ADVERTISEMENT

ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളാണു വായനക്കാര്‍. എഴുത്തുകാരനു പണവും പ്രശസ്തിയും ലഭിക്കുന്നു. വായനക്കാരനോ ? പുസ്തകം അടുക്കിവച്ചു മുറിയിലെ സ്ഥലം നഷ്ടപ്പെടുന്നു. കുടുംബ സമാധാനം നഷ്ടപ്പെടുന്നു. വായനക്കാരനെ ആരും അറിയുന്നില്ല. ഒരുപക്ഷേ അയാളത് ആഗ്രഹിക്കുന്നുണ്ടാവില്ല. എങ്കിലും... ജീവിതം മുഴുവനെടുത്ത് സ്വരുക്കൂട്ടിയ പുസ്തകങ്ങളെ ഒഴിവാക്കാന്‍ പ്രഭാകരന്‍ കണ്ടെത്തിയ ന്യായങ്ങളാണിവ. ഉണ്ണി. ആറിന്റെ ‘ എന്റെയാണെന്റെയാണീക്കൊമ്പനാനകള്‍’  എന്ന കഥയില്‍. 

 

വീട്ടില്‍ അയാള്‍ക്കു നേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളാണു മറ്റു വാക്കുകളില്‍ കഥയിലെ പ്രധാന കഥാപാത്രമായ പ്രഭാകരന്‍ കുറേ ദിവസങ്ങളായി പറയുന്നത്. പത്തിരുപത്തഞ്ച് വര്‍ഷത്തെ സമ്പാദ്യം കൊണ്ട് കുറേ പുസ്തകങ്ങള്‍ സമ്പാദിച്ചു എന്നതല്ലാതെ ഭാര്യയ്ക്കോ മക്കള്‍ക്കോ തന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്നും അയാള്‍ തന്നോടുതന്നെയെന്നവണ്ണം ചോദിക്കുന്നുണ്ട്. ഒരു കുഴിയാനയെപ്പോലെ പുസ്തക മുറിയില്‍ കുഴിയും കുഴിച്ചിരുന്ന് വായിക്കുന്നതല്ലാതെ വീട്ടൂകാര്‍ക്ക് അയാളെക്കൊണ്ട് എന്താണു ഗുണം. മക്കള്‍ക്കു പോലും പുസ്തക മുറിയില്‍ പ്രവേശനമില്ല. അയാളുടെ സ്വകാര്യയിടമാണ്. ഏറ്റവും പവിത്രമെന്നു കരുതുന്നയിടം. എന്നാല്‍, ഒരു സുപ്രഭാതത്തില്‍ അയാള്‍ അത് ഒഴിവാക്കാന്‍ തീരുമാനിക്കുകയാണ്. പുസ്തകങ്ങളോടുള്ള അയാളുടെ പ്രിയം അറിയാവുന്ന ഭാര്യ ഇത്രനാളും കുറ്റം പറഞ്ഞെങ്കിലും ഇപ്പോള്‍ അയാളെ തടയാന്‍ ശ്രമിച്ചതാണ്. എന്നാല്‍ അയാള്‍ വഴങ്ങുന്നില്ല. പുസ്തകങ്ങളും അവയ്ക്ക് ഇരിപ്പിടം ഒരുക്കിയ അലമാരകളും ഒഴിവാക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. കഷ്ടപ്പെട്ട് ഇടപാടുകാരനെയും വില്‍പനക്കാരനെയും കണ്ടെത്തുന്നു. ഏറ്റവും വിലപ്പെട്ടതെന്നു കരുതുന്ന പുസ്തകങ്ങള്‍ വിജയകരമായി ഒഴിവാക്കുന്നു. 

 

മുറിക്കു പെട്ടെന്നു വലുപ്പം വച്ചതുപോലെ. അതയാളെ അതിശയിപ്പിക്കുന്നു. പുസ്തകം വിറ്റു കിട്ടിയ തുക കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് അയാള്‍ ഭാര്യയുമായി ആലോചിക്കുന്നു. എല്ലാം പുസ്തകങ്ങള്‍ ഒഴിവാക്കിയതുകൊണ്ടുള്ള നേട്ടങ്ങള്‍. ഒരു വായനക്കാരന്റെ മരണം ആഘോഷിക്കുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ അയാള്‍. എന്നാല്‍ മൂന്നാം ദിനം രാത്രിയില്‍ അപ്രതീക്ഷിതമായി ഉണര്‍ന്ന അയാള്‍ ഉറക്കം നഷ്ടപ്പെട്ട് വായനാമുറിയിലേക്കു ചെല്ലുന്നു. ശൂന്യത അയാളെ പൊതിയുന്നു. അപ്പോള്‍ പ്രഭാകരന്‍ കടന്നുപോയ അനുഭവം കഥ വായിച്ചു തന്നെ അറിയണം. കഥാകൃത്തിന്റെ വാക്കുകളില്‍. പുസ്തകങ്ങളെക്കുറിച്ചും അവ സംസ്കാരത്തിന് എങ്ങനെ മുതല്‍ക്കൂട്ടായി എന്നുമുള്ള ലക്ഷം ലക്ഷം പ്രഭാഷണങ്ങളേക്കാളും ശക്തമായാണ് പ്രഭാകരന്റെ പിന്നീടുള്ള ദിവസങ്ങള്‍ കഥാകൃത്ത് അവതരിപ്പിക്കുന്നത്. 

 

അക്കിത്തത്തിന്റെ കാവ്യജീവിതത്തിലെ സഫല സുന്ദരമായ വരി

‘ എന്റെയല്ലെന്റെയീ കൊമ്പനാനകള്‍’ തിരിച്ചെഴുതിയാണ് ഉണ്ണി കഥയ്ക്ക് പേരിട്ടിരിക്കുന്നത്. സര്‍ഗാത്മകതയുടെ മറ്റൊരു ഉയരം. എല്ലാ നിസ്വാര്‍ഥതയ്ക്കും ഉപരി പുസ്തകങ്ങള്‍ മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ഥതയാണെന്നു തെളിയിക്കുന്ന കഥ മലയാളത്തിലെ മികച്ച കഥകളൂടെ കൂട്ടത്തില്‍ എണ്ണപ്പെടേണ്ടതാണ്. 

 

കഥാമാലിക എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി ഉണ്ണി ആറിന്റെ കഥകള്‍ ഡിസി ബുക്സ് കുട്ടികള്‍ക്കു വേണ്ടി അവതരിപ്പിക്കുകയാണ്. ഭൂതം എന്ന പേരില്‍. ഭാഷ കുട്ടികളുമായി സംവദിക്കാന്‍ തക്കവണ്ണം ലളിതമായിരിക്കെത്തന്നെ ഉജ്വലമായൊരു സന്ദേശം കഥയുടെ കലാഗുണം ബലികഴിക്കാതെ അവതരിപ്പിച്ചു എന്നതാണ് കഥയുടെ നേട്ടം. സമാഹാരത്തിലെ മറ്റു കഥകളും എല്ലാ പ്രായക്കാര്‍ക്കും ഏതു കാലത്തും വായിച്ചാസ്വദിക്കാവുന്നവയാണ്. വര്‍ത്തമാന കാലം ഭാഷയ്ക്കും സാഹിത്യത്തിനും സമ്മാനിച്ച മികച്ച മാതൃകകള്‍. 

 

Content Summary: Bhootham book written by Unni R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com