എല്ലാ ഗ്രന്ഥങ്ങളും പഠിച്ചിട്ടും സ്നേഹം മനസ്സിലായില്ലെന്നോ? വായിക്കൂ കബീറിനെ

kabir-kabir-book
SHARE
പുരുഷോത്തം അഗ്രവാൾ

വെസ്റ്റ് ലാൻഡ് പബ്ലിക്കേഷൻസ്

വില 599 രൂപ

ജീവിതത്തിൽ മൂന്നു പതിറ്റാണ്ട് വളരെ നീണ്ട കാലയളവാണ്. എന്നാൽ മൂന്നു പതിറ്റാണ്ടിലധികം പുരുഷോത്തം അഗ്രവാൾ ചെലവഴിച്ചത് കബീറിനെക്കുറിച്ചുള്ള പഠനത്തിനുവേണ്ടി മാത്രമാണ്. ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും കവിതകളിലും കഥകളിലും ഉപകഥകളിലുമായി തലമുറകളായി പകരുന്ന ചരിത്രത്തിൽ നിന്ന് കബീർ എന്ന കവിയെയും ചിന്തകനെയും മനുഷ്യനെയും വേർതിരിച്ചെടുക്കാൻ. യാഥാർഥ്യത്തിന്റെ വെളിച്ചത്തിൽ പുതുതലമുറയ്ക്കു പകർന്നുകൊടുക്കാൻ. ഒരു മനുഷ്യായുസ്സ് നീണ്ട അദ്ദേഹത്തിന്റെ പഠനത്തിന്റെ സദ്ഫലമാണ് കബീർ കബീർ എന്ന പുസ്തകം. 

15, 16 നൂറ്റാണ്ടുകളിലായി വാരണാസിയിൽ ജീവിച്ചിരുന്ന കബീർ യഥാർഥത്തിൽ ആരാണ്. അദ്ദേഹം ഒരു മനുഷ്യനായിരുന്നോ അതോ ദൈവമോ. യാഥാസ്ഥിതിക മതങ്ങളെ തള്ളിക്കളഞ്ഞ കബീർ പുതിയൊരു വിശ്വാസ സംഹിതയ്ക്കു തുടക്കം കുറിച്ചോ. ആധുനിക കാലവും കബീറും തമ്മിലുള്ള ബന്ധമെന്താണ്.  രാജ്യത്തിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും കുറിച്ച് കബീറിന്റെ ജീവിതപശ്ചാത്തലം എന്തു പറയുന്നു. ഒട്ടേറെ ചോദ്യങ്ങളുണ്ട് ഉത്തരം കണ്ടെത്താൻ. ഏകാഗ്രമായ പഠനത്തിലൂടെ, എണ്ണമറ്റ ഗ്രന്ഥങ്ങളുടെയും കയ്യെഴുത്തു പ്രതികളുടെയും പഠനത്തിലൂടെ, വിശാലമായ ചർച്ചകളിലൂടെ പുരുഷോത്തം കബീറിനെ കണ്ടെത്തുന്നു. പുരാതനവും ആധുനികവുമായ തത്ത്വചിന്തകളുടെയും ചിന്താപദ്ധതികളുടെയും വെളിച്ചത്തിൽ കബീറിന്റെ ജീവിതവും സംഭാവനകളും വിശകലനം ചെയ്യുന്നു.    

ബന്ധുക്കൾ ജനനം ആഘോഷിക്കുമ്പോൾ

കരഞ്ഞുകൊണ്ടു നിങ്ങൾ ജീവിതത്തിലേക്കു പ്രവേശിക്കുന്നു.

ജീവിതത്തെക്കുറിച്ച് കബീറിന് പറയാനുള്ളതിതാണ്; 

സന്തോഷത്തോടെ ഇവിടെ നിന്ന് യാത്ര പറയൂ; 

ലോകം നിങ്ങളെക്കുറിച്ച് വിലപിക്കട്ടെ ! 

അക്ഷരാർഥത്തിൽ കബീറും ഇങ്ങനെതന്നെയാണു ജീവിച്ചത്. ജനിച്ച മതത്തിൽ മാത്രം ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ ചിന്താലോകം. മറികടക്കരുതെന്ന് ശാസിച്ച വേലിക്കെട്ടുകളെ അദ്ദേഹം പുഞ്ചിരിയോടെ അതിജീവിച്ചു. വിരുദ്ധ മതങ്ങളുടെ സ്നേഹസാരം കണ്ടെത്തി. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ലക്ഷ്യങ്ങളും കണ്ടെത്തി. 

