ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിലൊന്നാണ് ആസ്സാം. എന്നാൽ, പേടിപ്പിക്കുന്ന അനിശ്ചിതത്വങ്ങളുടെയും നാടാണത്. ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം എന്നിവ ഇടയ്ക്കിടെ കനത്ത ഭീഷണി ഉയർത്തുമെങ്കിലും ഫലഫൂയിഷ്ഠമായ ഭൂമിയിൽ കൃഷി തഴച്ചുവളരുന്നു. നാടിന്റെ ജീവനാഡിയായി ഒഴുകുന്ന നദിയും. സവിശേഷതകൾ ഏറെയുള്ള അസ്സാമാണ് അഞ്ജലി ജോസഫിന്റെ പുതിയ നോവലിന്റെ പശ്ചാത്തലം. ഹീത്രോ വിമാനത്താവളത്തിൽ തുടങ്ങി ആസ്സാമിലെ നിലാവിൽ കുളിച്ചു നിൽക്കുന്ന പൗർണ്ണമി രാത്രിയിലേക്കു നീളുന്ന നോവൽ, പ്രണയത്തിന്റെ ഏറ്റവും പുതിയ ലോക കാഴ്ചയാണ്. ബന്ധങ്ങളെക്കുറിച്ചുള്ള പുതിയ വെളിപാടും. 

പ്രണയം എന്നും കാൽപനികതയുമായി ബന്ധപ്പെട്ടാണ് എഴുതുന്നതും വരയ്ക്കുന്നതും പാടുന്നതും അനുഭവിക്കുന്നതും പോലും. എന്നാൽ, എല്ലാ പ്രണയവും കാൽപനികമല്ല. പ്രത്യേകിച്ചും പുതിയ കാലത്തെ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന പ്രണയ ബന്ധങ്ങൾ. സ്നേഹിച്ചു നട്ട്, ലാളിച്ചു വളർത്തി, പുഷ്പിച്ച് അനുഗ്രഹിക്കുന്ന ചെടി പോലെ നേർവഴിയിലൂടെയല്ലാത സഞ്ചരിക്കുന്ന പ്രണയങ്ങളുമുണ്ട്. വഴി തെറ്റി, അഥവാ വ്യത്യസ്ത വഴികളിലൂടെ ലക്ഷ്യം മറന്നുമൊക്കെ സഞ്ചരിച്ചാലും ഒടുവിൽ ഏത്തേണ്ടിടത്തുതന്നെ എത്തുന്ന ജീവിതയാത്രകൾ. എന്നാൽ അവിടെയും കാൽപനിതകയുടെ നിമിഷങ്ങളുണ്ട്. ജീവിതത്തെ മനോഹരമാക്കുന്ന മണ്ണും മനുഷ്യനും പുഴയും നിലാവും ഇരുട്ടും വെളിച്ചവും സ്പർശനത്തിന്റെ സായൂജ്യ നിമിഷങ്ങളുമുണ്ട്. നഗരങ്ങളുടെ പശ്ചാത്തലത്തിൽ, ഏറ്റവും പുതിയ തലമുറയുടെ കഥ പറയുന്ന അഞ്ജലി ജോസഫ്, കീപ്പിങ് ഇൻ ടച്ചിലൂടെ പറയുന്നതും വിചിത്രമെന്നു തോന്നാവുന്ന പ്രണയ കഥയാണ്. എന്നാൽ എല്ലാ പ്രണയ കഥകളെയും പ്രിയപ്പെട്ടതാക്കുന്ന വികാരങ്ങളുടെ വസന്തോത്സവം കൂടിയാണു നോവൽ. 

