ADVERTISEMENT

ക്ലൈമാക്സിൽനിന്നു ഫ്ലാഷ് ബാക്കിലൂടെയുള്ള ചലച്ചിത്രം പോലെ, കളിമേളങ്ങളുടെ ഓർമപ്പൂരം. അപ്പാപ്പന്റെ തോളായ ആനപ്പുറത്തേറിയിരിപ്പാണു കൊച്ചുമോൻ. രണ്ടുകാലും മുന്നോട്ടിട്ട്, വീഴാതിരിക്കാൻ അപ്പാപ്പന്റെ കഴുത്തിൽ മുറുകെ പിടിച്ചാണിരിപ്പ്. കാഴ്ച കണ്ടു പൂരപ്പറമ്പിൽ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന അപ്പാപ്പനു സ്പീഡ് കൂടിയാലോ? തൂക്കിയിട്ട കാലുകൊണ്ട് നെ‍ഞ്ചത്ത് ആഞ്ഞൊരു തട്ടാണ്. ‘അധികം സർക്കസ് കളിച്ചാൽ താഴെയിറക്കും കേട്ടോ’ അപ്പാപ്പനു ശുണ്‌ഠി കയറും. വടിയെടുക്കുകയേയുള്ളൂ, അടി കിട്ടില്ല. കാരണം ഈ അപ്പാപ്പനും കൊച്ചുമോനും വല്യ കൂട്ടുകാരാണ്, സോൾഗഡികൾ!

 

1874ൽ ജനിക്കുകയും 1972ൽ 98–ാം വയസ്സിൽ മരിക്കുകയും ചെയ്ത അപ്പൂപ്പന്റെ സംഭവബഹുലമായ ജീവിതവും 1947ൽ ജനിക്കുകയും 73–ാം വയസ്സിലൂടെ ഓടിച്ചാട‌ി നടക്കുകയും ചെയ്യുന്ന ‘കൊച്ചുമോന്റെ’ നിറമുള്ള അനുഭവങ്ങളും ഇഴചേർന്ന ഓർമപ്പെയ്ത്താണ് ‘സോൾഗഡി’ എന്ന പുസ്തകം. കെ.എ.ഫ്രാൻസിസ് എന്ന ഗ്രന്ഥകാരനായ കൊച്ചുമോന്റെയും (കുട്ടൻ) തേയ്ക്കാനത്ത് കാരാത്ര വാറുണ്ണി പൊറിഞ്ചു എന്ന അപ്പാപ്പന്റെയും ചുറ്റുമുള്ള മനുഷ്യരുടെയും അവരുടെ നാടായ തൃശൂരിന്റെയും കഥകളാണിതിൽ.

 

രുചിയും ചിരിയും വരയും വികൃതിയും യാത്രയും എല്ലാം മേളിക്കുന്ന, ഒറ്റയിരിപ്പിനു വായിക്കാവുന്ന ഓർമപ്പുസ്തകം. നല്ല ഭക്ഷണവും മദ്യവും അപ്പാപ്പനു ദൗർബല്യമാണ്. പാകത്തിനു സോഡ ഒഴിച്ച്, ഐസ് കട്ടകൾ ഓരോന്നായി ഇട്ട് സിപ്പ് ചെയ്തു കഴിക്കാനാണ് ഇഷ്ടം. മുന്തിയ ഇനമാണെങ്കിൽ സോഡ ചേർക്കാതെ ഐസ് കട്ട മാത്രമിട്ടു ഗ്ലാസിനു മുന്നിലൊരു ധ്യാനമാണ്. കള്ളിനെയും ഉൾക്കൊള്ളാറുണ്ട്. ഒരൊറ്റ ചില്ലുഗ്ലാസ് മൂത്ത കള്ളാണ് അളവ്. തെങ്ങിൻമൊരിയും കൊച്ചുവണ്ടുകളും ചൂണ്ടാണി വിരൽ കൊണ്ട് കോരിയെടുത്തുകളഞ്ഞ് ഒരൊറ്റവലി. എരിവുള്ള മീൻകറി കൂടിയുണ്ടെങ്കിൽ.. ആഹാ..!

