മഹാഗുരു പകരുന്ന ഭാഗവതം

bhagavatha-manasam-320
SHARE
പ്രൊഫ. ദേശികം രാഘുനാഥൻ

അത്മാവ് ഉണ്ടോ? അത് ശരീരത്തിൽ നിന്നും ഭിന്നമാണോ? കാലങ്ങളായി ഏവരും നിരന്തരം അന്വേഷിക്കുന്ന കാര്യമാണിത്. നമ്മളും ഇത് അന്വേഷിക്കാറുണ്ട്. എന്നാൽ ലളിതവും യുക്തിഭദ്രവും തൃപ്തികരവുമായ രീതിയിൽ ഒരു വിശദീകരണം ഇതിന് ലഭിച്ചത് ഭാഗവത മാസത്തിലാണ്. അഗാധമായ ഈ വിഷയത്തെ ശ്രീമദ് ഭാഗവതം ആധാരമാക്കി പ്രൊഫ. ദേശികം രാഘുനാഥൻ വെറും രണ്ടു മൂന്നു വരികളിൽ ആറ്റിക്കുറുക്കി പരമ പാമരനു പോലും ധരിക്കാനാകും വിധം വ്യാഖ്യാനിക്കുന്നത് ഇങ്ങനെ:

‘വിറകു കൊള്ളി കത്തുമ്പോൾ വിറകിനെയും അഗ്നിയെയും  രണ്ടായി കാണാറില്ല. വാസ്‌തവത്തിൽ വിറകും അഗ്നിയും രണ്ടാണ്. അതുപോലെ ശരീരവും ആത്മാവും രണ്ടാണ്. വിറക് എരിഞ്ഞ് തീർന്നാലും അഗ്നി സൂക്ഷ്‌മത്തിൽ കാണും. ശരീരം വിട്ടാലും ആത്മാവ് നില കൊള്ളും.’ 

ഭൗതികവും ആത്മീയവുമായ എല്ലാ ചോദ്യങ്ങളും അവസാനിക്കുന്നത് ഭഗവതത്തിലാണെന്ന് കേട്ടിട്ടുണ്ട്.  ഭഗവാനെ ഹൃദയം കൊണ്ടറിയുന്നതാണ് ഭാഗവതം. സൃഷ്ടിയുടെ , കാലത്തിന്റെ, ഇഹപരങ്ങളുടെ, ജന്മാന്തരങ്ങളുടെ, കർമത്തിന്റെ, ജ്ഞാനത്തിന്റെ, ഭക്തിയുടെ അക്ഷയ ഖനിയാണ് ഭാഗവതം. അപാരമായ ഈ സാഗരത്തിൽ മുങ്ങിത്തപ്പിയാൽ ലഭിക്കുന്നതെല്ലാം രത്നങ്ങളാണ്; പ്രപഞ്ചസാരസർവസ്വവും അടങ്ങിയ മുത്തും പവിഴവും. 

സാധാരണക്കാർ ഭാഗവതം വായിക്കുമ്പോൾ പദഭംഗിയും കഥകളും ഭക്തി ലാവണ്യവുമാകും ഗ്രസിക്കുക. എന്നാൽ പ്രൊഫ. ദേശികം രഘുനാഥനെപ്പോലുള്ള മഹാഗുരുക്കന്മാർ ഭാഗവതം കൈകളിലേന്തുമ്പോൾ എന്തെല്ലാം നിഗൂഢ സത്യങ്ങളാണ്, പ്രപഞ്ച സത്യങ്ങളാണ് അനാവരണം ചെയ്യപ്പെടുന്നത്. അതിന്റെ അർഥതലങ്ങൾ  മനസ്സിലേക്ക് സ്വാംശീകരിക്കപ്പെട്ടു കഴിയുമ്പോൾ എന്തെല്ലാം അന്വേഷണങ്ങളാണ് അതിവേഗം പര്യവസാനിക്കുന്നത്. അലകളും അഴലും ഒടുങ്ങി ഉള്ള് ശാന്തമാകുന്നത്  അപ്പോഴാണ്. ശ്രീകൃഷ്‌ണ പരമാത്മാവിനെ ഹൃദയത്തിൽ ആവാഹിച്ച സുകൃതികൾക്ക്, ധന്യാത്മാക്കൾക്ക് മാത്രമേ ഭാഗവത രഹസ്യം അതിന്റെ ഗരിമയും ദിവ്യത്വവും ലേശവും ചോരാതെ സരള മധുരമായി പകർന്നു തരാനാകൂ. കാഷായമണിയാത്ത അവധൂതനായത് കൊണ്ടാണ് പ്രൊഫ. ദേശികം രഘുനാഥന് അതിന് സാധിക്കുന്നത് എന്ന് ഇപ്പോൾ നിസ്സംശയം പറയാം. 

