സമാഹാരമാണ് മിന്നാമിനുങ്ങുകളുടെ കാലം. 

 

ലോകം അഗ്നിയെപ്പോലെയുള്ളവരുടേതാണെന്ന് പഞ്ചഭൂതങ്ങള്‍ എന്ന കവിതയില്‍ പറയുന്നു.

ആവശ്യമുള്ളപ്പോള്‍ ആളിക്കത്തിക്കാനും 

തീരുമ്പോള്‍ അണച്ചുവെക്കാനും

ഒരു കനല്‍ത്തുമ്പില്‍ ഒളിച്ചുവെക്കാനും

ഒക്കെ സാധ്യമാകുന്ന അഗ്നിയുടെ...

അതുകൊണ്ടാവണം 

ജലം 

ഇടയ്ക്കിടെ മേഘങ്ങളുടെ ദ്വീപില്‍ 

ഏകാന്ത തടവിന് വിധിക്കപ്പെടുന്നത്്. 

പല കവിതകളിലും ഇങ്ങനെ ഒറ്റപ്പെട്ടു പോയവന്റേയും മാറ്റിനിര്‍ത്തപ്പെട്ടവന്റേയും തിരസ്‌കരിക്കപ്പെട്ടവന്റേയും പൊള്ളുന്ന വേദനകളാണ് അനാവൃതം ചെയ്യപ്പെടുന്നത്. 

 

കോവിഡിന്റെ വരവോടെയാണ് പോസിറ്റീവ് എന്ന വാക്കിന് നെഗറ്റീവ് അര്‍ഥം വന്നത്. പോസിറ്റീവ് എന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ ഭയക്കുകയും നെഗറ്റീവ് എന്ന് കേള്‍ക്കുമ്പോള്‍ ആശ്വസിക്കുകയും ചെയ്ത കാലം 2020ലാണ് സംജാതമായത്. അതുവരെ പോസിറ്റീവ് രാജകീയമായി കഴിയുകയായിരുന്നു. എന്നാല്‍ 2004ല്‍തന്നെ നെഗറ്റീവ് എന്ന കവിതയിലൂടെ ദില്ലന്‍ പോസിറ്റീവിന്റെ മുഖം പൊളിച്ചുമാറ്റിയിരുന്നു 

 

നെഗറ്റീവ് 

നേര്‍വഴിയുടെ ചിഹ്നം 

അലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലക

പോസിറ്റീവിനെപ്പോലെ 

കുരിശുമരണത്തിന്റെ വേദനയോ 

കെട്ടുപിണഞ്ഞ വഴികളുടെ ദുരൂഹതയോ ഇല്ലാത്തവര്‍

രണ്ട് നെഗറ്റീവുകള്‍ നിവര്‍ന്ന് നിന്ന് 

പതിനൊന്നാകുന്നു

വ്യര്‍ഥ പ്രണയത്തിന്റെ സംഖ്യ...

ഇങ്ങനെ തുടരുന്ന കവിതയില്‍ പോസിറ്റീവിന്റെ ആരും കാണാത്ത മുഖം ദര്‍ശിക്കാന്‍ സാധിക്കും. പോസിറ്റീവുകളെ മാത്രം അംഗീകരിച്ചുകൊണ്ടിരുന്ന ഒരു കാലത്ത് നെഗറ്റീവ് നേര്‍വഴിയിലേക്ക് അനന്തമായി നീണ്ടുകിടക്കുന്നുവെന്ന് ദില്ലന്‍ കുറിച്ചുവച്ചു. പിന്നേയും ഒരുപാടു കാലം കഴിയേണ്ടി വന്നു നെഗറ്റീവ് എന്ന വാക്കിന് ആളുകളെ സന്തോഷിപ്പിക്കാന്‍. 

 

മിന്നാമിനുങ്ങുകളുടെ അല്‍പ വെട്ടത്തില്‍ ദൂരക്കാഴ്ച അസാധ്യമാണ്. എന്നാല്‍ ഒരു പ്രത്യേക കാലത്ത് പതിനായിരക്കണക്കിന് മിന്നാമിനുങ്ങുകള്‍ കൂട്ടമായി വെളിച്ചം വിതറുന്ന പ്രതിഭാസം ഉണ്ടാകാറുണ്ട്. അത് ചിലപ്പോള്‍ വര്‍ഷത്തില്‍ ഒന്നു മാത്രം സംഭവിക്കുന്നതാണ്. ആ കാലഘട്ടത്തെ 'മിന്നാമിനുങ്ങുകളുടെ കാലം' എന്നു വിശേഷിപ്പിക്കാം. മിന്നാമിനുങ്ങുകളുടെ ആ മഞ്ഞവെളിച്ചത്തില്‍ നിറയുന്ന കാഴ്ചകള്‍ അസുലഭമാണ്. ദില്ലന്റെ മിന്നാമിനുങ്ങുകളുടെ കാലം എന്ന സമാഹാരത്തില്‍ നിറയെ ഇത്തരം കൊച്ചുകൊച്ചു മിന്നാമിനുങ്ങുകളാകുന്ന കവിതകളാണ്. കവിതകളെല്ലാം ചേര്‍ന്ന് പുസ്തക രൂപത്തിലേക്ക് പരിണമിച്ചപ്പോള്‍ കൊള്ളിയാന്‍ വെട്ടമായി മാറി. 

 

വാല്‍നക്ഷത്രങ്ങള്‍ എന്ന തലക്കെട്ടില്‍ അവസാനഭാഗത്തു കുറേ പൊടിക്കവിതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഊളിയിടുന്തോറും ആഴമേറിവരുന്ന കവിതകളുടെ കൂട്ടമാണിവിടെ. ആകാശത്തുകൂടി പോകുന്ന വാല്‍നക്ഷത്രം നഗ്നനേത്രങ്ങളില്‍ വളരെ ചെറുതായി തോന്നും. എന്നാല്‍ അതിന്റെ വലുപ്പം എത്രയെന്ന് കണക്കുകൂട്ടുക എളപ്പമല്ല. അടുത്തു ചെല്ലുന്തോറും വലുതായി വരുന്ന പ്രതിഭാസം ദില്ലന്റെ ഒറ്റവരി കവിതകള്‍ക്ക് പോലുമുണ്ട്. അവയുടെ ആഴവും വ്യാപ്തിയും നീണ്ടുകിടക്കുന്നു. 

 

നിലത്തുവീണു ചിതറിയ ജലകണത്തിന്റെ നിശ്ചിത ആകൃതിയില്ലാത്ത നനവുകള്‍ പോലെയാണ് ഈ കുറിപ്പുകള്‍. അതുകൊണ്ട് കവിതകളെന്നും കവിയെന്നും വിളിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദില്ലന്‍ തുടക്കത്തില്‍തന്നെ പറഞ്ഞുവയ്ക്കുന്നു. രൂപമില്ലായ്മയാണ് ജലത്തിന്റെ സവിശേഷതകളിലൊന്ന്. അതുകൊണ്ട് തന്നെ ഏതു രൂപത്തിലേക്കും മാറാനും ജലത്തിന് സാധിക്കുന്നു. ഇതേ സ്വഭാവംതന്നെയാണ് ദില്ലന്റെ കവിതകള്‍ക്കും. എഴുതിവച്ച വരികള്‍ക്ക് നിയതമായ രൂപമില്ലാത്തതിനാല്‍ കാലാന്തരത്തില്‍ അവയ്ക്ക് പരിണാമവും രൂപമാറ്റവുമെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com