 

ഹീത്രോ വിമാനത്താവളത്തിൽ മുംബൈയ്ക്കുള്ള വിമാനം കാത്തിരിക്കുമ്പോൾ വേദ് വേദ് എന്ന യുവാവിന്റെ മനസ്സിൽ തന്റെ നേതൃത്വത്തിൽ ഉയരാൻ പോകുന്ന വ്യവസായ സ്ഥാപനത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു. ഭാവിയിൽ തന്റെ ജീവിതത്തിൽ വെളിച്ചം നിറയ്ക്കാൻ പോകന്ന സ്വപ്ന പദ്ധതികളെക്കുറിച്ച് 37 വയസ്സുള്ള അയാൾ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ, സമീപം ഇരിക്കുന്ന പ്രസരിപ്പുള്ള യുവതിയെ ശ്രദ്ധിക്കുന്നു. വേണ്ട, മുൻപു സംഭവിച്ച പോലുള്ള പരിചയങ്ങളും ജീവിതത്തിലേക്കു വളർന്നു പടരുന്ന സൗഹൃദങ്ങളും വേണ്ടെന്നു തന്നെ അയാൾ ഉറപ്പിക്കുന്നു. യുവതിയെ അവഗണിക്കാനും തീരുമാനിക്കുന്നു. എന്നാൽ എങ്ങോട്ടാണു യാത്ര ചെയ്യുന്നതെന്ന യുവതിയുടെ ചോദ്യത്തിന് അയാൾക്ക് മറുപടി പറയേണ്ടിവന്നു. 9 ന് പുറപ്പെടുന്ന മുംബൈ വിമാനത്തിലെ സഹയാത്രികരാണ് ഇരുവരും എന്നവർ മനസ്സിലാക്കുന്നു. യാത്രയുടെ അവസാനം ഒരേ ടാക്സിയിൽ അവർ താമസസ്ഥലത്തേക്കു പോകുന്നു. ഒരു രാത്രി ഒരുമിച്ചു ചെലവിടുന്നു. വർഷങ്ങളുടെ സൗഹൃദമുള്ള കാമുകീ കാമുകൻമാരെപ്പോലെ. മനസ്സുകളുടെ അടുപ്പം അവരുടെ ശരീരങ്ങളെയും അടുപ്പിക്കുന്നു. എന്നാൽ, അതൊരു പ്രണയത്തിന്റെ തുടക്കമാണെന്ന് അവരിരുവരും സമ്മതിക്കുന്നില്ല. അങ്ങനെ ആഗ്രഹിക്കുന്നുപോലുമില്ല. ഇതാദ്യമല്ല അവർ ബന്ധങ്ങളുടെ ചരടിൽ കോർക്കപ്പെടുന്നത്. പ്രണയങ്ങളിലൂടെ മുൻപും  കടന്നുപോയിട്ടുണ്ട്. സൗഹൃദങ്ങളിലൂടെ. ശാരീരിക ബന്ധങ്ങളിലൂടെ. താവളം പൂർണമായി തീരുമാനിക്കാത്ത യാത്രികരെപ്പോലെ, ജീവിതം ഇപ്പോഴും ഒഴുകുകയുമാണ്. ഇടത്താവളങ്ങൾ പകരുന്ന ലഹരിയും അടുപ്പവും സംതൃപ്തിയും നീണ്ടുനിൽക്കുന്ന ബന്ധനങ്ങളുമില്ലാത്ത യൗവ്വനത്തിന്റെ ഉത്സവകാലം അവരിലൂടെ കടന്നുപോകുന്നു. 

 

കേതകി എന്നാണു നായികയുടെ പേര്. ആസ്സാം സ്വദേശിയായ കുറേറ്റർ. വിദേശ രാജ്യങ്ങളിലെ വ്യത്യസ്ത സ്ഥാപനങ്ങൾക്കുവേണ്ടി ഫ്രീലാൻസ് ജോലികൾ ചെയ്യുന്നു. പ്രദർശനങ്ങൾ. കലാപ്രകടനങ്ങൾ. ഇന്റീരിയർ ഡെക്കറേഷൻ. വെല്ലുവിളിയുയർത്തുന്ന ജോലികൾ ഒന്നൊന്നായി പൂർത്തിയാക്കി ഇടവേളകളിൽ ലഭിക്കുന്ന അവധിദിനങ്ങൾ ആസ്സാമിലും മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലുമായി ചെലവഴിക്കുന്നു. ഒട്ടേറെ സൗഹൃദങ്ങളുണ്ട് കേതകിക്ക്. പുരുഷ സൗഹൃദങ്ങൾ. പരിചയപ്പെടുന്ന പുരുഷൻമാർക്കെല്ലാം പ്രിയപ്പെട്ടവളാണ്. എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന, സൗഹൃദത്തിൽ വിശ്വസിക്കുന്ന, സുഹൃത്തുക്കളോട് പക്ഷപാതമില്ലാതെ നീതി കാണിക്കുന്ന, സുന്ദരിയും ബുദ്ധിമതിയും പ്രതിഭാശാലിയുമായ യുവതി. 