സുഖ ദുഃഖങ്ങളുടെ കാരണം അദ്ദേഹം ഭാഗവതം നോക്കി പറഞ്ഞു തരുന്നത് കാണൂ : ‘കർമം ശരിയായി അനുഷ്ഠിച്ചാൽ സുഖിക്കും. അങ്ങനെ അല്ലാതായാൽ ദുഃഖിക്കും. കർമമാണ് സുഖ ദുഃഖത്തിന്  ആധാരം. ഈ ജഗത്തിലെ വിഷയങ്ങളും അത് നൽകുന്ന സുഖവും താൽക്കാലികമാണ്. താൽക്കാലത്തെ സുഖം പിന്നീടത്തെ ദുഃഖം. സ്വശരീരം പോലും ഒടുവിൽ പരാധീനം.’

ഭാഗവതം ജ്ഞാന സാഗരം ആണെന്ന് പറയുമ്പോൾ തന്നെ അറിയണം. വെറുതെ വായിച്ചാൽ അതിലെ ഒരു മറയും നീക്കപ്പെടില്ല. അത് അനുഭവിക്കാൻ നമുക്ക് സത്സംഗം വേണം. അത് ലഭിക്കുന്നതാണ് ഭാഗ്യം. സുകൃതം, പുണ്യം. പ്രൊഫ. ദേശികം രാഘുനാഥൻ ജ്ഞാനി മാത്രമല്ല പുണ്യാത്മാവുമാണ്. അറിവു നേടിയ ശേഷം വൈരാഗ്യത്തിലെത്തുന്നവർക്കു മാത്രമേ ഭഗവാൻ പറഞ്ഞു തന്നിട്ടുള്ള മോഹവും മുക്തിയും പകർന്നു തരാനാകൂ. കരുണാവാരിധിയായ ശ്രീകൃഷ്‌ണ ഭഗവാൻ  കൂടെയുള്ളതു കൊണ്ടാണ് ഇത്ര സരളമായി അദ്ദേഹത്തിന് ഭാഗവത ഹൃദയം തുറക്കുവാൻ കഴിയുന്നത്: 

കാമം, ധനം, കീർത്തി, അധികാരം, സുഖം, സൗഹൃദം ഇതിൽ ബന്ധിതമാണ് ശരീരം. ഈ ബന്ധം ബോധപൂർവം അറുത്തുകളയുക. മുക്തനാകുക. ശരീരം വൃക്ഷം. അതിൽ ഹൃദയമാകുന്ന കൂട്ടിൽ ജീവനെന്ന കിളിയും ജീവേശ്വര കിളിയും. ജീവനെന്ന കിളി രമിച്ചും, സുഖിച്ചും, വേദനിച്ചും കൊണ്ടേയിരിക്കുന്നു. മേലേക്കൊമ്പിലെ ജീവേശ്വരകിളി അനാസക്തമാണ്. അത് നിർവികാരമായി ആത്മസ്വരൂപിയായി ശാന്തമായി കഴിയുന്നു. 