 

പല ഷാപ്പുകളോടും പല സമീപനമാണ് അപ്പാപ്പന്. ചിറയ്ക്കലങ്ങാടി ഷാപ്പാണ് ഏറെ പ്രിയം. മറ്റിടങ്ങളിൽ നിൽപനടിച്ചു പോരും. ഡയലോഗോ ഇരിപ്പോ ഇല്ല. അങ്ങാടി ഷാപ്പിൽ പക്ഷെ, കുടിയന്മാരുടെ അരങ്ങിനോട് ഇഷ്ടക്കൂടുതലുണ്ട്. കലാപ്രകടനങ്ങളിൽ തിളങ്ങുന്നവർക്ക് ഒരു ഗ്ലാസ് കള്ള് സ്പോൺസർ ചെയ്യുന്ന പതിവുമുണ്ട്. പെനാങ്കിലെ സ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ സമ്പാദ്യമൊന്നുമില്ല. കിട്ടിയതുകൊണ്ടു സുഖമായി കഴിയും. ഭക്ഷണത്തിനും മദ്യത്തിനും പുസ്തകത്തിനും പണം ചെലവാക്കി. അന്നന്നുള്ള അടിച്ചുപൊളിയാണ് അപ്പാപ്പനു ജീവിതം.

 

ഒരു റിസ്കിനും അപ്പാപ്പനില്ല. അങ്ങാടിയിൽ അടിപിട‌ിക്കുള്ള കാർമേഘം ഉരുണ്ടുകൂടിയാൽ ആദ്യംതന്നെ മുങ്ങും. കൂട്ടുകാരായ വയസ്സന്മാരെല്ലാം കുടിക്കുമ്പോൾ വിധം മാറും. ചിലർ പാട്ടുപാടും, വയലന്റാകും, തെറിവിളിച്ച് അലറും, തല്ലുണ്ടാക്കും. കുടിക്കുന്തോറും കൂളായിക്കൊണ്ടിരിക്കുന്ന വൈഭവത്തിനുടമയായിരുന്നു അപ്പാപ്പൻ. പ്രകോപനങ്ങളിൽ വീഴില്ല, തലയ്ക്കു പിടിക്കുമെന്നായാൽ നേരെ വീടുപിടിക്കും. പകൽ ഫിറ്റായി വീട്ടിലെത്തിയാൽ അപ്പാപ്പനു മറ്റൊരു പ്രശ്നമുണ്ട്, ഉറക്കം വരില്ല. അപ്പോൾ, പെനാങ്കിലെ പഴയ തുകൽപെട്ടി പൊടിതട്ടി അതിൽനിന്ന് കവണ പുറത്തെടുക്കും.

 

അടുക്കളവാതിൽ തുറന്ന് മുറ്റത്തേക്കുള്ള ചവിട്ടുപടിയിൽ വിസ്തരിച്ചിരിക്കും. തൊട്ടടുത്ത് ഉരുണ്ട ചരൽക്കല്ലുകൾ ഉണ്ടാകും. അയൽവീട്ടുകാരുടെ ഓമന പൂവൻകോഴികളിലൊന്നിനെ ഇതുവച്ചു കാച്ചും. പപ്പും തൂവലും പറിച്ച്, ഉപ്പും മസാലയും തേച്ച് കോഴിയുടെ ജീവിതോദ്യമം പൂർത്തിയാക്കും. കോഴി വെന്ത മണം അയൽവീട്ടിലെ മറിയച്ചേടത്തിയുടെ മൂക്കിലെത്തുമ്പോൾ അവർ തുള്ളിച്ചാടി വരും. ‘എന്റെ പൊന്നു ചേടത്ത്യാരെ ഈ തീറ്റക്കൊതിയൻ പൊറിഞ്ചുവിനോട് ക്ഷമിക്ക്. ഈ പൂവന് ഇരട്ടി മാർക്കറ്റ്  വില എണ്ണിത്തന്നാൽ കേസ് തീർന്നില്ലേ?’- അപ്പാപ്പൻ ഉദാരമനസ്കനാകും !

 

ചിറയ്ക്കൽ പള്ളി മൈതാനിയിൽ വാശിയേറിയ സെവൻസ് ഫുട്ബോൾ മത്സരം നടക്കുന്നു. ഇഞ്ചമുടി കൺട്രി ‌ടീമും പരിപ്പ് ഡെവിൾസുമാണ് ഏറ്റുമുട്ടുന്നത്. ഗോൾരഹിത ആദ്യ പകുതിക്കുശേഷം, അറ്റാക്കിങ് ഫുട്ബോളിനുള്ള രണ്ടാം പകുതിയുടെ സമയമായി. നമ്മുടെ കൊച്ചുമോൻ അദ്ഭുതകരമായ ഗോളിലൂടെ പരിപ്പ് ടീമിനെ മുന്നിലെത്തിച്ചു. ഇതിനൊപ്പം എതിർടീമിലെ ജയിംസ് താരത്തെ ഇടംകാലിട്ടു തള്ളിവീഴ്‍ത്തി. വയറ്റിൽ കാൽമുട്ടുകൊണ്ട് താങ്ങും കിട്ടി. അവന്റെ ശരീരം കണ്ടപ്പോൾ തിരിച്ചൊന്നു കൊടുക്കാനുള്ള ആവേശമൊക്കെ ചോർന്നു പോയി.