 

കേതകി ഒരു പക്ഷിയുടെ പേരാണ്. സ്വന്തമായി കൂടുകൂടാത്ത പക്ഷി. കുഞ്ഞുങ്ങളെ മറ്റു പക്ഷികളുടെ കൂട്ടിൽ ഉപേക്ഷിക്കുന്നു. സ്വന്തം മക്കളെപ്പോലെ ആ പക്ഷികൾ കുട്ടികളെ വളർത്തുന്നു. ചതി അറിയാതെ. അറിഞ്ഞാലും പ്രത്യേകിച്ചൊന്നും ചെയ്യാനാവാതെ. ആകെ സാധിക്കുന്നത്, കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന കേതകി പക്ഷികളുടെ കൂട്ട് വേണ്ടെന്നുവയ്ക്കുക മാത്രം. കേതകി അവഗണിക്കപ്പെടുന്നു. ഒറ്റയ്ക്കാക്കപ്പെടുന്നു. എന്നാലോ, അതിനൊന്നിനും വലിയ ശ്രദ്ധ കൊടുക്കാതെ പാട്ടുപാടി, കൂട്ടു കൂടാതെ ഇരപിടിച്ചും കുഞ്ഞുങ്ങളെ വളർത്തുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാതെയും ജീവിക്കുന്ന പക്ഷി. കഥ കേട്ടപ്പോഴും ആ പക്ഷിയുടെ പേരുള്ള യുവതി തന്റെ ജീവിതത്തെ അഗാധമായി സ്വാധീനിക്കുമെന്ന് വേദ് വേദ് കരുതിയതേയില്ല. 

 

അപ്രതീക്ഷിതമായ സൗഹൃദത്തിനും ഒരു രാത്രി നീണ്ടുനിന്ന സഹശയനത്തിനും ശേഷം രണ്ടു വഴികളിലേക്കു സഞ്ചരിക്കുന്ന വേദ് വേദും കേതകിയും പിന്നീട് ലണ്ടനിൽ കണ്ടുമുട്ടുന്നു. അവിടെ അയാളുടെ ഫ്ലാറ്റിൽ അവർ ദിവസങ്ങൾ ചെലവഴിക്കുന്നു. വേദ് വേദിന്റെ വ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആസ്സാമിലും ഉയരുന്നു. അതിന്റെ ഭാഗമായി സംസ്ഥാനം സന്ദർശിക്കുന്ന അയാൾക്ക് കേതകി ആതിഥേയയാകുന്നു. മറ്റൊരു ബന്ധത്തിലും കണ്ടെത്താത്ത ആശ്വാസവും അഭയവും അയാൾ കേതകിയിൽ കണ്ടെത്തുന്നെങ്കിലും അവൾ ജീവിതശൈയിൽ വലിയ മാറ്റമൊന്നും വരുത്തുന്നില്ല. ആൺ സുഹൃത്തുക്കളിൽ ചിലരുമായി കേതകിക്ക് വളരെ അടുത്ത ബന്ധം പോലുമുണ്ട്. ബാധ്യതകളില്ലാത്ത ആ ബന്ധങ്ങൾ നന്നായി ആസ്വദിക്കുന്നു. വിവാഹത്തിന്റെ കയറുകൊണ്ട്  ജീവിതം ഒരിക്കലും കെട്ടിയിടരുത് എന്നും ആഗ്രഹിക്കുന്നു. എന്നാൽ, ഇന്ത്യയിൽ ജനിച്ചെങ്കിലും വിദേശത്ത് ജീവിതം ഉറപ്പിച്ച വേദ് വേദ്, കേതകി സൃഷ്ടിച്ച ചുഴലിക്കാറ്റിൽ കരിയില പോലെ പാറിപ്പോകുന്നു. അയാൾ അടുക്കാൻ ശ്രമിക്കുന്തോറും അവൾ അകലുന്നു. ദൂരേക്ക്. അയാളോ അവളിലേക്ക് കൂടുതലായി കെട്ടിയിടപ്പെടുകയും. 