ജീവനും ജീവേശനുമായുള്ള അന്തരം ഇതാണെങ്കിൽ യഥാർഥ ഭക്തൻ ആരാണ്? അവരുടെ സമർപ്പണം എന്തായിരിക്കണം? ശരിയായ ഭക്തൻ കരുണാമയനും പരോപകാരിയും സത്യവ്രതനും ആയിരിക്കണം. സമദർശിയും, സർവഗുണ കാംക്ഷിയും, നിർമലനും ആകുക. സംയമനശീലൻ, മധുരഭാഷി, സദാ ആത്മതത്വ ചിന്തകനുമാകുക. നേടിയതും നഷ്ടപ്പെട്ടതും ഭഗവാന് സമർപ്പിക്കുക. ആത്മസമർപ്പണമാണ് ഭക്തന്റെ ഉപഹാരം. ഭക്തർ ഏതേത് ഭാവത്തിൽ ഈശ്വരനെ സമീപിക്കുമോ, അതേ ഭാവത്തിൽ അവരെ കടാക്ഷിക്കും. പ്രേമത്തിന്, പ്രേമത്തിലൂടെയും, ജ്ഞാനത്തിന് ജ്ഞാനത്തിലൂടെയും, ഭക്തിക്ക് ഭക്തിയുടെയും, ശത്രുതയ്ക്ക് ശത്രുതയിലൂടെയും സമീപിച്ച് അവരെ സ്വീകരിക്കും. മുക്തനാക്കും. ജീവിതം ഒരു കല്പവൃക്ഷമാണ്. ഈ വൃക്ഷത്തിന്റെ സ്വരൂപം തടി കർമപരമ്പര. പുഷ്‌പം, ഭോഗം, ഫലമോ മോക്ഷവും. ഈ മരത്തിൽ രണ്ടിനം കായ്‌കളുണ്ട്. വിഷക്കനിയും, അമൃതക്കനിയും. ജീവിതം സാർഥകരമാക്കുവാൻ വേണ്ട പരമമായ സത്യങ്ങളാണ് ഇത്തരത്തിൽ ഭാഗവത മാനസത്തിൽ പ്രൊഫ. ദേശികം രഘുനാഥൻ വെളിപ്പെടുത്തുന്നത്. ഇതറിഞ്ഞ് ജീവിതത്തെ പ്രയോജനപ്പെടുത്തിയാൽ തികച്ചും ധാർമികമായ ഒരു ജീവിതം നയിക്കാം. അതിലേക്ക് നമ്മെ കൈ പിടിച്ച് നടത്തുകയാണ് ഒരു യഥാർഥ ഗുരുനാഥന്റെ ധർമം. പ്രൊഫ. ദേശികം രാഘുനാഥൻ ഇവിടെ നിറവേറ്റുന്നത് അതാണ്. അങ്ങനെ അദ്ദേഹത്തിന്റെ അക്ഷര യജ്‌ഞം ധന്യമാകുന്നു. 

നാലു വർഷം മുൻപ് ഭാഗവത കഥകൾ മുഹൂർത്തം മാസികയ്ക്ക് വേണ്ടി എഴുതണം എന്ന് അദ്ദേഹത്തോട് പറയുമ്പോൾ ഇത്ര മഹനീയമായ ഒരു പരിണാമം പ്രതീക്ഷിച്ചില്ല. അന്ന് പ്രൊഫ. ദേശികം രാഘുനാഥൻ പറഞ്ഞത് ഓർക്കുന്നു: ഭാഗവതം വെളിച്ചമാണെന്ന്; ഐശ്വര്യമാണെന്ന്. ഭാഗവത മാനസത്തിലൂടെ സഞ്ചരിച്ചു കഴിയുമ്പോൾ ശരിയാണ് അദ്ദേഹം പറഞ്ഞതെന്ന് ബോധ്യമാകുന്നു. ഭാഗവതത്തിലെ ആ കോടി സൂര്യ പ്രകാശം അനുഭവിച്ചറിയുന്നു. അക്ഷമയായ ഭാഗവത പുണ്യത്തിന്റെ ദിവ്യമായ ഒരു അംശം നമുക്ക് സമ്മാനിച്ച ആചാര്യന്, ധന്യാത്മാവിന്, സുകൃതിക്ക് നമോവാകം.

English Summary: Bhagavatha Manasam book by Professor Desikom Reghunadhan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;