ഒരിക്കലല്ല പലതവണ വധശ്രമം നേരിട്ടിട്ടുണ്ടത്രേ കബീർ. വെള്ളത്തിൽ മുക്കിക്കൊല്ലാനും തീയിട്ടു കൊല്ലാനും മറ്റും പ തവണ പലരും ശ്രമിച്ചു. എന്നാൽ, കബീർ അവയെല്ലാം അതിജീവിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ലോകത്തിനു വേണ്ടിയിരുന്നു. അവ ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ശാന്തിയുടെയും വിശുദ്ധ മന്ത്രങ്ങളായി. 

ജീവിതം മുഴുവൻ ഗ്രന്ഥങ്ങൾ മനഃപാഠമാക്കിയാലും 

പണ്ഡിതനാകാൻ കഴിയണമെന്നില്ല

എന്നാൽ പ്രിയപ്പെട്ടവളുടെ മനസ്സിലെ ഒരക്ഷരമെങ്കിലും 

വായിക്കാൻ കഴിഞ്ഞാൽ മതി. 

ലോകം മുഴുവൻ ഒട്ടേറെപ്പേർ പഠനത്തിനും ഗവേഷണത്തിനും വേണ്ടി ഒട്ടേറെ സമയം ചെലവഴിക്കുന്നു. എന്നാൽ സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, പഠനം കൊണ്ട് എന്തുകാര്യം. വേദനയും കഷ്ടപ്പാടും  തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ മറ്റെല്ലാ നേട്ടവും നിസ്സാരവും എന്നു കബീർ പറഞ്ഞു. 

അറുനൂറിലധികം വർഷങ്ങൾക്കു ശേഷവും കബീറിന്റെ കവിതകളും വാക്കുകളും ലോകത്തോടു സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ആ വാക്കുകളുടെ പുതുമ നഷ്ടപ്പെട്ടിട്ടില്ല. 

അദ്ദേഹം ആവിഷ്കരിക്കാൻ ശ്രമിച്ച ആശയങ്ങൾ മറ്റേത് കാലത്തേക്കാളും കൂടുതലായി പുതുകാലത്തിന് പ്രസക്തമാണ്. കബീറിനെ തിരിച്ചെടുക്കേണ്ടിയിരിക്കുന്നു. പക്ഷപാതമില്ലാത്ത പഠനം അദ്ദേഹം അർഹിക്കുന്നു. ഇടുങ്ങിയ ചിന്താപദ്ധതികൾക്കപ്പുറം മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അറിവിന്റെയും മേഖലയിൽ മുമ്പെങ്ങുമില്ലാത്ത തിളക്കത്തോടെ കബീർ ഉദിക്കുന്നു.  അസ്തമയമില്ലാതെ, ആത്മവിശുദ്ധിയുടെ ഓളങ്ങളാകുന്ന അദ്ദേഹത്തിന്റെ ചിന്തകളിൽ ഒഴുകിനടക്കുന്ന അനുഭൂതിയാണ് പുരുഷോത്തം അഗ്രവാളിന്റെ പുസ്തകം പ്രദാനം ചെയ്യുന്നത്. 

കേവലാർഥത്തിലുള്ള ജീവചരിത്രമോ പഠന ഗ്രന്ഥമോ ഗവേഷണ പ്രബന്ധമോ അല്ല കബീർ കബീർ എന്ന പുസ്തകം. തത്ത്വചിന്തയുടെ ചരിത്രമാണ്. ഇന്ത്യൻ സംസ്കാത്തെക്കുറിച്ചുള്ള നിഷ്പക്ഷമായ പഠനമാണ്. കാലത്തിന്റെ വഴിയിൽ അദ്ദേഹം കബീറിനെയും കണ്ടുമുട്ടുന്നു. വഴിവിളിക്കായ ചിന്തകളും കവിതയും വീണ്ടെടുക്കുന്നു. ആധുനികതയോളം നീണ്ട ചരിത്രത്തിൽ കബീർ ഇപ്പോഴും പ്രകാശം ചൊരിയുന്നതിന്റെ രഹസ്യം കണ്ടുപിടിക്കുന്നു. 

എഴുത്തുകാരൻ ദേവ്ദത്ത് പട്നായിക്കിന്റെ ആമുഖവും അതിശയകരമായ ഭംഗിയുള്ള ചിത്രങ്ങളും പുസ്തകത്തിനു മാറ്റു കൂട്ടുന്നു.

Content Summary: Kabir, Kabir book by Purushottam Agrawal  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;