 

കേതകി പക്ഷികൾ കൂട് കെട്ടാറില്ല. മക്കളെ വളർത്താറില്ല. പങ്കാളികളോട് ഒരു പരിധിക്കപ്പുറം കൂറോ വിശ്വസ്തതയോ പുലർത്താറില്ല. പക്ഷിവംശത്തിന്റെ എഴുതപ്പെട്ട ചരിത്രമാണത്. മാറ്റമില്ലാത്ത പ്രക‌ൃതി നിയമം. വേദ് വേദ് അകപ്പെട്ട പ്രണയവും പ്രകൃതിയുടെ മറ്റൊരു നിയമമാണ്. എത്രതവണ മാറ്റിയെഴുതാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും തീരുത്തിയെഴുതപ്പെടുന്ന, നിത്യാത്ഭുതവും നിരന്തരം അതിശയിപ്പിക്കുന്നതുമായ ജൈവിക സത്ത. പ്രകൃതി നിയമവും ജീവിത സത്തയും തമ്മിലുള്ള ഏറ്റുമുട്ടലാണ് കീപ്പിങ് ഇൻ ടച്ച്. വിട്ടുപോകരുതേ എന്ന അപേക്ഷ, യാചന. നിലവിളി. ഈ മുഖത്തേക്കൊന്നു നോക്കൂ എന്ന അർഥന. ഈ കയ്യിൽ പിടിക്കൂ എന്ന അപേക്ഷ. ചേർന്നുനടക്കൂ എന്ന ശരീരത്തിന്റെ ഭാഷ. 

 

ആസ്സാമിലെ ഒരു ഗ്രാമത്തിൽ, നദിക്കരയിൽ, നിലാവിൽ, പുർണചന്ദ്രനെ സാക്ഷിയാക്കി വേദ് വേദ് തന്റെ കരം നീട്ടുന്നു. ഒഴുക്കു നിലയ്ക്കാതെ രാത്രി നദി. നിലാവ് ഓളങ്ങളിളക്കുന്ന കേതകിയുടെ മുഖം പ്രകാശപൂർണം. ഉള്ളിൽ ആളുന്ന തീയും, തീ കെടാത്ത പ്രണയത്തിന്റെ നെരിപ്പോടിന്റെ ചൂടുമായി വേദ് വേദ്. അയാൾ അവളിലേക്കു ചായുന്നു. അവളെ ചുംബിക്കുന്നു. അവൾ തിരിച്ചും. തൊട്ടടുത്ത നിമിഷം അയാളുടെ കവിളിൽ ആഞ്ഞടിക്കുന്നു കേതകി !

 

പുലരാൻ ഇനിയും നേരമുണ്ട്  പ്രണയത്തിന്റെ നെരിപ്പോട് അണഞ്ഞിട്ടില്ല. കനലുകൾ ജ്വലിക്കുന്നുണ്ട്. നിലാവ് മങ്ങിയിട്ടില്ല. രാത്രിയിലും പാടുന്നുണ്ട് 

കേതകി പക്ഷി. ശോകഗാനമല്ല. സന്തോഷ ഗീതകവുമല്ല. യാത്ര പറച്ചിലോ വിടപറയൽ സന്ദേശമോ അല്ല. ആ പാട്ട് ആർക്കു വേണ്ടിയായിരിക്കും? 

 

English Summary: Keeping in touch book written by Anjali Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com