 

‘അപ്പാപ്പാ’ എന്ന് അലറിക്കരഞ്ഞു വീട്ടിലേക്കു പാഞ്ഞു. അപ്പാപ്പനെക്കൊണ്ട് അവന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നു കണക്കുകൂട്ടി വീട്ടിലേക്കു കയറുമ്പോൾ ഒരലർച്ച: ‘അടിച്ചവനെ തിരിച്ചടിക്കാതെ നീ ഈ പടി കയറേണ്ട’. കാളക്കൂറ്റനോട് ആട്ടിൻകുട്ടി പോരിനു പോകുകയോ? ‘കണ്ടവന്റെ തല്ലുവാങ്ങി മോങ്ങാൻ നാണമില്ലേടാ? പോടാ, പോയി പൂശെടാ’– അപ്പാപ്പൻ ധൈര്യം കുത്തിവച്ചു. രണ്ടുംകൽപിച്ച് തിരിച്ചോടി. ഒരൊറ്റ ചാട്ടത്തിനു തലകൊണ്ട് ജയിംസിന്റെ മൂക്കിന്റെ പാലത്തിലൊരു സ്മാഷ്, നാഭിക്കൊരു ചവിട്ടും. ‘നാരു പോലുള്ള നീ ഇതെങ്ങനെ ഒപ്പിച്ചു’– പിന്നീട് നാട്ടുകാരെല്ലാം ചോദിച്ചു, കൊച്ചുമോൻ കൊച്ചുവീരനായി.

 

അപ്പാപ്പന്റെ പെനാങ്ക് യാത്ര, വല്യമ്മായിയുടെ വിവാഹഡീൽ, ചിറയ്ക്കൽ ജിയുപി സ്കൂളിലെ പൊതിച്ചോർ വിപ്ലവം, പള്ളിപ്പെരുന്നാൾ, ബാന്റുമേളം, കഥകളുടെയുടെ രുചികളുടെയും കലവറയുള്ള മേരിച്ചേച്ചി, ആന്റോവിന്റെ തിരോധാനം, പ്രേതങ്ങളുടെ വരവ്, അപ്പാപ്പന്റെ രഹസ്യ ഒറ്റമൂലികൾ, ബദ്ധവൈരികളായ അയൽക്കാരുടെ വീട്ടിലെ പൂച്ചട്ടികളും ചിത്രങ്ങളും രാത്രിയിൽ അവരറിയാതെ പരസ്പരം മാറ്റൽ, സിനിമാ തിയറ്ററിലെ മെയിൻ സ്വിച്ച് ഊരൽ, നാട്ടിലെ ചക്ക വെട്ടി പാവങ്ങളുടെ വീടിനു മുന്നിൽ സമ്മാനിക്കൽ, തൃശൂരിൽനിന്നു കോഴിക്കോട്ടേക്കുള്ള പലായനം, ഐ.വി.ശശിക്കൊപ്പമുള്ള പഠനകാലം... നിറയെ കഥക്കാലം.

 

‘മുഴുനീള കളർഫുൾ ജീവിതമാണ് അപ്പാപ്പന്റെ ജീവിതം. സ്വപ്‌നം കണ്ടതുപോലെ ഏറെക്കുറെ ജീവിച്ചു തീർത്ത മനുഷ്യരെ ഈ പുസ്‌തകത്തിൽ നാം കണ്ടുമുട്ടുന്നു. നല്ല ഭക്ഷണവും നല്ല മദ്യവും നിറഞ്ഞ ഏകാംഗ ഉത്സവമാണ് അപ്പാപ്പൻ. ഈ എക്‌സ് പെനാങ്കുകാരൻ ജീവിത പ്രത്യാശയുടെ സവിശേഷമായ പഴയകാല തൃശൂർ നസ്രാണി ഐക്കനാണ്. കരച്ചിലിനെക്കാൾ ചിരിയാണ് അവിടത്തെ ഒച്ച, ദുഃഖങ്ങളൊക്കെ വെറും നിഴലായി നിൽക്കാനേ കാരാത്രക്കാർ സമ്മതിക്കൂ എന്നു തോന്നും’– അവതാരികയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയത് പ്രശംസാവാക്യമല്ലെന്നു സോൾഗഡി വായിച്ചുതീരുമ്പോൾ നമുക്കും തോന്നും.

 

English Summary: Sole Gadi book written by K. A. Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com