സ്വപ്നങ്ങൾ കണ്ടുകെട്ടിയിട്ടും അവശേഷിച്ച കവിത

charaniramulloral-chuvanna-pottu-kuthunnu-book
SHARE
കന്നി എം.

ഡിസി ബുക്സ്

വില 90 രൂപ

ഒരു മരം അതില്‍ കയറുന്നവര്‍ക്ക് വഴങ്ങിക്കൊടുന്നതെന്തിന് എന്ന ചോദ്യം ഉയര്‍ത്തുന്നു കന്നിയുടെ ‘സ്ഥാവരം’ എന്ന കവിത. ആ മരം പരിചിതമാണ്. ഏറെയേറെ പരിചിതം. അതുപോലെ പരിചിതമായ മറ്റൊരു മരമില്ലെന്നും പറയാം. നീണ്ടു വിരിഞ്ഞ്, പല ദൂരത്തേക്ക് പറന്ന കിളികളെ അന്വേഷിച്ചുപോയ ഒരമ്മയായിരുന്നിരിക്കും മരം. 

അനുഭവങ്ങളുടെ ചൂടില്‍, ആശുപത്രി ചികിത്സയ്ക്കും രക്ഷപ്പെടുത്താനാകാതെ വന്നപ്പോള്‍, പെട്ടെന്നൊരു ദിവസം മരമായി മാറിയ 

സ്ത്രീയെ അവതരിപ്പിച്ചിട്ടുണ്ട് ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാങ് കാങ്. വെജിറ്റേറിയന്‍ എന്ന പ്രശസ്ത നോവലിലൂടെ. 

ബുക്കര്‍ പുരസ്കാരം നേടിയ കൃതി ലോക സാഹിത്യത്തില്‍ ചെറുതല്ലാത്ത ഓളങ്ങളുമുണ്ടാക്കി. കാടിന്റെ നടുവില്‍, മഴയില്‍, മഞ്ഞില്‍ കൈകള്‍ ചില്ലകളായി ആകാശത്തേക്കുയര്‍ത്തി നിന്ന സ്ത്രീ നോക്കി നില്‍ക്കെ മരമാകുന്ന കാഴ്ച. സാധാരണ ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലാതെ പ്രകൃതിയില്‍ ലയിച്ചുചേരുന്ന അദ്ഭുതം. വെജിറ്റേറിയന്‍ കാഴ്ചയെ ഓര്‍മിപ്പിക്കുന്നുണ്ട് കവിതയുടെ അവസാനത്തെ വരികള്‍. 

തണലും ഉടലും പൊത്തുകളും 

ഭൂമിയിലേക്ക് കുടഞ്ഞിട്ട് 

ഒരു മരം എഴുന്നേറ്റുപോവുന്നുവെന്ന് 

സ്വപ്നം കാണുന്നു. 

രാത്രിക്കു രാത്രി ആ സ്വപ്നത്തെയും 

അവര്‍ കണ്ടുകെട്ടുന്നു. 

ഹാങ് കാങ്ങിന്റെ സ്വപ്നത്തെപ്പോലും കണ്ടുകെട്ടുന്നു എന്ന തിരിച്ചറിവാണ് കന്നിയുടെ വരികളെ അനുഭൂതിയുടെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നത്. കവിതയുടെ പരിചിതമായ ഭൂതലം വിട്ട് സഞ്ചരിക്കുകയാണ് ഇവിടെ കവിത. സ്വാഭാവികമായും പെണ്ണ് എന്ന നിലയിലുള്ള കാഴ്ചകളും കാഴ്ചപ്പാടുകളും നിറഞ്ഞുനില്‍ക്കുന്ന ഒട്ടേറെ കവിതകളുണ്ട്. എന്നാല്‍, പുരുഷാനുഭവവും കവിതയ്ക്കു വിഷയമാക്കാന്‍ കവി ധൈര്യം കാണിക്കുന്നു. പ്രമേയങ്ങളുടെ, വിഷയങ്ങളുടെ വൈവിധ്യമോ പുതുമയോ അല്ല 

അവയോടുള്ള സമീപനമാണ് കന്നിയുടെ കവിതകളെ വ്യത്യസ്തമാക്കുന്നത്. 

മുറിയിലേക്ക് ഇഴഞ്ഞുവരുന്ന അമ്മയുടെ വയലിന്‍ കമ്പികളെക്കുറിച്ച്, കയ്പവള്ളിക്കൊരു ആമുഖം എന്ന കവിത പറയുന്നുണ്ട്. കതകടച്ചിട്ടും ദൈന്യമായി ശബ്ദിച്ച് ലയത്തോടെ കടന്നുവരുന്ന വയലിന്‍ കമ്പികളെക്കുറിച്ച്. ഇന്നലെയുടെ ശോകഗാഥയായ അമ്മ വേറെയും കവിതകളില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. എന്നാല്‍ ഇന്നിന്റെ പെണ്ണ്, വെറുമൊരു കരച്ചിലില്‍ ഒടുങ്ങുന്നില്ല. തേങ്ങിത്തേങ്ങി തീരുന്നില്ല. വ്യക്തിത്വത്തിന്റെ ഉറച്ച പ്രഖ്യാപനം, സ്വാഭാവിക നീതി അസംഭവ്യതയായി മാറുന്നുമില്ല. 

നന്ദി വീണ്ടും വരിക, 

എന്ന പലക 

തൂക്കിയ വഴിയിലൂടെ 

നീ നിന്റേയും 

ഞാന്‍ എന്റേയും 

വീട്ടിലേക്കുള്ള 

വഴികളിലേക്ക് 

തിരിച്ചു നടന്നു. 

ഇവിടെ ഓരോ വാക്കും ശക്തമായി ഒറ്റയ്ക്കുള്ള വഴി അടയാളപ്പെടുത്തുന്നുണ്ട്. അനിശ്ചിതത്വമില്ല. ആശങ്കയില്ല. ഭാവിയെക്കുറിച്ചുള്ള ആകുലതയില്ല. വഴി വ്യക്തം; വീടും. 

എവിടെയും എപ്പോഴും മൃഗങ്ങള്‍ വിഹരിക്കുന്ന ഒരു കാട്ടിലാണ് ഇര എന്ന തിരിച്ചറിവും ഈ കവിതകള്‍ക്കുണ്ട്. മൃഗം പെണ്ണിനെ നോക്കുന്ന നോട്ടങ്ങളാണത്. 

എന്നാല്‍, പ്രണയത്തിന്റെ ഏറ്റവും ശുദ്ധവും ശുഭ്രവുമായ അനുഭവങ്ങളെ കണ്ടില്ലെന്നു നടിക്കുന്നുമില്ല. പ്രണയം എന്ന കവിത തന്നെ മികച്ച ഉാഹഹരണം. 

എനിക്ക് നിന്റെ വീടാവണം. 

ജനലുകളില്‍ നിന്റെ സ്പര്‍ശമറിയണം. 

വാതിലോടാമ്പലില്‍ 

നീയിടുന്ന താഴില്‍ മയങ്ങിക്കിടക്കണം. 

നിന്റെ കുപ്പായമാവണം. 

വിയര്‍പ്പ് ഒപ്പണം... 

Content Summary: Charaniramulloral Chuvanna Pottu Kuthunnu book written by Kanni M

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;